വി. മദര്‍ തെരേസയുടെ മൂന്ന് സന്ദേശങ്ങള്‍

ലോകമെങ്ങും ആദരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യുന്ന ധന്യവതിയാണ് മദര്‍ തെരേസ. ജീവഗന്ധിയായ അനവധി മൊഴിമുത്തുകള്‍ ആ ദൈവദാസിയില്‍നിന്നു ലഭ്യമായിട്ടുണ്ട്. അക്കൂട്ടത്തില്‍ തന്നെ കാലികപ്രാധാന്യമുള്ള മൂന്ന് സന്ദേശങ്ങള്‍ നമ്മുടെ വിചിന്തനത്തിന് വിഷയമാക്കേണ്ടതാണ്.

(1) സ്‌നേഹം ഭവനത്തില്‍ ആരംഭിക്കുന്നു. ആത്മാര്‍ഥതയും നിഷ്‌കളങ്കവുമായ സ്‌നേഹം വ്യാപരിക്കുന്നതു ഭവനത്തിലാണ്. ഭാര്യയും ഭര്‍ത്താവും തമ്മലുള്ള സ്‌നേഹം നിര്‍വ്യാജവും നിസ്തുലവുമാണ്. ആ സ്‌നേഹം അവരില്‍ ഒതുങ്ങാതെ വരുമ്പോള്‍ പകര്‍ന്നുവയ്ക്കാനാണു ദൈവം മക്കളെ നല്‍കുന്നത്. സ്‌നേഹത്തെക്കുറിച്ചും കരുതലിനെക്കുറിച്ചും ഒരു പൈതല്‍ കാണുന്നതും മനസ്സിലാക്കുന്നതും മാതാവും പിതാവും തമ്മിലുള്ള ബന്ധത്തില്‍നിന്നാണ്. ശിശുക്കളുടെ വ്യക്തിത്വം വികസിക്കുന്നതും നേരാംവണ്ണം വളരുന്നതും ഭവനത്തിലെ സ്‌നേഹാന്തരീക്ഷത്തിലാണ്.

(2) ചെറിയ കാര്യങ്ങള്‍ ആയാലും വലിയ സ്‌നേഹത്തോടും കരുതലോടും കൂടെ ചെയ്യുക. വളരെ ചെറിയ ഒരു കാര്യമായിരുന്നാല്‍ പോലും സ്‌നേഹത്തോടും ആര്‍ദ്രതയോടും അനുകമ്പയോടും ചെയ്യുമ്പോള്‍ അത് അമൂല്യവും ശ്രേഷ്ഠവുമായ ഒന്നായി രൂപാന്തരപ്പെടുന്നു. ഏറ്റം ചെറിയ കാര്യമാണ് ഒരു പുഞ്ചിരി. അതു സ്‌നേഹത്തിന്റെ ഹൃദയത്തില്‍ രൂപംകൊണ്ട് മുഖത്തുവിരിയുമ്പോള്‍ അതിനു വശ്യതയേറുന്നു.

(3) ഓരോ വ്യക്തിക്കും വ്യത്യസ്തമായ ദൗത്യവും പങ്കും വഹിക്കാനുണ്ട്. എല്ലാവരെയും ഒരേ ദൗത്യത്തിലേക്കല്ല ദൈവം വിളിച്ചിരിക്കുന്നത്. അവരവര്‍ക്കു ലഭിച്ചിട്ടുള്ള ദൗത്യം കൃത്യമായും സ്തുത്യര്‍ഹമായും നിര്‍വഹിക്കുകയാണു വേണ്ടത്. പാവങ്ങളെ സഹായിക്കാനും സേവിക്കാനും മറ്റുള്ളവര്‍ സദാ സന്നദ്ധരാകണമെന്നും മദര്‍ ആഗ്രഹിച്ചു.