കണ്ണീരോടെയുള്ള നിലവിളിക്ക്‌ ഉത്തരം നല്‍കിയ ദൈവം- ഒരു അനുഭവ സാക്ഷ്യം

    കഴിഞ്ഞ വർഷം ഇതേസമയം എന്റെ വിശ്വാസജീവിതത്തെ ആഴത്തിൽ സ്വാധീനിച്ച ഒരു സംഭവം നടന്നിരുന്നു. ഞാൻ ആശുപത്രിയിൽ ജോലി ചെയ്തു കൊണ്ടിരുന്ന സമയം. കഴിഞ്ഞ വർഷം ഒക്ടോബർ 21 നു BDS നു പഠിക്കുന്ന ഒരു പയ്യൻ ബൈക്ക് ആക്സിഡന്റായി ഗുരുതരമായ പരിക്കുകളോടെ ന്യുറോ ഐ. സി. യൂ വിൽ അഡ്മിറ്റായി. ആ പയ്യന്‍ വെന്റിലേറ്ററിൽ കോമ സ്റ്റേജിൽ കഴിയുന്ന ഈ വിവരം ഞങ്ങളുടെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ നിന്നുമാണ് ഞാന്‍ അറിയുന്നത്. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ഐ.സി.വിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നു പറഞ്ഞു റൂമിലേക്ക് ഷിഫ്റ്റ് ചെയ്തിരുന്നു. അങ്ങനെയാണ് ഞാൻ ജോലി ചെയ്തിരുന്ന വാർഡിൽ അവർ എത്തിയത്.

    ചികിത്സയിൽ പുരോഗതി കാണാത്തതിനാൽ ട്രക്കിയോസ്റ്റമി എന്നൊരു ഓപ്‌ഷനിലേക്കു (തൊണ്ടയിലൂടെ ശ്വാസം നൽകുന്ന ചികിത്സാരീതി) അവർ പോകാനൊരുങ്ങുകയായിരുന്നു. ആ പയ്യന്റെ ഏക സഹോദരി ഒരു നഴ്സ് ആയിരുന്നതിനാൽ അവന്റെ അവസ്ഥ അവർക്കു നന്നായി അറിയാമായിരുന്നു. കാര്യങ്ങൾ വളരെ ഗുരുതരമായിരുന്നെങ്കിലും ആ സഹോദരിയുടെ ദൈവാശ്രയത്വം ഏവരേയും അതിശയിപ്പിക്കുന്നതായിരുന്നു.

    ഞാൻ ഇവരെ കൂടുതൽ പരിചയപ്പെടുമ്പോൾ ഈ സഹോദരിയോഴിച്ചു ബാക്കിയെല്ലാവരും പ്രത്യാശയറ്റു നിരാശയിൽ കഴിയുകയാണെന്നു എനിക്ക് ബോധ്യമായി. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തന്റെ സഹോദരൻ ഇതിനെ മറികടക്കും എന്ന പ്രതീക്ഷയിലായിരുന്നു ആ സഹോദരി. ആശുപത്രിയിൽ വച്ച് പ്രത്യേകമായി ഒന്നും ചെയ്യാനില്ലാതിരുന്നതുകൊണ്ടും സഹോദരി ഒരു നഴ്സായിരുന്നതുകൊണ്ടും ഇവർ ആശുപത്രിക്കു തൊട്ടടുത്തുള്ള ഒരു വാടക മുറിയിലേക്ക് താമസം മാറിയിരുന്നു.

    അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി പ്രയർ ഗ്രൂപ്പിൽ എനിക്ക് പരിചയമുള്ള ഒരു സഹോദരനെ കൂട്ടിക്കൊണ്ടു ഞങ്ങൾ ആ പയ്യന്റെ അടുത്തേയ്ക്കു ചെന്നു. ഞങ്ങൾ ചെല്ലുമ്പോൾ ആ മകൻ കട്ടിലിൽ ഒരു ഭാഗം തളർന്നു കിടക്കുകയാണ്. ആരേയും തിരിച്ചറിയാനാകാത്ത വിധം അബോധാവസ്ഥയിലായിരുന്നു ആ മകൻ. ഇതു കണ്ടപ്പോൾ ഞങ്ങളിലൊരാൾ ആ കിടക്കയിൽ കിടക്കുന്നതു പോലെ ഞങ്ങൾക്ക് തോന്നി. ഉടനെ ഞങ്ങൾ ഇരുവരും ദൃഢമായി വിശ്വസിക്കുന്ന സജീവനായ യേശുക്രിസ്തുവിന്റെ നാമത്തിൽ അവനുവേണ്ടി പ്രാർത്ഥിച്ചോട്ടെ എന്ന് അവരോടു അനുവാദം ചോദിച്ചു. അവർ ഏറെ പ്രത്യാശയോടെ അനുവാദം തന്നു.

