
ഈശോയില്‍ സ്നേഹം നിറഞ്ഞ മാതാപിതാക്കളേ, യുവതീയുവാക്കളേ, കുഞ്ഞുമക്കളേ, ദുക്റാന തിരുനാളിന്റെ മംഗളങ്ങള്‍ എല്ലാവര്ക്കും സ്നേഹപൂര്‍വ്വം നേരുന്നു.
നമ്മുടെ മണ്ണില്‍ വിശ്വാസത്തിന്റെ തലതൊട്ടപ്പനെ ഓര്‍ക്കുന്ന ദിനമാണ് ദുക്റാന തിരുനാള്‍. ഓരോ ഒളിമ്പിക്സ് വേദിയിലും എപ്പോഴും വെളിച്ചം പരത്തുന്ന ഒരു ദീപനാളമുണ്ട് – ഒളിമ്പിക്സ് ദീപശിഖ. ആ സ്വര്ണ്ണപ്രകാശമാണ് ഓര്‍മ്മകളുടെ ചെപ്പുകള്‍ തുറന്ന് ഓരോ കായികതാരത്തിനും കരുത്തും കായികശേഷിയും പകരുക. ആ തിരിനാളം അവിടെ കത്തിച്ചെത്തിക്കുന്നത് മത്സരങ്ങളുടെ മാതൃഭവനമായ ഒളിമ്പിക്സ് ഗ്രാമത്തില്‍ നിന്നാണ്. അവിടെ കത്തിനില്‍ക്കുന്ന കെടാവിളക്കില്‍ നിന്നും പകര്‍ത്തിയെടുക്കുന്ന ദീപശിഖ കൈമാറി കൈമാറി അവസാനം ഒളിമ്പിക്സ് സ്റ്റേഡിയത്തിലെത്തിക്കുന്നു. ഓരോ കായികതാരത്തിനും ഉണര്‍വ്വ് നല്‍കിക്കൊണ്ട് അതവിടെ കത്തിജ്വലിച്ചു കൊണ്ടിരിക്കും.
കാല്‍വരിയിലെ കെടാവിളക്കില്‍ നിന്നും കത്തിച്ചെടുത്ത ഒരു ദീപശിഖയുണ്ട്. അതുമായിട്ടാണ് തോമാശ്ലീഹാ കൊടുങ്ങല്ലൂരില്‍ വന്നെത്തിയത്. അതാണ് കൊടുങ്ങല്ലൂര്‍, പാലയൂര്‍, കോട്ടക്കാവ്, കോക്കമംഗലം, കൊല്ലം, നിരണം, നിലയ്ക്കല്‍ എന്നീ സ്ഥലങ്ങളില്‍ അദ്ദേഹം കൊളുത്തിനിര്ത്തിയത്. നമ്മുടെ സഭാപിതാവിന്റെ ഓര്‍മ്മകള്‍ ഇന്നും നമ്മുടെ നാട്ടില്‍ നിലനില്ക്കുന്നു. ഈ ഓര്‍മ്മദിനം ഓരോ വിശ്വാസിയുടെയും വിശ്വാസവാഗ്ദാന നവീകരണദിനമാണ്. തൊട്ടറിഞ്ഞ് വിശ്വസിക്കാനാഗ്രഹിച്ചവന്റെ കെട്ടുപോകാത്ത വിശ്വാസസാക്ഷ്യം നമ്മുടെ വിശ്വാസത്തിന്റെ ഉറപ്പും അതിനോടുള്ള നമ്മുടെ കടമയും ഓര്‍മ്മപ്പെടുത്തുന്നു.
