ആധുനിക കാലഘട്ടത്തിലെ യുവജനങ്ങൾക്ക് മാതൃകയായ കൗമാരക്കാരായ ആറു വിശുദ്ധര്‍

ഈ ആധുനിക കാലഘട്ടം ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതാണ്. എന്നാൽ വിശുദ്ധിയിലേയ്ക്കുള്ള വളർച്ചയിൽ അവയൊന്നും ഒരു തടസ്സമേയല്ല. പ്രായമോ പ്രലോഭനങ്ങളോ ഈ കാലഘട്ടത്തിന്റെ പ്രത്യേകതകളോ ഒന്നും വിശുദ്ധമായ ജീവിതം നയിക്കുന്നതിന് തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കൗമാരക്കാരായ ഈ വിശുദ്ധജീവിതങ്ങൾ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ മാതൃകയാണ് ഇവരുടെ ജീവിതം. അവ എപ്രകാരമായിരുന്നുവെന്ന് വായിച്ചറിയാം.

1. വാഴ്ത്തപ്പെട്ട കാർലോ അക്വിറ്റിസ്

സൈബർ ലോകത്തെ അപ്പസ്തോലൻ എന്ന് ആധുനികലോകം വിശേഷിപ്പിക്കുന്ന വാഴ്ത്തപ്പെട്ട കാർലോ അക്വിറ്റിസ് വെറും പതിനഞ്ചു വയസു വരെ മാത്രമേ ഈ ഭൂമിയിൽ ജീവിച്ചിട്ടുള്ളൂ. രക്താർബുദം ബാധിച്ച് മരണത്തോട് അടുത്തപ്പോഴും യേശുക്രിസ്തുവിനോടുള്ള സ്നേഹവും സന്തോഷവും അവൻ കൈവെടിഞ്ഞില്ല. ദിവ്യകാരുണ്യത്തോടുള്ള പ്രത്യേക ഭക്തി ജീവിതത്തിൽ അവൻ കാത്തുസൂക്ഷിച്ചു. ആധുനികലോകത്തെ യുവതലമുറയ്ക്ക് കാർലോയുടെ ജീവിതം മാതൃകയാണ്.

2. വാഴ്ത്തപ്പെട്ട ക്യാരോ ബദാനോ

പതിനെട്ട്‌ വയസുവരെ മാത്രം ഈ ഭൂമിയിൽ ജീവിച്ച ഇറ്റലിക്കാരിയായ ക്യാരോ, തന്റെ ജീവിത കാലഘട്ടം മറ്റുള്ളവരെ സഹായിക്കാനായി സമയം ചെലവഴിച്ചു. ഫൊക്കൊലാരെ പ്രസ്ഥാനത്തിൽ അംഗമായിക്കൊണ്ട് ക്യാരോ തന്റെ ദൈനംദിന ജീവിതം മറ്റുള്ളവര്‍ക്കായി മാറ്റിവച്ചു. അസ്ഥിക്ക് അർബുദം ബാധിച്ചാണ് ക്യാരോ മരിച്ചത്. രോഗത്തിന്റെ വേദനയും സഹനങ്ങളും ഈ കൊച്ചുവിശുദ്ധ ഈശോയ്ക്ക് സമർപ്പിച്ചു.

