കമ്പ്യൂട്ടർ സയൻസിൽ ആദ്യത്തെ പിഎച്ച്ഡി നേടിയ വനിത ഒരു സന്യാസിനിയാണ്

ക്ലിന്റന്‍ എന്‍ സി ഡാമിയന്‍

കത്തോലിക്കാ സഭയും ശാസ്ത്രവും ബദ്ധശത്രുക്കളാന്നെന്ന പ്രചരണം കാലാകാലങ്ങളായി സഭയുടെ നേർക്ക് ഒളിയമ്പായി പ്രയോഗിക്കുന്ന അടവുകളിലൊന്നാണ്. ഇന്നിന്റെ ആധുനിക കാലത്ത് സോഷ്യൽ മീഡിയയിലൂടെ സഭയെ അവഹേളിക്കുന്ന യുക്തി-നീരിശ്വരവാദ പ്രസ്ഥാനങ്ങൾ, ശാസ്ത്രത്തെ വേട്ടയാടിയ സഭ എന്ന് ആക്രോശപൂർവ്വം സഭാമക്കളുടെ നേർക്ക് ആരോപിക്കുന്നതും കാണാം.

അതിനെക്കാളേറെ സമർപ്പിത ജീവിതങ്ങളെ അപമാനിച്ചും നിന്ദിച്ചും ആക്രമിക്കുന്ന ഈ സമയത്ത് നമ്മൾ സ്മരിക്കേണ്ട ഒരു സമർപ്പിതജീവിതമുണ്ട്. ഇതിനോടൊപ്പം ചേർത്തുവച്ചിരിക്കുന്ന ചിത്രത്തിൽ കാണുന്ന സന്യാസിനി. ഒരുപക്ഷേ, നമ്മൾ ഈ ചിത്രം കാണുമ്പോൾ കരുതുക പഴയകാല റേഡിയോയുടെ ഒപ്പം എടുത്ത ചിത്രം എന്നാകും; എന്നാൽ അതൊരു കമ്പ്യൂട്ടറാണ്. ആ സന്യാസിനി ആരെന്നു ചോദിച്ചാൽ കമ്പ്യൂട്ടർ സയൻസ് എന്ന ശാസ്ത്രരംഗത്ത് ലോകത്തിലെ ആദ്യത്തെ പിഎച്ച്ഡി നേടിയ വനിതയായ സിസ്റ്റർ മേരി കെനത്ത് കെല്ലർ B.V. M ആണ്.

കൊറോണക്കാലത്ത് ഓൺലൈൻ ക്ലാസുകളും കമ്പ്യൂട്ടറുകളും എന്നിങ്ങനെ ഡിജിറ്റൽ ചർച്ചകൾ ചൂടുപിടിക്കുമ്പോൾ അതിലുപരി, സമർപ്പിത ജീവിതങ്ങൾ അടിമത്വമെന്ന് മുദ്ര കുത്തപ്പെടുമ്പോൾ ലോകത്ത് ആദ്യമായി കമ്പ്യൂട്ടർ സയൻസിൽ ഗവേഷണം നടത്തി പിഎച്ച്ഡി നേടിയ ആൾ ഒരു വനിതയും അതിലുപരി ഒരു ക്രൈസ്തവ കത്തോലിക്കാ സന്യാസിനി ആണെന്നതും വളരെ പ്രസക്തിയേറുന്ന ഒരു സത്യം തന്നെയാണ്.

1917 ഡിസംബർ 17-ൽ അമേരിക്കയിലെ ഓഹിയോയിലെ ക്ലെവ് ലാൻഡിലെ ജോസഫ് ആഡം കെല്ലറിന്റെയും കാതറിൻ ജോസ്ഫെനിന്റെയും മകളായി മേരി കെനത്ത് കെല്ലർ ജനിച്ചു. 1932-ൽ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് ബ്ലെസഡ് വിര്‍ജിന്‍ മേരി എന്ന സന്യാസ സമൂഹത്തിൽ ചേർന്ന് 1940-ൽ തന്റെ വ്രതവാഗ്ദാനം നടത്തി. ചിക്കാഗോയിലെ ഡി പോൾ യൂണിവേഴ്സിറ്റിയിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി 1965-ൽ വിസ്കോൻസിൻ – മാഡിസൺ യൂണിവേഴിസിറ്റിയിൽ നിന്നും Inductive Inference on Computer Generated Patterns എന്ന വിഷയത്തിൽ പിഎച്ച്ഡി സ്വന്തമാക്കി. അങ്ങനെ അമേരിക്കൻ മണ്ണിലെ ആദ്യത്തെ, അതിലേറെ ലോകത്തിലെ ആദ്യത്തെ പിഎച്ച്ഡി നേടിയ വനിതയായി തീർന്നു മേരി.

BASIC എന്ന കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ് ലാൻഗേജിൽ അതീവജ്ഞാനവും പാണ്ഡിത്യവും ഉണ്ടായിരുന്നു അവര്‍ക്ക്. കമ്പ്യൂട്ടർ രംഗത്തെ ഗവേഷണങ്ങളിലൂടെ, വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നതും ഉപയോഗിക്കപ്പെടുന്നതും വർദ്ധിക്കുമെന്നും അത് വിദ്യാഭ്യാസരംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കുമെന്നും സിസ്റ്റർ മേരി കെനത്ത് കെല്ലർ വിശ്വസിച്ചു. അതിനായി തന്റെ സന്യാസ സമൂഹത്തിനു കീഴിലുള്ള ക്ലാർക്ക് കോളേജിൽ ഒരു കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റ് സ്ഥാപിച്ചു. അതിനിടയിൽ അമേരിക്കയിലെ നാഷണല്‍ സയൻസ് ഫൗണ്ടേഷൻ അന്നത്തെ 25,000 ഡോളർ instructional equipment for undergraduate education എന്ന പദ്ധതിയ്ക്ക് സിസ്റ്റർ കെനത്തിന് ഗവേഷണ സഹായമായി ഗ്രാന്റ് നൽകി.

കമ്പ്യൂട്ടർ രംഗത്ത് നാലോളം പുസ്തകങ്ങൾ രചിച്ച് വാണിജ്യരംഗത്തു മാത്രമല്ല, വിദ്യാഭ്യാസരംഗത്തും കമ്പ്യൂട്ടർ ഉപയോഗിക്കപ്പെടണം എന്നു വാദിച്ചു. അതിനായി അസോസിയേഷൻ ഓഫ് സ്മോൾ കമ്പ്യൂട്ടർ യൂസേഴ്സ് ഇൻ എഡ്യൂക്കേഷൻ (ASCUE) സ്ഥാപിച്ചു. 1985 ജനുവരി 10-ന് തന്റെ എഴുപത്തിയൊന്നാം വയസ്സിൽ സിസ്റ്റർ മേരി കെനത്ത് കെല്ലർ അന്തരിച്ചു.

സമർപ്പിത ജീവിതങ്ങളെ അടിമത്വ ജീവിതങ്ങളെന്നു മുദ്ര കുത്തുന്നവർക്കു മുമ്പിൽ തന്റെ കർമ്മമേഖല കൊണ്ട് സമർപ്പിത ജീവിതം എന്താണെന്നു കാട്ടിക്കൊടുത്ത സിസ്റ്റർ മേരി കെനത്ത് കെല്ലറിന്റെ മഹനീയജീവിതം ഈ കാലഘട്ടത്തിൽ സ്മരിക്കപ്പെടണം.

ക്ലിൻ്റൺ ഡാമിയൻ

3 COMMENTS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.