25 വര്‍ഷങ്ങളായി രക്തം നല്‍കുന്ന സിസ്റ്റര്‍

സൃഷ്ടിയിലും പരിപാലനത്തിലും സ്ത്രീകള്‍ക്ക് ദൈവം പങ്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ ചില മേഖലകളില്‍ സ്ത്രീകള്‍ പേടിച്ച് മാറിനില്‍ക്കുന്നുണ്ട്. അതിനൊരു ഉദാഹരണമാണ് രക്തദാനം. കരുത്തോടെ മുന്നോട്ട് വരേണ്ട ഒരു ജീവകാരുണ്യമാണ് രക്ത ദാനമെന്ന് മനസ്സിനെ പറഞ്ഞ് വിശ്വസിപ്പിക്കാന്‍ സ്ത്രീകള്‍ക്കു സാധിക്കുന്നില്ല. എന്നാല്‍ രക്തദാനമെന്ന കര്‍മ്മം തന്റെ ജീവകാരുണ്യത്തിന്റെ ഭാഗമാണെന്ന് വിശ്വസിച്ച് 25 വര്‍ഷങ്ങളുടെ അത്യപൂര്‍വ്വമായ സേവനത്തിന്റെ കഥ പറയുകയാണ് സിസ്റ്റര്‍ ജസ്‌ലി എബ്രഹാം.

കര്‍ത്താവിനൊപ്പം

ചേര്‍ത്തല ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ ഞാന്‍ അദ്ധ്യാപികയായിരുന്നിട്ടുണ്ട്. അവിടെ വച്ചാണ് രക്തദാനമെന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിലേക്ക് കടക്കുന്നത്. ആദ്യം ഇങ്ങനെ ഒരു കര്‍മ്മത്തെ പറ്റി കേട്ടപ്പോള്‍ എനിക്ക് എല്ലാവരേയും പോലെ ഭയമാണ് തോന്നിയത്. പിന്നീട് വ്യക്തിപരമായ ഒരു പ്രാര്‍ത്ഥനയില്‍ യോഹന്നാന്റെ സുവിശേഷം 10:10 ല്‍ പറയുന്ന ഒരു വാചകം എന്നെ വല്ലാതെ സ്പര്‍ശിച്ചു – ”ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ്. ക്രിസ്തുവിനെ അനുഗമിക്കാനാണ് ഞാന്‍ സന്യാസ ജീവിതത്തിലേക്ക് വന്നത്. ഈ ജീവിതത്തില്‍ എനിക്കും ഒരു നിയോഗമുണ്ടെന്ന് ബോധ്യമായി. അങ്ങനെയാണ് രക്തദാനം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചത്.”

ആദ്യ അനുഭവം

25 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഞാന്‍ ആദ്യമായി രക്തം കൊടുക്കുന്നത്. അന്ന് ഞാന്‍ ചെറുപ്പമായിരുന്നു. അക്കാലത്ത് രക്തദാനത്തെ പറ്റി വലിയ അറിവും പ്രചാരവുമൊന്നുമില്ല. എപ്പഴോ രക്ത ഗ്രൂപ്പ് പരിശോധിച്ചപ്പോഴാണ് എന്റെ രക്തം ഒ നെഗറ്റീവാണെന്ന് അറിയുന്നത്. അതിനിടയ്ക്കാണ് ആക്‌സിഡന്റില്‍ പെട്ട ഒരാള്‍ക്ക് രക്തം ആവശ്യമായി വരുന്നത്. അങ്ങനെ ഡോക്ടര്‍ ഹരിയുടെ സാന്നിധ്യത്തില്‍ ആദ്യമായി എന്റെ രക്തം എടുത്തു. അന്ന് നല്ല പേടിയുണ്ടായിരുന്നു. കാരണം, സൂചിയിലൂടെ പലതരം രോഗങ്ങള്‍ പകരുന്നതിനെപറ്റി കേട്ടിട്ടുണ്ടായിരുന്നു. അതായിരുന്നു പ്രധാന ഭയം. പിന്നീട് മനസ്സിലായി അങ്ങനെയുള്ള ഉത്കണ്ഠയുടെ ആവശ്യമില്ലന്ന്. പിന്നീട് ഇതുവരെ ഒരാശങ്കയും ഉണ്ടായിട്ടില്ല.

പലപ്പോഴും വെയിന്‍ കിട്ടാന്‍ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. നഴ്‌സുമാര്‍ ഒരു ഉദ്ദേശത്തില്‍ കുത്തും. പക്ഷേ, അത് വെയിന്‍ ആയിരിക്കില്ല. പിന്നെയും കുത്തും. ഇങ്ങനെ സംഭവിക്കുമ്പോള്‍ അവര്‍ക്ക് തന്നെ ബുദ്ധിമുട്ടാവും. സാരമില്ലന്ന് പറഞ്ഞ് ഞാന്‍ അവരെ ആശ്വസിപ്പിക്കും. എനിക്ക് ബോധ്യമാണ് അതിലൊന്നും ഒരു കുഴപ്പവുമില്ലെന്ന്. അങ്ങനെ കഴിഞ്ഞ 25 വര്‍ഷങ്ങളായി ആറുമാസങ്ങള്‍ കൂടുമ്പോള്‍ ഞാന്‍ രക്തം നല്‍കിക്കൊണ്ടേയിരിക്കുന്നു.

