നോമ്പിന്റെ ചൈതന്യം എന്താണ്?

ഡോ. മാത്യു ഇല്ലത്തുപറമ്പില്‍

“കഴിഞ്ഞ എഴുപത് വര്‍ഷമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും നിങ്ങള്‍ വിലാപവും ഉപവാസവും ആചരിച്ചത് എനിക്കുവേണ്ടി ആയിരുന്നോ?” (സഖറിയ 7:5)

പാപബോധം കൊണ്ട് കുനിഞ്ഞ ശിരസ്സും തേങ്ങുന്ന ഹൃദയവുമായി ഒരാള്‍ റബ്ബി മൊര്‍ദ്ദേക്കായിയെ സമീപിച്ചു. അയാള്‍ ആ സല്‍ഗുരുവിനോട് ചോദിച്ചു: “ഞാന്‍ നീചപാപിയാണ്. പാപപരിഹാരത്തിനായി ഞാന്‍ എന്തുചെയ്യണം?”

റബ്ബി പറഞ്ഞു: “ഞാന്‍ പറയുന്നത് അതേപടി അനുസരിക്കാമെങ്കില്‍ കേട്ടാല്‍ മതി. അല്ലെങ്കില്‍ നിനക്കു പോകാം.”

അയാള്‍ ഒന്നു നടുങ്ങി. എന്തെല്ലാം പ്രായശ്ചിത്തങ്ങളായിരിക്കുമോ ഈ റബ്ബി തരാന്‍ പോകുന്നത്. ആത്മാര്‍ത്ഥമായ അനുതാപമുണ്ടായിരുന്ന അയാള്‍ സമ്മതിച്ചു. പക്ഷേ, ആ റബ്ബി അയാളെ ഞെട്ടിച്ചുകൊണ്ട് പറഞ്ഞു: “ഇനി ഒരു വര്‍ഷത്തേക്ക് നീ നന്നായി ഭക്ഷിക്കണം. ഒന്നും ഉപേക്ഷിക്കരുത്. മത്സ്യമാംസാദികള്‍ വേണ്ടെന്നു വയ്ക്കരുത്. രാത്രി പതുപതുത്ത കിടക്കയില്‍ സുഖമായി ഉറങ്ങണം. ഒരു സുഖവും നീ നിനക്ക് നിഷേധിക്കരുത്. ഇങ്ങനെ ഒരു കൊല്ലം ജീവിച്ചശേഷം എന്നെ കാണാന്‍ വരണം.”

റബ്ബി പറഞ്ഞതുപോലെ അയാള്‍ ചെയ്യാന്‍ തുടങ്ങി. രുചിയൂറുന്ന വിഭവങ്ങള്‍ അയാള്‍ കഴിച്ചു. ഓരോ പ്രാവശ്യവും സമൃദ്ധമായി ഭക്ഷിക്കുമ്പോള്‍ അയാള്‍ ചിന്തിച്ചുകൊണ്ടിരുന്നു; ഇങ്ങനെയൊക്കെ കഴിക്കാന്‍ എനിക്ക് എന്ത് യോഗ്യതയുണ്ട്? ഞാന്‍ എത്രയോ വലിയ പാപിയാണ്. ആഹാരം ഉപേക്ഷിക്കാന്‍ തോന്നിയപ്പോഴൊക്കെ അയാള്‍ റബ്ബിയുടെ വിലക്ക് ഓര്‍ത്തു. അയാള്‍ എല്ലാം കഴിക്കാന്‍ നിര്‍ബന്ധിതനായി. ചിലപ്പോഴെങ്കിലും മണലിന് ഇതിനേക്കാള്‍ രുചിയുണ്ടാകുമെന്ന് അയാള്‍ക്കു തോന്നി. രാത്രി പതുപതുത്ത മെത്തയില്‍ അയാള്‍ കിടന്നു. എന്നാല്‍ അയാള്‍ ചിന്തിച്ചു, എന്നെ പോലൊരു പാപി മുള്ളാണി കൊണ്ടുള്ള കട്ടിലില്‍ കിടക്കേണ്ടവനാണ്. എന്നാല്‍ എനിക്ക് കിട്ടിയിരിക്കുന്ന സൗഭാഗ്യങ്ങളോ? അയാളുടെ അനുതാപം കണ്ണീരായി. ഭക്ഷിച്ചും പാനം ചെയ്തും നന്നായി വിശ്രമിച്ചും മറ്റ് ഏതു പരിത്യാഗിയേക്കാളും അയാള്‍ നിര്‍മ്മലനായി മാറി.

