ഉത്ഥിതനെ തേടി – 38 – കേൾവി

നമ്മെയൊക്കെ വിധിക്കുന്ന ചില ആലോചനാസംഘങ്ങൾ ഉണ്ടാകും. അല്ലെങ്കിൽ മറ്റുള്ളവരെ വിധിക്കുന്ന ചില ആലോചനാസംഘങ്ങളിൽ നാമും ഉണ്ടാകും. ഈശോയെ പിടിച്ചുകൊണ്ടു വരാൻ ഫരിസേയർ അയച്ച സേവകന്മാർ ഈശോയെ പിടിക്കാതെ തിരിച്ചുചെന്നപ്പോൾ കാരണം അന്വേഷിച്ച ഫരിസേയരോട് നിക്കോദേമോസ് ചോദിക്കുന്ന ഒരു ചോദ്യം വളരെ പ്രധാനപ്പെട്ടതാണ്. “ഒരുവന് പറയാനുള്ളത്‌ ആദ്യം കേള്‍ക്കാതെയും അവനെന്താണ് ചെയ്യുന്നതെന്ന്‌ അറിയാതെയും അവനെ വിധിക്കാന്‍ നമ്മുടെ നിയമം അനുവദിക്കുന്നുണ്ടോ?” (യോഹ. 7:51).

വ്യക്തിപരമായി ചോദിക്കേണ്ട ഒരു ചോദ്യം തന്നെയാണിത്. കേട്ടറിവിൽ നിന്നും പാതി അറിവിൽ നിന്നുമുള്ള നമ്മുടെ പല വിധികളും വിലയിരുത്തലുകളും ശരിയാവണമെന്നില്ല. എവിടെ വിലയിരുത്തലുകളും വിധികളും തെറ്റാകുന്നുവോ അവിടെ സ്നേഹത്തിനും സന്തോഷത്തിനും പങ്കുവയ്ക്കലിനും കുറവ് വരുന്നു. തുറവി ഇല്ലാതാകുന്നു. തെറ്റിദ്ധാരണകളും അകൽച്ചയും വർദ്ധിക്കുന്നു.

നീതിയെ സ്നേഹിക്കുന്നവരെ സന്തോഷത്തിന്റെ തൈലം കൊണ്ട് അഭിഷേകം ചെയ്യുന്ന ഈശോ നമ്മെ വിളിച്ചിരിക്കുന്നത് പാതികേട്ട്, ആ കേൾവിയുടെ വെളിച്ചത്തിൽ വിധിച്ച് സ്നേഹിതരെ അകറ്റാനല്ല. മറിച്ച്, പറയാനാഗ്രഹിക്കുന്നത് പൂർണ്ണമായും കേട്ടുകൊണ്ട് അടുപ്പം കൂട്ടാനാണ്. പൂർണ്ണമായ കേൾവിക്കും മനസിലാക്കലിനും ശേഷമാകട്ടെ നമ്മുടെ ഓരോ വിധികളും വിലയിരുത്തലുകളും. അല്ലാത്തപക്ഷം നമ്മുടെ വിധികളെല്ലാം അപൂർണ്ണമായിരിക്കും അതിലുപരി അനീതി നിറഞ്ഞതും.

പ്രാർത്ഥിക്കാം

ഈശോയെ, വിനയത്തിന്റെ മാതൃക ഞങ്ങൾക്ക് സ്വജീവിതത്തിലൂടെ കാണിച്ചുതന്ന അങ്ങ് എളിമയിലും വിനയത്തിലും നീതിയിലും എന്നെ വളർത്തേണമേ. തെറ്റിദ്ധാരണയുടെ പേരിൽ, മനസിലാക്കാൻ പറ്റാതെ പോയതിന്റെ പേരിൽ, ഞാൻ പലരെയും തെറ്റായി വിധിച്ചിട്ടുണ്ട്. എന്നോട് പൊറുക്കണമേ. അർഹിക്കുന്നതു മാത്രം ആഗ്രഹിക്കുവാൻ മനസിനെയും ഹൃദയത്തെയും പാകപ്പെടുത്തണമേ. നിരാശപ്പെടാതെ, കുറ്റപ്പെടുത്തി സംസാരിക്കാതെ, പരാതിയും പരിഭവവും മാത്രം പറയുന്നവരാകാതെ, എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിച്ചുകൊണ്ട് സന്തോഷത്തിൽ ജീവിക്കുവാൻ അനുഗ്രഹിക്കേണമേ ആമ്മേൻ.

നിയോഗം

മുൻവിധികൾ മൂലം നിരാശയിൽ കഴിയുന്ന എല്ലാവർക്കും വേണ്ടി.

കരുണകൊന്ത

നിത്യപിതാവേ, എന്റെയും ലോകം മുഴുവന്റെയും പാപങ്ങൾക്ക് പരിഹാരമായി അങ്ങയുടെ വത്സലപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.

ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെക്കുറിച്ച്. പിതാവേ, തെറ്റായ വിധികൾ മൂലം അകൽച്ച പാലിക്കുന്ന എല്ലാവരുടെയും മേൽ കരുണയായിരിക്കേണമേ. (10 പ്രാവശ്യം)

പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ, എന്റെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ. (3 പ്രാവശ്യം)

വചനം

ഒരുവന് പറയാനുള്ളത്‌ ആദ്യം കേള്‍ക്കാതെയും അവനെന്താണ് ചെയ്യുന്നതെന്ന്‌ അറിയാതെയും അവനെ വിധിക്കാന്‍ നമ്മുടെ നിയമം അനുവദിക്കുന്നുണ്ടോ? (യോഹ. 7:51).

അനുദിനജപം

കര്‍ത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.

ദൈവം അനുഗ്രഹിക്കട്ടെ. ശുഭദിനം നേരുന്നു