ഒരിക്കല്‍ ശ്രീബുദ്ധനോട് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ശിഷ്യനായ ആനന്ദന് ചോദിച്ചു: “എനിക്ക് എന്താണ് അങ്ങ് തരിക?” “എല്ലാവര്ക്കും എന്റെ അങ്കിയാണു വേണ്ടത്. നിനക്ക് ഞാന്‍ എന്റെ മജ്ജ തരുന്നു” എന്നായിരുന്നു ശ്രീബുദ്ധന്റെ മറുപടി. അതുപോലെ ഗുരുവിന്റെ മജ്ജ സ്വന്തമാക്കിയ ശിഷ്യനാണ് തോമാശ്ലീഹാ. കാരണം, മജ്ജ സ്വന്തമാക്കിയവനേ ഗുരുവിന്റെ ചൈതന്യം പകര്ന്നുകൊടുക്കാനാവൂ. നാം വായിച്ചുകേട്ട സുവിശേഷഭാഗം വിവരിക്കുന്നതും അങ്ങനെയുള്ള തോമാശ്ലീഹായെയാണ്.
യോഹന്നാന്റെ സുവിശേഷത്തില്‍ നാലു തവണ തോമാശ്ലീഹായെക്കുറിച്ച് പറയുന്നുണ്ട്. വലിയ ദൈവശാസ്ത്ര വീക്ഷണത്തില്‍ എഴുതപ്പെട്ട നാലാം സുവിശേഷത്തില്‍ നാലു തവണ തോമാശ്ലീഹായെക്കുറിച്ച് പറയുന്നതു തന്നെ ആദിമസഭയില്‍ തോമാശ്ലീഹായ്ക്കുണ്ടായിരുന്ന പ്രത്യേകസ്ഥാനമാണ് വ്യക്തമാക്കുന്നത്. ഗ്രീക്ക് ഭാഷയില്‍ ‘ദിദിമോസ്’ എന്ന അപരനാമത്തിലാണ് തോമസ് അറിയപ്പെട്ടിരുന്നത്. ദിദിമോസ് എന്ന വാക്കിന് ‘ഇരട്ടച്ചങ്കുള്ളവന്‍’ അല്ലെങ്കില്‍ ‘അസാധാരണ ധീരന്’ എന്നൊക്കെ അര്‍ത്ഥമുണ്ട്. ഈ ധൈര്യമാണ് ‘നമുക്കും അവനോടൊപ്പം പോയി മരിക്കാം’ എന്നു പറയാന്‍ തോമാശ്ലീഹായെ പ്രേരിപ്പിച്ചത്.
നാഥനിലുള്ള വിശ്വാസത്തിനുവേണ്ടി ജീവിക്കാനുള്ള ധൈര്യമാണത്.
ക്രിസ്തുശിഷ്യനുണ്ടായിരിക്കേണ്ട ഏറ്റവും വലിയ കാര്യമാണ് ക്രിസ്തുവിലുള്ള വിശ്വാസവും ആ വിശ്വാസത്തിനുവേണ്ടി ഏതറ്റം വരെയും പോകാനുള്ള ധൈര്യവും. ഈശോയോടൊപ്പം നില്‍ക്കുമ്പോഴും മറ്റു ശിഷ്യന്മാര് ശ്രദ്ധിക്കുന്നത് ഈശോയെയല്ല, മറിച്ച് സാഹചര്യങ്ങളെയാണ്. അതുകൊണ്ടാണ് ‘അവര്‍ നിന്നെ കല്ലെറിഞ്ഞു കൊല്ലാന്‍ ആഗ്രഹിക്കുകയാണ്’ എന്നു പറയുന്നത്. പക്ഷേ, തോമാശ്ലീഹാ ‘സാഹചര്യങ്ങള്‍ക്കു’ പകരം ‘ആരുടെ ഒപ്പമാണ് പോകുന്നത്’ എന്ന് മനസ്സിലാക്കി. ക്രിസ്തുവിലുള്ള വിശ്വാസത്തിനുവേണ്ടി മരിക്കാനും തയ്യാറായി നില്ക്കുന്ന തോമാശ്ലീഹായെയാണ് നാം ഇവിടെ കാണുക. ‘എന്നെ അനുഗമിക്കട്ടെ’ എന്ന ക്രിസ്തുവിന്റെ വാക്കുകള്‍ അന്വര്ത്ഥമാകുംവിധമായിരുന്നു തോമാശ്ലീഹായുടെ വാക്കുകള്‍. ക്രിസ്തുവിനെ പിന്തുടരുന്ന നമ്മുടെ ജീവിതങ്ങളിലും വിശ്വാസത്തിന്റെ തലത്തില്‍ ഒരുപാട് പ്രശ്നങ്ങളും സംശയങ്ങളും എതിരായ സാഹചര്യങ്ങളുമൊക്കെയുണ്ടാകാം. അവയെല്ലാം മറികടന്ന് മുന്നേറാന്‍ നമുക്കു സാധിക്കണം.
