ഞായര്‍ പ്രസംഗം 2, ദനഹാക്കാലം നാലാം ഞായര്‍ ജനുവരി 24 കുറവുകളെ നിറവുകളാക്കുന്ന ക്രിസ്തുസാന്നിദ്ധ്യം

ബ്ര. ജോസഫ് ഐക്കര MCBS

ദിവ്യകാരുണ്യ ഈശോയില്‍ ഏറെ സ്‌നേഹിക്കപ്പെടുന്ന വൈദികരേ, പ്രിയ സഹോദരങ്ങളേ,

യേശുക്രിസ്തുവിന്റെ പ്രത്യക്ഷീകരണത്തെയും വെളിപ്പെടുത്തലിനെയും പ്രത്യേകമാംവിധം ധ്യാനിക്കുന്ന ദനഹാക്കാലത്തിന്റെ നാലാം ഞായറാഴ്ചയിലാണ് നാമോരോരുത്തരും ഇന്ന് എത്തിനില്‍ക്കുക. സ്വര്‍ഗ്ഗരാജ്യാനുഭവം സ്വന്തമാക്കാന്‍ ആഗ്രഹിച്ച്, പ്രാര്‍ത്ഥിച്ച്, പരിശ്രമിച്ച് മുമ്പോട്ടു നീങ്ങുന്ന നമുക്ക് കൂടുതല്‍ തീക്ഷ്ണതയോടെ ക്രിസ്തുവില്‍ ആശ്രയിക്കാന്‍ നമ്മെ ഉദ്‌ബോധിപ്പിക്കുന്ന കാനായിലെ കല്യാണവിരുന്നാണ് തിരുവചന വിചിന്തനത്തിനായി തിരുസഭാമാതാവ് നല്‍കിയിരിക്കുക. അനേകം തവണ വായിച്ചും ധ്യാനിച്ചും പ്രസംഗിച്ചും പഠിപ്പിച്ചുമെല്ലാം ഈ വചനഭാഗം നമുക്ക് സുപരിചിതമെങ്കിലും അപരിചിതമായ അനേകം ഉള്‍ക്കാഴ്ചകള്‍ ഓരോ തവണ ധ്യാനിക്കുമ്പോഴും ഈ വചനഭാഗം നമുക്ക് പ്രദാനം ചെയ്യുന്നു.

കാനായിലെ അത്ഭുതവിവരണത്തിന് തൊട്ടുമുമ്പ് സുവിശേഷകന്‍ പറഞ്ഞുവയ്ക്കുക, യേശുവും നഥാനയേലുമായുള്ള സംഭാഷണമാണ്. യോഹ. 1:50-ല്‍ ഈശോ നഥാനയേലിനോട് ഇപ്രകാരം പറയുന്നു: “എന്നാല്‍ ഇതിനേക്കാള്‍ വലിയ കാര്യങ്ങള്‍ നീ കാണും.” ഈശോയുടെ ഈ വാഗ്ദാനം അക്ഷരാര്‍ത്ഥത്തില്‍ നിറവേറ്റപ്പെടുകയാണ് വെള്ളം വീഞ്ഞാക്കി പകര്‍ത്തി തന്റെ ആദ്യ അടയാളം ക്രിസ്തു പ്രവര്‍ത്തിക്കുന്നതിലൂടെ.

തന്റെ ശിഷ്യരെ തെരഞ്ഞെടുത്തശേഷം കാനായിലെ കല്യാണവിരുന്നിനെ തന്റെ സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹിക്കുന്ന ഈശോ, സമര്‍പ്പിതജീവിതവും കുടുംബജീവിതവുമെല്ലാം ദൈവത്താല്‍ സ്ഥാപിതമാണെന്നും ക്രിസ്തുവിനോട് ചേര്‍ന്നുനില്‍ക്കുന്നിടത്തോളം കാലം ജീവിതത്തില്‍ എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും ക്രിസ്തുവില്‍ ഉത്തരമുണ്ടെന്നുള്ള സത്യം നാം ഓരോരുത്തരെയും ഓര്‍മ്മിപ്പിക്കുന്നു.