ദൈവസ്ഥാനീയര്‍

പലപ്പോഴും കാണുന്ന ഒരു കാഴ്ച്ചയാണ് രക്തം ദാനം നല്‍കിയതിനു ശേഷം പുറത്തു വരുമ്പോള്‍ പുറത്തു നില്‍ക്കുന്നവരുടെ ആനന്ദവും നന്ദി പ്രകടനങ്ങളും. അവര്‍ക്കു മുന്നില്‍ നമ്മളപ്പോള്‍ ദൈവത്തിനു തുല്യരെപ്പോലെയാവുകയാണ്. ഒരാള്‍ക്ക് രക്തം കൊടുത്ത് അയാളുടെ ജീവന്‍ നിലനിറുത്തുമ്പോള്‍ നമ്മള്‍ ദൈവത്തിനു പ്രിയപ്പെട്ടവരും രക്തം സ്വീകരിക്കുന്നവര്‍ക്ക് ദൈവീകസ്പര്‍ശമുള്ള മാലാഖയുമാകുന്നു. മറ്റുള്ളവര്‍ക്ക് ഒരു നല്ല കാര്യം ചെയ്യാന്‍ ഇതിലും നല്ലൊരു വഴിയുണ്ടെന്ന് തോന്നുന്നില്ല.

എന്റെ കൂടെ

ഞാന്‍ താമസിക്കുന്ന കോണ്‍വന്റിലെ ചില കന്യാസ്ത്രീകളും എന്റെ ഈ പ്രവര്‍ത്തനത്തില്‍ പങ്കു ചേരാറുണ്ട്. ഞങ്ങളുടെ കോണ്‍വന്റിലെ സുപ്പീരിയേഴ്‌സ് ഇതിനെപ്പോഴും അനുമതി തരാറുണ്ട്. സഭാപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് തിരക്കുകളായിരിക്കുമ്പോള്‍ പോലും അത്യാവശ്യം വന്നാല്‍ രക്തദാനത്തിന് എനിക്ക് അനുമതി തരാറുണ്ട്. പക്ഷേ ഇങ്ങനെ രക്തം കൊടുത്താല്‍ എനിക്ക് തളര്‍ച്ച അനുഭവപ്പെടുമോ എന്ന് മാത്രമാണ് അവരുടെ പേടി.

രക്തം കൊടുക്കുന്ന ദിവസം ചെറിയൊരു ക്ഷീണമുണ്ടാകുമെന്നല്ലാതെ ഒരുതവണ പോലും എനിക്ക് ഇതു കൊണ്ട് മറ്റസുഖങ്ങള്‍ ഉണ്ടായിട്ടില്ല. ഈ പ്രായത്തിലും പൂര്‍ണ ആരോഗ്യത്തോടെയും ഒരസുഖവും ബാധിക്കാതെയിരിക്കുന്നതും 6 മാസം കൂടുമ്പോള്‍ രക്തം കൊടുക്കുന്നത് കൊണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്കറിയാവുന്നവരോടും മറ്റ് വേദികളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോട്ട് വരാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കാറുണ്ട്. ആര് നിരുത്സാഹപ്പെടുത്തിയാലും ഇതിന് മുന്നോട്ടിറങ്ങാന്‍ മനസ്സിന് ധൈര്യം ആവശ്യമാണ്.