വിശ്വാസജീവിതത്തിലെ പ്രശ്നങ്ങളെ നാം കാണേണ്ട രീതിയെക്കുറിച്ചുള്ള ഒരു കഥ ഇപ്പോള്‍ ഓര്‍മ്മ വരികയാണ്. ഒരിക്കല്‍ ഒരു യുവാവ് വിശ്വാസജീവിതത്തിലെ തര്‍ക്കങ്ങളെയും സംശയങ്ങളെയും പ്രതിസന്ധികളെയും കുറിച്ച് സംസാരിച്ച് ഉപദേശം തേടാന്‍ ഒരു സന്യാസിയുടെ അടുത്തെത്തി. വേദഗ്രന്ഥങ്ങളില്‍ മനസ്സിലാക്കാന്‍ പറ്റാത്തതും സംശയകരവുമായ ഒരുപാടു കാര്യങ്ങള്‍ കാണപ്പെടുന്നതിനാല്‍ അവ വിശ്വാസയോഗ്യമാണോയെന്ന് യുവാവ് ചോദിച്ചു. സന്യാസിയാകട്ടെ, ഒന്നും പറഞ്ഞു വാദിക്കാതെ യുവാവിനെ ഭക്ഷണത്തിനു ക്ഷണിച്ചു. ചോറും മീന്‍കറിയും ധാരാളം വിളമ്പി. ചോറില്‍ ഒരു കല്ലു കടിച്ചപ്പോള്‍ യുവാവ് അത് തുപ്പിക്കളഞ്ഞ് ഭക്ഷണം തുടര്‍ന്നു. മീന്‍ കഴിക്കുന്നതിനിടയില്‍ മുള്ളു കണ്ടപ്പോള്‍ അത് എടുത്തുമാറ്റി ഭക്ഷണം തുടര്‍ന്നു. അപ്പോള്‍ സന്യാസി പറഞ്ഞു: “സുഹൃത്തേ, സംശയം വരുമ്പോഴും പ്രശ്നങ്ങളും പ്രതിസന്ധികളുമുണ്ടാകുമ്പോഴും ഇതുതന്നെയാണ് ചെയ്യേണ്ടത്. ഭക്ഷണത്തിനിടയില്‍ കല്ലും മുള്ളും ഒഴിവാക്കി താങ്കള്‍ ഭക്ഷണം തുടര്‍ന്നു കഴിച്ചതുപോലെ, സംശയങ്ങളും പ്രശ്നങ്ങളും ഒഴിവാക്കി വിശ്വാസത്തില്‍ വളരണം. വിഡ്ഢികളാകട്ടെ, കല്ലിനോടും മുള്ളിനോടും പൊരുതി ഭക്ഷണം കഴിക്കാന്‍ മറന്നുപോകുന്നു.”
