ഏലിയാ സ്ലീവാ മൂശക്കാലം രണ്ടാം ഞായര്‍ മത്തായി 13:1-9; 18-23 വിതക്കാരന്റെ ഉപമ

എന്തുകൊണ്ട് ദൈവം ചിലരെ പ്രത്യേകമായി തിരഞ്ഞെടുക്കുകയും വിശേഷവിധിയായ അനുഗ്രഹങ്ങള്‍ നല്‍കി സമ്പന്നരാക്കുകയും ചെയ്യുന്നു എന്ന ചോദ്യം എക്കാലത്തും ചിന്തിക്കുന്ന മനുഷ്യന് പ്രശ്‌നമായിത്തീര്‍ന്നിട്ടുണ്ട്. ഇത് വ്യക്തികളുടെ കാര്യത്തിലും സമൂഹങ്ങളുടെ കാര്യത്തിലും വാസ്തവമാണ്. എല്ലാം ദൈവേഷ്ടംപോലെ സംഭവിയ്ക്കുന്നു എന്ന അടിസ്ഥാനവിശ്വാസം മുറുകെ പിടിക്കുന്നവരെയാണ് ഈ ചോദ്യം കുഴയ്ക്കുന്നത്. ഈ ചോദ്യത്തിന് പഴയ നിയമം നല്‍കുന്ന ഉത്തരമാണ് ഇന്നത്തെ വായനയില്‍ നമ്മള്‍ കാണുന്നത്.

തങ്ങള്‍ മറ്റുള്ളവരെക്കാള്‍ മെച്ചപ്പട്ടവരായതുകൊണ്ടാണ് ദൈവം തങ്ങളെ തിരഞ്ഞെടുത്ത് സ്വന്തം ജനമാക്കിയത് എന്ന ചിന്ത യഹൂദരില്‍ ഒരു വലിയ വിഭാഗത്തിനുണ്ടായിരുന്നു. വിജാതീയരോടുള്ള അവരുടെ മനോഭാവത്തില്‍ ഇത് പ്രകടമായിരുന്നു. വിജാതീയരോടു മാത്രമല്ല, യഹൂദവംശത്തില്‍പ്പെട്ടവരെങ്കിലും നിയമങ്ങള്‍ കൃത്യമായി അനുഷ്ഠിക്കാത്തവരോടും ഈ മനോഭാവം തന്നെയാണ് അവര്‍ വച്ചു പുലര്‍ത്തിയിരുന്നത്. ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോയ ഫരിസേയന്‍, ചുങ്കക്കാരനെക്കുറിച്ച് നടത്തുന്ന പരാമര്‍ശങ്ങള്‍ നമുക്ക് അറിവുള്ളതാണല്ലോ (ലൂക്കാ 1. 11-17) ഇങ്ങനെയുള്ളവരെ പാപിയും ശപിക്കപ്പെട്ടവരുമായിട്ടാണ് അവര്‍ കരുതിയിരുന്നത്.

എന്നാല്‍ ദൈവം ഇസ്രായേലിനെ തിരഞ്ഞെടുത്തതും നിയമം നല്‍കി അവരെ വഴി നടത്തുന്നതുമെല്ലാം ദൈവത്തിന്റെ കാരുണ്യം ഒന്നുകൊണ്ടുമാത്രമാണെന്ന് ഇന്നത്തെ വായന നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. പ്രവാചകന്മാരുടെ പ്രബോധനങ്ങളില്‍ ദൈവം യാക്കോബിനെ തിരഞ്ഞെടുത്തത് ജനങ്ങള്‍ക്ക് പ്രകാശമായിത്തീരേണ്ടതിനാണ് എന്ന് കാണാം (ഏശ. 42:7). തിരഞ്ഞെടുപ്പ് ആനുകൂല്യമല്ല, ഉത്തരവാദിത്വമാണ്. താലന്തുകളുടെ ഉപമ ഈയവസരത്തില്‍ വളരെ പ്രസക്തമാണ് (മത്തായി 25: 11-26). കൂടുതല്‍ നല്‍കപ്പെട്ടവരില്‍നിന്ന് ദൈവം കൂടുതല്‍ പ്രതീക്ഷിക്കുന്നു. ഇത് വ്യക്തിയുടെയും സമൂഹങ്ങളുടെയും കാര്യത്തില്‍ വാസ്തവമാണ്. ദൈവത്തിന്റെ പ്രിയദാസനായ മോശയ്ക്ക് വാഗ്ദത്ത ഭൂമിയില്‍ പ്രവേശിക്കാന്‍ സാധിക്കാതെ പോയത് ദൈവത്തെ മുഖാമുഖം ദര്‍ശിച്ച് ദൈവാനുഭവത്തിന്റെ മലയിറങ്ങിവന്നപ്പോള്‍ അവിടുത്തെ പരമപരിശുദ്ധി ജനത്തിനുമുന്‍പില്‍ വേണ്ടവിധം സാക്ഷിക്കുവാന്‍ പരാജയപ്പെട്ടതുകൊണ്ടാണ്. അതുകൊണ്ട് പ്രിയമുള്ള സഹോദരങ്ങളെ നമുക്ക് ലഭിച്ചിരിക്കുന്ന ദൈവീകാനുഭവങ്ങളെ മറ്റുള്ളവരിലേയ്ക്കു പകരാന്‍ ഏത് പ്രതികൂലസാഹചര്യത്തിലും എന്തുവിലകൊടുത്തും നമ്മള്‍ സന്നദ്ധരാകണം.
ഈ സാഹചര്യത്തില്‍ ഇന്നത്തെ സുവിശേഷം നാം ശ്രദ്ധിച്ചു മനസ്സിലാക്കണം. യേശു സുപ്രധാനമായ പ്രബോധനങ്ങള്‍ ഉപമകളിലൂടെയാണ് നല്‍കിയിരിക്കുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ‘വിതക്കാരന്റെ ഉപമ’. ഈ ഉപമയുടെ പേരുതന്നെ വിതക്കാരന്റെ സ്വഭാവത്തെയും മനോഭാവങ്ങളെയും കൂടുതല്‍ തീക്ഷ്ണതയോടെ ധ്യാനവിഷയമാക്കാന്‍ നമ്മെ ക്ഷണിക്കുന്നുണ്ട്.

