കഥകളിൽ കൗതുകങ്ങൾ ഒളിപ്പിച്ച അദ്ധ്യാപകൻ 

മരിയ ജോസ്

തന്നെ ഉറ്റുനോക്കിയിരുന്ന കുഞ്ഞുകണ്ണുകളിൽ വാത്സല്യം കണ്ടെത്തിയ അദ്ധ്യാപകൻ. അവരുടെ ഹൃദയങ്ങളിലേയ്ക്ക് മൂല്യങ്ങളുടെ വിത്തുകൾ പാകുവാൻ ലളിതമായ ചെറുകഥകൾ കൊണ്ട് അറിവിന്റെ കൂടൊരുക്കിയവൻ. കഥകളിലൂടെ കുഞ്ഞുമനസുകൾ ഭാവനയുടെ ലോകത്തിലെത്തിയപ്പോൾ ആ നിഷ്കളങ്ക പുഞ്ചിരികൾ പലതും ആ അദ്ധ്യാപകന്റെ കഥകളിലെ കഥാപാത്രങ്ങളായി മാറിയിരുന്നു. തനിക്കു ചുറ്റും കളിച്ചുവളർന്ന കുട്ടികളിൽ നിന്ന് കഥകളെ സ്വാംശീകരിച്ച ആ അദ്ധ്യാപകനാണ് ഷാജി മാലിപ്പാറ.  അദ്ധ്യാപകന്‍ മാത്രമല്ല ഷാജി സാര്‍; 70 പുസ്തകങ്ങളുടെ രചയിതാവുകൂടിയാണ്!

ബാലസാഹിത്യ കൃതികളിലൂടെ അനേകം കുട്ടികളുടെ മനസ്സിൽ ഇടംനേടിയ മാലിപ്പാറയുടെ സ്വന്തം അദ്ധ്യാപകൻ. കഴിഞ്ഞ 27 വർഷത്തെ തന്റെ അദ്ധ്യാപനജീവിതത്തിനിടയിൽ അദ്ദേഹം കൈപിടിച്ചു കയറ്റിയത് അനേകായിരം വിദ്യാർത്ഥികളെ. അദ്ധ്യാപകനായും, എഴുത്തുകാരനായും, അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും ട്രെയിനിങ് നൽകുന്ന ട്രെയിനറായും, സൺഡേ സ്കൂൾ അദ്ധ്യാപകനായും വിളങ്ങിയ ഷാജി സർ തന്റെ എഴുപതാമത്തെ പുസ്തകം പ്രസിദ്ധീകരിച്ചത് ഈ ലോക്ക് ഡൗൺ നാളുകളിലാണ്. പുസ്തകങ്ങളെ ഏറെ സ്നേഹിക്കുന്ന ഈ അദ്ധ്യാപകൻ എഴുതിയ പുസ്തകങ്ങളിലേറെയും ബാലസാഹിത്യ കൃതികൾ ആയിരുന്നുവെങ്കിലും എഴുത്തിന്റെ മേഖലയിൽ വ്യത്യസ്തമായ അനേകം വിഷയങ്ങൾ കൈകാര്യം ചെയ്ത വ്യക്തി കൂടിയാണ് അദ്ദേഹം. സീറോ മലബാർ സഭയ്ക്ക് വേണ്ടി ഒന്ന് മുതൽ പത്തു വരെയുള്ള ക്ലാസുകാർക്കായി തയ്യാറാക്കിയ സൺഡേ സ്കൂൾ പാഠപുസ്തകങ്ങൾക്കു പിന്നിലും ഈ അദ്ധ്യാപകന്റെ അക്ഷീണ പരിശ്രമം ഉണ്ടായിരുന്നു.

ലളിതമായ ഭാഷാശൈലിയിലൂടെ കുഞ്ഞുങ്ങൾക്കായി അറിവിന്റെ വർണ്ണജാലമൊരുക്കിയ ഈ അദ്ധ്യാപകൻ തന്റെ അനുഭവങ്ങളും വിശേഷങ്ങളുമായി ലൈഫ് ഡേ -യ്ക്ക് ഒപ്പം ചേരുകയാണ്…

മാലിപ്പാറ ഗ്രാമത്തിന്റെ സുഗന്ധം പേറിയ ഷാജി സർ

കോതമംഗലത്തിനടുത്ത് മാലിപ്പാറ എന്ന ഗ്രാമത്തിൽ ഈട്ടിക്കാട്ടിൽ കൊച്ചുവർക്കി – അന്നക്കുട്ടി ദമ്പതികളുടെ മകനായി ജനിച്ച ഷാജി മാലിപ്പാറ ഇപ്പോൾ എറണാകുളം ആലുവയിലെ അശോകപുരത്താണ് താമസിക്കുന്നത്. ഒരു ഗ്രാമത്തിന്റെ പേരും പെരുമയും സ്വന്തം പേരിനോട് ചേർത്തുവച്ചു കൊണ്ട് മലയാളി കുരുന്നുകളുടെ ഹൃദയത്തിൽ ഇടംനേടിയ ഈ അദ്ധ്യാപകൻ ഏഴു സഹോദരിമാരുടെ പ്രിയപ്പെട്ട ആങ്ങളയാണ്. ഇതിൽ രണ്ടു സഹോദരിമാർ സന്യാസിനികളാണ്. ഭാര്യ മിനിക്കുട്ടി.

സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം കോതമംഗലം എംഎ കോളേജിൽ നിന്ന് ആരംഭിച്ച പ്രീഡിഗ്രി പഠനം പാതിവച്ചു നിർത്തി വഴക്കുളത്ത് ടിടിസി പഠിക്കുന്നതിനായി ചേർന്നു. അങ്ങനെയാണ് അദ്ധ്യാപനം എന്ന മഹത്തായ ധർമ്മത്തിലേയ്ക്കുള്ള തന്റെ യാത്ര ഷാജി സാർ ആരംഭിക്കുന്നത്.

അഞ്ചു വർഷത്തെ ഇടവേള എത്തിച്ചത് എഴുത്തിന്റെ മേഖലയിലേയ്ക്ക്

മാലിപ്പാറ ഒരു ചെറിയ ഗ്രാമമാണ്. ആ ഗ്രാമത്തിന്റെ പരിശുദ്ധിയും നന്മയും ഉള്ളിലേയ്ക്ക് സ്വീകരിച്ച ഷാജി സാറിന്റെ പിതാവ് കൊച്ചുവർക്കി തന്റെ ദാരിദ്ര്യത്തിനിടയിലും മക്കൾക്ക് ധാരാളം വായിക്കുന്നതിനുള്ള അവസരം ഒരുക്കിക്കൊടുത്തിരുന്നു. ഒരുപക്ഷേ, എഴുത്തിലേയ്ക്ക് തിരിയുന്നതിനു മുന്നോടിയായുള്ള ആശയങ്ങളുടെ സമാഹരണം അന്നുമുതലായിരിക്കാം തന്റെ ഉള്ളിൽ ആരംഭിച്ചതെന്ന് അദ്ദേഹം പറയുന്നു. ചെറുപ്പത്തിൽ, എഴുതുന്ന ശീലമുള്ള ആളൊന്നുമായിരുന്നില്ല അദ്ദേഹം. ഹൈസ്‌കൂളിൽ പഠിക്കുന്ന സമയത്താണ് മലയാളം ഭാഷ നന്നായി വഴങ്ങുമെന്ന് തിരിച്ചറിയുന്നത്. ആ തിരിച്ചറിവിന് കാരണക്കാരി ആയത് അന്നത്തെ മലയാളം അദ്ധ്യാപികയായിരുന്നു. ഒപ്പം എഴുതി തുടങ്ങിയ സമയങ്ങളിൽ എഴുത്തുകാരനും ചിത്രകാരനും ആയ വേണു മാലിപ്പാറ എന്ന ജ്യേഷ്ഠ സുഹൃത്ത് അദ്ദേഹത്തിന് എല്ലാ വിധ പ്രോത്സാഹനങ്ങളും നൽകിയിരുന്നു.

ടിടിസി പാസായത്തിനുശേഷം ഏകദേശം അഞ്ചു വർഷം കഴിഞ്ഞാണ് അദ്ദേഹം ജോലിക്കു കയറുന്നത്. ചുരുക്കത്തിൽ ആ അഞ്ചു വർഷമാണ് ഷാജി മാലിപ്പാറ എന്ന എഴുത്തുകാരനെ ഊർജ്ജ്വസ്വലനാക്കി മാറ്റിയത്. ഒരുപക്ഷേ, ആ ഇടവേള തന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ലായെങ്കിൽ ഇന്ന് താൻ അറിയപ്പെടുന്ന ഒരു എഴുത്തുകാരൻ എന്ന നിലയിലേയ്ക്ക് എത്തുകയില്ലായിരുന്നു എന്ന് അദ്ദേഹം ഓർക്കുന്നു. അങ്ങനെ പഠനത്തിനും ജോലിക്കുമിടയിൽ ദൈവം നൽകിയ ഒരു ഇടവേള, ആ ഇടവേളകളിൽ അദ്ദേഹം എഴുത്തിലേയ്ക്ക് തിരിഞ്ഞു.

