പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. തെള്ളകം ചൈതന്യയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു.

നിശ്ചയദാർഢ്യവും കഠിനാദ്ധ്വാനവും മുറുകെ പിടിച്ചുകൊണ്ട് ജീവിതവിജയം കൈവരിക്കുവാന്‍ കുട്ടികള്‍ക്ക് കഴിയണമെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സാബു തോമസ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഉയര്‍ന്ന സ്വപ്‌നങ്ങളുള്ളവരായി കുട്ടികള്‍ മാറണമെന്നും പ്രതികൂലസാഹചര്യങ്ങളെ അനുകൂലമാക്കിക്കൊണ്ട് മുമ്പോട്ടു പോകുവാന്‍ കഴിയണമെന്നും അദ്ദേഹം അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.

കോട്ടയം മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, കിടങ്ങൂര്‍ ഡിവിഷന്‍ ബ്ലോക്ക് മെമ്പര്‍ ഡോ. മേഴ്‌സി ജോണ്‍ മൂലക്കാട്ട്, കോട്ടയം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ റ്റി.സി. റോയി എന്നിവര്‍ പ്രസംഗിച്ചു.

പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ കെ.എസ്.എസ്.എസിന്റെ കിടങ്ങൂര്‍, കടുത്തുരുത്തി, കൈപ്പുഴ, മലങ്കര, ഉഴവൂര്‍, ഇടയ്ക്കാട്ട്, ചുങ്കം എന്നീ മേഖലകളിലെ സ്വാശ്രയസംഘാംഗങ്ങളുടെ കുട്ടികളെയാണ് ആദരിച്ചത്.

ഫാ. സുനില്‍ പെരുമാനൂര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.