ചാവറയച്ചന്‍ കുടുംബങ്ങളെ പഠിപ്പിക്കുന്നത്

അനേക കാര്യങ്ങള്‍ ലോകത്തെ പഠിപ്പിച്ച് കടന്നുപോയ വിശുദ്ധാത്മാവാണ് ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍. ചാവറപിതാവ് സ്മരിക്കപ്പെടുക അദ്ദേഹത്തിന്റെ ആയുസിന്റെ നീളം കൊണ്ടല്ല. മറിച്ച്, വര്‍ഷിച്ച ജീവിതത്തിന്റെ മരിക്കാത്ത ഓര്‍മ്മകള്‍ കൊണ്ടാണ്. കുടുംബങ്ങളെയാണ് ചാവറയച്ചന്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുള്ളത്. നല്ല മാതാപിതാക്കളാകേണ്ടതിനെക്കുറിച്ചും നല്ല മക്കളാകേണ്ടതിനെക്കുറിച്ചുമെല്ലാം ചാവറയച്ചന്‍ പഠിപ്പിക്കുകയുണ്ടായി. അതില്‍ ഏതാനും കാര്യങ്ങളിലൂടെ നമുക്ക് കണ്ണോടിക്കാം.

1. ‘നിങ്ങളുടെ മക്കളെ വളര്‍ത്തുന്ന കാര്യം നിങ്ങളുടെ എത്രയും പ്രധാനപ്പെട്ട കാര്യവും കടമയും (ചാവരുള്‍ 1.1) ആകുന്നു എന്ന് നന്നായി അറിഞ്ഞുകൊള്ളുക.’

2. വൈകിട്ട് കുരിശുമണി അടിക്കുമ്പോള്‍ മക്കളെല്ലാം വീട്ടിലുണ്ടായിരിക്കാനും നമസ്‌കാരം കഴിഞ്ഞാലുടന്‍ അവര്‍ സ്തുതി ചൊല്ലി അപ്പന്റെയും അമ്മയുടെയും കൈമുത്താനും അവരെ ശീലിപ്പിക്കണം (ചാവരുള്‍ 11.1).

3. കാരണവന്മാര്‍ മരിക്കുന്നതിനുമുമ്പുതന്നെ അവരെ മാറ്റി പാര്‍പ്പിക്കണം. ബോധത്തിന് ബലക്ഷയം വരുന്നതിനുമുമ്പ് അവര്‍ക്ക് വസ്തുക്കള്‍ ഭാഗം ചെയ്തുകൊടുക്കുക. ഇതല്ലാഞ്ഞാല്‍ മരണത്തിനുശേഷം അവര്‍ തമ്മില്‍ ഉണ്ടാകുന്ന വഴക്ക്, തര്‍ക്കം മുതലായ പാപങ്ങള്‍ക്കു മാതാപിതാക്കന്മാര്‍ ഉത്തരവാദികളാകും.

4. മോശമായ പുസ്തകങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചുവയ്ക്കന്നത് വൈക്കോലില്‍ തീ ഒളിപ്പിച്ചുവയ്ക്കുന്നതിനു സമമാകുന്നു.

5. ഭക്തിയെ വര്‍ദ്ധിപ്പിക്കുന്ന ജ്ഞാനപുസ്തകങ്ങളും തത്വശാസ്ത്ര പുസ്തകങ്ങളും മക്കള്‍ക്കു സമ്പാദിച്ചുവയ്‌ക്കേണ്ട നിക്ഷേപങ്ങളാകുന്നു.

6. ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും പരിശുദ്ധ കര്‍ബാനയ്ക്കുശേഷം (വചനം വായിക്കുക), നല്ല പുസ്തകങ്ങള്‍ വായിക്കുക, സത്കര്‍മ്മങ്ങളും രോഗീസന്ദര്‍ശനങ്ങളും നടത്തുക തുടങ്ങിയവ ചെയ്യുക.

7. വേലയ്ക്കും ശുശ്രൂഷയ്ക്കും ദൈവപേടിയുള്ളവരെ നിര്‍ത്തുക.

8. കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കുക.

9. മക്കള്‍ സര്‍വ്വേശ്വരന്‍ തമ്പുരാന്‍ സൂക്ഷിപ്പിനായിട്ടു നിങ്ങളുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്ന ഒരു നിക്ഷേപമാകുന്നു. മക്കള്‍ ചെയ്യുന്നതിനൊക്കെയും തമ്പുരാന്‍ കാരണവന്മാരോട് ചോദിക്കുമെന്ന് ഓര്‍ത്തുകൊള്ളുക.

10. മക്കളെ ചെറുപ്പത്തിലെ ജപങ്ങളും വിശ്വാസവും പഠിപ്പിക്കുക.

11. അച്ഛനമ്മമാരുടെ മുറിയില്‍ മക്കളെ കിടത്തരുത്. ആണ്‍കട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഒരു മുറിയില്‍ കിടക്കുന്നതിനും അനുവദിക്കരുത്.

12. സ്വഭാവത്തില്‍ അവര്‍ക്ക് അറിയത്തത് പിശാച് അവരെ പഠിപ്പിക്കും.

13. തിരിച്ചറിവ് ഉണ്ടായാലുടന്‍ കുട്ടികളെ പള്ളിക്കൂടത്തില്‍ അയയ്ക്കുകയും പഠിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുകയും വേണം.

14. കുട്ടികളെ ബന്ധുവീടുകളില്‍ താമസിപ്പിക്കരുത്.

15. മക്കളോട് അധികസ്‌നേഹവും അധിക കോപവും തിന്മയാകുന്നു.

16. വൈകിട്ട് കുരിശുമണിയടിക്കുമ്പോള്‍ എല്ലാവരും വീട്ടിലുണ്ടായിരിക്കാനും പ്രാര്‍ത്ഥന ചൊല്ലി സ്തുതി കൊടുക്കാനും ശീലിക്കണം.

17. പെണ്‍കുട്ടികളെ നിഗളത്തിനടുത്ത ഉടുപ്പും ആഭരണങ്ങളും ഇടുവിച്ച് നടത്തുന്നത് എത്രയോ ആത്മാക്കളില്‍ നരകത്തീ കത്തിക്കുന്നു.

18. മക്കള്‍ക്ക് ജീവിതാന്തസു തെരഞ്ഞെടുക്കുന്നതില്‍ പ്രായമാകുമ്പോള്‍ പൂര്‍ണ്ണസ്വാതന്ത്ര്യം അനുവദിക്കണം. അതോടൊപ്പം വിവാഹപ്രായമെത്തുമ്പോള്‍ പിന്നീട് താമസിപ്പിക്കുകയുമരുത്.

19. മക്കള്‍ മാതാപിതാക്കളെ ബഹുമാനിക്കാനും വേദനിപ്പിക്കാതിരിക്കാനും ശ്രദ്ധിക്കുക. നാലാം പ്രമാണം ലംഘിക്കുന്നവര്‍ക്ക് ഈ ലോകത്തിലും പരലോകത്തിലും ദൈവശാപം കല്‍പിക്കപ്പെട്ടിരിക്കുന്നു എന്ന് ഓര്‍ത്തുകൊള്ളുവിന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.