തിരുപ്പതിയിലെ മീരയില്‍നിന്ന് ‘ചിത്രം വരയ്ക്കുന്ന’ സിസ്റ്റര്‍ ക്ലെയറിലേയ്ക്ക് 

ക്രിസ്തു ആരാണെന്ന് പോലും മീര എന്ന പെണ്‍കുട്ടിക്ക് അറിയില്ലായിരുന്നു. എന്നാല്‍ മീരയുടെ ഇന്നത്തെ പേര് സിസ്റ്റര്‍ ക്ലെയര്‍ എന്നാണ്. സലേഷ്യന്‍ മിഷണറീസ് ഓഫ് മെരി ഇമ്മാകുലേറ്റ് സഭാംഗമാണ് സിസ്റ്റര്‍ ക്ലെയര്‍ ഇപ്പോള്‍. പതിനേഴാമത്തെ  വയസ്സില്‍ ക്രൈസ്തവ വിശ്വാസിയല്ലാത്ത ഒരാള്‍ വിശ്വാസത്തിലേക്ക് വരികയും കര്‍ത്താവിന്റെ മണവാട്ടി ആകുകയും ചെയ്ത കഥ സംഭവ ബഹുലാണ്.

ആന്ധ്രപ്രദേശിലെ തിരുപ്പതിയിലായിരുന്നു സിസ്റ്റര്‍ ക്ലെയര്‍ എന്ന മീരയുടെ ജനനം. അച്ഛന് റെയില്‍ വേയില്‍ ജോലി. ജോലിയില്‍ മാറ്റം വരുന്നതിന് അനുസരിച്ച് ഇന്ത്യയുടെ പല സംസ്ഥാനങ്ങളില്‍ മാറി താമസിക്കേണ്ടി വന്നിരുന്നു. അങ്ങനെയാണ് മീരയും കുടുംബവും ബാംഗ്‌ളൂരിലെത്തുന്നത്. അവിടുത്ത ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളില്‍ പഠിക്കാന്‍ ചേര്‍ന്നു. അവിടുത്തെ ആരാധനാ രീതികളും പ്രാര്‍ത്ഥനകളും വളരെ പെട്ടെന്ന് തന്നെ മീരയെ ആകര്‍ഷിച്ചു. ക്രിസ്തുവിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ സ്‌കൂളിലെ കന്യാസ്ത്രീകള്‍ പകര്‍ന്ന് നല്‍കുകയും ചെയ്തിരുന്നു. ക്രൈസ്തവരായ കുട്ടികളേക്കാള്‍ താത്പര്യത്തോടെയും ആത്മാര്‍ത്ഥതയോടെയും ആയിരുന്നു മീരയുടം പ്രാര്‍ത്ഥന.

മകളുടെ ഈ ആത്മീയകാര്യങ്ങളുടെ മാറ്റം മാതാപിതാക്കളെ പരിഭ്രാന്തരാക്കി. അവളെ പിന്തിരിപ്പിക്കാന്‍ അവര്‍ കണ്ടെത്തിയ മാര്‍ഗ്ഗം വിവാഹമായിരുന്നു. വിവാഹം കഴിച്ചയച്ചാല്‍ അവര്‍ ക്രൈസ്തവ വിശ്വാസത്തോടുള്ള  ഇഷ്ടത്തില്‍ നിന്ന് വ്യതിചലിക്കും എന്നായിരുന്നു അവരുടെ വിശ്വാസം. എന്നാല്‍ വിവാഹം നടക്കേണ്ടിയിരുന്നതിന്റെ മൂന്ന് ദിവസം മുമ്പ് അവള്‍ വീട്ടില്‍ നിന്നും ഇറങ്ങി. സലേഷ്യന്‍ മിഷണറീസ് ഓഫ് ഇമ്മാക്യുലേറ്റ് ഓഫ് മേരി സഭാ സമൂഹത്തിലാണ് അവള്‍ അഭയം തേടിയത്. അവിടെ താമസിക്കുമ്പോള്‍ മീരയിലെ ക്രിസ്തുസ്‌നേഹം കൂടുതല്‍ ആഴത്തിലായി. ക്രിസ്തുവിന്റെ പീഡാസഹനത്തെക്കുറിച്ചുള്ള സിനിമ കണ്ടതോട് കൂടി മീര കന്യാസ്ത്രീയാകാന്‍ തീരുമാനിച്ചു. അങ്ങനെ പതിനെട്ടാമത്തെ വയസ്സില്‍ മാമ്മോദീസ സ്വീകരിച്ച്  മീര സിസ്റ്റര്‍ ക്ലെയറായി മാറി.

