ഓശാനത്തിരുന്നാള്‍

ഇന്ന് ഓശാനത്തിരുനാള്‍. മലയാളികള്‍ക്ക് കുരുത്തോല തിരുനാള്‍. വിശുദ്ധവാരത്തിലെ ആദ്യ ദിനം. ദൈവാലയങ്ങളില്‍ ഏറ്റവുമധികം വിശ്വാസികള്‍ ഒത്തുകൂടുന്ന ദിനങ്ങളിലൊന്ന്. വെഞ്ചരിച്ച കുരുത്തോലകള്‍ കൈകളിലേന്തി, ഈശോയുടെ ജറുസലേമിലേയ്ക്കുള്ള രാജകീയപ്രവേശനത്തെ അനുസ്മരിച്ചുകൊണ്ട് ഓശാനഗീതങ്ങള്‍ ആലപിച്ച് പ്രദക്ഷിണമായി നീങ്ങുന്ന സുദിനം. കഴിഞ്ഞ ഒട്ടനവധി ഓശാനത്തിരുനാളുകളുടെ നിറമുള്ള ഒരുപിടി ഓര്‍മ്മകളുമായാണ് ഇന്ന് നാം 2020-ലെ ഓശാനത്തിരുനാളില്‍ ആയിരിക്കുന്നത്. എന്നാല്‍, ഒരു കാര്യം ഉറപ്പാണ്. നമ്മുടെ ജീവിതാവസാനം വരെ ഏറ്റവും തെളിമയോടെ നാം ഓര്‍ത്തിരിക്കാന്‍ പോരുന്ന ഓശാനത്തിരുനാളാകാന്‍ പോവുകയാണ് ഈ ഓശാനത്തിരുനാള്‍. കാരണം, ഇന്ന് ദൈവാലയത്തില്‍ വിശുദ്ധ ബലിയ്ക്കുള്ള മണികളില്ല, ഒരുമിച്ചുള്ള ബലിയര്‍പ്പണമില്ല, ഓശാനഗീതങ്ങളോ കുരുത്തോല പ്രദക്ഷിണമോ ആരവങ്ങളോ ഇല്ല. ദൈവാലയങ്ങള്‍ ശൂന്യമാണ്. വൈദികന്‍ മാത്രം വിശുദ്ധ ബലിയര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. ലോകത്തെ മുഴുവന്‍ ഇത്രമാത്രം നിശ്ചലമാക്കിയ ഓശാനത്തിരുനാള്‍ ജീവിതത്തിലൊരിക്കല്‍പ്പോലും കണ്ടിട്ടില്ല; ഇനി കാണുമെന്നും കരുതുന്നില്ല.

ഈ യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുമ്പില്‍ ഈറന്‍മിഴികളുമായി നില്‍ക്കുന്ന ഓരോ വിശ്വാസിയുടെയും ചിന്തകള്‍ എന്നത്തെയുംപോലെ 2021-ലെ ഈ ഓശാനത്തിരുനാളും നയിക്കുന്നത് ജറുസലേമിലേയ്ക്കാണ്. ദൈവീകരഹസ്യങ്ങളുടെ ചുരുളഴിയുന്ന പ്രതീക്ഷയുടെ ഒരു സംഭവത്തിലേയ്ക്ക് – ഈശോയുടെ രാജകീയപ്രവേശനത്തിലേയ്ക്ക്. ആ വര്‍ഷം വസന്തകാലത്ത് രണ്ട് പെസഹാത്തിരുനാളിനോടടുത്ത് രണ്ടു ഘോഷയാത്രകള്‍ക്ക് ജറുസലേം നഗരം സാക്ഷ്യം വഹിച്ചു. ഒന്ന്, നമുക്ക് സുപരിചിതമായ ഈശോയുടെ രാജകീയപ്രവേശനം. തന്റെ പരസ്യജീവിതത്തിന്റെ അവസാനം മഹത്വീകരണത്തിന്റെ സമയമാകുമ്പോള്‍ സഖറിയ 9:9 നിറവേറുമാറ് സീയോന്റെ രാജാവ്, പ്രതാപവാനും ജയശാലിയുമായവന്‍ വിനയാന്വിതനായി കഴുതക്കുട്ടിയുടെ പുറത്തേറി ജയാരവങ്ങളോടെ നഗരത്തില്‍ പ്രവേശിക്കുന്നു.

