ക്രൂശിലെ യേശുവിന്റെ ഏഴു തിരുമൊഴികള്‍

യഹൂദന്മാര്‍ യേശുവിനെ രണ്ട് കള്ളന്മാരോടൊപ്പം ക്രൂശില്‍ തറച്ചു. യേശുവിനെ ക്രൂശില്‍ തറച്ചതു മുതല്‍ മരണസമയം വരെയുള്ള മൂന്നു മണിക്കൂര്‍ സമയം യേശു പറഞ്ഞ വാക്കുകളെയാണ് ക്രൂശിലെ ഏഴു മൊഴികള്‍ എന്ന് പറയുന്നത്. യേശുവിന്റെ അവസാന വാക്കുകള്‍, യേശുവിന്റെ ഏഴു മരണമൊഴികള്‍ എന്നൊക്കെ ഈ വാക്യങ്ങള്‍ അറിയപ്പെടൂന്നുണ്ട്. ക്രൂശിലെ മൊഴികള്‍ ഇവയാണ്.

1. ‘പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് അറിയാത്തതുകൊണ്ട് ഇവരോട് ക്ഷമിക്കണമേ’ (ലൂക്കാ 23:34).

ഈശോയുടെ ക്ഷമിക്കുന്ന സ്‌നേഹത്തെ വെളിപ്പെടുത്തുന്നു.

2. ‘ഇന്ന് നീ എന്നോടുകൂടെ പറുദീസയില്‍ ഇരിക്കുമെന്ന് സത്യമായി നിന്നോടു പറയുന്നു’ (ലൂക്കാ 23:43).

യേശുവിന്റെ വാഗ്ദാനത്തെ വ്യക്തമാക്കുന്നു.

3. ‘സ്ത്രീയേ, ഇതാ നിന്റെ മകന്‍’ (അമ്മയോട്), ‘ഇതാ നിന്റെ അമ്മ’ (ശിഷ്യനോട്) (യോഹ. 9:26,27).

താന്‍ ഏറെ സ്‌നേഹിച്ച തന്റെ അമ്മയെ മനുഷ്യകുലത്തിന് മാതാവായി നല്‍കുന്നു.

4. ‘എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്?’ (മത്തായി 27:46; മാര്‍ക്കോ. 15:34; സങ്കീ. 22:1).

കഷ്ടതകള്‍ നീങ്ങിപ്പോകാന്‍ പ്രാര്‍ത്ഥിക്കുന്ന യേശു.

5. ‘എനിക്ക് ദാഹിക്കുന്നു’ (യോഹ. 19:28).

മനുഷ്യത്വത്തെ വ്യക്തമാക്കുന്നു.

6. നിവൃത്തിയായി (യോഹ. 9:30).

തന്നെത്തന്നെ ദൈവഹിതത്തിന് സമര്‍പ്പിക്കുന്നു.

7. ‘പിതാവേ ഞാന്‍ എന്റെ ആത്മാവിനെ തൃക്കയ്യില്‍ ഏല്‍പ്പിക്കുന്നു’ (ലൂക്കാ 23:46).

ലോകപാപങ്ങള്‍ക്ക് പരിഹാരബലിയായി മാറുന്നു.

ഇതിലെ ഒന്നാമത്തയും നാലാമത്തെയും ഏഴാമത്തയും വാക്കുകള്‍ ദൈവത്തോടുള്ള സംസാരമാണ്. രണ്ടാമത്തെ വാക്കുകള്‍ തന്നോടൊപ്പം ക്രൂശിക്കപ്പെട്ട ഒരു കള്ളനോടാണ് (വലതുവശത്തുള്ള കള്ളനോട് എന്ന് വിശ്വസിക്കുന്നു). മൂന്നാമത്തെ വാക്ക് തന്റെ അമ്മയോടൂം തന്റെ ശിഷ്യനായ യോഹന്നാനോടും പറയുന്നു. അഞ്ചാമത്തെ വാക്ക് ക്രൂശിനു ചുറ്റുംനില്‍ക്കുന്നവരോടു പറയുന്നു. ആറാമത്തെ വാക്ക് സ്വയം പറയുന്നതാണ്.