യേശു പറയുന്ന കഥയിലെ വിതക്കാരന്‍ നമ്മുടെ കാഴ്ചപാടില്‍ ബുദ്ധിമാനും, സമര്‍ത്ഥനുമായ വിതക്കാരനോ, അതോ നല്ല വിതക്കാരനോ? കൃഷിയിടങ്ങളില്‍ വിത്ത് വിതയ്ക്കുന്നവരെല്ലാവരും ചുരുങ്ങിയ അര്‍ത്ഥത്തില്‍ വിതക്കാരാണെങ്കിലും ഉപമയിലെ സൂചനപ്രകാരം ഒരാള്‍ വിതയ്ക്കാന്‍ പോയി എന്നല്ല മറിച്ച് ‘വിതക്കാരന്‍’വിതയ്ക്കാന്‍ പുറപ്പെട്ടു എന്നാണ് പറയുക. അതായത് വര്‍ഷങ്ങളോളം വിതയ്ക്കലില്‍ പരിചയമുള്ള പ്രഫഷണലായ ഒരു വിതക്കാരനാണ് എന്ന് വ്യക്തം. പക്ഷെ എന്ത് സംഭവിച്ചു? വിതച്ചതെല്ലാം വഴിയരികിലും, പാറപ്പുറത്തും, മുള്‍ച്ചെടികള്‍ക്കിടിയിലും, നല്ല നിലത്തുമായി വീഴുന്നു. നാലിലൊന്ന് മാത്രമേ നല്ല മണ്ണില്‍ പതിക്കുന്നുള്ളു. അറിവും പരിചയസമ്പത്തുമുള്ള ഒരു വിതക്കാരന് സംഭവിക്കാന്‍ പാടില്ലാത്ത വീഴ്ചയാണിത്. വിത്ത് മുളച്ച് വളരാന്‍ അനുകൂലമായ നിലവും അന്തരീക്ഷവും തിരിച്ചറിയുന്നവനാണ് വിതക്കാരന്‍. പക്ഷെ, എന്നിട്ടും അവന്‍ പ്രതികൂലമായ ഇടങ്ങളില്‍പോലും വിത്തുകള്‍ വീഴാന്‍ ബോധപൂര്‍വ്വം അനുവദിക്കുന്നു.

നാമൊക്കെ ക്രിസ്തുവിന്റെ വാക്കിന്റെയും ജീവിതത്തിന്റെയും വിതക്കാരാണ്. അനുകൂലമായ അന്തരീക്ഷത്തില്‍ മാത്രമല്ല ഒരാള്‍ വചനവിത്ത് വിതയ്‌ക്കേണ്ടത്. ഇന്നത്തെ ലേഖനഭാഗത്ത് വി.പൗലോസ് തെസലോനിക്കയിലെ സഭയോട് വയ്ക്കുന്ന ഒരു പ്രാര്‍ത്ഥനാ അഭ്യര്‍ത്ഥനയുണ്ട്. ”കര്‍ത്താവിന്റെ വചനത്തിന് നിങ്ങളുടെയിടയില്‍ ലഭിച്ചതുപോലെ മറ്റെല്ലായിടത്തും പ്രചാരവും മഹത്വവും ലഭിക്കുന്നതിനും ദുഷ്ടന്മാരും അധര്‍മ്മികളുമായ മനുഷ്യരില്‍നിന്നും ഞങ്ങള്‍ രക്ഷപ്പെടുന്നതിനുമായി ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍” (2 തെസ. 3: 1-2). വെല്ലുവിളികള്‍ ഏറ്റെടുക്കുന്ന ഒരു സുവിശേഷ പ്രഘോഷകന്‍.