സമുദ്രനിരപ്പില്‍ നിന്നും ഏകദേശം എഴുനൂറോളം അടി താഴെയുള്ള ഗലീലിയില്‍ തന്റെ പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ച ഈശോ, 2500-ഓളം അടി ഉയരമുള്ള ജറുസലേമിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ ഭൂമി പോലും അവിടുത്തെ ഉയര്‍ത്തപ്പെടലിനെ പ്രഘോഷിക്കുകയാണ്. ജറുസലേമിനു കിഴക്കുള്ള ഒലിവുമലയുടെ താഴ്‌വാരത്തു നിന്നാരംഭിച്ച ഈ ഘോഷയാത്രയില്‍ അധികവും നഗരത്തിനു പുറത്തു വസിച്ചിരുന്ന സാധാരണക്കാരും കര്‍ഷകരുമായിരുന്നു. ഈ സാധാരണത്വത്തിനിടയിലും കഴുതയും (1 രാജാ. 1:33-34), അതിനു മുകളില്‍ വസ്ത്രവും (2 രാജാ. 9:13), ഓശാന വിളികളും (സങ്കീ. 118:26) ഒലിവിന്‍ചില്ലകളുമെല്ലാം രാജത്വത്തിന്റെ തെളിമയുള്ള പ്രതീകങ്ങളായി വിളങ്ങുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളിലുള്ള ഈശോയുടെ നിയന്ത്രണവും ആധികാരികതയും അവിടുത്തെ മഹത്വത്തിന്റെ പ്രഘോഷണമായി മാറുന്നു. മാത്രമല്ല, അവിടുത്തെ മഹത്വപൂര്‍ണ്ണമായ മരണത്തിനു മുമ്പുള്ള – ബലിക്കു മുമ്പുള്ള ബലിമൃഗത്തിന്റെ, പാപം നീക്കുന്ന ദൈവപുത്രന്റെ കുഞ്ഞാടിന്റെ (യോഹ. 1:36) മഹത്വപൂര്‍ണ്ണമായ പരസ്യപ്പെടുത്തലും.

നമുക്കിന്ന് പരിചിതമായ ഈശോയുടെ രാജകീയപ്രവേശനം ജറുസലേം നിവാസികള്‍ക്ക് ഒരു പുതിയ അനുഭവമായിരുന്നു. കിഴക്കു നിന്ന് ആരംഭിച്ച ഈശോയുടെ യാത്രയ്ക്ക് നേരെ വിപരീതമായി അവര്‍ക്ക് സുപരിചിതമായ മറ്റൊരു രാജകീയ വിളംബരയാത്ര പെസഹായ്ക്കു മുമ്പ് ജറുസലേമിലേയ്ക്ക് നടന്നിരുന്നു. ജറുസലേമിന് അറുപതു മൈല്‍ പടിഞ്ഞാറുള്ള കേസറിയായില്‍ നിന്നും ഇദുമയ, യൂദയ, സമറിയ പ്രദേശങ്ങളുടെ ഗവര്‍ണ്ണറായ പീലാത്തോസിന്റെ ഘോഷയാത്രയായിരുന്നു അത്. ഈശോയുടെ യാത്ര ദൈവരാജ്യത്തിന്റെ പ്രഘോഷണമായിരുന്നെങ്കില്‍ പീലാത്തോസിന്റെ മാര്‍ച്ച് റോമാസാമ്രാജ്യത്തിന്റെ അധികാരത്തിന്റെ പ്രഖ്യാപനമായിരുന്നു. ചക്രവര്‍ത്തി ഒരു ഭരണാധികാരി മാത്രമല്ല, ദൈവത്തിന്റെ പുത്രനാണെന്നുള്ള പ്രഖ്യാപനവും ആ സൈനികനീക്കത്തിലുണ്ട്.

ഭൂമിയില്‍ സമാധാനം സ്ഥാപിച്ചെന്നു പറയുന്ന അഗസ്റ്റസ് സീസര്‍ അപ്പോളോ ദേവന്റെ മകനാണെന്ന് അവകാശപ്പെടുകയും കര്‍ത്താവ്, രക്ഷകന്‍ എന്നെല്ലാം വിളിക്കപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഭരണത്തുടര്‍ച്ചയായുള്ള റോമിന്റെ ശക്തിയും പ്രൗഢിയും വിളിച്ചോതുന്ന ആ വിളംബരയാത്രയില്‍ കുതിരകളും കുതിരപ്പടയാളികളും കാലാള്‍പ്പടയുമെല്ലാം വലിയ സന്നാഹങ്ങളോടെ അണിനിരന്നിരുന്നു ആദ്യനൂറ്റാണ്ടിലെ യൂദയാ ദേശക്കാര്‍ക്ക് ഈ സൈനികനീക്കം സുപരിചിതമായിരുന്നു. കാരണം, യഹൂദരുടെ പ്രധാനപ്പെട്ട തിരുനാളുകള്‍ നടക്കുമ്പോള്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അത് പരിഹരിക്കുന്നതിന് റോമന്‍ ഗവര്‍ണ്ണര്‍ ജറുസലേമില്‍ വന്ന് ദൈവാലയത്തിനഭിമുഖമായി നിന്നിരുന്ന അന്റോണിയ കോട്ടയില്‍ താമസിച്ചിരുന്നു.

