യാക്കോബിന്റെ വഴി: തീര്‍ത്ഥാടന കുറിപ്പുകള്‍ 24-ാം ദിവസം – അള്‍ത്താരയില്‍ എരിയുന്ന മെഴുകുതിരിയുടെ കഥ

ചാപ്പലിന്റെ ഭിത്തിയില്‍ നിന്നും ഊര്‍ന്നിറങ്ങിയ ഈര്‍പ്പം എന്റെ ശരീരത്തിലേയ്ക്കും പ്രവേശിക്കാന്‍ തുടങ്ങിയിരുന്നു. ബാഹ്യനയനങ്ങള്‍ ഞാനറിയാതെ അടയുവാന്‍ തുടങ്ങിയപ്പോള്‍ എന്റെ മുന്നില്‍ കത്തിക്കൊണ്ടിരുന്ന മെഴുകുതിരിയെ ഞാന്‍ ആര്‍ദ്രതയോടെ നോക്കി. എന്റെ ആന്തരീക നയനങ്ങള്‍ക്കു മുമ്പില്‍ തെളിഞ്ഞുനിന്ന മെഴുകുതിരി അവാച്യമായ ഒരു ദര്‍ശന സൗഭാഗ്യത്തിലേയ്ക്ക് ഞാനറിയാതെ എന്നെ കൂട്ടിക്കൊണ്ടുപോയി.

‘ഒരുപാടുനാളായി, ആരും കാണാതെ ഈ അള്‍ത്താരയിലിരുന്നു കത്തുന്ന തിരിയാണ് ഞാന്‍.’ ആരുടെ മുന്നിലും ഇതുവരെയും തുറക്കാത്ത ആത്മകഥയുടെ പുസ്തകത്താളുകള്‍ മെഴുകുതിരി എന്റെ മുന്നില്‍ മറിച്ചുകൊണ്ടേയിരുന്നു. ‘പ്രകാശത്തിലൂടെ ഒരുപാട് നന്മകള്‍ പ്രസരിപ്പിക്കുകയാണ് എന്റെ ലക്ഷ്യം. ഈ അള്‍ത്താരയിലിരുന്ന് കത്തുന്നതിനുള്ള വലിയ ഭാഗ്യമാണ് എനിക്കു ലഭിച്ചിരിക്കുന്നത്. കത്തുമ്പോള്‍ എനിക്ക് വേദനിക്കാറുണ്ട്. പക്ഷേ, ഈ സഹനമില്ലാതെ എന്നിലെ പ്രകാശം പരക്കുകയില്ല.’

‘ഈ പകല്‍വെളിച്ചത്തിനിടയിലും, നീ എന്തിനാണു കത്തുന്നത്..?’ ഞാനറിയാതെ ചോദിച്ചുപോയി. മെഴുകുതിരി തുടര്‍ന്നു: ‘മാലാഖയുടെ മുഖവും, പിശാചിന്റെ മനസുമായി എന്റെ മുന്നിലെത്തുന്ന മനുഷ്യജന്മങ്ങളുടെ അന്ധകാര ജീവിതത്തിലേയ്ക്ക് അല്‍പം വെളിച്ചം കടത്തിവിടുകയാണ് എന്റെ ലക്ഷ്യം. അനേകര്‍ അന്ധകാരത്തില്‍ ജീവിക്കുന്നതിനേക്കാള്‍ അവര്‍ക്കൊക്കെ പ്രകാശം പരത്തി ഞാന്‍ മരിക്കുന്നതാണ് എനിക്കിഷ്ടം.’

‘മരിക്കുന്നതിന് നിനക്ക് ഭയമില്ലേ..?’ ഞാന്‍ ചോദിച്ചു. ‘മനുഷ്യന്‍ ഏറ്റവും ഭയക്കുന്നത് മരണത്തെയാണ്.’ മെഴുകുതിരിക്ക് വിടാനുള്ള ഭാവമുണ്ടായിരുന്നില്ല. ‘എന്നാല്‍ മരണത്തെ ഭയമില്ലാത്ത മനുഷ്യരെ മരണത്തിന് ഭയമാണ്. ഈ അള്‍ത്താരയില്‍ എല്ലാ ദിവസവും മുറിക്കപ്പെടുന്ന അപ്പത്തിന്റെ അതിവേദന വളരെ അടുത്തുനിന്ന് ഞാന്‍ കാണുന്നുണ്ട്. കാല്‍വരിയില്‍ നുറുങ്ങിവീണ ‘ജീവന്റെ അപ്പത്തിന്റെ’ വേദന വലിയ ജീവനായി ഇവിടെ പരിണമിക്കുന്നു. സ്വയം മുറിയാതെ അപ്പമാവില്ല; സ്വയം മരിക്കാതെ ജീവന്‍ നല്‍കാനുമാവില്ല; സ്വയം കത്താതെ പ്രകാശം നല്‍കുന്ന മെഴുകുതിരിയുമാവില്ല. ഈ വലിയ രഹസ്യത്തെക്കുറിച്ചുള്ള അറിവാണ് നിനക്കുണ്ടാകേണ്ടത്. നിന്റെ തീര്‍ത്ഥാടനത്തിന്റെ ലക്ഷ്യവും അതുതന്നെ.’

