ജോസഫ് ചിന്തകൾ 347: ജോസഫ് – മനുഷ്യസൃഷ്ടിക്ക് സാധ്യമായ രീതിയിലെല്ലാം ഈശോയെ അനുഗമിച്ചവൻ

സ്പെയിനിൽ ജനിക്കുകയും പിന്നീട് മെക്സിക്കോയിലേക്കു മാറി താമസിക്കുകയും ചെയ്ത ഒരു വിശുദ്ധയണ് നസ്രാരിയ ഇഗ്നാസിയ മാർച്ച് മേസാ (1889- 1943). ആദ്യം ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദി അബാന്ഡന്റ് എൽഡേർലി (Little Sisters of the Abandoned Elderly) എന്ന സന്യാസ സഭയിലെ അംഗമായ നസ്രാരിയ 1915 -ൽ നിത്യവ്രത വാഗ്ദാനത്തിനു ശേഷം ബൊളീവിയയിൽ ശുശ്രൂഷ ചെയ്തു.

‘ഒരു മനുഷ്യസൃഷ്ടിക്കു സാധ്യമായ രീതിയിയിലെല്ലാം എന്റെ ഈശോയെ ഞാൻ അനുഗമിക്കും’ ഇതായിരുന്നു നസ്രാരിയ ഇഗ്നാസിയുടെ ജീവിതാദർശം. സുവിശേഷത്തെപ്രതിയുള്ള തീക്ഷ്ണത മറ്റൊരു സന്യാസ സമൂഹം സ്ഥാപിക്കാൻ അവളെ പ്രേരിപ്പിച്ചു. 1925 -ൽ നസ്രാരിയായും ആറു സഹോദരിമാരും ചേർന്ന് ദി പൊന്തിഫിക്കൽ ക്രൂസേഡ് (the Pontifical Crusade) എന്ന സഭ സ്ഥാപിച്ചു. പിന്നീട് ഈ സഭയുടെ നാമം കോൺഗ്രിഗേഷൻ ഓഫ് ദി മിഷനറി ക്രൂസെഡേഴ്സ് ഓഫ് ദി ചർച്ച് (Congregation of the Missionary Crusaders of the Church) എന്നാക്കി.

ഒരു മനുഷ്യസൃഷ്ടിക്കു സാധ്യമായ രീതിയിയിലെല്ലാം ഈശോയെ ആദ്യം അനുഗമിച്ച വ്യക്തികളിൽ ഒരാളായിരുന്നു യൗസേപ്പിതാവ്. മറിയത്തോടൊപ്പം ഈശോയുടെ മനുഷ്യവതാര രഹസ്യത്തിന്റെ ആരംഭം മുതൽ ഈശോയെ മനുഷ്യസൃഷ്ടിക്കു സാധ്യമായ രീതിയിൽ യൗസേപ്പിതാവ് അനുഗമിച്ചു. ദൈവീകപദ്ധതികളുടെ ഭാഗമായുള്ള നിർദ്ദേശങ്ങൾ വിശ്വസ്തതയോടെ നിറവേറ്റണമെങ്കിൽ ഈശോയോടുള്ള അതിരില്ലാത്ത സ്നേഹം ആവശ്യമായിരുന്നു. ദൈവപിതാവ് ഏല്പിച്ച ദൗത്യം ഒരു മനുഷ്യസൃഷ്ടിക്കു സാധ്യമായ രീതിയിൽ നിർവ്വഹിച്ചു എന്ന ചാരിതാർത്ഥ്യം യൗസേപ്പിതാവിനും തന്റെ പ്രിയപുത്രനെ മറ്റെല്ലൊവരെയുംകാൾ യൗസേപ്പ് സ്നേഹിച്ചു എന്ന ഹൃദയസംതൃപ്തി ദൈവപിതാവിനും ഉണ്ടായിരുന്നു.

ഈശോയേയും അവന്റെ സഭയെയും കൂടുതൽ സ്നേഹിക്കാനും അവനെ അനുഗമിക്കാനും യൗസേപ്പിതാവ് നമ്മെ സഹായിക്കട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.