ഇപ്രകാരം തന്നെയാണ് വിശ്വാസജീവീതത്തിലെ കാര്യങ്ങളും. പ്രശ്നങ്ങളും പ്രതിസന്ധികളുമുണ്ടാകും. എന്നാല്‍, അവയെക്കുറിച്ചു മാത്രം ചിന്തിക്കുന്നവര്‍ ജീവിതം പാഴാക്കുന്നു. “കര്‍ത്താവേ, നീ എവിടേയ്ക്ക് പോകുന്നുവെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങള്‍ എങ്ങനെ അറിയും?” എന്നുള്ള തോമാശ്ലീഹായുടെ വാക്കുകളും വിശ്വാസജീവിതത്തെപ്പറ്റിയുള്ളതാണ്. ഗുരുവിലുള്ള വിശ്വാസം തോമാശ്ലീഹായ്ക്ക് ആത്മത്യാഗമായും സത്യത്തിലേയ്ക്കുള്ള വഴി അന്വേഷിക്കുന്ന തീവ്രമായ സ്നേഹമായും മാറിക്കഴിഞ്ഞിരുന്നു. ഈ വിശ്വാസമാണ്, ആഴമേറിയ ഈ സ്നേഹമാണ് ഈശോയുടെ ആണിപ്പഴുതുകള്‍ കാണണമെന്നും പാര്‍ശ്വത്തില്‍ കൈവയ്ക്കണമെന്നുമെല്ലാം പറയാന്‍ കാരണമായിത്തീര്‍ന്നത്.
ആദ്യം ഉത്ഥിതനായ ഈശോ പ്രത്യക്ഷപ്പെട്ടപ്പോള്‍ തോമസ് മറ്റു ശിഷ്യന്മാരോടു കൂടെയില്ലായിരുന്നു (യോഹ. 20:24). പിന്നീട്, അവരുടെ കൂടെ അവനുണ്ടായിരുന്നു (യോഹ. 20:26). എല്ലാവരും പുറത്തിറങ്ങാന്‍ ഭയന്നിരുന്നിടത്ത് തോമാശ്ലീഹാ പുറത്തുപോയിരുന്നു എന്നത് വ്യക്തമാണ്. ഇതാണ് വിശ്വാസത്തിന്റെ പ്രത്യേകത. ‘എന്തു സംഭവിക്കും’ എന്നതിന് ഇവിടെ പ്രസക്തിയില്ല. ഇവിടെയും ‘നമുക്കും അവനോടൊപ്പം പോയി മരിക്കാം’ എന്നു പറയുന്നിടത്തും നാം കാണുക ‘പ്രവര്‍ത്തി കൂടാതെയുള്ള വിശ്വാസം നിര്‍ജ്ജീവമാണ്’ എന്ന വചനത്തിന്റെ അര്‍ത്ഥമാണ്.
ഉത്ഥാനം ചെയ്തുവെന്നതിന്റെ തെളിവുകള്‍ കാണാനും അറിയാനും വേണ്ടി യേശു തോമാശ്ലീഹായെ വിളിക്കുന്നുണ്ട്. സ്നേഹം കൊണ്ടുള്ള ശാഠ്യത്തിനു മുന്നില്‍ സ്നേഹവാനായ ദൈവം വന്നുചേരുന്ന കാഴ്ചയാണത്. നമ്മുടെ അന്വേഷണവും ആഗ്രഹവും സത്യമെങ്കില്‍ നാം വിശ്വസിക്കുന്ന ദൈവം നമ്മുടെ ജീവിതങ്ങളിലും വരും. വിശ്വാസത്തില്‍ അടിസ്ഥാനമില്ലാത്തവരുടെ വിളികള്‍ക്കും ആവശ്യങ്ങള്‍ക്കും മുന്നില്‍ ദൈവം പ്രത്യക്ഷനാകണമെന്നില്ല എന്നൊരു മറുവശം കൂടിയുണ്ട്. എന്റെ കര്‍ത്താവ് വരും എന്ന് തോമാശ്ലീഹായ്ക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടായിരുന്നിരിക്കണം പിന്നീട് തോമാശ്ലീഹാ മറ്റു ശിഷ്യരോടു കൂടെ കാത്തിരുന്നത്. വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചാല്‍ അല്ലെങ്കില്‍ ആഗ്രഹി ച്ചാല്‍ നടക്കും.
ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കമായ വിശ്വാസത്തെക്കുറിച്ച് ഒരു സംഭവമുണ്ട്. ഒരു കുട്ടി വേദപാഠക്ലാസ്സില്‍ നിന്നു വന്നപ്പോള്‍ അമ്മയോടു ചോദിച്ചു: “അമ്മേ, വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചാല്‍ മലകള്‍ വരെ മാറിപ്പോകുമെന്ന് വേദപാഠം പഠിപ്പിക്കുന്ന ടീച്ചര്‍ പറഞ്ഞു, ശരിയാണോ?” മകന്റെ കണ്ണുകളിലേയ്ക്ക് സൂക്ഷിച്ചുനോക്കിക്കൊണ്ട് അമ്മ പറഞ്ഞു: “ടീച്ചര്‍ പറഞ്ഞത് ശരിയാണ്?” കുട്ടിക്കു സന്തോഷമായി. കാരണം, അവന്റെ വീടിനു മുന്നില്‍ ഒരു മലയുണ്ട്. അവന് ടൗണിലോ പള്ളിയിലോ ഒക്കെ പോകാണമെങ്കില്‍ ആ മല ചുറ്റിവേണം പോകാന്‍. അവന്, ടീച്ചറും അമ്മയും പറഞ്ഞത് വിശ്വസിച്ച് പിറ്റേദിവസം രാവിലെ സ്കൂളില്‍ പോകും മുമ്പ്, വീടിന്റെ മുറ്റത്തു നിന്ന് മലയുടെ നേരെ കൈ നീട്ടി പറഞ്ഞു: “ഈ മല മാറിപ്പോകട്ടെ.” മല മാറിപ്പോയില്ല. എന്നാല്‍ അവന് പിന്മാറിയില്ല. എല്ലാ ദിവസവും അ വന്‍ അങ്ങനെ ചെയ്തുകൊണ്ടിരുന്നു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവന് ഒരു കാഴ്ച കണ്ടു. ആ മലയ്ക്കു ചുറ്റും പണിയായുധങ്ങളുമായി ആളുകള്‍, ലോറികള്‍ എന്നിവ വന്നുനില്ക്കുന്നു. കാരണം, ഗവണ്മെന്റ് തീരുമാനിച്ചു, ആ മല ഇടിച്ചുനിരത്തി അതിലൂടെ റോഡ് പണിയാന്‍. വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവം ഇറങ്ങിവന്ന് മല മാറ്റിയില്ല. പക്ഷേ, ദൈവത്തിന്റെ ഇടപെടലുണ്ടായി. ഇങ്ങനെ തന്നെയാണ് നമ്മുടെ വിശ്വാസജീവിതങ്ങളിലുമുണ്ടാവുക. ഇടയ്ക്കുവച്ച് പ്രാര്‍ത്ഥന നിര്‍ത്തിക്കളയരുതെന്നും വിശ്വാസം കളയരുതെന്നും കുട്ടിയുടെ സംഭവം നമ്മെ പഠിപ്പിക്കുന്നു.
