ജോസഫ് ചിന്തകൾ 200: വി. യൗസേപ്പിതാവിനെ ധാരാളം സ്നേഹിക്കുക

ജൂൺ 26-ാം തീയതി ഒപ്പൂസ് ദേയിയുടെ സ്ഥാപകനായ വി. ജോസ് മരിയ എസ്ക്രീവയുടെ തിരുനാൾ ദിനമാണ് .1902-ല്‍ സ്പെയിനിലെ ബാർബാസ്ട്രോയിൽ ജനിച്ച ജോസ് മരിയ 1925-ൽ പുരോഹിതനായി അഭിഷിക്തനായി. സാധാരണ ജീവിതത്തിൽ വിശുദ്ധി പടർത്തുവാനുള്ള സാർവ്വത്രിക ആഹ്വാനവുമായി 1928-ലാണ് ഒപ്പൂസ് ദേയി സ്ഥാപിതമായത്. 1975-ൽ എഴുപത്തിമൂന്നാമത്തെ വയസ്സിൽ അദ്ദേഹം നിര്യാതനായി. 2002 ഒക്ടോബർ ആറാം തീയതി ജോൺപോൾ രണ്ടാമൻ പാപ്പ എസ്ക്രീവയെ വിശുദ്ധനായി പ്രഖ്യാപിച്ചു.

വി. യൗസേപ്പിതാവിനോട് പ്രത്യേക ഭക്തി പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ജോസ് മരിയ. തന്റെ സംഘത്തിലെ അംഗങ്ങളെ അദ്ദേഹം ഇപ്രകാരം ഉപദേശിച്ചിരുന്നു. “വി. യൗസേപ്പിതാവിനെ ധാരാളം സ്നേഹിക്കുക. അവനെ പൂർണ്ണമനസ്സോടും ആത്മാവോടും കൂടെ സ്നേഹിക്കുക. കാരണം അവൻ ഈശോയെയുംപരിശുദ്ധ കന്യകാമറിയത്തെയും അത്യധികം സ്നേഹിച്ച വ്യക്തിയും ദൈവത്തോട് ഏറ്റവും അടുത്തു വസിച്ച ആളുമാണ്. പരിശുദ്ധ അമ്മ കഴിഞ്ഞാൽ ദൈവത്തെ ഏറ്റവും കൂടുതൽ സ്നേഹിച്ചത് യൗസേപ്പിതാവാണ്.”

വി. ജോസ് മരിയ തുടർന്നു: “യൗസേപ്പിതാവ് നമ്മുടെ സ്നേഹം അർഹിക്കുന്നു. അവനെ അറിയുന്നതുവഴി നിങ്ങൾക്ക് നന്മ കൈവരും. കാരണം അവൻ ആത്മീയജീവിതത്തിന്റെ ഗുരുനാഥനും ദൈവത്തിന്റെയും ദൈവമാതാവിന്റെയും മുമ്പിൽ വലിയ അധികാരമുള്ളവനുമാണ്.”

വി. ജോസ് മരിയ എസ്ക്രീവയെപ്പോലെ വി. യൗസേപ്പിതാവിനെ ധാരാളാമായി നമുക്കു സ്നേഹിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

NB: ജോസഫ് ചിന്തകൾ ഇരുനൂറാം ദിനം പിന്നിടുമ്പോൾ നന്ദിയല്ലാതെ എന്തു ചൊല്ലും ദൈവമേ ഞാൻ…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.