ഞായർ പ്രസംഗം 2, ഉയിർപ്പ് മൂന്നാം ഞായർ ഏപ്രിൽ 18, നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട

ബ്ര. ടോബി താണിപ്പിള്ളി

ദിവ്യകാരുണ്യ ഈശോയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞ സഹോദരങ്ങളേ,

ഇന്ന് ഉയിര്‍പ്പുകാലം മൂന്നാം ഞായര്‍. ഈശോയുടെ അന്ത്യപ്രഭാഷണത്തിന്റെ ആരംഭം കുറിക്കുന്നതാണ് നാം മുമ്പേ വായിച്ചുകേട്ട വചനഭാഗം. യോഹന്നാന്റെ സുവിശേഷം 14-ാം അദ്ധ്യായം ആരംഭിക്കുന്നത് ഇങ്ങനെയാണ്. “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍.” തനിക്ക് നല്‍കപ്പെട്ടവരുടെ അസ്വസ്ഥതകളെക്കുറിച്ച് ഈശോയ്ക്ക് കരുതലുണ്ടെന്നും അവരുടെ മനസ്സിലെ ശാന്തിയും സമാധാനവും അളക്കുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നുവെന്നും ഈ വാക്കുകള്‍ വ്യക്തമാക്കുന്നു.

ശിഷ്യന്മാര്‍ അസ്വസ്ഥരാകുന്ന സന്ദര്‍ഭങ്ങളിലെല്ലാം അവരുടെ കാര്യത്തില്‍ കരുതലുള്ളവനും അവിടെ കടന്നുചെന്ന് അവരെ ആശ്വസിപ്പിക്കുന്നവനുമായിട്ട് ഈശോയെ പരസ്യജീവിതത്തില്‍ പല സന്ദര്‍ഭങ്ങളില്‍ കാണുന്നുണ്ട്. ശിഷ്യന്മാര്‍ സഞ്ചരിച്ചിരുന്ന വഞ്ചി കൊടുങ്കാറ്റില്‍പെട്ട് ഉലയുമ്പോഴും ശിഷ്യര്‍ നിരാശരായി മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ട അവസരത്തിലും ഈശോ അവരെ സമീപിച്ച് സമാശ്വസിപ്പിക്കുന്നതായി നാം സുവിശേഷങ്ങളില്‍ കാണുന്നുണ്ട്.

പരിചിതമല്ലാത്ത വഴികളിലൂടെ യാത്ര ചെയ്യേണ്ടിവരുന്നവന് എപ്പോഴും ആവശ്യം ഒരു മാര്‍ഗ്ഗദര്‍ശിയെയാണ്. അല്ലെങ്കില്‍ വഴി പരിചയമുള്ളവനെ. അവന്റെ അടുത്ത ആവശ്യം പ്രകാശമാണ്. വഴി നിശ്ചയമുണ്ടായിട്ടോ മനസ്സിലായിട്ടോ മാത്രം കാര്യമില്ല. അതിലൂടെ നീങ്ങുവാനുള്ള പ്രകാശവും വേണം. ആ വഴിയാത്രക്കാരന്റെ അടുത്ത ആവശ്യം വിശപ്പും ദാഹവും അകറ്റുക എന്നുള്ളതാണ്. ഇവിടെയാണ് ലോകത്തിന്റെ പ്രകാശവും ജീവന്റെ അപ്പവുമായ ഈശോയുടെ വാക്കുകള്‍ നാം ഓര്‍ക്കേണ്ടത്. “ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. എന്റെ പിന്നാലെ വരുന്നവന്‍ അന്ധകാരത്തില്‍ നടക്കുകയില്ല. അവന് ജീവന്റെ പ്രകാശം ലഭിക്കും” (യോഹ. 8:12). “ഞാനാണ് ജീവന്റെ അപ്പം. എന്റെ അടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല” (യോഹ. 6:35).

ഈശോയുടെ പക്കല്‍ ജീവിതയാത്രയില്‍ അലട്ടുന്ന പ്രശ്നങ്ങള്‍ക്ക് ഉത്തരമുണ്ടെന്നു മാത്രമല്ല, സത്യത്തില്‍ താന്‍ തന്നെയാണ് ഉത്തരമെന്നുമത്രേ ഈശോ സാക്ഷ്യപ്പെടുത്തുന്നത്. വഴി അറിയാതെ, ലക്ഷ്യം അറിയാതെ അലയുന്ന ആധുനിക മനുഷ്യന് ആശ്വാസം നല്‍കുന്നതാണ് ഇന്നത്തെ സുവിശേഷഭാഗം. ആഗ്രഹിക്കുന്തോറും അകന്നകന്നു പോകുന്ന വിജയങ്ങളും സമ്പാദിക്കുന്തോറും അന്യമായിക്കൊണ്ടിരിക്കുന്ന സുരക്ഷിതത്വവും ആധുനിക മനുഷ്യന്റെ മുഖമുദ്രയാണ്. ഇവിടെയാണ് ഈ സുവിശേഷഭാഗം വെല്ലുവിളിയും സമാശ്വാസത്തിന്റെ അത്താണിയുമായിത്തീരുന്നത്. വെല്ലുവിളിയെന്നുള്ളത് – ഈശോയുടെ വഴി മനസ്സിലാക്കുക, ആ വഴിയെ നടക്കുക, പിതാവിന്റെ ഭവനത്തില്‍ എത്തിച്ചേരുക എന്നുള്ളതാണ്.