മൂന്നാം ദിവസം കാനായില്‍ ഒരു വിവാഹവിരുന്ന് നടന്നുവെന്ന് പറഞ്ഞുകൊണ്ടാണ് സുവിശേഷഭാഗം ആരംഭിക്കുക. മൂന്നാം ദിനം എന്നത് ദൈവികവെളിപാടിന്റെ ദിനമായി വിശുദ്ധ ഗ്രന്ഥം കരുതിവയ്ക്കുന്നുണ്ട്. മൂന്നാം ദിനത്തിലെ ഉയിര്‍പ്പിന്റെ മുന്നാസ്വാദനമായിരുന്നു മൂന്നാം നാളിലെ കാനായിലെ അത്ഭുതം. ഉയിര്‍പ്പിനുശേഷം ശിഷ്യന്മാര്‍ ക്രിസ്തുവിന്റെ ദൈവികമഹത്വം അനുഭവിച്ചറിഞ്ഞെങ്കില്‍ ആ അനുഭവത്തിന് അടിത്തറ പാകുന്നതായിരുന്നു കാനായിലെ കല്യാണവിരുന്ന്. യഥാര്‍ത്ഥത്തില്‍ കാനായിലാണ് ക്രിസ്തുവിന്റെ തെരഞ്ഞെടുക്കപ്പെട്ട ശിഷ്യന്മാര്‍ തങ്ങളുടെ ഗുരുവിന്റെ മഹത്വം നേരിട്ട് ദര്‍ശിക്കുന്നതും അനുഭവിച്ചറിയുന്നതും. തങ്ങള്‍ അനുഗമിക്കുന്നവന്‍ ഈ ലോകത്തിനും ഉപരിയാണ്; അവന്‍ സര്‍വ്വശക്തനാണ് എന്ന വിശ്വാസത്തില്‍ ശിഷ്യന്മാര്‍ ആഴപ്പെടുന്നതും കാനായിലെ അത്ഭുതത്തോടു കൂടിയാണ്.

ഒരു അത്ഭുതം എന്നതിലുപരി, ഒരു അടയാളമായി ഇതിനെ കാണുവാനാണ് ഞാന്‍ ആഗ്രഹിക്കുക. അത്ഭുതങ്ങള്‍ക്കു പിന്നാലെ നാം പരക്കംപായുമ്പോള്‍ നമ്മുടെ വിശ്വാസത്തേക്കാളേറെ വിശ്വാസക്കുറവിനെയാണ് അത് സൂചിപ്പിക്കുക. എന്നാല്‍ അടയാളങ്ങള്‍ മറ്റൊരു സത്യത്തെ പ്രതിനിധാനം ചെയ്യുന്നു. കാനായിലെ വിവാഹവിരുന്ന് ഒരു അടയാളമായി കാണുവാന്‍ ശ്രമിക്കുകയാണെങ്കില്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും, കാനാ ഈശോയുടെ സ്വയം വെളിപ്പെടുത്തലിന്റെ വേദിയായിരുന്നു എന്ന്.
വെള്ളം വീഞ്ഞാക്കി മാറ്റി എല്ലാവരെയും ആനന്ദത്തിലേയ്ക്ക് ക്രിസ്തു നയിച്ചത്, സ്വര്‍ഗ്ഗരാജ്യപ്രവേശനത്തിന് സകലരെയും യോഗ്യരാക്കാന്‍ സ്വശരീര-രക്തങ്ങള്‍ പങ്കുവച്ചു നല്‍കാന്‍ ഞാന്‍ ആഗതനായിരിക്കുന്നു എന്നതിന്റെ ഓര്‍മ്മപ്പെടുത്തലായിരുന്നു. പരിശുദ്ധ അമ്മയെ, ‘സ്ത്രീയേ’ എന്നുവിളിച്ച് അഭിസംബോധന ചെയ്തത്, ഉല്‍പത്തി പുസ്തകത്തില്‍ ദൈവം അരുള്‍ചെയ്ത ‘നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും’ എന്ന വാചകത്തില്‍ പറയപ്പെട്ടിരിക്കുന്ന സ്ത്രീ ഈ നില്‍ക്കുന്ന എന്റെ അമ്മയാണ് എന്നതിന് മുദ്ര വയ്ക്കുകയായിരുന്നു. എന്റെ സമയം ഇനിയും ആയിട്ടില്ല എന്ന ക്രിസ്തുവിന്റെ വചനം സൂചിപ്പിക്കുന്നതും മറ്റൊന്നല്ല, തന്റെ കുരിശുമരണത്തിലൂടെ പിതാവായ ദൈവത്തിന് മഹത്വം നല്‍കാന്‍ സമയമായിട്ടില്ല എന്ന സത്യമാണ്. ആറ് കല്‍ഭരണികളും അവയില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന വീഞ്ഞിന്റെ അളവും സ്വര്‍ഗ്ഗരാജ്യസമൃദ്ധിയെയാണ് സൂചിപ്പിക്കുക. ദൈവരാജ്യത്തിലെ വിരുന്നില്‍ ദൈവികസാന്നിദ്ധ്യമുള്ളിടത്ത് എപ്പോഴും സമൃദ്ധിയുണ്ടാകുമെന്ന ഉള്‍ക്കാഴ്ചയും ഈ വചനഭാഗം നമുക്ക് പ്രദാനം ചെയ്യുന്നു.