ഇന്ന് എഴുപതോളം പുസ്തകങ്ങൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. അതിൽ 35-ഓളം പുസ്തകങ്ങൾ ബാലസാഹിത്യങ്ങളാണ്. പത്തോളം പുസ്തകങ്ങൾ പേരന്റിംങ്ങും ടീച്ചിംഗുമായി ബന്ധപ്പെട്ടവയും, പ്രസംഗപരിശീലനത്തിനായുള്ള അഞ്ചോളം പുസ്തകങ്ങളും ഇദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. ഇതു കൂടാതെ വിശുദ്ധരുടെയും മറ്റും ജീവചരിത്രങ്ങളും അദ്ദേഹത്തിന്റെ എഴുതിയ പുസ്തകവിഭാഗങ്ങളിൽ ഉൾപ്പെടുന്നു.

ബാലസാഹിത്യ കൃതികളിലൂടെ കുഞ്ഞുങ്ങളുടെ ഹൃദയം കവർന്ന അദ്ധ്യാപകൻ

1992-ലാണ് ഷാജി സർ തേവര സെന്റ് മേരീസ് സ്‌കൂൾ അദ്ധ്യാപകനായി എത്തുന്നത്. ഏതാണ്ട് ആ വർഷം തന്നെയാണ് സാറിന്റെ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കുന്നതും. അവിടെ നിന്നു തുടങ്ങിയ എഴുത്ത്, ഇന്ന് അനേകം ഹൃദയങ്ങളെ സ്വാധീനിച്ചിട്ടുണ്ട്, കൂടുതലും കുട്ടികളെ. ഒരു അദ്ധ്യാപകനായിരുന്നതിനാൽ തന്നെ ഷാജി സാർ കുട്ടികളോടൊപ്പമായിരുന്നു തന്റെ ജീവിതത്തിലെ ഏറിയപങ്കും ചെലവിട്ടത്. സ്‌കൂളിൽ ജോലി കിട്ടുന്നതിനു മുമ്പുതന്നെ മിഷൻ ലീഗ് സംഘടനയുമായി ചേർന്ന് കുട്ടികളുടെ ക്യാമ്പുകളും മറ്റും സംഘടിപ്പിക്കുകയും അവർക്കായി ക്ലാസുകൾ എടുക്കുവാൻ പോവുകയുമൊക്കെ ചെയ്തിരുന്നു. അന്ന് കുട്ടികളിലേയ്ക്ക് പെട്ടന്ന് ഇറങ്ങിച്ചെല്ലുവാൻ വേണ്ടി അവർക്കിഷ്ടമുള്ള  ബാലസാഹിത്യ കൃതികൾ ഏറെ വായിച്ചിരുന്നു. ആ വായനകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ബാലസാഹിത്യ കൃതികളിലേയ്ക്ക് ഷാജി സാർ തന്റെ ശ്രദ്ധ കൂടുതല്‍ തിരിക്കുന്നത്.

ഒപ്പം എൽ.പി. ക്ലാസുകളിലെ അദ്ധ്യാപനം ഒരു പരിധി വരെ ബാലസാഹിത്യത്തിലേയ്ക്ക് തിരിയാൻ കാരണമായെന്ന് അദ്ദേഹം ഓർക്കുന്നു. അന്നൊക്കെ കുട്ടികൾക്കായി ക്ലാസിലിരുന്നു തന്നെ പുതിയ കവിതകളെഴുതി അത് അവരെ വായിച്ചുകേൾപ്പിക്കുമായിരുന്നു. ഇത്തരം കവിതകൾ ബാലമാസികകളിലേയ്ക്ക് അയച്ചുകൊടുക്കുകയും അത് പ്രസിദ്ധീകരിച്ചുവരികയും ചെയ്തിരുന്നു. അവയ്ക്കു പ്രതിഫലമായി ലഭിക്കുന്ന ചെറിയ തുകയും, ആ തുകയില്‍ നിന്ന് ഒരു പങ്ക് എടുത്തു കുട്ടികൾക്കായി വാങ്ങിനൽകിയിരുന്ന മിഠായികളുമൊക്കെ ഈ അദ്ധ്യാപകന്റെ എഴുത്തിന്റെ ആദ്യകാലങ്ങളിലെ ഓർമ്മകളിൽ തിളങ്ങിനിൽക്കുന്നുണ്ട്.

വലിയ ഭാവനാപരമായ എഴുത്തുകളല്ല ഈ അദ്ധ്യാപകന്റേത്.  വളരെ ലളിതമായി, കുഞ്ഞുങ്ങൾക്ക് മനസിലാക്കാൻ കഴിയുന്ന കഥകളും നോവലുകളുമാണ് ഷാജി മാലിപ്പാറ എന്ന എഴുത്തുകാരനെ വ്യത്യസ്തനാക്കുന്നത്. പലപ്പോഴും ക്ലാസ് മുറികളും കുട്ടികളും താൻ ഇടപെടുന്ന ചുറ്റുപാടുകളിൽ സാക്ഷിയാകേണ്ടി വരുന്ന അനുഭവങ്ങളുമൊക്കെയാണ് അദ്ദേഹത്തിൻറെ കഥകൾക്ക് ആധാരം. തന്റെ അനുദിന ജീവിതവുമായി ബന്ധപ്പെട്ടുനിൽക്കുന്ന അനുഭവങ്ങളുടെ അവതരണമായതിനാൽ തന്നെയാണ് ബാലസാഹിത്യത്തിലേയ്ക്ക് കൂടുതൽ ശ്രദ്ധ ചെലുത്തുവാൻ കഴിഞ്ഞത് എന്ന് കുട്ടികളെ ഏറെ സ്നേഹിച്ച ഈ അദ്ധ്യാപകൻ പറഞ്ഞുവയ്ക്കുന്നു.

