ഞായറാഴ്ച പ്രസംഗം 2 – ഡിസംബര്‍ 24; നീതിമാനായ മാര്‍യൗസേപ്പ്

ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍

മംഗലവാര്‍ത്ത നാലാം ഞായര്‍ മത്താ 1,18-24

ഈശോമിശിഹായുടെ മനുഷ്യാവതാരത്തെക്കുറിച്ചുള്ള മംഗളവാര്‍ത്ത ഗബ്രിയേല്‍ദൂതന്‍ പരിശുദ്ധ കന്യകാമറിയത്തെ അറിയിക്കുന്നത് ഈ മംഗളവാര്‍ത്തക്കാലത്തിലെ രണ്ടാം ഞായറാഴ്ച നമ്മള്‍ വായിച്ചു ധ്യാനിച്ചതാണല്ലോ. അതിനുശേഷമുണ്ടായ സംഭവങ്ങളെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷം (മത്താ 1,18-24) നമ്മെ അറിയിക്കുന്നത്. ഇവിടുത്തെ മുഖ്യ കഥാപാത്രം യൗസേപ്പ് പിതാവാണ്.

മംഗളവാര്‍ത്ത ലഭിക്കുമ്പോള്‍ യൗസേപ്പും മറിയവും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. യഹൂദവിവാഹാഘോഷം രണ്ടു ഘട്ടങ്ങളായാണ് നടത്തിയിരുന്നത്. അതിന്റെ ആദ്യ ഘട്ടഭാഗമായിരുന്നു വിവാഹനിശ്ചയം. വിവാഹനിശ്ചയം കഴിയുന്നവര്‍ ഒരുമിച്ചു വസിക്കാന്‍ ആരംഭിച്ചില്ലെങ്കിലും, നിയമത്തിനു മുമ്പില്‍ വിവാഹിതരെപ്പോലെയായിരുന്നു. അതായത്, വിവാഹനിശ്ചയശേഷം ആ തീരുമാനത്തില്‍നിന്നു പിന്മാറുന്നതിന് വിവാഹമോചനത്തിന്റെ പ്രക്രിയ മുഴവന്‍ ചെയ്യേണ്ടതുണ്ടായിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ എന്നെങ്കിലും ആഘോഷമായി വിവാഹം നടത്തുന്നതോടെയാണ് രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതും അവര്‍ ഒരുമിച്ചു ജീവിക്കാന്‍ ആരംഭിക്കന്നതും.

വിവാഹനിശ്ചയം കഴിഞ്ഞിരുന്ന യൗസേപ്പും മറിയവും ഒന്നിച്ചു വസിക്കാന്‍ ആരംഭിക്കുന്നതിനു മുമ്പാണ് അവള്‍ പരിശുദ്ധ റൂഹായാല്‍ ഗര്‍ഭിണിയായത്.
തന്റെ പ്രതിശ്രുതവധു എപ്രകാരമാണു ഗര്‍ഭിണിയായിരിക്കുന്നത് എന്നറിയാതിരുന്ന യൗസേപ്പിനെ സംബന്ധിച്ച് ഇതു വലിയ ചിന്താക്കുഴപ്പത്തിനു കാരണമായി. ‘യൗസേപ്പ് നീതിമാനായിരുന്നു’ എന്ന പ്രസ്താവന, മോശയുടെ നിയമങ്ങള്‍ പാലിക്കുന്നതില്‍ അദ്ദേഹത്തിനുണ്ടായിരുന്ന ശ്രദ്ധയാണു വ്യക്തമാക്കുന്നത്. മറിയത്തിന്റേതിനു സമാനമായ സന്ദര്‍ഭങ്ങളില്‍, വ്യഭിചാരക്കുറ്റത്തിനുള്ള ശിക്ഷയായ കല്ലെറിയല്‍ തന്നെയായിരുന്നു മോശയുടെ നിയമം അനുശാസിച്ചിരുന്നത് (നിയ 22,13-24). നീതിയെ അതിശയിക്കുന്ന കരുണ അദ്ദേഹത്തെ നയിച്ചിരുന്നതുകൊണ്ട് മറിയത്തെ പരസ്യമായ കല്ലെറിയലിനു വിട്ടുകൊടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. മറിയത്തിന് അപമാനം വരുത്തിയേക്കാമെന്നതിനാല്‍ അവളെ ഒരു പൊതു വിചാരണയ്ക്കു ഹാജരാക്കാന്‍പോലും അദ്ദേഹം ആഗ്രഹിച്ചില്ല. അതുകൊണ്ടാണ് മറിയത്തെ രഹസ്യത്തില്‍ ഉപേക്ഷിച്ചാലോ എന്ന് യൗസേപ്പ് ആലോചിക്കുന്നത്. ഇവിടെയും അദ്ദേഹത്തിന്റെ കാരുണ്യ ത്തിന്റെ മുഖമാണ് വ്യക്തമാകുന്നത്. നമ്മുടെ വ്യക്തിബന്ധങ്ങളിലും കുടുംബ ബന്ധങ്ങളിലും കരുണ എത്രമാത്രം പ്രതിഫലിക്കുന്നുണ്ട് എന്ന് ആത്മശോധന ചെയ്യാന്‍ മാര്‍യൗസേപ്പ് നമ്മെ ക്ഷണിക്കുന്നു.

