ഉത്ഥിതനെ തേടി – 17 – അതിജീവനം

അതിജീവിക്കാനുള്ള കരുത്ത് നൽകുന്നത് തമ്പുരാനാണ് (1 കോറി. 10:13); അത് ലഭിക്കുന്നതാകട്ടെ പ്രാർത്ഥനയിലൂടെയും (ലൂക്കാ 21:36). പ്രാർത്ഥനയിൽ സ്ഥിരതയോടെ ഇരുന്ന് ശരീരത്തിന്റെ പ്രവണതകളെ ആത്മാവിന്റെ ശക്തിയാൽ നിഹനിക്കേണ്ട കാലമാണ് നോമ്പുകാലം.

ജീവിതവഴികളിൽ നന്മയിൽ നിന്നും വ്യതിചലിക്കാനുള്ള മോഹമുണ്ടാകുമ്പോൾ പ്രാർത്ഥനയിൽ അഭയം പ്രാപിക്കുക. കാരണം, ശക്തി തരേണ്ടത് തമ്പുരാനാണ്. ജീവിതത്തിലെ പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിക്കാനുള്ള കരുത്ത് തരുന്ന തമ്പുരാനിൽ കൂടുതൽ ആശ്രയിച്ചു ജീവിക്കാൻ പരിശ്രമിക്കാം.

പ്രാർത്ഥിക്കാം

ഈശോയെ, തിന്മയെ നന്മ കൊണ്ട് വിജയിക്കാനും നന്മയിൽ വളരുവാനും എന്നെ സഹായിക്കണമേ. ജീവിതപ്രതിസന്ധികളെ തരണം ചെയ്യാൻ നിന്റെ വചനം എനിക്ക് കരുത്ത് പകരട്ടെ. ആമ്മേൻ.

നിയോഗം

ജീവിതത്തിൽ കഷ്ടപ്പാടുകൾ സഹിക്കുന്ന എല്ലാവർക്കും വേണ്ടി.

കരുണകൊന്ത

നിത്യപിതാവേ, എന്റെയും ലോകം മുഴുവന്റെയും പാപങ്ങൾക്ക് പരിഹാരമായി അങ്ങയുടെ വത്സലപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.

ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെക്കുറിച്ച്, പിതാവേ, കഷ്ടപ്പാടുകൾ സഹിക്കുന്ന എല്ലാവരുടെ മേലും കരുണയായിരിക്കേണമേ. (10 പ്രാവശ്യം)

പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ, എന്റെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ. (3 പ്രാവശ്യം)

വചനം

മനുഷ്യസാധാരണമല്ലാത്ത ഒരു പ്രലോഭനവും നിങ്ങള്‍ക്ക് നേരിട്ടിട്ടില്ല. ദൈവം വിശ്വസ്‌തനാണ്‌. നിങ്ങളുടെ ശക്‌തിക്കതീതമായ പ്രലോഭനങ്ങള്‍ ഉണ്ടാകാന്‍ അവിടുന്ന്‌ അനുവദിക്കുകയില്ല. പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ അതിജീവിക്കാന്‍ വേണ്ട ശക്‌തി അവിടുന്ന്‌ നിങ്ങള്‍ക്കു നല്‍കും (1 കോറി. 10:13).

അനുദിനജപം

കര്‍ത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.

ദൈവം അനുഗ്രഹിക്കട്ടെ. ശുഭദിനം നേരുന്നു