ഉത്ഥിതനെ തേടി – 13 – കല്ലേറ്

സഭയിലെ ആദ്യരക്തസാക്ഷി ആയിരുന്നു വിശുദ്ധ സ്തെഫാനോസ്. കർത്താവിനു സാക്ഷ്യം വഹിച്ചതിന്റെ പേരിൽ, അവന്റെ വചനം പ്രഘോഷിച്ചതിന്റെ പേരിൽ ആൾക്കൂട്ടം കല്ലെറിഞ്ഞു കൊന്ന വിശുദ്ധ സ്തെഫാനോസിനെക്കുറിച്ച് നടപടി പുസ്തകത്തിൽ നാം വായിച്ചുകേൾക്കുന്നുണ്ട്.

നമ്മുടെ കൊച്ചുകേരളത്തിൽ ഈ നാളുകളിൽ ദാരുണമായ കൊലപാതകങ്ങൾ കൂടിവരികയാണ്. രാഷ്ട്രീയ കൊലപാതകങ്ങളും ആൾക്കൂട്ട കൊലപാതകങ്ങളും മറ്റും അനുദിനം നമ്മുടെ നാടിനെ ഭീതിയിലാഴ്ത്തുകയാണ്. ജീവൻ ദൈവത്തിന്റെ ദാനമാണ്. ജീവൻ തന്നവനു മാത്രമെ എടുക്കാൻ അവകാശം ഉള്ളൂ. എന്റെയും എന്റെ സഹോദരന്റെയും ജീവനും ചോരയും ഒന്നാണെന്ന വലിയ സത്യം മറന്നുകൊണ്ട് ജാതിയുടെയും, മതത്തിന്റെയും, വർണ്ണത്തിന്റെയും, വർഗ്ഗത്തിന്റെയും, വിശ്വസിക്കുന്ന പാർട്ടിയുടെയും, കൊടിയുടെ നിറത്തിന്റെയും പേരിൽ ആളുകളെ വേർതിരിച്ചു കാണാൻ തുടങ്ങിയാൽ ജീവനെ ബഹുമാനിക്കാതെ ജീവിച്ചാൽ ഇന്നല്ലെങ്കിൽ നാളെ ഞാനും ഈ ആൾക്കൂട്ടത്തിന്റെ ഭാഗമായി മാറിയേക്കാം.

പ്രാർത്ഥിക്കാം

ഈശോയെ, എന്റെ സഹോദരങ്ങളെ അവരായിരിക്കുന്ന അവസ്ഥയിൽ സ്നേഹിക്കാൻ, അവരുടെ ജീവനെ ബഹുമാനിക്കാൻ, മാനുഷിക മൂല്യങ്ങൾക്ക് വില കല്പ്പിക്കുവാൻ എന്നെ പഠിപ്പിക്കണമെ. ആമ്മേൻ.

നിയോഗം

മനുഷ്യത്വം മരവിച്ചു പോയ എല്ലാ മക്കൾക്കും വേണ്ടി.

കരുണകൊന്ത

നിത്യപിതാവേ, എന്റെയും ലോകം മുഴുവന്റെയും പാപങ്ങൾക്ക് പരിഹാരമായി അങ്ങയുടെ വത്സലപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.

ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെക്കുറിച്ച്, പിതാവേ, മനുഷ്യത്വം മരവിച്ചുപോയ എല്ലാ മക്കളുടെ മേലും കരുണയായിരിക്കേണമേ. (10 പ്രാവശ്യം)

പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ, എന്റെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ. (3 പ്രാവശ്യം)

വചനം

അവന്‍ മുട്ടുകുത്തി വലിയ സ്വരത്തില്‍ അപേക്‌ഷിച്ചു: കര്‍ത്താവേ, ഈ പാപം അവരുടെ മേല്‍ ആരോപിക്കരുത്‌. ഇതു പറഞ്ഞ്‌ അവന്‍ മരണനിദ്ര പ്രാപിച്ചു. (നട. 7:60).

അനുദിനജപം

കര്‍ത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.

ദൈവം അനുഗ്രഹിക്കട്ടെ. ശുഭദിനം നേരുന്നു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