എപ്രകാരമാണ് താന്‍ ഗര്‍ഭിണിയായിരിക്കുന്നത് എന്നു മറിയം യൗസേപ്പിനെ അറിയിച്ചപ്പോള്‍, ദൈവമാ താവിന്റെ ഭര്‍ത്താവായോ ദൈവപുത്രന്റെ പിതാവായോ അറിയപ്പെടുന്നതിനു യോഗ്യതയില്ലെന്നു വിചാരിച്ചാണ് അദ്ദേഹം മറിയത്തെ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നത് എന്നാണു സഭാപിതാക്കന്മാര്‍ അഭിപ്രായപ്പെടുന്നത്. ഇപ്രകാരം ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു യൗസേപ്പിനോടു പറയുന്നത്: ‘‘ദാവീദിന്റെ പുത്രനായ യൗസേപ്പേ, നിന്റെ ഭാര്യയായ മറിയത്തെ നിന്റെ ഭവനത്തിലേക്കു സ്വീകരിക്കാന്‍ ശങ്കിക്കേണ്ട’’ (മത്താ 1,20). ‘ദാവീദിന്റെ പുത്രാ’ എന്ന അഭിസംബോ ധന, മനുഷ്യനായവതരിക്കുന്ന ദൈവപുത്രനെ ദാവീദുമായി ബന്ധിപ്പിക്കുന്നതില്‍ യൗസേപ്പിനുള്ള വലിയ സ്ഥാനം വ്യക്തമാക്കുന്നു. ഈശോ ദാവീദിന്റെ പുത്രനായ മിശിഹായാണ് എന്നറിയപ്പടുന്നതു യൗസേപ്പുമായുള്ള ഈ ബന്ധംവഴിയാണ്. ഈ നിയമസാധുതയ്ക്കുവേണ്ടിയാണ് മറിയത്തെ സ്വഭവനത്തിലേക്കു സ്വീകരിക്കാന്‍ മടിക്കേണ്ട എന്നു ദൂതന്‍ യൗസേപ്പിനോടു കല്പ്പിച്ചതും. വിവാഹ കര്‍മ്മത്തിന്റെ രണ്ടാം ഭാഗം പൂര്‍ത്തിയാക്കുന്നതോടെയാണല്ലോ ഭാര്യയെ സ്വഭവനത്തിലേക്കു സ്വീകരിക്കു ന്നതും ഒന്നിച്ചു വസിക്കാന്‍ ആരംഭിക്കുന്നതും.

മറിയം ഗര്‍ഭിണിയായിരിക്കുന്നതില്‍ ഒരു പുരുഷനും പങ്കില്ലെന്നും പരിശുദ്ധ റൂഹായാലാണ് അവളിലെ ശിശു ഉരുവായിരിക്കുന്നത് എന്നും ദൂതന്‍ യൗസേപ്പിന് ഉറപ്പുകൊടുത്തു. കൂടാതെ, ശിശുവിനു പേരിടാനുള്ള അവകാശവും ദൂതന്‍ അദ്ദേഹത്തിനു നല്കി. പേരിടുന്നത് പൈതൃകാവകാശമായാണ് കരുതപ്പെട്ടിരുന്നത്. ശാരീരികമായി യൗസേപ്പിന്റെ പുത്രനല്ലെങ്കിലും, നിയമപരമായി ഈശോ ദാവീദിന്റെ പുത്രന്‍ എന്നറിയപ്പെടുന്നതിന് ഇതു മറ്റൊരു കാരണമായി.

