യാക്കോബിന്റെ വഴി: തീര്‍ത്ഥാടന കുറിപ്പുകള്‍ 3-ാം ദിവസം – തീര്‍ത്ഥാടന അടയാളങ്ങളും പ്രതീകങ്ങളും

സാന്റിയാഗോ തീര്‍ത്ഥാടകരെല്ലാം തന്നെ ഒരു സാക്ഷ്യപത്രം (Cerificate) കയ്യില്‍ കരുതിയിരിക്കണം. തീര്‍ത്ഥാടനം ആരംഭിക്കുന്ന സ്ഥലങ്ങളിലെ കടകളില്‍ നിന്നോ, സത്രങ്ങളില്‍ നിന്നോ ഈ സാക്ഷ്യപത്രം വാങ്ങാവുന്നതാണ്. എവിടെ നിന്നാണ് യാത്ര ആരംഭിക്കുന്നതെന്നും അതില്‍ രേഖപ്പെടുത്തിയിരിക്കണം. പിന്നീട് പോകുന്ന വഴികളിലുള്ള താമസ സ്ഥലങ്ങളിലെല്ലാം തന്നെ, അവിടെയെത്തുന്ന തീയതി രേഖപ്പെടുത്തി അവിടുത്തെ പ്രത്യേക സീലും (Seal) അതില്‍ പതിക്കുന്നു. ഈ രേഖയ്ക്ക് ‘തീര്‍ത്ഥാടന പാസ്‌പോര്‍ട്ട്’ എന്നാണ് പറയുന്നത്.

തീര്‍ത്ഥാടനപാതയിലെ പ്രമുഖ ദൈവാലയങ്ങളില്‍ നിന്നും ഭക്ഷണശാലകലില്‍ നിന്നുമൊക്കെ ഇത്തരത്തിലുള്ള സീലുകള്‍ പതിക്കുന്നത് പതിവാണ്. മാത്രമല്ല, മിക്ക സ്ഥലങ്ങളിലും തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്ന ചിലവുകുറഞ്ഞ താമസ സൗകര്യം ലഭ്യമാകണമെങ്കില്‍ തീര്‍ത്ഥാടന പാസ്‌പോര്‍ട്ടും മറ്റ് തിരിച്ചറിയല്‍ രേഖകളും കാണിക്കേണ്ടതാണ്. ഇങ്ങനെ മുദ്ര ചെയ്തു വാങ്ങുന്ന സാക്ഷ്യപത്രം സാന്റിയാഗോ കത്തീഡ്രലിലെ തീര്‍ത്ഥാടന ഓഫീസില്‍ നല്‍കിയെങ്കില്‍ മാത്രമേ പ്രസിദ്ധമായ തീര്‍ത്ഥാടനരേഖ (Compostela – Pilgrimage Certificate) ലഭിക്കുകയുള്ളൂ. 18-ാം നൂറ്റാണ്ടുവരെ കുമ്പസാരിച്ച് കുര്‍ബാന സ്വീകരിക്കുന്നവര്‍ക്കു മാത്രമേ ഇത്തരത്തിലുള്ള രേഖ നല്‍കിയിരുന്നുള്ളൂ.

കയ്യില്‍ കരുതുന്ന തീര്‍ത്ഥാടന പാസ്‌പോര്‍ട്ട് കൂടാതെ, തീര്‍ത്ഥാടകര്‍ക്ക് കൊണ്ടുനടക്കാവുന്ന ചില അടയാളങ്ങളുമുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കക്കയുടെ ചിപ്പി (Scallop Shell). അനേകംഐതീഹ്യങ്ങള്‍ ഈ അടയാളവുമായി ബന്ധപ്പെട്ടുണ്ടായിട്ടുണ്ട്. യാക്കോബ് ശ്ലീഹായുടെ രക്തസാക്ഷിത്വത്തിനു ശേഷം അദ്ദേഹത്തിന്റെ ഭൗതികശരീരം ശിഷ്യന്മാര്‍ കപ്പലില്‍ സ്‌പെയിനിലേയ്ക്ക് കൊണ്ടുവന്നു. യാത്രാമധ്യേ, കാറ്റിലും കോളിലുമകപ്പെട്ട കപ്പല്‍ പൂര്‍ണ്ണമായും നശിച്ചു. എന്നാല്‍, ശ്ലീഹായുടെ ശരീരം ചിപ്പികളാല്‍ പൊതിഞ്ഞ് തീരത്ത് പ്രത്യക്ഷപ്പെട്ടു. അത് പിന്നീട് സാന്റിയാഗോയില്‍ അടക്കം ചെയ്യുകയും ചെയ്തു.

ഈ ഐതീഹ്യത്തെക്കാള്‍ ചിപ്പിയുടെ പ്രായോഗികമായ ആവശ്യകത കൊണ്ടാണ് ഇത്തീ ര്‍ത്ഥാടനത്തിന്റെ അടയാളമായി മാറിയത്. സ്‌പെയിനിന്റെ കടല്‍ത്തീരങ്ങളില്‍ ധാരാളമായി പലതരത്തിലുളള ചിപ്പികള്‍ ലഭ്യമാണ്. പോകുന്ന വഴികളില്‍ അരുവികളില്‍ നിന്നും മറ്റും വെള്ളം കോരിയെടുക്കുന്നതിന് ഇത് സഹായകരമായിരുന്നു. ചിപ്പിയുടെ പുറത്ത് ധാരാളം നേര്‍രേഖകള്‍ കാണാം. ഇതെല്ലാം സന്ധിക്കുന്നത് ഒരു കേന്ദ്രത്തിലാണ്. അതുപോലെ തന്നെ വിവിധ സ്ഥലങ്ങളില്‍ നിന്നും ആരംഭിക്കുന്ന തീര്‍ത്ഥാടനങ്ങളെല്ലാം അവസാനം സാന്റിയാഗോയില്‍ ഒന്നിക്കുന്നു.

ഇന്നത്തെ തീര്‍ത്ഥാടകര്‍ക്ക് തങ്ങളുടെ തീര്‍ത്ഥാടനം ആരംഭിക്കുന്നതു മുതല്‍ അവസാനിക്കുന്നതു വരെ വഴികാട്ടി മുന്നോട്ട് നയിക്കുന്നത് തീര്‍ത്ഥാടനപാതയില്‍ ഉനീളമുള്ള ചിപ്പിയുടെ അടയാളമാണ്. മഞ്ഞയും നീലയും കലര്‍ന്ന ചിപ്പിയുടെ അടയാളങ്ങള്‍ പോകുന്ന വഴികളിലും, കെട്ടിടങ്ങളിലും, മൈല്‍ക്കുറ്റികളിലും, മരങ്ങളിലും അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ, വെള്ളം കുടിക്കാനുപയോഗിക്കുന്ന ചുരയ്ക്കയുടെ തോടും (Gourd) കുത്തിനടക്കാന്‍ ഉപയോഗിക്കുന്ന വടിയും യാക്കോബിന്റെ രക്തസാക്ഷിത്വത്തെ സൂചിപ്പിക്കുന്ന പ്രത്യേക കുരിശും തീര്‍ത്ഥാടകന്റെ അടയാളങ്ങളാണ്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

തുടരും …