രാജ്യത്ത് തുടരുന്ന ആഭ്യന്തരകലാപവും കൊള്ളയും അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ദക്ഷിണാഫ്രിക്കന്‍ സഭ

കോടതിയലക്ഷ്യക്കേസില്‍ മുന്‍ പ്രസിഡന്റ് ജേക്കബ് സുമ തടവിലായതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരകലാപവും അക്രമങ്ങളും അവസാനിപ്പിക്കണമെന്ന് എല്ലാവരെയും ആഹ്വാനം ചെയ്ത് സൗത്ത് ആഫ്രിക്കയിലെ കത്തോലിക്കാ സഭ.

സൗത്ത് ആഫ്രിക്കയില്‍ വിവിധ പ്രവിശ്യകളിലായി തുടരുന്ന അക്രമങ്ങളില്‍ 72 -ലധികം പേര്‍ മരിച്ച സാഹചര്യത്തിലാണ് സമാധാനത്തിനായുള്ള പരിശ്രമങ്ങള്‍ക്ക് മെത്രാന്‍സംഘം എല്ലാവരെയും ക്ഷണിച്ചത്. വളരെ ചെറിയ അക്രമണങ്ങളില്‍ നിന്നാണ് രാജ്യം മുഴുവന്‍ വ്യാപിക്കുന്ന രക്തച്ചൊരിച്ചിലും അരാജകത്വവും ഉണ്ടാകുന്നതെന്ന് ഓര്‍ക്കണമെന്ന് മെത്രാന്മാര്‍ കൂട്ടിച്ചേര്‍ത്തു. ജീവോന്മുഖമായ ഒരു തിരഞ്ഞെടുപ്പ് നടത്തുവാനും നല്ലൊരു നാളെയെ കെട്ടിപ്പടുക്കുവാനായി പരസ്പരം ക്ഷമിക്കുവാനും സഹകരിക്കുവാനും ജീവിതത്തിന്റെ പവിത്രതയെ മാനിക്കാനും ഫ്രാന്‍സിസ് പാപ്പായുടെ ചാക്രികലേഖനം ഫ്രത്തെല്ലി തൂത്തിയെ ഉദ്ധരിച്ച് മെത്രാന്മാര്‍ ജനങ്ങളെ ആഹ്വാനം ചെയ്തു.

കലാപം നേരിടാന്‍ 25,000 പട്ടാളക്കാരെ വിന്യസിക്കാനുള്ള അഭ്യര്‍ഥന പ്രസിഡന്റ് സിറില്‍ റാമപോസയ്ക്ക് സമര്‍പ്പിച്ചതായി പ്രതിരോധമന്ത്രി നോസിവൈവേ മപിസ പറഞ്ഞു. ബുധനാഴ്ച കൊള്ളയും കലാപവും ഉള്‍പ്പെടെ 208 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് വിന്യസിച്ചിരിക്കുന്ന സൈനികരുടെ എണ്ണം 5000 ആയി വര്‍ദ്ധിപ്പിച്ചിരുന്നു. അക്രമണങ്ങളില്‍ ഇതുവരെ 72 പേരാണ് കൊല്ലപ്പെട്ടത്. 1200-ലധികം പേരെ അറസ് റ്റുചെയ്തു. അഴിമതിക്കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാവാത്തതിനാലാണ് ജേക്കബ് സുമയ്ക്ക് കോടതി 15 മാസം തടവുശിക്ഷ വിധിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.