ഇന്നത്തെ ഒന്നാം വായനയില്‍ ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍ വായിച്ചുകേട്ടതു പോലെ പിതാവായ ദൈവം തന്നോട് ചേര്‍ന്നുനില്‍ക്കുന്നവര്‍ക്കെല്ലാം രക്ഷ വാഗ്ദാനം ചെയ്യുന്നു. ഈ രക്ഷ പൂര്‍ത്തീകരിക്കപ്പെടുന്നത് തന്റെ ഏകജാതനായ ക്രിസ്തുവിലൂടെയാണ്. ഇന്നത്തെ ലേഖനഭാഗത്ത് പൗലോസ് ശ്ലീഹാ നമ്മെ ഓര്‍മ്മിപ്പിക്കുന്നതുപോലെ ലോകസ്ഥാപനത്തിനു മുമ്പു തന്നെ പിതാവായ ദൈവം നമ്മെ ക്രിസ്തുവില്‍ തെരഞ്ഞെടുത്തു. ഈ തെരഞ്ഞെടുപ്പാണ് പിതാവിന്റെ ഭവനത്തില്‍ വസിക്കുവാന്‍ നമ്മെ യോഗ്യരാക്കുന്നത്.

“എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്.” ഈശോയുടെ വലിയ സമാശ്വാസത്തിന്റെ വാക്കുകളാണിവ. ഉള്ളവനും ഇല്ലാത്തവനും എല്ലാവര്‍ക്കും എത്തിച്ചേരാനൊരു സ്ഥലമുണ്ട് എന്ന പ്രതീക്ഷ തന്നെ ഈ ലോകജീവിതത്തെ കൂടുതല്‍ സു ന്ദരമാക്കുന്നു. നമുക്കറിയാം, പിതാവിന്റെ ഭവനം സ്വര്‍ഗ്ഗത്തെയാണ് സൂചിപ്പിക്കുന്നത്. സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള പ്രതീക്ഷ നമ്മുടെ ജീവിതങ്ങള്‍ക്ക് പുതിയ ചക്രവാളങ്ങള്‍ സമ്മാനിക്കുന്നു. സഹനങ്ങളില്‍ പ്രതീക്ഷയുണ്ട്. മരണത്തിനപ്പുറം ഉയിര്‍പ്പിന്റെ ജീവനുണ്ട്. ഈ ലോകജീവിതത്തിലെ ദാരിദ്ര്യത്തിനപ്പുറം സമൃദ്ധിയുടെ നിത്യജീവനുണ്ട്. രോഗത്തിനപ്പുറം സൗഖ്യമുണ്ട്. അങ്ങനെ സ്വര്‍ഗ്ഗം ഓരോ വ്യക്തിയെയും പുതുമയുടെയും പ്രതീക്ഷയുടെയും തീരങ്ങളിലെത്തിക്കുന്നു.

ഇന്നത്തെ സുവിശേഷഭാഗത്തില്‍ വഴിയറിയാത്ത തോമായും, ലക്ഷ്യമറിയാത്ത പീലിപ്പോസും നമ്മുടെയൊക്കെ പ്രതിനിധികളാണ്. വഴിയും സത്യവും ജീവനും ഞാനാണ് എന്ന് അരുളിച്ചെയ്തവന്‍ നമ്മുടെ വഴിയും ലക്ഷ്യവുമായിത്തീരുന്നു. ഒരിക്കല്‍ പ്രഗത്ഭനായ ശാസ്ത്രജ്ഞൻ സര്‍ ജെയിംസ് സിംപ്‌സനോട് (James Simpson) ഒരാള്‍ ചോദിക്കുകയുണ്ടായി: “താങ്കളുടെ ജീവിതത്തിലെ ഏറ്റവും വലിയ കണ്ടുപിടിത്തം ഏതാണ്?” ഉത്തരം വളരെ കൃത്യമായിരുന്നു. “യേശുവാണ് എന്റെ രക്ഷാമാര്‍ഗ്ഗം എന്നു കണ്ടെത്തിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കണ്ടുപിടിത്തം.”

അതെ, പ്രിയസഹോദരങ്ങളെ, ക്രിസ്തുവിന്റെ വഴി എന്റേതായിത്തീരുവാന്‍ ഞാന്‍ ഇനിയും ഒരുപാട് കാതം നടക്കേണ്ടിയിരിക്കുന്നു. ക്രിസ്തുവിന്റെ സത്യം എന്റെ സത്യമായിത്തീരുവാന്‍ ജീവിതശൈലിയില്‍ ഇനിയും മാറ്റങ്ങള്‍ അനിവാര്യമാണ്. ഓരോ വിശുദ്ധ കുര്‍ബാനയിലും ഈശോ തന്റെ സ്‌നേഹത്തിന്റെ വഴി നമുക്ക് കാണിച്ചുതരികയാണല്ലോ. അതുകൊണ്ട് ഈ വിശുദ്ധ ബലിയില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം, ഈശോയെ അങ്ങയുടെ വഴി എന്റേതാവണമേ. അങ്ങയുടെ സത്യം എന്റേതാവണമേ. സര്‍വ്വശക്തനായ ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

ബ്ര. ടോബി താണിപ്പിള്ളി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.