നല്ല വിളവും ഫലവും ഉറപ്പുള്ളപ്പോള്‍ മാത്രം നടത്തേണ്ട പുണ്യകര്‍മ്മമല്ല ദൈവരാജ്യ പ്രഘോഷണവും, സാക്ഷ്യജീവിതവും. വളര്‍ച്ചയ്ക്ക് എല്ലാ സംരക്ഷണവും മുന്‍കൂര്‍ അച്ചാരമായി ലഭിച്ചാല്‍ മാത്രം തുടങ്ങേണ്ടതല്ല സുവിശേഷ മൂല്യങ്ങളുടെ പങ്കുവയ്ക്കല്‍. എല്ലാ തരത്തിലുമുള്ള സ്ഥാപനവത്കരണത്തിന് ശേഷം യാഥാര്‍ത്ഥ്യമാക്കേണ്ടതല്ല സുവിശേഷവല്‍ക്കരണം. ഒട്ടും പ്രതീക്ഷയില്ലാത്തിടത്തും, പ്രതികൂലമായ അന്തരീക്ഷത്തിലും, എതിര്‍പ്പുകള്‍ക്കിടയിലും എന്റെയും നിങ്ങളുടെയും ഒക്കെ ജീവിതത്തില്‍ സൂക്ഷിപ്പില്‍നിന്ന് ബോധപൂര്‍വ്വം സുവിശേഷത്തിന്റെയും ക്രിസ്തുസാക്ഷ്യത്തിന്റെയും കാമ്പുള്ള വിത്തുകള്‍ ചുറ്റുമുള്ള ജീവിതങ്ങളില്‍ നിക്ഷേപിക്കണം. അപ്പോഴാണ് നാം വചനത്തിന്റെ നല്ല വിതക്കാരായി മാറു. ബുദ്ധിമാന്മാരായ വിതക്കാരായില്ലെങ്കിലും.

കഥയിലെ വിതക്കാരന്റെ മനോഭാവം എടുത്തു പറയേണ്ടതാണ്. ഓര്‍ക്കണം നാലില്‍മൂന്ന് ഭാഗം വിത്തുകളും കഠിനാദ്ധ്വാനവും പാഴായി. വിത്തുകള്‍ ഒന്നുകില്‍ മുളച്ചില്ല, മുളച്ചത് വളര്‍ന്നില്ല, വളര്‍ന്നത് ഫലം ചൂടിയില്ല. വിത്ത് വിലപ്പെട്ടതാണ്. വിതയ്ക്കല്‍ പ്രയ്തനം ആവശ്യപ്പെടുന്ന ഒരു കര്‍മ്മമാണ്. വിതക്കാരന്റെ കായികമായ ഊര്‍ജ്ജവും സമയവും അതിലുണ്ട്. ചുരുക്കത്തില്‍ വിതക്കാരന്റെ നാലിലൊന്ന് പ്രയത്‌നം മാത്രമാണ് ഫലമണിയുന്നത്. ഇന്നത്തെ കമ്പോള മാനദണ്ഡങ്ങളനുസരിച്ച് വമ്പിച്ച നഷ്ടം. പക്ഷെ വിതക്കാരന്‍ അക്ഷോഭ്യനാണ്, നിരാശപ്പെടുന്നില്ല, പഴിക്കുന്നില്ല, ആത്മഹത്യ ചെയ്യുന്നില്ല. വിതക്കാരന്റെ സന്തോഷം നല്ല നിലത്ത് വീണ് വിളഞ്ഞ നൂറും അറുപതും മുപ്പതും മേനി വിളവിലാണ്.