ബാലസാഹിത്യത്തിലൂടെ കുട്ടികളിലേയ്ക്ക്

അറിവിന്റെ ലോകത്തേയ്ക്ക് കുട്ടികളെ എത്തിക്കാനും അവരുടെ ഉള്ളിലെ കഴിവുകൾ വളർത്താനും പല മാർഗ്ഗങ്ങളെയും ഉപയോഗപ്പെടുത്തുന്നവരാണ് അദ്ധ്യാപകർ. ഈ അർത്ഥത്തിൽ ബാലസാഹിത്യ കൃതികളിലൂടെയും കുട്ടികളുമായി ബന്ധപ്പെട്ട പുസ്തകങ്ങളിലൂടെയും ധാരാളം കുട്ടികളിലേയ്ക്കെത്തുവാൻ ഈ അദ്ധ്യാപകനു കഴിഞ്ഞു.

‘പ്രസംഗകല കുട്ടികൾക്ക്’ എന്ന പേരിൽ എച്ച്  ആൻഡ് സി പ്രസിദ്ധീകരിച്ചിരുന്ന ഒരു പുസ്തകമുണ്ട്. ഒരുകാലത്ത് നന്നായി വിറ്റഴിക്കപ്പെട്ട പുസ്‌തകം. അൻപതു കുട്ടികളുള്ള ഒരു ഗ്രൂപ്പിൽ ഷാജി സാർ ക്ലാസ് എടുക്കാൻ ചെന്നാൽ അതിൽ ഒരു കുട്ടിക്കെങ്കിലും ഈ പുസ്തകം സ്വന്തമായി ഉണ്ടായിരിക്കും. ഇന്ന് ഈ 2020-ലും എത്തുന്ന ഫോണ്‍ കോളുകളില്‍ പലതും, ആ പുസ്തകം ഉപകാരപ്പെട്ടു എന്ന് പറഞ്ഞുകൊണ്ടാണ്. അത്രയധികം കുട്ടികളിൽ സ്വാധീനം ചെലുത്തുവാൻ ഈ അദ്ധ്യാപകന് തന്റെ പുസ്തകങ്ങളിലൂടെ കഴിഞ്ഞിരുന്നു.

തന്റെ ബാലസാഹിത്യ കൃതികളിൽ പലതും കുട്ടികളെക്കാൾ ഏറെ മാതാപിതാക്കളെയാണ് സ്വാധീനിച്ചിരിക്കുന്നത്. കാരണം, കഥകൾ വായിക്കുന്ന കുട്ടികൾ അത് എഴുതിയ ആളെ ശ്രദ്ധിക്കുന്നില്ല എങ്കിൽ കൂടി അവരെ പരിശീലിപ്പിക്കുന്ന മാതാപിതാക്കൾ ആ പുസ്തകത്തിന്റെ എഴുത്തുകാരനെ ശ്രദ്ധിക്കും. അതിനാൽ തന്നെ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും സ്വാധീനിക്കുവാൻ എഴുത്തുകാരൻ എന്ന നിലയിൽ ഷാജി മാലിപ്പാറയ്ക്കു കഴിഞ്ഞു. ഒപ്പംതന്നെ കഥകളിലൂടെയും മറ്റും ഏതു പ്രായത്തിലുള്ള കുട്ടികളെയും നിഷ്പ്രയാസം കൈകാര്യം ചെയ്യുവാൻ അദ്ദേഹത്തിനു കഴിയുന്നു.

ഷാജി സാറിന്റെ ക്ലാസുകളിൽ കഥകൾ മാത്രമേയുള്ളൂ എന്ന് കരുതരുത്. കഥകൾക്കും കവിതകൾക്കുമൊപ്പം ആക്ടിവിറ്റികൾ കൂടെ ചേർന്നതാണ് സാറിന്റെ ക്ലാസുകൾ. മൂല്യങ്ങൾ പകർന്നുകൊടുക്കുന്നതിനു സഹായകമാകുന്ന കളികളും പ്രവർത്തനങ്ങളും സാറിന്റെ ക്ലാസുകളുടെ പ്രത്യേകതയാണ്. ഇനി മുതിർന്നവർക്കുള്ള ക്ലാസുകൾ ആയാൽ തന്നെയും അവിടെയും കാണും ആക്ടിവിറ്റികൾ.

