തിരസ്ക്കരിക്കപ്പെട്ട തിരുഹൃദയം

റോസിന പീറ്റി

നമ്മൾ ചേർത്തുപിടിച്ചവരും സ്നേഹിച്ചവരും ഒക്കെ, സ്വയം പര്യാപ്തത നേടി കഴിയുമ്പോൾ നമ്മളെ മനഃപൂർവം ഒഴിവാക്കി നിർത്തുന്നത് മനസ്സ് വിഷമിപ്പിക്കാറില്ലേ? “ഞാൻ അവരെ എന്നിലേയ്ക്ക് വിളിക്കുന്തോറും അവർ എന്നിൽ നിന്ന് അകന്നു പോവുകയാണ് ചെയ്തത്.” ചെറുപ്പം മുതലേ സ്നേഹിച്ചവനും, നടക്കാൻ പഠിപ്പിച്ചവനും, കരങ്ങളിൽ എടുത്തവനും, സുഖപ്പെടുത്തിയവനും ഞാനാണെന്ന്, അറിയുക പോലും ചെയ്യാതിരുന്ന ഒരു ജനത്തെപ്പറ്റിയുള്ള ദൈവത്തിന്റെ വിലാപമാണ് ഹോസിയ പ്രവാചകന്റെ പുസ്തകത്തിലൂടെ ദൈവം അവതരിപ്പിക്കുന്നത്.

കരുണയുടെ, സ്നേഹത്തിന്റെ കയർ പിടിച്ച് ഞാൻ അവരെ നയിച്ചു. എന്റെ താടിയെല്ലിൽനിന്ന് ഞാൻ അവർക്ക് നുകം അയച്ചുകൊടുത്തു. കുനിഞ്ഞു ഞാൻ അവർക്ക് ഭക്ഷണം നൽകുന്നവനായി. എന്നിട്ടും വിഗ്രഹങ്ങളെ തേടി ഓടുന്ന മനുഷ്യന്റെ അൽപ്പത്തം ഓർത്ത് വിലപിക്കുന്ന, ദൈവത്തിന്റെ ഹൃദയം, അവർക്കെതിരെ തിരിയുന്നതിൽനിന്നും നിരന്തരം അവനെ വിലക്കികൊണ്ടിരിക്കുകയാണ്. എന്റെ ഹൃദയം എന്നെ വിലക്കുന്നു… കരുണ കാണിക്കാനും സ്നേഹിക്കാനും മാത്രം അറിയാവുന്ന ദൈവത്തെ നമ്മൾ പലപ്പോഴും അവസാന നിമിഷത്തിലേക്ക് ഒതുക്കി കളയും.

ജനനം തുടങ്ങി ലഭിച്ച തിരസ്കരണം കുരിശിൽ പൂർത്തിയാകുമ്പോളും അന്ത്യത്തോളം കൂട്ടിനുണ്ടാകും എന്ന് ഉറപ്പു തന്നവൻ ആണ് ദൈവപുത്രൻ. അവനെ കൂടെ കൂട്ടിയാൽ തീരാവുന്നതേയുള്ളൂ എന്റെ പരിഭവങ്ങൾ ഒക്കെയും. ക്രിസ്തു എന്നിൽ വളരാൻ അനുവദിക്കാത്ത ചിന്തകൾ പ്രലോഭകൻ നമ്മുടെ മനസ്സിൽ പഠിപ്പിച്ചുതരും. ദൈവം എപ്പോഴും കൂടെയുണ്ടാകും, അതുകൊണ്ട് ഇപ്പോൾ പ്രാർത്ഥിച്ചില്ലെങ്കിലും കുഴപ്പമില്ല, ഇന്ന് ബൈബിൾ വായിച്ചില്ലെങ്കിലും സാരമില്ല, ഇങ്ങനെ നീ എന്തിന് ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നു എന്ന ലെഗിയോൻ ചിന്ത, പ്രലോഭകൻ നമ്മളിൽ നിക്ഷേപിക്കും.

അങ്ങനെ നമ്മൾ അവനെ ഇന്നിൽ നിന്ന് അകറ്റി നാളത്തേക്ക് മാറ്റി വെക്കും. ആ നാളെ നമ്മളെ ഒരിക്കലും തേടിയെത്തുകയും ഇല്ല. ഈ തിരസ്കരണം നമ്മളിന്നും ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ക്രിസ്തു എത്രമാത്രം നമ്മളെ ചേർത്തുപിടിച്ചോ, അത്രയധികം എന്റെ ഹൃദയത്തിലും അവന് ഇടം കൊടുക്കാം. നാളത്തേക്ക് മാറ്റിനിർത്താതിരിക്കാം.

റോസീന പീറ്റി 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.