ഈ രണ്ടു ഘോഷയാത്രകളെ അഥവാ വിശുദ്ധയാത്രകളെ നാം വിശ കലനം ചെയ്താല്‍ ദൈവാശ്രയത്തിലാശ്രയിച്ച സാധാരണക്കാരായിരുന്നു ഈശോയ്ക്ക് ജയ് വിളിച്ചത് – ഓശാന പാടിയത്. അവര്‍ ഈശോയില്‍ വിശ്വസിക്കുകയും പ്രതീക്ഷയര്‍പ്പിക്കുകയും ചെയ്തുകൊണ്ട് ‘കര്‍ത്താവേ, ഞങ്ങളെ സഹായിക്കണമേ’ എന്ന് അപേക്ഷിച്ചു. എളിയവനും വിനയാന്വിതനുമായ ഈശോയുടെ സാധാരണത്വത്തില്‍ അവര്‍ ദൈവത്തെ കണ്ടു. എന്നാല്‍, റോമാ സൈന്യത്തിന്റെ യാത്ര അധികാരത്തിന്റെയും ശക്തിയുടെയും ആഘോഷമായിരുന്നു. ഇവയ്ക്കു മുമ്പില്‍ നില്‍ക്കുമ്പോഴും കര്‍ത്താവിനെ കാണാനും അവന്റെ കൂടെ നടന്ന് ഓശാന വിളിയുയര്‍ത്താനും സാധാരണ ജനത്തിനു സാധിച്ചുവെങ്കില്‍ ദൈവാലയ ഭരണകര്‍ത്താക്കളും സമൂഹത്തിലെ പ്രബലരും അവരുടെ അധീശത്വം റോമിന്റെ ശക്തിക്കു തണലില്‍ ഉറപ്പിക്കുന്നതിന് അവര്‍ക്ക് ഓശാന പാടുന്നവരായിരുന്നു.

ഓശാനത്തിരുനാള്‍ ആഷോഷിക്കുമ്പോള്‍ നാമോരോരുത്തരും നമ്മോടു തന്നെ ചോദിക്കേണ്ടിയിരിക്കുന്നു – എന്റെ ജീവിതമാകുന്ന യാത്രയില്‍ ഞാന്‍ ഏത് ഘോഷയാത്രയുടെ ഭാഗമാകാനാണ് ആഗ്രഹിക്കുന്നത് – സാധാരണത്വം മാത്രമുള്ള ഈശോയോടൊപ്പമോ അതോ പ്രൗഢിയും ആഡംബരവുമുള്ള സൈനികവൃന്ദത്തോടൊപ്പമോ? ജീവിതത്തില്‍ എന്നും നിറങ്ങളെയും മോടികളെയും ആഡംബരങ്ങളെയും സുഖലോലുപതയെയും തേടുന്നവര്‍ക്ക് ഒന്ന് മാറിച്ചിന്തിക്കാനുള്ള, ആ യാത്രയില്‍ നിന്നും മാറിനടക്കാനുള്ള ഒരവസരമാണ് കൊറോണ ഒറ്റപ്പെടുത്തിയ 2021-ലെ ഈ ഓശാനത്തിരുനാളും വിശുദ്ധവാരവും. ജീവിതത്തില്‍ നാം നല്‍കിയ മുന്‍ഗണനാക്രമത്തിന് കഴിഞ്ഞ രണ്ടാഴ്ചകളിലായി വലിയ മാറ്റം വന്നിരിക്കുന്നു. സൗന്ദര്യമല്ല-ആരോഗ്യമാണ്, ആഘോഷമല്ല-പരസ്പര സംരക്ഷണമാണ്, ആഡംബരമല്ല-അത്യാവശ്യമാണ്, ഒത്തുകൂടലല്ല -നിലനില്പാണ്, ഉല്ലാസമല്ല-ജീവിതമാണ് പ്രധാനമെന്ന് നാം തിരിച്ചറിഞ്ഞിരിക്കുന്നു. ഈശോയുടെ നിരയില്‍ ചേരുന്നതാണ് ജീവിതത്തിന്റെ ആത്യന്തികവിജയമെന്ന് ഈ ദിനം നമുക്കോര്‍ക്കാം.