പരിശുദ്ധ അമ്മയാണ് ഈ തിരുവചനഭാഗത്ത് പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന മറ്റൊരു പ്രധാന കഥാപാത്രം. അമ്മയു ടെ മാദ്ധ്യസ്ഥ്യം എത്രത്തോളം ശക്തിയേറിയതാണെന്ന് ഈ വചനഭാഗം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മാനുഷികമായ കണക്കുകൂട്ടലുകള്‍ തെറ്റിയ കാനായില്‍ അപമാനത്തില്‍ അഭിമാനമേകാന്‍ തന്റെ പുത്രന്റെ മാദ്ധ്യസ്ഥ്യം തേടിയത് പരിശുദ്ധ അമ്മയാണ്. അന്നത്തെ പശ്ചാത്തലമനുസരിച്ച് കല്യാണവീട്ടില്‍ വീഞ്ഞ് തീര്‍ന്നാല്‍ പിന്നെ വിവാഹം നടക്കില്ല. കാരണം, യഹൂദര്‍ക്ക് വീഞ്ഞ് ദൈവാനുഗ്രഹത്തിന്റെ അടയാളമാണ്. ഇത്തരത്തില്‍ ദുഃഖപൂരിതരായിരിക്കുന്ന ഭവനാംഗങ്ങളുടെ ഹൃദയത്തില്‍ നിറയുന്ന സങ്കടമറിയാന്‍ പരിശുദ്ധ അമ്മയ്ക്ക് അപാരകഴിവുണ്ടായിരുന്നു. ആ സങ്കടം അറിഞ്ഞുവെന്നതു മാത്രമല്ല, ആ സങ്കടത്തിനൊരു പരിഹാരമുണ്ട് എന്നുകൂടി അറിഞ്ഞതാണ് മറിയത്തിന്റെ മഹത്വം. കാനായിലെ പ്രശ്നത്തിന് കാരണക്കാരായവരെ കുറ്റപ്പെടുത്തുന്നതിലുപരി, പ്രതിസന്ധി പരിഹരിക്കാന്‍ കഴിവുള്ളവന്റെ അടുത്തേയ്ക്ക് വരികയാണ് മറിയം ചെയ്തത്. പ്രശ്നത്തിന് കാരണക്കാരായവരെ കണ്ടെത്തുന്നത് കുറ്റാന്വേഷണമാണ്. എന്നാല്‍ പ്രശ്നത്തിന് പരിഹാരമായ ദൈവപുത്രനെ ചൂണ്ടിക്കാണിച്ചു കൊടുക്കുന്നതാണ് ആത്മീയത. ഈ ആത്മീയത ജീവിതത്തിലുടനീളം പുലര്‍ത്തിയവളായിരുന്നു പരിശുദ്ധ അമ്മ.