‘ഈശോ’ എന്ന പേര് ദൈവശാസ്ത്രപരമായി വലിയ പ്രാധാന്യമുള്ളതാണ്. ഹീബ്രുഭാഷയിലെ ‘യെഹോഷ്വാ’ അഥവാ ‘ജോഷ്വാ’ എന്ന പേരിന്റെ അറമായ രൂപമാണ് ‘ഈശോ’ എന്നത്. ഈ ഹീബ്രുമൂലത്തിനര്‍ത്ഥം ‘യാഹ്‌വേയാണു രക്ഷകന്‍’ എന്നാണ്. പഴയനിയമത്തില്‍ യാഹ്‌വേ തുടങ്ങിവച്ച രക്ഷ പുതിയനിയമത്തില്‍ ഈശോ പൂര്‍ത്തിയാക്കും എന്നു സൂചന. പഴയനിയമത്തിലെ യാഹ്‌വേയും പുതിയ നിയമത്തിലെ ഈശോയും രണ്ടല്ല, ഒന്നാണ് എന്നു സാരം. പരിശുദ്ധ ത്രിത്വത്തില്‍ മൂന്നാളുകളുണ്ടെങ്കിലും ഒരു ദൈവം മാത്രമല്ലേയുള്ളു. എന്നെ കാണുന്നവന്‍ എന്റെ പിതാവിനെ കാണുന്നു (യോഹ 14,9) എന്ന് ഈശോ തന്നെ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ.
ഈശോ നല്കുന്ന രക്ഷയുടെ സ്വഭാവവും അവിടുത്തെ പേരിന്റെ വിശദീകരണം വ്യക്തമാക്കുന്നുണ്ട്. കാരണം, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നു രക്ഷിക്കും’’ (മത്താ 1,21). യഹൂദര്‍ പ്രതീക്ഷിച്ചിരുന്നത് രാഷ്ട്രീയ അടിമത്തത്തില്‍നിന്നു ജനത്തെ വിമോചിപ്പിക്കുന്ന ഒരു ഭൗതിക രക്ഷകനെയാണ്.

പക്ഷേ, ഈശോ അത്തരമൊരു വിമോചകനല്ല. ഭൗതികാടിമത്തത്തില്‍നിന്ന് എന്നതിനേക്കാള്‍ പാപത്തിനുള്ള ആത്മായാടിമത്തത്തില്‍നിന്നാണ് ഈശോ മനുഷ്യരെ രക്ഷിക്കുന്നത്. ആത്മീയാടിമത്തമാണല്ലോ കുടുതല്‍ ദുര്‍ഭഗമായ അവസ്ഥ. പാപത്തില്‍നിന്നു രക്ഷിതരാകുന്നവര്‍ യഥാര്‍ത്ഥത്തില്‍ വിമോചിതരാകും.
വിശുദ്ധ മത്തായി അറിയിച്ച സുവിശേഷത്തില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്ന ഒരു വാചകമുണ്ട്: ‘ഇതെല്ലാം സംഭവിച്ചത്, കര്‍ത്താവ് പ്രവാചകനിലൂടെ അരുളിച്ചെയ്തതു നിറവേറാനാണ്’ (മത്താ 1,22). തുടര്‍ന്ന് പഴയനിയമത്തില്‍നിന്നുള്ള ഒരു ഉദ്ധരണിയുണ്ടാകും. പഴയനിയമത്തില്‍ പിതാവായ ദൈവം ചെയ്ത എല്ലാ കാര്യങ്ങളും ഈശോമിശിഹായുടെ ജീവിതത്തിനുള്ള ഒരുക്കമായിരുന്നു എന്നു വ്യക്തമാക്കാനാണിത്. മോശയും പ്രവാചകന്മാരും അതായത് പഴയനിയമം മുഴുവന്‍ തന്നെക്കുറിച്ചാണു പ്രതിപാദിക്കുന്നത് എന്ന് ഉത്ഥിതനായ ഈശോതന്നെയും വ്യക്തമാക്കിയിട്ടുണ്ടല്ലോ (ലൂക്കാ 24,26-27.44). ഈ യാഥാര്‍ത്ഥ്യം തെളിയിക്കുന്നതിനു വേണ്ടിയാണ് ഈശോയുടെ ജീവിതത്തിലെ സംഭവങ്ങളോരോന്നും പഴയനിയമ പ്രവചനങ്ങളുടെ പശ്ചാത്തലത്തില്‍ വ്യാഖ്യാനിച്ചു വിശദീകരിക്കാന്‍ സുവിശേഷകന്‍ ശ്രമിക്കുന്നത്. യഹൂദക്രൈസ്തവര്‍ ക്കാണല്ലോ വിശുദ്ധ മത്തായി സുവിശേഷമെഴുതിയത്. അവര്‍ വിശ്വസിക്കാനാരംഭി ച്ചിരിക്കുന്ന രക്ഷകനായ മിശിഹാ പഴയനിയമത്തില്‍ മുന്‍കൂട്ടി അറിയിക്കപ്പെട്ടവനാണ് എന്ന അറിവ് അവരുടെ വിശ്വാസത്തിനു ബലമേകുമെന്ന് സുവിശേഷകന് നന്നായി അറിയാമായിരുന്നു.

