മാതാപിതാക്കൾ മക്കളെ വിശുദ്ധ കുർബാനയിൽ സംബന്ധിക്കുന്നതിനെ പ്രോത്സാഹിപ്പിക്കണമോ?

മക്കൾ പള്ളിയിൽ പോകാൻ വിസമ്മതിക്കുമ്പോൾ മാതാപിതാക്കൾ മക്കളുടെ താൽപര്യത്തിനനുസരിച്ച് നിലപാടുകൾ എടുക്കുകയല്ല വേണ്ടത്. കൗമാരപ്രായത്തിലും യുവത്വത്തിലേക്കും പ്രവേശിക്കുന്ന കുട്ടികളുടെ ആത്മീയ കാര്യങ്ങളിൽ ഉള്ള താൽപര്യമില്ലായ്മ അവരുടെ വ്യക്തിത്വ വികസനത്തേയും ബാധിക്കും. കുട്ടികളിൽ ഇത്തരം താൽപര്യക്കുറവ് ഉണ്ടാകുമ്പോൾ മാതാപിതാക്കൾ എന്താണ് ചെയ്യേണ്ടത് എന്ന് നമുക്കൊന്ന് പരിശോധിക്കാം.

ഇത്തരം കാര്യങ്ങളിൽ മക്കളെ നിർബന്ധിക്കേണ്ട ആവശ്യമില്ല എന്ന നിലപാടെടുക്കുന്നവരാണ് പുതിയ തലമുറയിലെ മാതാപിതാക്കൾ. എന്നാൽ മക്കൾക്ക് വിശുദ്ധ കുർബാനയിൽ സംബന്ധിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞുകൊടുക്കേണ്ടത് അത്യാവശ്യമാണ്. കുട്ടികളെ അവരുടെ താൽപര്യത്തിനനുസരിച്ച് വിടാതെ ചില കാര്യങ്ങളിൽ മക്കളെ നിർബന്ധിക്കണം.

വിശുദ്ധ കുർബാന സ്നേഹത്തിന്റെ കൂട്ടായ്‌മയാണ്‌

കൗമാര പ്രായത്തിൽ ആയിരിക്കുന്ന ഒരു കുട്ടിക്ക് നല്ലതും ചീത്തയും എന്തെന്ന് വിവേചിച്ചറിയാനുള്ള പക്വത ആയിട്ടില്ല. മക്കൾക്ക് ഭക്ഷണം മാതാപിതാക്കൾ നിർബന്ധിച്ച് കൊടുക്കാറില്ലേ? അതുപോലെ തന്നെയാണ് ആത്മീയ കാര്യങ്ങളിൽ ഉള്ള വളർച്ചയിലും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്.

വിശുദ്ധ കുർബാനയിൽ സംബന്ധിക്കുവാൻ മക്കളെ നിർബന്ധിക്കുന്നതിലൂടെ മക്കൾ സ്നേഹത്തിൽ വളരുവാനുള്ള ഒരു പരിശീലനമാണ് നാം നൽകുന്നത്. കാരണം, വിശുദ്ധ കുർബാന സ്നേഹത്തിന്റെ കൂട്ടായ്മയാണ്. അത് അനുരഞ്ജനത്തിന്റെ വേളയാണ്.

വിശുദ്ധ കുർബാന: വിശ്വസ്തതയിൽ വളരുവാൻ മക്കളെ സഹായിക്കും

മക്കളെ വിശുദ്ധ കുർബാനയിൽ സംബന്ധിക്കുവാൻ മാതാപിതാക്കൾ കൂടെ കൊണ്ടുപോകണം. കാരണം മക്കൾ മാതാപിതാക്കളുടെ മാതൃക കണ്ടാണ് വളരുന്നത്. വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതു ദൈവ സ്നേഹത്തിലും വിശ്വസ്‌തതയിലും വളരുവാൻ സഹായിക്കുന്നു. ദൈവത്തോടുള്ള ഇഷ്ടം കൊണ്ട് വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതാണെന്ന് അവർക്ക് മനസിലാകണം. ഈ ചിന്ത ക്രമേണ അവരുടെ വ്യക്തി ജീവിതത്തിൽ വളർന്ന് പക്വത പ്രാപിക്കുന്നതിനും ആത്മീയ കാര്യങ്ങളോടുള്ള താൽപര്യം വളരുന്നതിനും കാരണമാകും.