പ്രത്യാശയുടെ വെള്ളിനക്ഷത്രമായ അല്‍ഫോന്‍സാമ്മ

പ്രത്യാശ ഒരു ദൈവിക പുണ്യമാണ്. നമ്മുടെ കര്‍ത്താവിന്റെ വാഗ്ദാനങ്ങളില്‍ വിശ്വാസമര്‍പ്പിച്ചും നമ്മുടെ ശക്തിയില്‍ ആശ്രയിക്കാതെ പരിശുദ്ധാത്മാവിന്റെ സഹായത്തില്‍ ആശ്രയിച്ചും നമ്മുടെ സൗഭാഗ്യമെന്ന നിലയില്‍ സ്വര്‍ഗ്ഗരാജ്യത്തെയും നിത്യജീവിതത്തെയും നാം ആഗ്രഹിക്കുന്ന സുകൃതമാണ് പ്രത്യാശ എന്ന് കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നുണ്ട്. ക്രിസ്തീയ പ്രത്യാശയുള്ളവര്‍ സ്വര്‍ഗ്ഗത്തില്‍ വേരുകളുള്ളവരാണ്. അവര്‍ വെള്ളവും വളവും സ്വീകരിക്കുന്നത് ഉന്നതങ്ങളില്‍ നിന്നാണ്. അല്‍ഫോന്‍സാദ്ധ്യാത്മീകതയുടെ ആഴങ്ങള്‍ തേടുമ്പോള്‍ നാം കണ്ടെത്തുന്ന സത്യം അത് പ്രത്യാശ എന്ന പുണ്യത്തില്‍ അടിയുറച്ചതായിരുന്നു എന്നതാണ്. ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസത്തില്‍നിന്നും ഉരുത്തിരിഞ്ഞ ഉറപ്പുള്ള പ്രത്യാശ. വേദനയുടെ നടുവിലൂടെ കടന്നു പോയപ്പോഴും ഉന്നതത്തിലുള്ളവയെക്കുറിച്ച് ചിന്തിച്ച്, പ്രത്യാശിച്ചു (കൊളോ. 3: 1). പാദം മന്നിലൂന്നി ഹൃദയവും മനസ്സും ദൈവത്തില്‍ ഉറപ്പിച്ചു.

ഉയരങ്ങളില്‍ ഉറപ്പുണ്ടായിരുന്നതിനാല്‍ മറ്റൊന്നും അല്‍ഫോന്‍സാമ്മയെ ഉലച്ചില്ല. താന്‍ പ്രത്യാശ വച്ചിരിക്കുന്ന ദൈവം ശക്തനാണെന്ന് അല്‍ഫോന്‍സാമ്മയ്ക്ക് ഉറപ്പുണ്ടായിരുന്നു. ദുഃഖദുരിതങ്ങളില്‍ തളരാതെ അവയെ എങ്ങനെ രക്ഷാകരമാക്കാമെന്ന് സ്വന്തം ജീവിതത്തിലൂടെ വിശുദ്ധ വെളിപ്പെടുത്തി. വേദനയുടെ മറവില്‍ മറഞ്ഞിരിക്കുന്ന ഈശോയുടെ ദിവ്യമായ സാന്നിദ്ധ്യവും മാഹാത്മ്യവും തിരിച്ചറിഞ്ഞ വിശുദ്ധയ്ക്ക് സഹനങ്ങള്‍ ദൈവാനുഭവ വേളകളായി മാറി. ഏതു പ്രതിസന്ധിയിലും അളവറ്റ ദൈവകൃപ ലഭിക്കുമെന്ന് വിശ്വസിക്കുകയും പ്രത്യാശിക്കുകയും ചെയ്തിരുന്നതിനാല്‍ സഹനങ്ങള്‍ അമ്മയെ തളര്‍ത്തുകയല്ല ശക്തിപ്പെടുത്തുകയാണ് ചെയ്തിരുന്നത്.