ഷാജി സാറിന്റെ ക്ലാസുകളെയും കൃതികളെയും കുറിച്ച് പൊതുവെ പറഞ്ഞുകേൾക്കുന്ന ഒരു അഭിപ്രായമാണ് അതിലളിതമായി പോകുന്നു എന്നത്. അതിനു കാരണമായി ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് കുട്ടികളോടെന്നപോലെ സംസാരിച്ചാൽ അത് കുട്ടികൾക്കും മുതിർന്നവർക്കും മനസിലാകും. എന്നാൽ മുതിർന്നവരോടെന്നപോലെ സംസാരിച്ചാല്‍ കുട്ടികൾക്ക് അത് മനസിലാകില്ല. തന്നെയുമല്ല പലപ്പോഴും അത് മുതിർന്നവർക്കും മനസിലാവാറില്ല എന്ന തത്വമാണ്. ഈ ഒരു കാരണത്താൽ തന്നെ തന്റെ എഴുത്തുകളും ക്ലാസുകളുമെല്ലാം ഏറ്റവും ലളിതമായിരിക്കുവാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

27 വർഷത്തെ അദ്ധ്യാപനജീവിതം പകർന്ന കരുത്ത്

കഴിഞ്ഞ 27 വർഷത്തെ അദ്ധ്യാപനത്തിലൂടെ വലിയ ഒരു ശിഷ്യഗണത്തിന്റെയും അതിലുപരി അവരുടെ മാതാപിതാക്കളുടെയും സ്നേഹം അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് ഷാജി മാലിപ്പാറ സാർ. താൻ പഠിപ്പിച്ച വിദ്യാർത്ഥികളുടെ മക്കളെയും പഠിപ്പിക്കാൻ കഴിയുക എന്ന അപൂർവ്വഭാഗ്യം പലപ്പോഴും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. വിദ്യാർത്ഥികളും സ്‌കൂളുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ജീവിതത്തിൽ എപ്പോഴും സംതൃപ്തി മാത്രം.

ഈ കഴിഞ്ഞ കാലമത്രയും പഠനത്തോടൊപ്പം തന്നെ കുട്ടികളിലെ വായനാശീലം വളർത്തുവാനും തന്നാലാകുംവിധം ഈ അദ്ധ്യാപകൻ ശ്രമിച്ചിരുന്നു. വായിക്കുന്നതിനായി അവസരങ്ങള്‍ ഒരുക്കുകയും സമ്മാനങ്ങളായി പുസ്തകം നൽകുകയും ചെയ്യുന്നതിലൂടെ ഒരുപരിധി വരെ കുട്ടികളിൽ വായനാശീലം വളർത്തുവാൻ കഴിഞ്ഞിരുന്നു. “ഒരുകാലത്ത് എന്റെ ശിഷ്യഗണത്തിൽ പലരുടെയും വീടുകളിൽ ഹോം ലൈബ്രറികൾ ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് പഴയതുപോലെ കുട്ടികളിലെ വായനാശീലം വളർത്തുവാനായി ഉള്ള ശ്രമങ്ങൾ ഫലവത്താകുന്നില്ല എന്ന സങ്കടം ഉണ്ട്” – അദ്ദേഹം വെളിപ്പെടുത്തി.

സ്‌കൂളിനൊപ്പം വളർന്ന അധ്യാപകൻ

1992 – ലാണ് തേവര സെന്റ് മേരീസ് യു.പി. സ്കൂളിലെ അദ്ധ്യാപകനായി അദ്ദേഹം ചേരുന്നത്. അന്നു മുതൽ ഇന്നു വരെ ഇടയ്ക്ക് ഒരു ചെറിയ ഇടവേള ഒഴിച്ചാൽ ഈ സ്‌കൂളിന്റെ വളർച്ചയ്ക്കൊപ്പം ഈ അദ്ധ്യാപകനും ഉണ്ടായിരുന്നു. കാരണം, സാർ ഈ സ്‌കൂളിൽ ജോലിക്ക് ചേർന്ന ആ മാസം തന്നെയാണ് തേവര സെന്റ് മേരീസ് എൽപി സ്കൂൾ യുപി സ്കൂൾ ആയി മാറുന്നത്. വൈവിധ്യമേറിയ പ്രവർത്തനങ്ങളാൽ പേരുകേട്ട ഈ സ്‌കൂളിൽ ഇന്നും കുട്ടികൾക്ക് കുറവൊന്നും വന്നിട്ടില്ല എന്നത് ഈ സ്‌കൂളിന്റെ പ്രവർത്തനമികവിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. ഇവിടെ മലയാളം അദ്ധ്യാപകനാണ് ഷാജി സാർ. സിഎംഐ വൈദികരുടെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന ഈ സ്‌കൂൾ ഒരുപറ്റം മികച്ച അദ്ധ്യാപകരാൽ സമ്പന്നമാണ്.

