വേദനയിൽ കൂടെ നിൽക്കാം

കീരിക്കരയിൽ ശ്മശാന മൂകതയാണ്. പലരും വന്നു പോകുന്നു. ഉച്ചത്തിൽ സംസാരിക്കുന്നവർ ആരുമില്ല. കാഴ്ചകൾ കാണുന്നവർ. കണ്ണുകൾ തുടയ്ക്കുന്നവർ. പരസ്പരം ആശ്വസിപ്പിക്കുന്നവർ. ഇവർക്കെല്ലാം ഇടയിൽ തകർന്നുകിടക്കുന്ന ദൈവാലയം!

കീരിക്കരയുടെ പ്രകാശ ഗോപുരമായിരുന്നു സെൻറ് ആൻറണീസ് ദൈവാലയം. പത്തുവർഷത്തെ കഷ്ടപ്പാടുകളുടെയും കാത്തിരുപ്പിൻ്റെയും ഫലം. പച്ചപ്പുതപ്പണിഞ്ഞ മലഞ്ചെരുവിൽ തലയെടുപ്പോടുകൂടി നിന്ന ദൈവാലയം. മനോഹരമായ ഐക്കണുകളാൽ സമ്പന്നമായ ഐക്കൺ പള്ളി. എന്നാൽ ജൂലൈ പതിനാറാം തീയതി കീരിക്കര ഇടവകാംഗങ്ങളുടെ സ്വപ്നങ്ങളുടെമേൽ മണ്ണിടിഞ്ഞു.

ഇനി പറയുന്നവയാണ് പ്രധാനപ്പെട്ടവ. എന്തിനെയും ഏതിനെയും വിമർശിക്കാൻ നോക്കിയിരിക്കുന്ന സാമൂഹ്യ മാധ്യമങ്ങൾ ഇതിനെയും ഏറ്റെടുത്തു. പിച്ചിചീന്താൻ നോക്കിയിരുന്ന കഴുകക്കണ്ണുകളും പോസ്റ്റുമോർട്ടം നടത്താൻ വിഷയകൊതിയുമായിരുന്ന മാധ്യമവിചാരണമുറികളും ഒരുപള്ളിയുടെ വീഴ്ചപോലും ഒരുനേരത്തെ ആഘോഷമായ അന്നമാക്കി. നൂറ്റി ഇരുപതോളം കുടുംബങ്ങളുടെ കണ്ണുനീർ പോലും അവർ വിറ്റു കാശാക്കി. ഇതുവരെ ഇല്ലാതിരുന്ന പരിസ്ഥിതി ബോധവും പതിവായി വിളമ്പുന്ന കോടികളുടെ ചെലവും വീണ്ടുമവർ നിരത്തിത്തുടങ്ങി. എന്തിലും ഏതിലും അഭിപ്രായമുള്ള വിചാരണ തൊഴിലാളികൾ വീണ്ടും പുലമ്പി തുടങ്ങി. ‘ക്ഷീരമുള്ളോരു അകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം’ !

കീരിക്കര പ്രദേശത്തിൻറെ തിലകക്കുറിയായിരുന്ന ദൈവാലയത്തിൻ്റെ തകർച്ച ഒരു നാടിൻ്റെ മുഴുവൻ വേദനയാണ്. ഈ വേദനയിൽ നമുക്കും പങ്കു ചേരാം. ശരീരത്തിലെ ഒരു അവയവത്തിന്റെ വേദന ശരീരം മുഴുവൻ്റെയും വേദനയാകട്ടെ (1 കോറി 12 :26).

പരസ്പരം പഴിചാരാതെ പങ്കുവയ്ക്കാനാവട്ടെ. പ്രാർത്ഥന പങ്കുവയ്ക്കാം – വേദനിക്കുന്നവരെ ആശ്വസിപ്പിക്കാൻ. സമയം പങ്കുവയ്ക്കാം – അവരോടൊപ്പം ആയിരിക്കാൻ. സമ്പത്തു പങ്കുവയ്ക്കാം – പുതിയൊരു ദൈവാലയം കെട്ടിപ്പടുക്കാൻ. സ്വപ്‌നങ്ങൾ തകർക്കപ്പെട്ട മലയോര മേഖലയിലെ പാവപ്പെട്ട ജനങ്ങളോട് “ഞങ്ങളുണ്ട് കൂടെ” എന്ന് പറയാൻ നമുക്കാവട്ടെ. ഇത് തന്നെയാണ് ക്രിസ്തീയത. ഇത് മാത്രമാണ് ക്രിസ്തീയത.

ഫാ. സോബി കന്നാലില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.