ഏയ്‌ലീന്‍ ഓ കോണര്‍! ഓസ്‌ട്രേലിയയില്‍ നിന്നുള്ള അടുത്ത വിശുദ്ധ

മൂന്നാം വയസില്‍ നട്ടെല്ലിനുണ്ടായ തകര്‍ച്ചയൊന്നും മുതിര്‍ന്നപ്പോള്‍ മറ്റുള്ളവരെ സഹായിക്കാനുള്ള ഏയ്‌ലീന്‍ ഓ കോണര്‍ എന്ന പെണ്‍കുട്ടിയുടെ ആഗ്രഹത്തിന് തടസമായില്ല. വീല്‍ച്ചെയറില്‍ ആയിരുന്നുകൊണ്ട് സുവിശേഷത്തിന് സാക്ഷ്യം നല്‍കുകയായിരുന്നു ജീവിതകാലം മുഴുവന്‍ അവള്‍.

1892, ഫെബ്രുവരി പത്തൊമ്പതിന് ഓസ്‌ട്രേലിയയിലെ റിച്ചമൗണ്ടിലാണ് ഏയ്‌ലീന്‍ ജനിച്ചത്. രോഗബാധിതയായിരുന്നെങ്കിലും സ്‌കൂളിലും ഇടവകയിലുമെല്ലാം അവള്‍ തന്റെ കഴിവുകള്‍ പ്രകടിപ്പിച്ചുകൊണ്ടിരുന്നു. ശാരീരിക അസ്വസ്ഥതകളും വേദനകളും എപ്പോഴും ഉണ്ടായിരുന്നെങ്കിലും സദാ പ്രസന്നവദനയും സന്തോഷവതിയുമായിരുന്നു ഏയ്‌ലീന്‍.

ഒരിക്കല്‍ പരിശുദ്ധ മറിയം ദര്‍ശനത്തിലൂടെ, തന്‍റെ വേദനകള്‍ ആത്മാക്കളുടെ രക്ഷയ്ക്കായി കാഴ്ചവയ്ക്കാന്‍ ഏയ്‌ലീനോട് നിര്‍ദ്ദേശിച്ചു. തിരുഹൃദയ മിഷനറി വൈദികനായിരുന്ന ഫാ. എഡ്വേഡ് മക്ഗ്രാത്തിനോട് അവള്‍ ഇക്കാര്യം വെളിപ്പെടുത്തുകയും പിന്നീട് ഇരുവരും ചേര്‍ന്ന്, പാവങ്ങളെയും രോഗികളെയും സഹായിക്കുന്നതിനുവേണ്ടി ഒരു സന്യാസ സഭയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു. അങ്ങനെ ബ്രൗണ്‍ നഴ്‌സസ് അഥവാ ഔവര്‍ ലേഡീസ് നഴ്‌സസ് എന്ന സഭയ്ക്ക് തുടക്കമായി. വി. യൗസേപ്പിനോടുള്ള ബഹുമാനാര്‍ത്ഥമാണ് അവരുടെ വസ്ത്രത്തിന് ബ്രൗണ്‍ നിറം സ്വീകരിച്ചത്.

വീടുകളിലും തെരുവുകളിലും ചെന്ന് രോഗികളെയും അവശരെയും സഹായിക്കുക, ശുശ്രൂഷിക്കുക എന്നതാണ് ബ്രൗണ്‍ നഴ്‌സസ് ചെയ്തുകൊണ്ടിരുന്നത്. അതിന് അവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ആത്മീയ പിന്തുണയും വീല്‍ച്ചെയറിലിരുന്ന് നല്‍കിക്കൊണ്ടിരുന്നതാകട്ടെ, ഏയ്‌ലീനും.

ഓരോ ദിവസവും അസുഖം വര്‍ദ്ധിച്ചുവന്ന ഏയ്‌ലീന്‍, 1921 ജനുവരി പത്താം തീയതി തന്റെ ഇരുപത്തിയൊമ്പതാമത്തെ വയസില്‍ മരണപ്പെട്ടു. അവള്‍ വിശുദ്ധയായിരുന്നു എന്നാണ് അനേകര്‍ സാക്ഷ്യപ്പെടുത്തിയത്. 2018 മാര്‍ച്ച് 21-ന് സിഡ്‌നി അതിരൂപത, ഏയ്‌ലീന്റെ നാമകരണ നടപടികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്.