ദാവീദ് രാജാവ് ഒളിവില്‍ കഴിഞ്ഞ സിക്ലാഗ് പട്ടണം കണ്ടെത്തിയതായി പുരാവസ്തു ഗവേഷക സംഘം

പുരാതന ഫെലിസ്ത്യ പട്ടണമായ സിക്ലാഗ് എവിടെയാണെന്ന് ക്യത്യമായി കണ്ടെത്തിയെന്നും ഇപ്പോഴത്തെ മധ്യ ഇസ്രയേലിലാണ് അതിന്റെ സ്ഥാനമെന്നും ഹീബ്രു സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ ഗവേഷണം നടത്തിയ പുരാവസ്തു വിദഗ്ദസംഘം വ്യക്തമാക്കി. ഫെലിസ്ത്യ സംസ്‌കാരം ഇവിടെ നിലനിന്നതിന്റെ സൂചന നല്‍കുന്ന ചരിത്രാവശിഷ്ടങ്ങള്‍, പുരാതനകാലത്ത് ഫെലിസ്ത്യര്‍ ഉപയോഗിച്ചിരുന്ന മണ്‍പാത്രങ്ങള്‍ എന്നിവ ഖനനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ബി.സി. 12ാം- നൂറ്റാണ്ട് മുതല്‍ സിക്ലാഗ് എന്നറിയപ്പെട്ടിരുന്ന പ്രദേശം, ദക്ഷിണ ഇസ്രയേലിലെ 12 സ്ഥലങ്ങളിലേതെങ്കിലും ഒന്നാണ് എന്നായിരുന്നു ഗവേഷകര്‍ കരുതിയിരുന്നത്. എന്നാല്‍, മധ്യ ഇസ്രയേലിലാണ് അതിന്റെ സ്ഥാനമെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. ഇസ്രയേലിലെ രണ്ടാമത്തെ രാജാവായ ദാവീദിന്റെ ജീവിതവുമായി ചേര്‍ന്നുനില്‍ക്കുന്നതിനാലാണ് സിക്ലാഗിന് ചരിത്രത്തില്‍ പ്രധാന്യമേറുന്നത്.

ദാവീദ്, ഇസ്രയേലിന്റെ ആദ്യരാജാവ് സാവൂളിനെ ഭയന്ന് ഫെലിസ്ത്യ പട്ടണമായ സിക്ലാഗില്‍ അഭയം തേടിയെന്നും സാവൂളിന്റെ മരണം വരെ അവിടെ താമസിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു. അന്നത്തെ ഫെലിസ്ത്യ രാജാവായ ആഖീശ്, ദാവീദിന് സിക്ലാഗിന്റെ ഭരണാധികാരം എല്‍പിച്ചുകൊടുത്തത് ബൈബിളിലെ 1 സാമുവല്‍ 27ാം- അധ്യായത്തില്‍ വിവരിക്കുന്നുണ്ട്.