‘ആകാശവിസ്മയം’ തീർത്ത എഴുപതാം പുസ്‌തകം

വർക്കലയിലെ കലാപൂർണ്ണ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ‘ആകാശവിസ്മയം’ എന്ന പുസ്തകമാണ് ഷാജി സാറിന്റേതായി പുറത്തിറങ്ങിയ എഴുപതാമത്തെ പുസ്തകം. അതും ഒരു ബാലസാഹിത്യ കൃതി തന്നെ. പതിനാലു കഥകൾ അടങ്ങിയ ആ പുസ്തകത്തിന്റെ പേര് തന്നെ സാർ സ്വീകരിച്ചത് തന്റെ ക്ലാസ് മുറിയിൽ നിന്നുമാണ്. നാലാം ക്ലാസുകാരനായ ഒരു വിദ്യാർത്ഥിയിൽ നിന്നും അദ്ധ്യാപകർക്ക് ലഭിച്ച കരുതലിന്റെ വിസ്‌മയം. അതിൽ നിന്നുമാണ് ആകാശവിസ്മയം എന്ന പേര് തന്നെ വന്നത് – ഷാജി സാർ വെളിപ്പെടുത്തി.

1992-ൽ പല മാസികകളിൽ വന്ന ലേഖനങ്ങൾ ചേർത്തുവച്ചു തയ്യാറാക്കിയ ‘വസന്തപുഷ്പങ്ങൾ’ എന്ന ആദ്യപുസ്തകത്തിൽ നിന്നും ഇന്ന് എഴുപതാമത്തെ പുസ്തകത്തിൽ എത്തിനിൽക്കുമ്പോൾ ഞാൻ വലിയ എഴുത്തുകാരനൊന്നുമല്ല എന്ന വിനീതഭാവമാണ് അദ്ദേഹത്തിന്റെ മുഖത്ത് തെളിയുന്നത്. വലിയ പ്രതിഭ ഒന്നും അല്ലെങ്കിലും തനിക്കു ചെയ്യാൻ കഴിയുന്ന ചെറിയ കാര്യങ്ങൾ ഒരുപാടുണ്ട് എന്ന് വിശ്വസിക്കുന്ന ഈ അദ്ധ്യാപകൻ, തന്റെ എഴുത്തും എഴുപതാമത്തെ പുസ്തകത്തിൽ നിർത്തുന്നില്ല.

വിശ്വാസസത്യങ്ങളെ ലളിതമായി അവതരിപ്പിക്കുന്ന മതാദ്ധ്യാപകൻ

ജന്മനാടായ മാലിപ്പാറയിലെ സെന്റ് മേരീസ് ഇടവകയിൽ ഒൻപതു വർഷവും തുടർന്ന് അശോകപുരത്തെ സെന്റ് സെബാസ്ററ്യൻസ് ഇടവകയിൽ 21 വർഷവും വേദോപദേശം പഠിപ്പിച്ചിട്ടുണ്ട് ഷാജിസാര്‍. മുപ്പതു വർഷങ്ങള്‍ സൺ‌ഡേ സ്‌കൂളിൽ നിറസാന്നിധ്യമായി നിന്നിരുന്ന വ്യക്തി! ട്രാൻസ്ഫർ ആയി പോകുന്ന അച്ചന്മാരെപ്പോലെ ഇടവകയുടെ ആദരവും നേടിക്കൊണ്ടാണ് മാലിപ്പാറ ഇടവകയിൽ നിന്നു സൺഡേ സ്‌കൂൾ അദ്ധ്യാപകനായ അദ്ദേഹം അശോകപുരത്തേയ്ക്ക് എത്തുന്നത്; അതും ചെറുപ്രായത്തിൽ. വൈകാതെ തന്നെ അശോകപുരത്തും കുഞ്ഞുങ്ങളുടെ വിശ്വാസപരിശീലനത്തിൽ ഭാഗഭാക്കാകുവാൻ അദ്ദേഹത്തിനു കഴിഞ്ഞു.