ജീവിതത്തിന്റെ കൃഷിയിടങ്ങളില്‍ സൂക്ഷിക്കേണ്ട വലിയ പാഠം വിതക്കാരന്‍ പറഞ്ഞുതരുന്നുണ്ട്. പാഴായ നാലില്‍ മൂന്നിലേക്കല്ല വിളവ് നല്‍കിയ നാലില്‍ ഒന്നിലേക്കാണ് നമ്മുടെ കണ്ണ് പതിയേണ്ടത്. ജീവിതത്തില്‍ ‘കണക്ക് കൂട്ടാന്‍’ നന്നായി പഠിച്ചവരാണ് നാം. അതുകൊണ്ട് കണക്കും കണക്ക് കൂട്ടലുകളും പാളിയാല്‍ ജീവിതം പൊട്ടിയെന്ന് വിചാരിക്കുന്നവരുമാണ്. അങ്ങനെ കരുതുന്നവരുടെ എണ്ണം കൂടിവരികയാണ്. വെറുതയല്ലല്ലോ കേരളം ലോകത്തിന്റെ മുമ്പില്‍ ആത്മഹത്യ മുനമ്പായി എണ്ണപ്പെട്ടത്. സാക്ഷരതയുടെ കണക്കില്‍ നാം നെഞ്ചുയര്‍ത്തി ഞെളിയുമ്പോള്‍ ജീവിതത്തിന്റെ കണക്ക് കൂട്ടലുകളുടെ പരാജയങ്ങളില്‍ നാം തലകുനിക്കേണ്ടി വരുന്നു.

അതുകൊണ്ട് പ്രിയമുള്ള സഹോദരങ്ങളെ നമ്മുടെ കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്തേണ്ടിയിരിക്കുന്നു. എന്തിലും ഏതിലും നന്മയുടെ വശം കണ്ടെത്തുവാന്‍ നമുക്ക് സാധിക്കണം. അപ്പോള്‍ മാത്രമാണ് ജീവിതത്തിന്റെ പരുപരുത്ത യാഥാര്‍ത്ഥ്യങ്ങളുടെ പിന്നിലെ ദൈവത്തിന്റെ മനസ്സ് നമുക്ക് സ്വന്തമാക്കുവാന്‍ സാധിക്കുകയുള്ളൂ. വി. ഫ്രാന്‍സിസ് ഡി. സാലെസ് ഇതിന് ഉത്തമ ഉദാഹരണമാണ്. വിശുദ്ധന്‍ എല്ലാത്തിലും നന്മയുടെ വശം കണ്ടെത്തിയിരുന്നു. കുറ്റമോ പരദൂഷണമോ ഒരിക്കലും പറയുമായിരുന്നില്ല. ഇദ്ദേഹത്തെക്കൊണ്ട് ഒരു കുറ്റമെങ്കിലും പറയിക്കണം എന്ന വാശിയില്‍ ഒരു വ്യക്തി അദ്ദേഹത്തോടൊപ്പം വൈകിട്ട് നടക്കുവാന്‍ ഇറങ്ങി. പല പരിശ്രമങ്ങള്‍ പാഴായതിനൊടുവില്‍ അവരുടെ വഴിമദ്ധ്യേ ചത്ത് ജീര്‍ണ്ണിച്ചുകിടക്കുന്ന ഒരു നായയുടെ ശരീരം ചൂണ്ടിക്കാണിച്ചുകൊണ്ട് അയാള്‍ പറഞ്ഞു. ”ഹോ, എത്ര ശോചനീയം, ദുര്‍ഗന്ധം വമിക്കുന്നു”. വിശുദ്ധന്‍ അങ്ങോട്ട് നോക്കിയിട്ട് പറഞ്ഞു ”നോക്കൂ, എത്ര മനോഹരമായ പല്ലുകളാണ് അതിനുള്ളത്, ഇപ്പോഴും അതിന്റെ ശോഭ മങ്ങിയിട്ടില്ല.”

സ്‌നേഹം നിറഞ്ഞവരെ ഏത് പ്രതികൂലസാഹചര്യത്തിലും നന്മയുടെ വചനം വിതയ്ക്കുന്ന നല്ല വിതക്കാരന്റെ തലത്തിലേയ്ക്ക് നമുക്ക് വളരണമെങ്കില്‍ ഒരു ക്രിസ്ത്യാ നിയെന്ന, ഒരു അപ്പനെന്ന, അമ്മയെന്ന, മകനെന്ന, മകളെന്ന, വൈദികനെന്ന, സമര്‍പ്പിതയെന്ന നിലയില്‍ മറ്റുള്ളവര്‍ എന്തു വിചാരിക്കുമെന്നു കരുതി നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്തിയിട്ട് കാര്യമില്ല. ഇവിടെയെല്ലാം മാനുഷീക ബലനഹീനതകള്‍ നമ്മെ നമ്മുടെ തീരുമാനങ്ങളെ തളര്‍ത്തും, അസംതൃപ്തരാക്കും. ആയതിനാല്‍ സ്വയം മറന്ന് ദൈവസ്‌നേഹത്തെ പ്രതി വചനത്തിന് സാക്ഷികളാകാന്‍ നമുക്ക് പരിശ്രമിക്കാം. ദൈവസ്‌നേഹം അതിന് നമ്മെ നിര്‍ബന്ധിക്കട്ടെ.
ആമ്മേന്‍

ബ്രദര്‍ റിച്ചാര്‍ഡ് വാരിക്കാശ്ശേരി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.