ഉപവാസത്തെയും തപസ്സിനെയും ചുറ്റിപ്പറ്റി നോമ്പിന്റെ ചൈതന്യം തട്ടിത്തൂവിക്കളയുന്ന രണ്ടു കൂട്ടരുണ്ട്. എല്ലാ ആഴ്ചയും ഉപവസിക്കുന്നവര്‍; മറ്റ് പരിത്യാഗപ്രവൃത്തികള്‍ ചെയ്യുന്നവര്‍; കൂടാതെ കുരിശിന്റെ വഴിയും മുടക്കാത്തവര്‍. ഇതെല്ലാം ചെയ്യുന്നതുകൊണ്ട് എല്ലാമായി എന്നു വിചാരിച്ച് ആശ്വസിക്കുന്നവരാണ് ഒന്നാമത്തെ കൂട്ടര്‍. ഇവയൊക്കെ ചെയ്യുന്നുണ്ടെങ്കിലും അവര്‍ക്ക് പാപബോധമില്ല; അനുതാപമില്ല; അനുതാപത്തിന്റെ ഫലങ്ങള്‍ ഒന്നും പ്രകടിപ്പിക്കുന്നുമില്ല; ആരോടും സ്‌നേഹമില്ല; ഒരാളോടും ക്ഷമിക്കുന്നില്ല; കരുണ കാണിക്കാന്‍ ഇവര്‍ക്ക് മനസ്സുമില്ല. ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കാതെയും നുകത്തിന്റെ കയറുകള്‍ അഴിക്കാതെയും മര്‍ദ്ദിതരെ തുറന്നുവിടാതെയും എല്ലാ നുകങ്ങളും ഒടിക്കാതെയും (ഏശ. 58,6) അവര്‍ കുരിശിന്റെ വഴി നടത്തി സമാധാനിക്കുന്നു. അവര്‍ ഭക്ഷണം ഉപേക്ഷിക്കുന്നുണ്ട്; എന്നാല്‍ “ഉപവസിക്കുന്നില്ല,” അതായത്, ദൈവത്തോടു കൂടെ വസിക്കുന്നില്ല. ഇത്തരക്കാരെ ഉദ്ദേശിച്ചാണ് ദൈവം ചോദിക്കുന്നത്, “നിങ്ങള്‍ വിലാപവും ഉപവാസവും ആചരിച്ചത് എനിക്കുവേണ്ടി ആയിരുന്നോ?”

ഭക്ഷണം ഉപേക്ഷിച്ച് അനുതാപരഹിതനായി ജീവിക്കുന്നതിനേക്കാളും നല്ലത്, ഭക്ഷിച്ചുകൊണ്ടു തന്നെ അനുതപിച്ചു ജീവിക്കുന്നതാണ്. ശരിക്കുള്ള അനുതാപവും മാനസാന്തരവും അവഗണിച്ച് ചില ത്യാഗങ്ങളിലും കര്‍മ്മങ്ങളിലും നോമ്പിനെ തളച്ചിടുന്നവര്‍ക്കുള്ള ഗുണപാഠമാണ് മുകളില്‍ പറഞ്ഞ കഥ.

ഇനി വേറൊരു കൂട്ടരുണ്ട്. അവര്‍ക്ക് ഉപവസിക്കാന്‍ അതിയായ ആഗ്രഹമുണ്ട്. പക്ഷേ, രോഗപീഡകള്‍ അനുവദിക്കുന്നില്ല. ഉപേക്ഷിച്ച ഇറച്ചിയുടെയും മീനിന്റെയും കുറവ് അച്ചാറുകളില്‍ തീര്‍ത്ത് ഈസ്റ്റര്‍, അള്‍സറിനോടൊപ്പം ആഘോഷിക്കുന്നവര്‍. എല്ലാ ദിവസവും കുരിശിന്റെ വഴി നടത്തണം എന്നാഗ്രഹമുണ്ട്. പക്ഷേ, കാല്‍മുട്ട് മടങ്ങുന്നില്ല. ചെയ്യാന്‍ പറ്റാതെപോയ പരിത്യാഗപ്രവൃത്തികളെക്കുറിച്ചോര്‍ത്ത് പരിതപിച്ച് നോമ്പുകാലം കഴിച്ചുകൂട്ടുന്നവരാണ് ഇക്കൂട്ടര്‍. ഇത്തരക്കാര്‍ക്ക് ചെയ്തുപോയ പാപങ്ങളെക്കുറിച്ചല്ല സങ്കടം; ശരിക്കും നോമ്പെടുക്കാന്‍ പറ്റുന്നില്ല എന്നതിലാണ് മന:പ്രയാസം. നിങ്ങളുടെ വസ്ത്രമല്ല, ഹൃദയമാണ് കീറേണ്ടത് (ജോയേല്‍ 2:13) എന്ന പാഠം സ്വീകരിക്കാത്തവര്‍. ഉപവസിക്കാന്‍ സാധിക്കുന്നില്ലെങ്കിലും അന്യരോട് കരുണ കാണിച്ച് നോമ്പുകാലം ദൈവസന്നിധിയില്‍ വിലപ്പെട്ടതാക്കാം എന്ന വിചാരമേയില്ല. ഇവര്‍ക്കു കൂടിയുള്ള ഗുണപാഠമാണ് മുകളില്‍ പറഞ്ഞ കഥ.

എന്നാല്‍, നോമ്പുകാലം വരുന്നതും പോകുന്നതും അറിയാതെയും മനോഭാവത്തിലോ പെരുമാറ്റത്തിലോ ആഹാരക്രമത്തിലോ യാതൊരു മാറ്റവും വരുത്താതെയും ജീവിക്കുന്നവരുണ്ട്. അവര്‍ക്കുള്ളതല്ല മുകളില്‍ പറഞ്ഞ ഗുണപാഠകഥ.

ഡോ. മാത്യു ഇല്ലത്തുപറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.