ഏതാണ്ട് രണ്ടു വർഷം മുമ്പാണ് സൺ‌ഡേ സ്‌കൂളിലെ അധ്യാപനം അദ്ദേഹം നിർത്തിയത്. അതിനു കാരണം മതാദ്ധ്യാപകർക്കായുള്ള പരിശീലനത്തിനായി പല സ്ഥലങ്ങളിൽ യാത്ര ചെയ്യേണ്ടിവരുന്നു എന്നതുതന്നെ. സീറോ മലബാർ സഭയുടെ മതബോധന പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്ന സമിതിയിലേയ്ക്ക് റവ. ഡോ. ജോസ് പുതിയേടത്തിന്റെ ക്ഷണപ്രകാരം ഷാജി സാറും എത്തി. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പരിഷ്കരിക്കാൻ നിയുക്തരായ ആദ്യ മൂന്നു പേരിൽ ഒരാൾ ഷാജി സാറായിരുന്നു. വിവിധ രൂപതകൾ തിരിച്ചുള്ള ജോലിയായിരുന്നു എങ്കിലും ഒന്ന് മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ പരിഷ്ക്കരിച്ച പാഠപുസ്തകങ്ങൾക്കു പിന്നിൽ നലം തികഞ്ഞ ഈ അദ്ധ്യാപകന്റെ അശ്രാന്തപരിശ്രമം ഉണ്ടായിരുന്നു. ഇതുകൂടാതെ അദ്ധ്യാപകർക്കുള്ള പരിശീലനം, ഹാൻഡ് ബുക്കുകളുടെ നിർമ്മാണം തുടങ്ങിയവയിലും ഈ മാലിപ്പാറക്കാരന്റെ നേതൃത്വം ഉണ്ടായിരുന്നു.

2003 തുടങ്ങി ഏറ്റവും കൂടുതൽ സമയം ഷാജി സാർ ചെലവഴിച്ചത് സൺഡേസ്കൂൾ അദ്ധ്യാപകരുടെ പരിശീലനത്തിനായിരുന്നു. “പ്രവർത്തനങ്ങളിലൂടെയുള്ള ഒരു വിശ്വാസപരിശീലനം. അതായിരുന്നു ഞാൻ മുന്നോട്ട് വച്ചത്. ആ വിധത്തിൽ തന്നെയാണ് അദ്ധ്യാപകർക്കും പരിശീലനം നൽകിയത്. അത് വിജയകരമാകുകയും ചെയ്തു” – ഷാജി സാർ വെളിപ്പെടുത്തുന്നു. ഇതുകൂടാതെ എറണാകുളം – അങ്കമാലി അതിരൂപതയിൽ ആദ്യകുർബാന സ്വീകരണത്തിനൊരുങ്ങുന്ന കുട്ടികൾക്കായുള്ള പുസ്തകം തയ്യാറാക്കിയതും ഈ അദ്ധ്യാപകൻ തന്നെ.

മിഷൻ ലീഗ് സംഘടനയിലൂടെ നേടിയ അനുഭവസമ്പത്ത്

പുസ്‌തകം എഴുത്തും ക്ലാസുകളും ആക്ടിവിറ്റികളും ഒക്കെയായി ഷാജി സാർ തകർക്കുമ്പോൾ എന്നും ഓർമ്മയിൽ പ്രചോദനമായി നിൽക്കുന്നത് മിഷൻ ലീഗ് സംഘടനയുടെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ തന്നെ. ആറാം ക്ലാസിൽ പഠിക്കുമ്പോൾ മിഷൻ ലീഗിൽ അംഗമായ വ്യക്തിയാണ് ഷാജി സാർ. അദ്ദേഹത്തിൻറെ വിശ്വാസബോധ്യങ്ങളിൽ വലിയ സ്വാധീനം ചെലുത്തുവാൻ ഈ സംഘടനയ്ക്ക് കഴിഞ്ഞു. ഭാരവാഹിയൊന്നും ആയിരുന്നില്ല എങ്കിലും മിഷൻ ലീഗ് ക്യാമ്പുകളിലും സെമിനാറുകളിലും സ്ഥിരമായി പങ്കെടുത്തിരുന്നു. അന്ന് കോതമംഗലം രൂപതയുടെ ബുള്ളറ്റിൻ ആയിരുന്ന ‘മിഷൻ’ എന്ന പ്രസിദ്ധീകരണം റവ. ഫാ. പയസ് മലേക്കണ്ടം ബാലമാസികയാക്കി മാറ്റി. 1990 – 1997 വരെയുള്ള കാലയളവിൽ ആ ബാലമാസികയുടെ എഡിറ്റർ ഇൻ ചാർജ്ജ് ആയിരുന്നു ഷാജി മാലിപ്പാറ.  ഇന്നും ചെറുസൂനം എന്ന പേരിൽ ആ മാസിക പ്രവർത്തിക്കുന്നു.