എന്റെ തീര്‍ത്ഥാടനലക്ഷ്യം എന്താണെന്ന് മെഴുകുതിരി കണ്ടെത്തിയത് എന്നെ അസ്വസ്ഥനാക്കി. ‘സന്തോഷത്തിന്റെയും വേദനയുടെയും ഒരുപാട് കണ്ണീര്‍ വീണ് കുതിര്‍ന്ന ബഞ്ചിലാണ് നീയിരിക്കുന്നത്.’ മെഴുകുതിരി കൂടുതല്‍ വാചാലയാവുകയായിരുന്നു. ‘തന്റെ കുഞ്ഞിനെ രക്ഷിക്കണമെന്ന് ഇവിടിരുന്ന് പ്രാര്‍ത്ഥിച്ച അമ്മയുടെ കണ്ണീരിനോട് ചേര്‍ത്ത് എന്റെ മെഴുകുതുള്ളികളും ഞാന്‍ സമര്‍പ്പിച്ചിട്ടുണ്ട്. ജീവിത തീര്‍ത്ഥാടനത്തില്‍ തളര്‍ന്നവര്‍ക്ക് പ്രകാശത്തിലൂടെ ശക്തി പകരാന്‍ ഞാനും പരിശ്രമിച്ചിട്ടുണ്ട്. കത്തുന്ന തിരിയുടെ പ്രകാശത്തിന് മരണമില്ല. അത് നിത്യതയില്‍ ലയിച്ച് അനന്തമായി ജീവിക്കുന്നു. ഞാനൊന്ന് ചോദിക്കട്ടെ? ഇനിയും വരുന്ന ഇരുണ്ടരാത്രികളില്‍ നിലാവായി ഉദിക്കാന്‍ നിനക്കും കഴിയില്ലേ..? അന്ധകാരത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യജന്മങ്ങളില്‍ പ്രകാശമായി പ്രസരിക്കാന്‍ നീയും വരില്ലേ..? കാണുന്നതെല്ലാം ഇരുട്ടെന്ന് വെറുതെ പഴിക്കാതെ അനേക ജീവിതങ്ങളില്‍ വെള്ളിവെളിച്ചമായി നീയും പടരില്ലേ..?’

ദീര്‍ഘനേരത്തെ അന്വേഷണത്തിനു ശേഷമാണ് ജാംപൗളോ, എല്ലാം മറന്ന് പള്ളിയിലിരുന്നു സുഖമായി ഉറങ്ങുന്ന എന്നെ കണ്ടെത്തിയത്. അപ്പോള്‍ത്തന്നെ ഞങ്ങളുദ്ദശിച്ചതിലും അരമണിക്കൂര്‍, യാത്ര വൈകിയിരുന്നു. ആ ഉറക്കം നല്‍കിയ ഉന്മേഷം പിന്നീട്, ഉറക്കം വരാതിരുന്ന-അന്ധകാരം പടരാമായിരുന്ന ഒരുപാട് രാത്രികളില്‍ അനുഗ്രഹമായി എനിക്ക് ഭവിച്ചിട്ടുണ്ട്. അന്ന് രാത്രിയില്‍ ഉറങ്ങുന്നതിനു മുമ്പ് അള്‍ത്താരയില്‍, കത്തുന്ന മെഴുകുതിരിയെപ്പോലെ യേശുവിന് എന്നെത്തന്നെ വിട്ടുകൊടുത്ത് ഈ വരികള്‍ എന്റെ ഡയറിയില്‍ ഞാന്‍ കുറിച്ചു:

ഉരുകുന്നു ഞാന്‍ നിന്‍ അള്‍ത്താര മുന്നില്‍
അനുദിനമങ്ങേയ്ക്കായി യേശുനാഥാ…
സന്താപമേതുമേ നെഞ്ചകമണയാതെ
നിന്‍ മുമ്പിലിന്നു ഞാന്‍ എരിഞ്ഞിടട്ടെ…

എരിയുന്ന നേരത്ത് പൊഴിയുമെന്‍ മെഴുകണം
ജപമണി മാലയായ് നേദിച്ചിടാം…
അര്‍ച്ചനാ നൈവേദ്യമാണെന്നീശോയെ
സ്വീകരിച്ചെന്നെയിന്നനുഗ്രഹിക്കൂ…

മുറിയുന്നുവല്ലോ നീ അനുദിനമെന്‍ മുമ്പില്‍
അള്‍ത്താര സഹനത്തിന്‍ സങ്കേതമല്ലോ…
അപ്പമായ് തീരുവാന്‍ അനുദിനമഴിയുന്ന
നിന്നിലെന്‍ പ്രാണനും അലിഞ്ഞിടട്ടെ…

തമസ്സിന്‍ വീഥിയിലുഴലുമെന്‍ സഹചരെ
നിന്‍ കൃപാവാരിയില്‍ ചേര്‍ത്തണയ്ക്കൂ…
കരിന്തിരിയാകാതെ എന്നെയും കാക്കണേ
നീ മാത്രമെന്നുമെന്‍ ആശ്രയമേ…

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

(തുടരും …)