3. ദൈവദാസൻ ഡാർവിൻ റാമോസ്

ഫിലിപ്പീൻസുകാരനായ ഡാർവിൻ റാമോസ് കടുത്ത ദാരിദ്ര്യത്തിലാണ് ജനിച്ചത്. മാതാപിതാക്കളും എട്ട് സഹോദരങ്ങളുമടങ്ങിയ കുടുംബത്തിലാണ് ജീവിച്ചതെങ്കിലും ഭിക്ഷാടനം നടത്തിയാണ് അവൻ കഴിഞ്ഞുപോന്നിരുന്നത്. ഡുചെൻ മസ്കുലർ ഡിസ്ട്രോഫി എന്ന രോഗബാധിതനായിരുന്നു ഡാര്‍വിന്‍. തെരുവിൽ ജീവിച്ചപ്പോഴും ക്രിസ്തുവിന്റെ സ്നേഹത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് അവന്‍ ജീവിച്ചു. ആരോഗ്യം മോശമായിരുന്നിട്ടും അവൻ്റെ ജീവിതം മറ്റുള്ളവരോടുള്ള നന്ദിയാലും സ്നേഹത്താലും നിറഞ്ഞതായിരുന്നു. അവസാനശ്വാസം വരെ അവൻ തൻ്റെ സഹനങ്ങളെ ക്രിസ്തുവിനു സമർപ്പിച്ചു.

4. ധന്യൻ മത്തെയോ ഫരീന

സ്‌പോർട്‌സ് മുതൽ ജപമാല പ്രാർത്ഥനയിൽ വരെ, താൻ ഏർപ്പെട്ടിരുന്ന എല്ലാ പ്രവർത്തനങ്ങളിലും ദൈവമഹത്വം ആഗ്രഹിച്ചു ജീവിച്ച മത്തെയോ തൻ്റെ പതിനെട്ടാമത്തെ വയസിൽ അന്തരിച്ചു. ദൈവത്തോടുള്ള സ്നേഹം തന്റെ സമപ്രായക്കാരോടും പങ്കിടാൻ അദ്ദേഹം ആഗ്രഹിച്ചു.അതില്‍ പരാജയപ്പെടുമ്പോഴൊക്കെയും പിന്മാറാതെ അദ്ദേഹം അത് തുടര്‍ന്നു. തന്റെ സ്വർഗ്ഗീയപിതാവിനെ കണ്ടുമുട്ടാമെന്ന പ്രതീക്ഷയിൽ അദ്ദേഹം മരിച്ചു.

5. വാഴ്ത്തപ്പെട്ട റോളാൻഡോ മരിയ റിവ

രണ്ടാം ലോകമഹായുദ്ധ സമയത്ത് ഇറ്റാലിയൻ സെമിനാരിയിൽ വൈദികനാകാൻ പഠിക്കുകയായിരുന്നു പതിനാല് വയസുള്ള റോളാൻഡോ മരിയ റിവ. കമ്മ്യൂണിസ്റ്റ് കലാപകാരികൾ അദ്ദേഹത്തിന്റെ പട്ടണം പിടിച്ചടക്കിയപ്പോൾ, മാതാപിതാക്കൾ അദ്ദേഹത്തിന്റെ ളോഹ ഊരിമാറ്റാൻ ശ്രമിച്ചു. എന്നാൽ, അദ്ദേഹമത് വിസമ്മതിച്ചു. ഒടുവിൽ കലാപകാരികൾ അദ്ദേഹത്തെ പിടികൂടി, ദിവസങ്ങളോളം പീഡിപ്പിക്കുകയും വെടിവച്ചു കൊല്ലുകയും ചെയ്തു. അവസാന നിമിഷങ്ങളിൽ മാതാപിതാക്കൾക്കായി ഒരു പ്രാർത്ഥന അർപ്പിക്കാൻ അദ്ദേഹത്തെ അനുവദിച്ചു.

6. ധന്യ ഏഞ്ചല ലാക്കോബെല്ലിസ്

പതിമൂന്നാം വയസിൽ രക്താർബുദം ബാധിച്ചു മരിച്ച കൗമാരക്കാരിയാണ് ഏഞ്ചല. അവൾ എപ്പോഴും ജപമാല ചൊല്ലി പ്രാർത്ഥിക്കുകയും പരിശുദ്ധ അമ്മയോട് പ്രത്യേക ഭക്തിയിൽ ജീവിക്കുകയും ചെയ്ത പെൺകുട്ടിയായിരുന്നു. രോഗത്തിന്റെ വേദനകളെ ദൈവനാമത്തിൽ അവള്‍ സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.