ഈ മാസികയുടെ കീഴിൽ നിരവധി ക്യാമ്പുകളും മറ്റും നടത്തിയിരുന്നു. ഈ ക്യാമ്പുകളാണ് നിരവധി സാഹിത്യകാരന്മാരുമായി ബന്ധപ്പെടുവാനും ബാലസാഹിത്യവുമായി കൂടുതൽ അടുക്കുവാനും ഷാജി മാലിപ്പാറയെ സഹായിച്ചത്. കൂടാതെ, ക്യാമ്പുകളുടെ ആകർഷണം എന്നത് അത് ആക്ടിവിറ്റികളിൽ അധിഷ്ഠിതമായിരുന്നു എന്നതാണ്. ഒരുപക്ഷേ, ഡിപിഇപി പാഠ്യപദ്ധതി നിലവിൽ വരുന്ന സമയം, തങ്ങൾക്കു അതൊരു പുതുമ അല്ലാതെ തോന്നിയത് ആക്ടിവിറ്റികളിലൂടെയുള്ള പരിശീലനം നൽകിയിരുന്ന മിഷൻ ലീഗ് ക്യാമ്പുകൾ നൽകിയ പിൻബലമായിരുന്നു എന്ന് ഷാജി സാർ ഓർക്കുന്നു.  ഇന്ന് ഈ ലോക്ക് ഡൗൺ കാലത്തും ഷാജി മാലിപ്പാറ തന്റെ അടുത്ത പുസ്തകത്തിന്റെ തിരക്കിലാണ്. കോതമംഗലം രൂപതയലിലെ മിഷലീഗ് പ്രവർത്തനത്തിലെ നിറസാന്നിധ്യമായിരുന്ന മത്തച്ചൻ പുരയ്ക്കലിന്റെ മിഷന്‍ ലീഗ് അനുഭവങ്ങളുമായി ബന്ധപ്പെട്ട പുസ്തകം അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കി പ്രസിദ്ധീകരണത്തിനു ഒരുങ്ങുകയാണ്.

തന്റെ പ്രവർത്തന മേഖലയിലെ മികവിന്റെ അടിസ്ഥാനത്തിൽ നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. മേരിവിജയം യുവ സാഹിത്യ അവാർഡ്, കെസിബിസിയുടെ മതാദ്ധ്യാപക അവാർഡ്, സത്യദീപം നവതി മാധ്യമ പുരസ്കാരം, വിദ്യാരംഗം അദ്ധ്യാപക സാഹിത്യമത്സര പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

അദ്ധ്യാപനം, അതൊരു കലയാണ്. ജീവിതത്തിൽ നിഷ്കളങ്കരായ കുഞ്ഞുങ്ങൾക്കൊപ്പം ചിലവിടാൻ കിട്ടുന്ന അപൂർവ്വസൗഭാഗ്യം. കുഞ്ഞുങ്ങളോടൊത്തുള്ള തന്റെ ജീവിതം ഒരു അനുഗ്രഹമാണെന്നു കരുതുകയാണ് ഈ അദ്ധ്യാപകനും. തന്റെ അദ്ധ്യാപനജീവിതത്തിൽ അദ്ദേഹം മാതൃകയായി സ്വീകരിച്ചിരിക്കുന്നത് വി. ഡോൺ ബോസ്‌കോയെ ആണ്. വികൃതികളായ കുട്ടികളെ കഥയിലൂടെയും കളികളിലൂടെയും   അനുനയിപ്പിച്ച അദ്ധ്യാപകൻ. അതിലുപരി ചെറിയ ചെറിയ പ്രവർത്തനങ്ങളിലൂടെ കുഞ്ഞുങ്ങളുടെ സൗഹൃദത്തിനു ഉടമയായ, മൂല്യങ്ങൾ പകർന്ന വിശുദ്ധൻ. ഈ വിശുദ്ധൻ തന്നെയാണ് ഷാജി മാലിപ്പാറ എന്ന അദ്ധ്യാപകന്റെ മാതൃക.

അരമണിക്കൂറിലധികം നീണ്ട സംസാരം. അതിനിടയിൽ കൊച്ചുകുട്ടികൾക്കുപോലും മനസ്സിലാകുന്ന വിധത്തിൽ ലളിതമായി തന്റെ ജീവിതാനുഭവങ്ങൾ ഷാജി സാർ പങ്കുവച്ചു. കൃത്യവും വ്യക്തവുമായ ഉത്തരങ്ങൾ. അതെ ഷാജി സാർ സിംപിളാണ്. അദ്ദേഹത്തിൻറെ എഴുത്തും അദ്ധ്യാപനവും അതിലുപരി ജീവിതവും.

മരിയ ജോസ്

2 COMMENTS

  1. ഷാജി മാലിപ്പാറ സാർ ഒരു അതുല്യ പ്രതിഭ തന്നെ. ഒരു നല്ല അധ്യാപകനായും, എഴുത്തുകാരനായും, കുഞ്ഞുങ്ങളുടെ കൂട്ടുകാരനായും തന്റെ കഴിവ് തെളിയിച്ച സാറിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ഇനിയും അനേകം ജീവിതങ്ങളെ സ്പർശിക്കാൻ കൃപയും….

    • നന്നായിരിക്കുന്നു. ദൈവം സാറിനെയും കുടുബത്തെയും അനുഗ്രഹിക്കട്ടെ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.