ഒരു കന്യാസ്ത്രീ എന്നതിലുരി ചര്‍ച്ച് ആര്‍ട്ടിസ്റ്റ് കൂടിയാണ് സിസ്റ്റര്‍ ക്ലെയര്‍. മനുഷ്യരെ സേവിക്കാന്‍ സിസ്റ്റര്‍ ഉപയോഗിക്കുന്നത് ചിത്രം വരയ്ക്കാനുള്ള തന്റെ കഴിവിനെയാണ്. സിസ്റ്ററിന്റെ പെയിന്റിംഗുകള്‍ കണ്ടിട്ട് ബനഡിക്റ്റ് പതിനാറാമന്‍ പാപ്പയാണ് ‘ചര്‍ച്ച് ആര്‍ട്ടിസ്റ്റ്’ എന്ന് സിസ്റ്റര്‍ ക്ലെയറിനെ വിശേഷിപ്പിച്ചത്. ക്രിസ്തുവിന്റെ പീഡാസഹനം ആസ്പദമാക്കിയ പെയിന്റിംഗ് ആയിരുന്നു അത്. അതുപോലെ പുതിയ  നിയമത്ത ആസ്പദമാക്കി ആയിരത്തിലധികം പെയിന്റിംഗുകളാണ് സിസ്റ്റര്‍ ക്ലെയര്‍ വരച്ചിരിക്കുന്നത്. ബനഡിക്റ്റ് പാപ്പായ്ക്ക് സമ്മാനിച്ച അവയില്‍ ചിലത് ഇപ്പേഴും വത്തിക്കാന്‍ ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിട്ടുണ്ട്.

ബംഗ്ലൂരിലെ  മഠത്തില്‍ താമസിക്കുന്ന കാലത്ത് അവിടെയുണ്ടായിരുന്നു ഫ്രഞ്ച് ചിത്രകാരിയായ സിസ്റ്റര്‍ ജനവീവ് ആണ് ചിത്രം വരയെ പ്രോത്സാഹിപ്പിച്ചത്. സ്റ്റേറ്റ് ആര്‍ട്ട് സ്‌കൂളില്‍ നിന്ന് പെയ്ന്റിംഗില്‍ ഒന്നാം റാങ്കോടെയാണ് സിസ്റ്റര്‍ ക്ലെയര്‍ പാസ്സായത്. ഏറ്റവും മികച്ച സ്റ്റുഡന്റ് എന്ന പേരും നേടിയിരുന്നു. ക്രൈസ്തവ ഇമേജുകള്‍ വരയ്ക്കാനാണ് സിസ്റ്റര്‍ ക്ലെയര്‍ കുടുതല്‍ സമയം  മാറ്റിവച്ചത്. 2012-ല്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ സിസ്റ്റര്‍ ക്ലയറിനെ അസ്സീസി ആര്‍ട്ട് അവാര്‍ഡ് നല്‍കി ബഹുമാനിച്ചിരുന്നു. സിസ്റ്ററിന്റെ ക്ലെയറിന്റെ പെയിന്റിംഗുകളുടെ പ്രദര്‍ശനം നടത്താനുള്ള ഒരുക്കത്തിലാണ് സിസ്റ്റര്‍ ക്ലെയറിന്റെ സഭാംഗങ്ങള്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.