മനസ്സ് തളര്‍ത്തി ചിലര്‍

ഒരാള്‍ തനിക്ക് കഴിയുന്ന കാര്യം മറ്റൊരാളുടെ നന്മയ്ക്കു വേണ്ടി ചെയ്യാന്‍ തയ്യാറാകുമ്പോള്‍ ഒരിക്കലും തളര്‍ത്താന്‍ പാടില്ല. ഇടയ്ക്ക് എനിക്ക് അത്തരമൊരു അനു’വമുണ്ടായിട്ടുണ്ട്. ചില സമയങ്ങളില്‍ രക്തദാനം ചെയ്യാന്‍ പോകുമ്പോള്‍ ലാബില്‍ നില്‍ക്കുന്നവര്‍ പറയും, സ്ത്രീകള്‍ വേണ്ട പുരുഷന്‍മാര്‍ മതി എന്ന്. ചിലപ്പോള്‍ എച്ച് ബി (ഹിമോഗ്ലോബിന്‍)യുടെ അളവ് ശരിയല്ലന്ന് പറഞ്ഞും മാറ്റി നിറുത്താറുണ്ട്. സ്ത്രീകളേക്കാള്‍ കൂടുതല്‍ രക്തം കൊടുക്കാന്‍ പുരുഷന്‍മാര്‍ക്ക് സാധിക്കും എന്നുള്ള ന്യായമാണ് അവര്‍ പറയുന്നത്. ആ സമയത്ത് ആവശ്യക്കാരന്റെ മുഖം കണ്ടാല്‍ നമുക്ക് സഹതാപം തോന്നും. കാരണം, വളരെ കഷ്ടപ്പെട്ടിട്ടാകും അയാള്‍ രക്തത്തിനായി ഒരാളെ സംഘടിപ്പിക്കുന്നത്. അപ്പോള്‍ ഇത്തരം തടസ്സങ്ങള്‍ പറഞ്ഞാല്‍ ആര്‍ക്കായാലും സഹിക്കാന്‍ പറ്റില്ല. സ്ത്രീകളായതിനാല്‍ വേണ്ട എന്ന് വയ്ക്കുന്നത് ശരിയല്ല. ഈ മനോഭാവം തന്നെ മാറ്റേണ്ടത് അത്യാവശ്യമാണ്.

സ്ത്രീകളും മുമ്പോട്ട് വരണം

രക്തം കൊടുക്കാന്‍ മനുഷ്യന് മാത്രമേ സാധിക്കുകയുള്ളൂ. അതിന് സ്ത്രീയോ പുരുഷനോ എന്ന് വ്യത്യാസമില്ല. ഞാന്‍ ഒരു സ്ത്രീയാണെന്നും പറഞ്ഞ് ഒരിക്കലും ആ കാര്യത്തില്‍ പിന്നോട്ട് നില്‍ക്കരുത്. കാരണം സ്ത്രീകളാണ് കൂടുതല്‍ രക്തം സ്വീകരിക്കുന്നത്. സാധാരണ പ്രസവങ്ങളേക്കാള്‍ സിസേറിയനാണ് ഇന്ന് കൂടുതല്‍. പുരുഷന്‍മാര്‍ക്ക് മാത്രം രക്തം ദാനം ചെയ്യാന്‍ സാധിക്കുകയുള്ളു, സ്ത്രീകള്‍ക്ക് ആരോഗ്യ പ്രശ്‌നമുണ്ടാകുമെന്ന് കരുതരുത്. രണ്ടോ മൂന്നോ തവണ രക്തം ദാനം ചെയ്താല്‍ ഒന്നും സംഭവിക്കില്ല. അതില്‍ ഭയപ്പെടേണ്ട ആവശ്യമില്ല. ഞാന്‍ എന്റെ അവയവങ്ങളെല്ലാം ദാനം ചെയ്തിരിക്കുകയാണ്.

സ്ത്രീകള്‍ക്കായൊരു സന്ദേശം

ഒരു കുഞ്ഞിന് ജന്‍മം കൊടുക്കുന്നതില്‍ കൂടുതല്‍ പങ്ക് വഹിക്കുന്നത് സ്ത്രീകളാണ്. അതുപോലെ തന്നെ ശ്രേഷ്ഠമായ ഒരു കര്‍മ്മമാണ് രക്തദാനവും. രണ്ടാമതൊരു മാതൃത്വം ഒരാള്‍ കൈവരിക്കുകയാണ്; രക്തദാനത്തിലൂടെ. അതിനാല്‍ സംശയങ്ങളൊന്നുമില്ലാതെ രക്തം ദാനം ചെയ്യാന്‍ സ്ത്രീകളും മുന്നോട്ടു വരണം. ഈ 56-ാം വയസ്സിലും ചുറുചുറുക്കോടെ സംസാരിക്കാനും ഓടി നടന്ന് പ്രവര്‍ത്തിക്കാനും സിസ്റ്റര്‍ക്ക് ഊര്‍ജ്ജസ്വലത നല്‍കുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്നത് കൊണ്ടാണെന്ന് നിസംശയം മനസ്സിലാക്കാം.

ദൈവത്തിന്റെ രക്ഷാകരദൗത്യത്തില്‍ പങ്കാളിയാകുന്നതിന്റെ സന്തോഷത്തിലാണ് സിസ്റ്റര്‍ ജെസ്‌ലി എബ്രഹാം. ദൈവം ഏല്‍പിച്ചത് തനിക്ക് ഏറ്റവും സാധിക്കുന്ന വിധത്തില്‍ പൂര്‍ത്തിയാക്കുന്നതിന്റെ ചാരിതാര്‍ത്ഥ്യമുണ്ട് ഈ സന്യസ്തയില്‍. പുരോഹിതരും സന്യസ്തരും കല്ലെറിയപ്പെടുന്ന ഈ കാലത്ത് ഇത്തരം നല്ല ജീവിതങ്ങളെ ഓര്‍ക്കുന്നത് നല്ലതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.