ഉത്ഥിതനായ യേശുവിനെ തോമാശ്ലീഹാ തൊട്ടറിഞ്ഞാണ് വിശ്വസിച്ചതെന്ന് നാമെല്ലാവരും പറയുന്നതുപോലെ വചനം സാക്ഷ്യപ്പെടുത്തുന്നില്ല. തോമാശ്ലീഹാ തൊട്ടാണ് വിശ്വസിച്ചതെങ്കില്‍ അത് വിശ്വാസമാകുമായിരുന്നില്ല. ‘നീ കണ്ടതുകൊണ്ട് വിശ്വസിച്ചു’ എന്നാണ് യേശു പറഞ്ഞത്. അല്ലാതെ, ‘നീ സ്പര്‍ശിച്ചതുകൊണ്ട് വിശ്വസിച്ചു’ എന്നല്ല. ശരിക്കും തോമസ് മാത്രമല്ല, മറ്റു ശിഷ്യന്മാരും മറിയവും യേശുവിനെ നേരിട്ടു ‘കണ്ടതിനു’ ശേഷമാണ് വിശ്വസിച്ചത്. ‘കാണാതെ തന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്’ എന്ന് യേശു പറയുന്നത് തോമസിനെയോ മറ്റു ശിഷ്യന്മാരെയോ ഉദ്ദേശിച്ചല്ല. മറിച്ച്, പ്രാധാന്യം കൊടുക്കുന്നത് കാണാതെ വിശ്വസിക്കുന്ന ഭാവിതലമുറകള്ക്കാണ് – നമുക്കോരോരുത്തര്‍ക്കും വേണ്ടിയാണ്. താന്‍ ആഗ്രഹിച്ച രീതിയില്‍ യേശു പ്രത്യക്ഷപ്പെട്ടപ്പോള്‍ തോമാശ്ലീഹാ ‘എന്റെ കര്‍ത്താവേ, എന്റെ ദൈവമേ’ എന്ന (ഏറ്റവും) വലിയ വിശ്വാസപ്രഖ്യാപനമാണ് നടത്തിയത്. യേശുവിലുള്ള അടിയുറച്ച ഈ വിശ്വാസമാണ് യേശുവിനായി മരിക്കാന്‍ തോമസിനു ശക്തിയായത്.
ജര്‍മ്മനിയില്‍ ഹിറ്റ്ലറെയും നാസി പ്രസ്ഥാനത്തെയും വളര്‍ത്തിയത് ഹിറ്റ്ലറിന്റെ തന്നെ പ്രസംഗങ്ങളാണ്. “നിങ്ങള്‍ ജര്‍മ്മനിക്കും നാസിക്കും വേണ്ടി എന്തുചെയ്തിട്ടുണ്ട്? ഇനി എന്തു ചെയ്യും?” അദ്ദേഹം ചോദിച്ചു. വലിയ നിശബ്ദത. അദ്ദേഹം ചൊല്ലിക്കൊടുത്തു: “നിങ്ങള്‍ ജര്‍മ്മനിക്കും നാസിക്കും വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യും.” ഈ ഓര്‍മ്മത്തിരുന്നാള്‍ ആഘോഷിക്കുമ്പോള്‍ തോമാശ്ലീഹാ നമ്മോടും ചോദിക്കുകയാണ്: “ക്രിസ്തുവിനും സഭയ്ക്കും വേണ്ടി നിങ്ങള്‍ എന്തു ചെയ്തു? ഇനി എന്തു ചെയ്യും?”
കാല്‍വരിയില്‍ രക്തബലി അര്പ്പിച്ചവന്, ചിന്നമലയില്‍ തന്നെത്തന്നെ ബലിയായി നല്കിയവനാണ് തോമാശ്ലീഹാ. കാല്‍വരിയില്‍ ബലിയര്‍പ്പിച്ച ക്രിസ്തുവിനുവേണ്ടി ജീവിക്കാനുള്ള ഈ മാതൃകയാണ് നമുക്കും തോമാശ്ലീഹായ്ക്ക് ഉത്തരമായി നല്കാനുണ്ടാവേണ്ടത്. ‘നമുക്കും അവനോടൊപ്പം പോയി മരിക്കാം’ എന്ന തന്റെ വാഗ്ദാനം തോമാശ്ലീഹാ നിറവേറ്റുകയായിരുന്നു. വിശ്വാസി എന്നതില്‍ സ്വയം അഭിമാനിക്കുന്ന നാം വിശ്വാസിയാണോ എന്നു പരിശോധിക്കാന്‍ തോമാശ്ലീഹായെ മുന്നില്‍ നിര്‍ത്തിയാല്‍ മതി. ഈശോ കുരിശില്‍ മരിച്ചു; തോമാശ്ലീഹാ കുന്തം കൊണ്ടുള്ള കുത്തേറ്റു മരിച്ചു, ഈശോ കള്ളനെപ്പോലെ കുരിശില്‍ തറയ്ക്കപ്പെട്ടു മരിച്ചു; തോമാശ്ലീഹാ ജനദ്രോഹിയെപ്പോലെ മരിച്ചു, ഈശോയെ യഹൂദപ്രമാണികള്‍ മരണത്തിനേല്പിച്ചു കൊടുത്തു; തോമാശ്ലീഹായെ ഹൈന്ദവ പൂജാരിമാര്‍ മരണത്തിനേല്പിച്ചു കൊടുത്തു.