കാഞ്ചനം ഉലയിലിട്ട് ആവര്‍ത്തിച്ചുരുക്കുമ്പോള്‍ അതിന്റെ മേന്മ വര്‍ദ്ധിക്കുന്നതല്ലാതെ കുറയുന്നില്ല. ചുട്ടുപൊള്ളുന്ന വെയിലേല്‍ക്കുമ്പോഴാണ് ഗോതമ്പുമണി പാകമാകുന്നത്. യേശുവിന് പ്രിയപ്പെട്ടവരെ ഇപ്രകാരം ഉപരിമഹത്വത്തിലേക്ക് നയിക്കുവാന്‍ അവിടുന്ന് സഹനങ്ങള്‍ അനുവദിക്കാറുണ്ട്. അവയെ ഹൃദയംഗമമായി സ്വീകരിച്ച് പ്രത്യാശയോടെ അവയെ അതിജീവിച്ചു കഴിയുമ്പോഴാണ് അവര്‍ മഹത്വീകരിക്കപ്പെടുന്നത്. ”എന്തെന്നാല്‍ സ്വര്‍ണ്ണം അഗ്നിയില്‍ ശുദ്ധി ചെയ്യപ്പെടുന്നു. സഹനത്തിന്റെ ചൂളയില്‍ കര്‍ത്താവിനു സ്വീകാര്യമായ മനുഷ്യരും” (പ്രഭാ. 2:5) യാക്കോബ് ശ്ലീഹാ ഓര്‍മ്മിപ്പിക്കുന്നു. ”എന്തെന്നാല്‍ അവന്‍ പരീക്ഷകളെ അതിജീവിച്ചു കഴിയുമ്പോള്‍ തന്നെ സ്‌നേഹിക്കുന്നവര്‍ക്കു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ജീവന്റെ കിരീടം അവനു ലഭിക്കും” (യാക്കോ. 1 : 12)

ഈ നിത്യ സത്യങ്ങള്‍ ഗ്രഹിക്കുവാനുള്ള ജ്ഞാനവും ഉള്‍ക്കാഴ്ചയും ഉറപ്പുള്ള പ്രത്യാശയും ഉണ്ടായിരുന്നതുകൊണ്ടാണ് വിശുദ്ധ സഹനങ്ങളില്‍ തളരാതിരുന്നത്. സൂര്യോദയത്തില്‍ പ്രകാശം വിരിയുന്നു. സൂര്യാസ്തമയത്തില്‍ ഇരുട്ട് പരക്കുന്നു. രണ്ടും സൂര്യനില്‍നിന്നാണ് ഉണ്ടാകുന്നത്. ഇതുപോലെ സന്തോഷവും സന്താപവും രണ്ടും ഒന്നുപോലെ ദൈവം നല്‍കുന്ന സമ്മാനമാണെന്നറിഞ്ഞിരുന്ന വി. അല്‍ഫോന്‍സാമ്മ സന്തോഷത്തെയെന്നപോലെ വ്യഥകളെയും സ്‌നേഹിച്ചു, ശ്ലാഘിച്ചു, അവയിലാനന്ദിച്ചു. പരാതികളില്ലാതെ പരിഭവങ്ങളില്ലാതെ ഏതു പ്രതിസന്ധിയിലും പ്രസന്നവദനയായി പ്രാര്‍ത്ഥനാനിമഗ്നയായി ജീവിച്ച വിശുദ്ധ നമ്മെ ഉപദേശിക്കുന്നതിങ്ങനെയാണ്. ”മുന്തിരിപ്പഴങ്ങള്‍ ചക്കിലിട്ടു ഞെരിക്കുമ്പോള്‍ നല്ല ചാറു കിട്ടുന്നു. അത് നല്ല വീഞ്ഞായിത്തീരുന്നു. അവ വെറുതെ വച്ചിരുന്നാല്‍ നമുക്ക് വീഞ്ഞു കിട്ടുകയില്ലല്ലോ. കഷ്ടതകളാല്‍ ദൈവം നമ്മെ ശുദ്ധീകരിക്കുമ്പോള്‍ നല്ല വീഞ്ഞുപോലെ നാം ഗുണമേറിയവരായിത്തീരുന്നു.” നിറഞ്ഞു കവിഞ്ഞ ദൈവസ്‌നേഹവും പ്രത്യാശയും വേദനകളെ വരദാനങ്ങളാക്കുവാന്‍ വിശുദ്ധയെ സഹായിച്ചു.