    ഉടനെ ഞങ്ങൾ ഞങ്ങൾക്കറിയാവുന്ന ഭാഷയിൽ പ്രാർത്ഥന ആരംഭിച്ചു. യേശുവേ ഈ മകനെ അങ്ങയുടെ കരങ്ങളിലേക്ക് തരുന്നു. ഈ മകനെ അങ്ങയുടെ തിരുരക്തം കൊണ്ട് കഴുകി അങ്ങ് എഴുന്നേൽപ്പിച്ചു നടത്തണമേ, അങ്ങയുടെ മുറിവിനാൽ ഈ മകൻ സൗഖ്യമാക്കപ്പെടട്ടെ എന്നെല്ലാം ഞങ്ങൾ പ്രാർത്ഥിക്കാൻ തുടങ്ങി. ഇത് കേട്ടയുടനെ വിജാതീയരായ ആ കുടുംബം ഞങ്ങളോടൊപ്പം പ്രാർത്ഥനയിൽ ഒപ്പംചേർന്നു. അവർ ചങ്കുപൊട്ടി ആ മകനുവേണ്ടി പ്രാർത്ഥിക്കുവാൻ തുടങ്ങി.

    പോകാൻ വേറൊരിടവമില്ല നാഥാ. ആരും ഞങ്ങൾക്ക് തുണയുമില്ല. ഞങ്ങളെ കൈവിടരുതേയെന്നെല്ലാം പറഞ്ഞു അവർ അന്നേരം കരഞ്ഞു പ്രാർത്ഥിച്ചു.ഉടനെ യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുന്ന രംഗവും പാപിനിയായ ഒരു സ്ത്രീ കണ്ണുനീരു കൊണ്ടു യേശുവിന്റെ പാദങ്ങൾ കഴുകുന്നതുമായ രംഗങ്ങൾ ഞങ്ങളുടെ മനസ്സിലേക്ക് വന്നു. ആ സന്ദേശത്തെത്തുടർന്നു ഉടനെ ഞങ്ങൾ ആ മകന്റെ പാദങ്ങൾ കണ്ണുനീരു കൊണ്ടു കഴുകുവാൻ തുടങ്ങി. പ്രാർത്ഥനാ നിർഭരമായ ആ സന്ദർഭത്തിൽ കണ്ണുനീരിനു യാതൊരു ക്ഷാമവും ഞങ്ങൾ അന്നേരം നേരിട്ടിരുന്നില്ല.

    അന്ന് യേശുക്രിസ്തുവിൽ മാത്രം പ്രത്യാശ വച്ച് നിലവിളിച്ചുകൊണ്ടുള്ള ആ പ്രാർത്ഥന ഏകദേശം രണ്ടുമണിക്കൂറോളം തുടർന്നു. പ്രാർത്ഥന കഴിഞ്ഞതോടെ എന്തെന്നില്ലാത്ത ആനന്ദം അവിടെ നിറഞ്ഞു. ഈ മകൻ എഴുന്നേറ്റു നടക്കുമെന്നും ഇവൻ ആരുടെയും സഹായം കൂടാതെ മുൻപോട്ടുള്ള കാര്യങ്ങൾ ചെയ്യുമെന്നും ഞങ്ങൾ അവരോടു ഉറപ്പിച്ചു പറഞ്ഞു.

    തൊട്ടടുത്ത ദിവസം ഇവർ ഡോക്ടറെ കണ്ടു സ്കാൻ ചെയ്തപ്പോൾ ഡോക്ടർ അതിശയത്തോടെ അവനെ പരിശോധിച്ച ശേഷം, ഇക്കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ എന്തത്ഭുതമാണ് നടന്നത് എന്ന് അവരോടു ചോദിക്കുകയുണ്ടായി. അതേ സുഹൃത്തുക്കളെ, ആ മകൻ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ എഴുന്നേറ്റു നടന്നു. രണ്ടാഴ്ചയ്ക്കു ശേഷം ഡിസ്ചാർജ് ആയി, ഒരു മാസത്തിനു ശേഷം കോളേജിൽ പോയി ഒരു വർഷമായി ഇപ്പോൾ ഓടിച്ചാടി നടക്കുന്നു.

    ഇന്നും ജീവിക്കുന്ന യേശുവിന്റെ നാമത്തിൽ അന്ന് നടന്ന ഈ സംഭവത്തിന് കരണമായവർ ഈ പോസ്റ്റ് വായിക്കുന്നുണ്ടെന്നു എനിക്കുറപ്പാണ്. അന്ന് നടന്നത് മെഡിക്കൽ സയൻസിനെ അതിശയിപ്പിച്ച ഒന്നാണെന്ന് അവരുടെ കയ്യിലുള്ള റിപ്പോർട്ടുകൾ തന്നെ ധാരാളം. ക്രിസ്തുവിനെ സ്വന്തം ജീവിതത്തിൽ അനുഭവിച്ച അവർ യേശുവിന്റെ നാമത്തിൽ നടന്ന ആ ദൈവീക ഇടപെടലിനെ ഇന്നും സ്മരിക്കുന്നു. അനേകരോട് സാക്ഷ്യം പറയുന്നു.

    വിജാതീയർ അവന്റെ നാമത്തിൽ പ്രത്യാശ വയ്ക്കും എന്ന വചനം എത്ര അർത്ഥവത്തം. “ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.” യേശു നാമമല്ലാതെ.! (അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12)

    അഗസ്റ്റിന്‍ സേവ്യര്‍

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.