കന്യകയായ മറിയത്തില്‍നിന്നുള്ള മിശിഹായുടെ ജനനം വിശദമാക്കാന്‍ ഏശയ്യാ 7,14 ആണ് വിശുദ്ധ മത്തായി ഉദ്ധരിക്കുന്നത്. ഈ പ്രവാചക വചനത്തിന്റെ അര്‍ത്ഥം ഗ്രഹിക്കാന്‍ അതിന്റെ സന്ദര്‍ഭം മനസ്സിലാ ക്കേണ്ടതുണ്ട്. ഇസ്രായേലിന്റെ ശത്രുക്കള്‍ ഓര്‍ശ്ലെമിനെ ആക്രമിക്കുമെന്നും രാജാവായ ആഹാസിനെ സ്ഥാനഭ്രഷ്ടനാക്കുമെന്നും ഭയപ്പെട്ടിരുന്ന ഒരു സന്ദര്‍ഭത്തില്‍ പ്രവാചകനായ ഏശയ്യാ പ്രതീക്ഷയുടെ സദ് വാര്‍ത്ത അറിയിച്ചുകൊണ്ടു പറഞ്ഞു: ‘‘ഇതാ, ഒരു കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും; നമ്മുടെ ‘ദൈവം നമ്മോടുകൂടെ’ എന്ന് അര്‍ത്ഥമുള്ള ‘അമ്മനുവേല്‍’ എന്ന് അവന്‍ അറിയപ്പെടും’’ (ഏശ 7,14; മത്താ 1,23). രാജവംശം ദൈവത്തിന്റെ പ്രത്യേക സംരക്ഷണയില്‍ ഈ ഭീഷണിയെ അതിജീവിക്കും എന്നതിനുള്ള അടയാളമെന്നോണം രാജാവിന് ഒരു കുഞ്ഞ് ജനിക്കും എന്നായിരുന്നു പ്രചനത്തിന്റെ അര്‍ത്ഥം. ഇതിന്റെ ഭാഗികമായ പൂര്‍ത്തീകരണം ആഹാസിന്റെ പുത്രനായ ഹെസക്കിയായില്‍ കാണാം. അദ്ദേഹം യഹൂദമതം നവീകരിക്കുകയും രാജ്യത്തെ പല തിന്മകളില്‍നിന്നു രക്ഷിക്കുകയും ചെയ്തല്ലോ (2 രാജാ 18,1-6). പക്ഷേ, ഈ പ്രവചനം പൂര്‍ണമായി നിറവേറിയത് മിശിഹായിലാണ്. കാരണം, ഈശോയിലാണ് ദൈവം അമ്മനുവേലായി പൂര്‍ണമായി മനുഷ്യനോടൊപ്പം വസിക്കാന്‍ ആരംഭിച്ചത്. ദാവീദിന്റെ രാജവംശത്തെ ദൈവം ഉപേക്ഷിച്ചിട്ടില്ല എന്നും ജനത്തെ സംരക്ഷിക്കാനും രക്ഷിക്കാനുമായി കൂടെയുണ്ട് എന്നും വെളിപ്പെടുത്തുന്ന തായിരുന്നല്ലോ മനുഷ്യാവതാരം.