ദൈവീക പുണ്യങ്ങളായ വിശ്വാസവും അതില്‍നിന്ന് ഉരുത്തിരിയുന്ന പ്രത്യാശയും പ്രകടമാകുന്നത് ജീവിതാനുഭവങ്ങളിലും സാഹചര്യങ്ങളിലും വ്യക്തികള്‍ നല്‍കുന്ന പ്രത്യുത്തരത്തില്‍ നിന്നാണ്. കര്‍ത്താവിന്റെ കുരിശിന്റെ ഓഹരിയായി സഹനവും വേദനയും സ്വീകരിക്കുവാന്‍ മാത്രം ഉറപ്പുള്ളതായിരുന്നു വിശ്വാസത്തില്‍ ഉറപ്പിക്കപ്പെട്ട അല്‍ഫോന്‍സാമ്മയുടെ പ്രത്യാശ. പിതാവായ ദൈവത്തില്‍ കണ്ണുമടച്ചു വിശ്വസിച്ച് നിരുപാധികം അവിടുത്തേയ്ക്ക് വിട്ടുകൊടുത്തു. അല്‍ഫോന്‍സാമ്മയുടെ ജീവിതത്തിലെ ചെറുതും വലുതുമായ അനുഭവങ്ങളില്‍, സാഹചര്യങ്ങളില്‍, സഹനങ്ങളില്‍ ഈ പ്രത്യാശ പ്രതിഫലിക്കുന്നു. സംഭവിക്കുന്നതെല്ലാം നന്മയ്ക്കും മഹത്വത്തിനുമാണെന്നുള്ള ഉറപ്പും, സ്‌നേഹിക്കുന്ന ദൈവത്തിലുള്ള വിശ്വാസവും അല്‍ഫോന്‍സാമ്മയുടെ സന്യാസസമര്‍പ്പണത്തിന്റെ കാതലായിരുന്നു. അല്‍ഫോന്‍സാമ്മ പറഞ്ഞു. ”എന്നെ മുഴുവനും ഞാന്‍ കര്‍ത്താവിന് വിട്ടുകൊടുത്തിരിക്കുകയാണ്, അവിടുത്തെ ഇഷ്ടംപോലെ എന്നോട് എന്തും ചെയ്തുകൊള്ളട്ടെ.”

ഈ വിശ്വാസം, ആശ്രയം കറയറ്റ പ്രത്യാശയായി സ്വര്‍ഗ്ഗീയ സൗഭാഗ്യത്തിലേക്കുള്ള വഴിയായി അന്ത്യനാളുകളില്‍ പ്രകടമാകുന്നു. ”എന്റെ ബലി പൂര്‍ത്തിയാകുമ്പോള്‍ പരുന്ത് കോഴിക്കുഞ്ഞുങ്ങളെ എന്ന പോല കര്‍ത്താവ് എന്നെ റാഞ്ചിക്കൊണ്ടു പോകും.” പ്രത്യാശ എന്ന പുണ്യത്തിന്റെ മൂര്‍ത്തിമത് ഭാവമല്ലേ വിശുദ്ധയുടെ ഈ വാക്കുകള്‍ പ്രതിഫലിപ്പിക്കുന്നത്. സ്വര്‍ഗ്ഗീയ ഗേഹത്തിലേക്കുള്ള യാത്രയില്‍ വേദനകളും, ദുഃഖങ്ങളും നമ്മെ അസ്വസ്ഥതപ്പെടുത്തുമ്പോള്‍, ഹൃദയം നിരാശയില്‍ ആഴുമ്പോള്‍, പ്രത്യാശയുടെ ഈ വിശുദ്ധ വെള്ളിനക്ഷത്രം നമുക്ക് ഒരു മാര്‍ഗ്ഗദീപമാണ്.

സി. സെലിന്‍ തെരേസ് എഫ്. സി. സി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.