രണ്ടാമതായി, ഈശോയ്ക്ക് ഓശാന പാടിയ സാധാരണജനത്തോട് ചേര്‍ന്നുനിന്ന് നമുക്ക് അപേക്ഷിക്കാം, ‘ഓശാന കര്‍ത്താവേ, ഞങ്ങളുടെ സഹായത്തിന് വരേണമെ.’ ഈശോയ്ക്ക് ഓശാന പാടിയവര്‍ 118-ാം സങ്കീര്‍ത്തനമാണ് ഉരുവിട്ടത്. ‘കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹീതന്‍’ (v26). ‘ഉന്നതങ്ങളില്‍ ഹോസാന.’ യഹൂദരുടെ കൂടാരത്തിരുനാള്‍ സമയത്ത് പ്രദക്ഷിണമായി നീങ്ങുന്ന ജനം തങ്ങളുടെ സഹായത്തിന് ഈ സങ്കീര്‍ത്തനം ആലപിച്ചിരുന്നു. ആദ്യനാളുകളില്‍ പുരോഹിതര്‍ തിരുനാളിന്റെ ഏഴാം ദിവസം ബലിപീഠത്തെ വലംവയ്ക്കുമ്പോള്‍ വരും വര്‍ഷം നല്ല കാലാവസ്ഥയും വിളവുകളും ലഭിക്കുന്നതിന് ‘ദൈവമേ, ഞങ്ങളുടെ സഹായത്തിന് വരേണമേ’ എന്ന് തുടര്‍ച്ചയായി വിളിച്ചു പ്രാര്‍ത്ഥിച്ചിരുന്നു. ഈ പ്രാര്‍ത്ഥനയാണ് ഈശോയോടൊപ്പം കൂടിയ ജനം അവനില്‍ രക്ഷകനെ കണ്ടുകൊണ്ട്‌ ഏറ്റെടുത്ത് അപേക്ഷിച്ചത്.

പ്രിയപ്പെട്ടവരുടെ വേദനകളില്‍ ഒന്ന് കൂടെനിന്നു സഹായിക്കാന്‍ പോലും സാധിക്കാതെ വേദനിക്കുന്നവരോട് ചേര്‍ന്ന് നമുക്കും വിളിച്ചപേക്ഷിക്കാം – ‘ഹോസാന… ദൈവമേ, ഞങ്ങളുടെ സഹായത്തിന് വരേണമേ.’

നിറപ്പകിട്ടാര്‍ന്ന സ്വപ്നങ്ങളുമായി ജീവിതത്തെ മുന്നോട്ടു നയിക്കുമ്പോള്‍ അപ്രതീക്ഷിതമായി വന്ന രോഗത്താല്‍ വേദനയോടെ ഒറ്റപ്പെടലിന്റെ ഏകാന്തതയില്‍ മരണത്തെ മുന്നില്‍ കാണുന്നവരോടു ചേര്‍ന്നു പ്രാര്‍ത്ഥിക്കാം – ‘ഹോസാനാ.’

പ്രിയപ്പെട്ടവരുടെ മരണനേരത്ത് ഒന്നു അടുത്തിരിക്കാനോ മരണശേഷം നല്ല രീതിയില്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനോ ആവാതെ വേദനിക്കുന്നവരോടു ചേര്‍ന്ന് അപേക്ഷിക്കാം – ‘ഹോസാനാ.’

അപ്രതീക്ഷിതമായുണ്ടായ ജോലിനഷ്ടത്തിലും സാമ്പത്തിക പ്രതിസന്ധികളിലും ഉഴലുന്നവരോടു ചേര്‍ന്നു പ്രാര്‍ത്ഥിക്കാം – ‘ഹോസാന.’

യാത്ര ചെയ്യാനാവാതെ ഭവനങ്ങളില്‍ നിന്നും വിച്ഛേദിക്കപ്പെട്ടവരോടു ചേര്‍ന്നു പ്രാര്‍ത്ഥിക്കാം – ‘ഹോസാന.’

ചില നല്ല കാര്യങ്ങള്‍ ആരംഭിച്ചശേഷം എല്ലാം സ്തംഭിക്കപ്പെട്ട് മുമ്പില്‍ അന്ധകാരം മാത്രമുള്ളവരോടു ചേര്‍ന്നു നമുക്കും വിളിക്കാം – ‘ഹോസാന.’

ജീവിതത്തിലെ ഒറ്റപ്പെടലുകളും നിസ്സഹായാവസ്ഥകളും വേദന നല്‍കുന്നതാകാം. പക്ഷേ, അവയാണ് ഏറ്റവും ഉച്ചത്തിലും ഉറപ്പിലും ദൈവത്തെ വിളിക്കാനും അവനോട് ചേര്‍ന്നുനില്‍ക്കാനും നമ്മെ പ്രാപ്തരാക്കുന്നത്. ഒറ്റപ്പെടലിന്റെ ഈ ഓശാനത്തിരുനാളിലും വിശുദ്ധവാരത്തിലും നമുക്കതിനു സാധിക്കട്ടെ.

റവ. ഫാ. ഷിബി കാട്ടിക്കുളക്കാട്ട് MCBS