യേശുവിനെപ്പോലെ മരിക്കാന്‍ ശിഷ്യനായ തോമാശ്ലീഹായ്ക്ക് ഭാഗ്യമുണ്ടായ ദിവസത്തിന്റെ ഓര്മ്മയാണിന്ന്. തോമാശ്ലീഹാ യേശുവിനോട് അത്രയേറെ അനുരൂപപ്പെട്ടതുകൊണ്ടാണ് പ്രസിദ്ധ ചിത്രകാരനായ ലിയനാര്‍ഡോ ഡാവിഞ്ചി ‘Last Supper’ അല്ലെങ്കില്‍ ‘അന്ത്യ അത്താഴം’ എന്ന പ്രസിദ്ധമായ ചിത്രത്തില്‍ യേശുവിനോടു ചേര്‍ന്നിരിക്കുന്ന തോമാശ്ലീഹായെ വരച്ചുവച്ചിരിക്കുന്നത്. നാമെല്ലാവരും വിശ്വാസം വഴി ദൈവമായ യേശുവിനോട് ചേര്‍ന്നിരിക്കാന്‍ വിളിക്കപ്പെട്ടവരാണ്.
നമ്മോടുള്ള സ്നേഹത്തെപ്രതി ഏതറ്റം വരെയും പോകാന്‍ തയ്യാറായ ദൈവത്തിന്റെ ബലിയുടെ ഓര്‍മ്മയാണ് ഈ വിശുദ്ധ കുര്‍ബാന. നമുക്കുവേണ്ടി ജീവിച്ച്, നമുക്കുവേണ്ടി മരിച്ച ദൈവത്തിലുള്ള ഉറച്ച വിശ്വാസം വിശുദ്ധ കുര്‍ബാനയില്‍ നാം ഏറ്റുപറയുന്നുണ്ട്. അപ്പം വര്‍ദ്ധിപ്പിക്കുന്ന ദൈവത്തോട് ചേര്ന്നുനില്ക്കാന് അനേകരുണ്ടാകാം, രോഗസൗഖ്യം സമ്മാനിക്കുന്ന ദൈവത്തനരികെയും അനേകര്‍ തിക്കിത്തിരക്കുന്നുണ്ട്. എന്നാല്‍, കുരിശിലേയ്ക്ക് അവന് നടക്കുമ്പോള്‍ അറിഞ്ഞുകൊണ്ട് അവനോടൊപ്പം ചേരാന്‍ എത്രപേരുണ്ട്? അവനിലുള്ള വിശ്വാസത്തെപ്രതി അവനോടൊപ്പം മരിക്കാന്‍ നമ്മില്‍ എത്രപേരുണ്ട്? നമ്മുടെ വിശ്വാസത്തിന്റെ ആഴം ഇത്രയും എത്തുന്നതാണോയെന്ന് നമുക്ക് വിചിന്തനം ചെയ്യാം. ആഴമേറിയ വിശ്വാസാനുഭവത്തിലേയ്ക്ക് കടന്നുചെല്ലാന്‍ ഈ പരിശുദ്ധ കുര്‍ബാന നമ്മെ സഹായിക്കട്ടെ. നിത്യം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമ്മേന്‍.
ബ്ര. റോബിന് കോലഞ്ചേരി MCBS