ഇന്നത്തെ തിരുവചനഭാഗം പരിശുദ്ധ അമ്മയിലൂടെ ക്രിസ്തുവിലേയ്ക്ക് വളരാന്‍ നമ്മെ പ്രേരിപ്പിക്കുന്നെങ്കില്‍ ഇന്നത്തെ ലേഖനഭാഗം ക്രിസ്തുവിലൂടെ പിതാവായ ദൈവത്തിലേയ്ക്ക് വളരാന്‍ നമ്മെ പ്രചോദിപ്പിക്കുന്നു. ലേഖനകര്‍ത്താവ് പറഞ്ഞുവയ്ക്കുന്നു: “തന്നിലൂടെ ദൈവത്തെ വിളിക്കുന്നവരെ പൂര്‍ണ്ണമായും രക്ഷിക്കാന്‍ അവന് കഴിവുണ്ട്.” എന്നേയ്ക്കും ജീവിക്കുന്നവനായ അവന്‍ അവര്‍ക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്നു. സ്വര്‍ഗ്ഗരാജ്യത്തെ ലക്ഷ്യമാക്കി പ്രയാണം ചെയ്യുന്ന നമുക്ക് ക്രിസ്തുവായിരിക്കട്ടെ മാര്‍ഗ്ഗദീപം.

രണ്ടാം വായനയായ ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍ നിന്നും നാം ശ്രവിച്ചു: “ഞാന്‍ മോചനം ആസന്നമാക്കിയിരിക്കുന്നു. അത് വിദൂരത്തല്ല, ഞാന്‍ രക്ഷ താമസിപ്പിക്കുകയില്ല.” മനുഷ്യവംശത്തെ പാപത്തിന്റെ അടിമത്വത്തില്‍ നിന്നും മോചിച്ച് രക്ഷയുടെ അനുഭവത്തിലേയ്ക്ക് നയിക്കാന്‍ ആഗതനായവനാണ് ഞാന്‍ എന്ന സത്യം ക്രിസ്തു വെളിപ്പെടുത്തുകയായിരുന്നു കാനായിലെ കല്യാണവിരുന്നില്‍.

പ്രിയ സഹോദരങ്ങളേ, ഇന്നത്തെ തിരുവചനഭാഗം നമ്മോട് ആവശ്യപ്പെടുന്ന ചില ജീവിതപരിവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്കൊന്ന് ചിന്തിക്കാം. പരിശുദ്ധ അമ്മയെപ്പോലെ അലങ്കാരങ്ങള്‍ക്കു പിന്നിലെ ആകുലമനസ്സുകളെ തിരിച്ചറിയാന്‍ എനിക്ക് സാധിക്കുന്നുണ്ടോ? എന്റെ സാന്നിദ്ധ്യം അപരന് ഒരു അനുഗ്രഹമാക്കിത്തീര്‍ക്കാന്‍ ഞാന്‍ പരിശ്രമിക്കാറുണ്ടോ? ജീവിതത്തിലെ കണക്കൂകൂട്ടലുകള്‍ തെറ്റുമ്പോള്‍, വീഞ്ഞ് തീര്‍ന്നുപോകുന്ന അനുഭവങ്ങള്‍ ജീവിതത്തിലുണ്ടാകുമ്പോള്‍ ക്രിസ്തുവിന്റെ കരം പിടിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ടോ? നമുക്ക് ചിന്തിച്ചുനോക്കാം.

ഇന്നത്തെ വചനഭാഗത്ത് വെള്ളം വീഞ്ഞാക്കി മാറ്റിയ ക്രിസ്തുവിനെ നാം ഓര്‍ക്കുന്നെങ്കില്‍, വീഞ്ഞ് സ്വരക്തമാക്കി മാറ്റി പരിശുദ്ധ കുര്‍ബാന സ്ഥാപിച്ച ക്രിസ്തുവിനെ ഈ ബലിയില്‍ നാം സ്മരിക്കുന്നു. ഈ വിശുദ്ധ കുര്‍ബാനയി ല്‍ ഭക്തിപൂര്‍വ്വം പങ്കുചേര്‍ന്ന് രക്ഷയുടെ അനുഭവം സ്വന്തമാക്കാന്‍ നമുക്കും പരിശ്രമിക്കാം. സര്‍വ്വശക്തനായ ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേന്‍.

ബ്ര. ജോസഫ് ഐക്കര MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.