ക്രൂശിതരൂപം കാണുമ്പോള്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന

അനുദിന ജീവിതത്തില്‍ പലപ്പോഴും എവിടെയെങ്കിലുമൊക്കെ വച്ച് ക്രൂശിതരൂപം നമ്മുടെ കണ്ണിലുടക്കാറുണ്ട്. തിരക്കേറിയ ഓട്ടത്തിനിടെ അത് എന്താണെന്ന് തിരിച്ചറിയാന്‍ പോലുമുള്ള സമയം മനസിന് കിട്ടാറില്ല. കണ്ട്, കണ്ണിലുടക്കി കടന്നുപോകും. എന്നാല്‍ അങ്ങനെ കണ്ണിലുടക്കുന്ന ഒരു രൂപത്തെ കടന്നുപോകുമ്പോള്‍ ഒരടി പിറകിലേക്ക് വന്ന് ആ ക്രൂശിതരൂപത്തെക്കുറിച്ച് ഒന്ന് ധ്യാനിച്ചാല്‍ നമ്മുടെ മനസില്‍ അത്ഭുതവും വിസ്മയവും ആനന്ദവും നിറയും.

ക്രൂശിതരൂപം എന്ന തിരിച്ചറിവിനെ മനസില്‍ പരിപോഷിപ്പിക്കുന്നതിനായി ചെയ്യാവുന്ന ഒന്നാണ്, ക്രൂശിതരൂപം കാണുമ്പോഴെല്ലാം ഒരു പ്രാര്‍ത്ഥന ചൊല്ലുക എന്നത്. അതൊരിക്കലും ഒരു നീണ്ട പ്രാര്‍ത്ഥന ആകണമെന്നില്ല. മറിച്ച്, മനസില്‍ യാദൃച്ഛികമായി വരുന്ന പ്രാര്‍ത്ഥനയാണെങ്കില്‍ അത്രയും നന്ന്.

നമ്മോടുള്ള പ്രത്യേകിച്ച്, ഞാനെന്ന ഓരോ വ്യക്തിയോടുമുള്ള ഈശോയുടെ അതിരറ്റ സ്‌നേഹത്തെ സൂചിപ്പിക്കുന്ന ഒരു പ്രാര്‍ത്ഥനയാണ് ചുവടെ കൊടുത്തിരിക്കുന്നത്. നാം പലപ്പോഴും മറന്നുപോകുന്ന ഒരു കാര്യമാണ് ഈശോ നമുക്കു വേണ്ടി കുരിശില്‍ മരിച്ചു എന്നത്. ഈ യാഥാര്‍ത്ഥ്യം നമ്മെ സന്തോഷത്താല്‍ നിറയ്ക്കുകയും നമ്മോട് കാണിച്ച സ്‌നേഹത്തിന് ദൈവത്തോട് നന്ദിയും സ്‌നേഹവുമുള്ളവരായി മാറുകയും വേണം. ഇനി മുതല്‍ ക്രൂശിതരൂപം കണ്ണിലുടക്കുമ്പോള്‍ ദൈവത്തിന്റെ അനന്തസ്‌നേഹത്തെയോര്‍ത്ത് ഈ ഒരു ചെറിയ പ്രാര്‍ത്ഥന ഉരുവിടാം.

“ഓ, ദിവ്യരക്ഷകാ, എത്രയധികമായി അങ്ങ് എന്നെ സ്‌നേഹിക്കുന്നു! എന്റെ വിമോചനത്തിനു വേണ്ടി കുരിശില്‍ മരിച്ചവനേ, എന്നെ രക്ഷിക്കണമേ.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.