മനുഷ്യനോടു ‘കൂടെ’ ആയിരിക്കുന്ന ഒരു ദൈവത്തെയാണു പുതിയനിയമം അവതരിപ്പിക്കുന്നത്. എല്ലാ മാനുഷിക തലങ്ങളിലും മനുഷ്യനോടുകൂടെ ആയിരിക്കാനായാണല്ലോ അവിടുന്നു മനുഷ്യനായതു തന്നെ. വിശുദ്ധ മത്തായി ഈ ആശയത്തിനു വലിയ പ്രാധാന്യം നല്കിയാണ് സുവിശേഷ വിവരണം ക്രമീകരിച്ചിരിക്കുന്നത്. സുവിശേഷത്തിന്റെ പ്രാരംഭ ഭാഗത്ത് മനുഷ്യാവതാരത്തോടു ബന്ധപ്പെടുത്തി ‘കൂടെ ആയിരിക്കുന്ന ദൈവത്തെ’ അവതരിപ്പിക്കുന്ന മത്തായി വിവരണം അവസാനിപ്പിക്കുമ്പോഴും ഇതേ കാര്യം തന്നെ വ്യക്തമാക്കുന്നുണ്ട്: ‘‘ഇതാ ലോകാവസാനംവരെ എന്നും ഞാന്‍ നിങ്ങളോടു കൂടെയുണ്ട്’’ (മത്താ 28,20). മനുഷ്യരോടൊപ്പമായിരിക്കാന്‍വേണ്ടി അവനെ തേടിവരുന്ന ഒരു ദൈവമാണു നമുക്കുള്ളത്. തിരുസഭയിലെ കൂദാശകളില്‍ പ്രത്യേകിച്ച് പരിശുദ്ധ കുര്‍ബാനയില്‍ അവിടുന്ന് ഇന്നും എന്നും നമ്മെടുകൂടെയുണ്ട്.

പഴയനിയമത്തിലെ ഏശ 7,14 ല്‍നിന്ന് അല്പ വ്യത്യാസം മത്താ 1,23 ലുണ്ട്. മത്തായിയിലെ ‘കന്യക’യുടെ സ്ഥാനത്ത് പഴയനിയമത്തില്‍ ‘യുവതി’ എന്നാണു കാണുന്നത്. ബൈബിളിന്റെ മൂലഭാഷയായ ഹീബ്രുവില്‍ ഉപയോഗിച്ചിരിക്കുന്ന ‘അല്‍മ’ എന്ന പദത്തിന്, വിവാഹപ്രായത്തിലെത്തിയ സ്ത്രീ എന്നാണ് അര്‍ത്ഥം. അതുകൊണ്ട് ‘അല്‍മ’ എന്ന പദം ‘യുവതി’ എന്നോ ‘കന്യക’ എന്നോ പരിഭാഷപ്പെടുത്താം. പഴയനിയമത്തിന്റെ ഗ്രീക്കുപരിഭാഷയായ സപ്തതിയില്‍ ‘കന്യക’ എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. വിശുദ്ധ മത്തായി സപ്തതിയില്‍ നിന്നാവണം ഇവിടെ ഉദ്ധരിക്കുന്നത്. കന്യകയായ മറിയമാണ് പരിശുദ്ധ റൂഹായാലാണ് ഗര്‍ഭംധരിച്ചത് എന്നറിയാവുന്നതുകൊണ്ടാണ് മത്തായി ഈ പരിഭാഷ സ്വീകരിക്കുന്നത്. മിശിഹായുടെ കന്യകാജനനം പ്രവാചകന്‍ മുന്‍കൂട്ടി അറിയിച്ചിരുന്നു എന്നു സ്ഥാപിക്കാന്‍ അതു സഹായക മാവുകയും ചെയ്തു.
കര്‍ത്താവിന്റെ ദൂതന്‍ കല്പ്പിച്ചതുപോല യൗസേപ്പ് പ്രവര്‍ത്തിച്ചു: മറിയത്തെ ഭാര്യയായി സ്വീകരിക്കുകയും ശിശുവിന് ഈശോ എന്നു പേരിടുകയും ചെയ്തു. സുവിശേഷത്തിലെ നിശബ്ദ കഥാപാത്രമാണ് യൗസേപ്പ്. പക്ഷേ, ഈ നിശബ്ദത വാചാലമാണ്. വിശദീകരണം ആവശ്യപ്പെടാതെയും തെല്ലം സംശയിക്കാതെയും ദൈവഹിതം പൂര്‍ണമായി നിറവേറ്റിക്കൊണ്ട് അനുസരണത്തിന്റെ സജീവ മാതൃകയായി നീതിമാനായ യൗസേപ്പ് നിലകൊള്ളുന്നു. നമ്മുടെ ജീവിതത്തിലും ദൈവഹിതം വെളിപ്പെടുത്തുന്ന അവിടുത്തെ സ്വരം തിരിച്ചറിയാനും തദനുസൃതം പ്രവര്‍ത്തിക്കാനും ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.