ജപമാലയും പാപ്പാമാരും

”ഈശോയുടെ തിരുഹൃദയത്തില്‍ തൊടാനുള്ള ശക്തിയുള്ള ആയുധമാണ് ജപമാല. രക്ഷകനായ യേശു മാതാവിനെ അത്രയധികം സ്‌നേഹിക്കുന്നു”  വിശുദ്ധ ലൂയി ഡി മോണ്‍ഫോര്‍ട്ട്

ജപമാലഭക്തിയുടെ പ്രചാരണത്തിനും ജപമാലയുടെ പരിപൂര്‍ണ്ണതയ്ക്കുമായി പരിശുദ്ധ പിതാക്കന്മാരുടെ ഇടപെടലുകള്‍ നിരവധി തവണ നടന്നിട്ടുണ്ട്. അതിന്റെ നാള്‍വഴികളിലേക്ക് ഇറങ്ങിച്ചെന്നാല്‍ കണ്ടെത്താനാവുന്നത് ആഴിയില്‍ നിന്ന് മുങ്ങിത്തപ്പിയെടുക്കുന്ന പവിഴമുത്തുകള്‍പോലുള്ള ഒട്ടനവധി സുകൃത വചനങ്ങളും പ്രഖ്യാപനങ്ങളുമാണ്. വിശുദ്ധ ഡൊമിനിക്കിന് പരിശുദ്ധ മറിയം ഏ.ഡി. 1214-ല്‍ ജപമാലഭക്തി വെളിപ്പെടുത്തിക്കൊടുത്തതിനെ തുടര്‍ന്നാണ് ജപമാല ഭക്തിക്ക് പ്രചുര പ്രചാരം ലഭിക്കാന്‍ തുടങ്ങിയത്. 1670-ലാണ് ജപമാലയിലെ മണികള്‍ 53 ആയി സ്ഥിരപ്പെടുത്തുന്നത്. പൂര്‍ണ ജപമാലയില്‍ നൂറ്റി അമ്പത്തിമൂന്ന് മണികളും. ജപമാലയോടുള്ള ഭക്തി തീക്ഷ്ണമായതോടെ 1678-ല്‍ പതിനൊന്നാം ക്ലെമന്റ് പാപ്പാ ഒക്‌ടോബര്‍ മാസം മുഴുവന്‍ ജപമാല ഭക്തി പ്രചരണത്തിനുള്ള മാസമായി കൊണ്ടാടാന്‍ പ്രഖ്യാപിച്ചു. ഇതിന്റെയൊക്കെ പരിണിതഫലമെന്നോണം 1722-ല്‍ ഇന്നസന്റ് പതിമൂന്നാമന്‍ പാപ്പായുടെ തീട്ടൂരം വഴി സാര്‍വ്വത്രിക സഭ ‘പരിശുദ്ധ മറിയമേ’ എന്ന മധ്യസ്ഥ പ്രാര്‍ത്ഥന അംഗീകരിക്കുകയുണ്ടായി. ജപമാല നിത്യവും ധ്യാനവിഷയമാക്കേണ്ടതാണെന്ന് 1844-ല്‍ പരിശുദ്ധ മറിയം വിശുദ്ധ ഡോണ്‍ ബോസ്‌ക്കോയിലൂടെ ലോകത്തോട് ആവശ്യപ്പെട്ടു.

പീയൂസ് ഒന്‍പതാമന്‍ പാപ്പാ തന്റെ ‘ഇമ്മാക്കുലേത്താ കൊചേച്‌ത്യോ’ എന്ന ചാക്രിക ലേഖനത്തിലൂടെ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവം ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചു. ഇതിനുശേഷമാണ് 1856-ല്‍ ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍ വിശുദ്ധ ബര്‍ണര്‍ദീത്ത വഴി പരിശുദ്ധ മറിയം ലോകത്തിനു സന്ദേശം നല്‍കിയത്. താന്‍ അമലോത്ഭവയാണെന്നും ലോകജനതയുടെ പാപമോചനത്തിനായി ജപമാല ചൊല്ലി ധ്യാനിക്കണമെന്ന്. ജപമാലയുടെ പാപ്പാ എന്നറിയപ്പെട്ടിരുന്ന ലെയോ പതിമൂന്നാമന്‍ പാപ്പാ 1883 സെപ്തംബര്‍ ഒന്നിന് പുറപ്പെടുവിച്ച ‘Supremi Apostolatus Officio’ എന്ന ചാക്രിക ലേഖനത്തിലൂടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന തിന്മകള്‍ക്കെതിരായ ഫലപ്രദമായ ഒരായുധമാണ് ജപമാലയെന്ന് പ്രഖ്യാപിച്ചു. 1890 ഒക്‌ടോബര്‍ രണ്ടിനാണ് ‘ഉബി പ്രിമിയും’ എന്ന ചാക്രിക ലേഖനത്തിലൂടെ ജപമാലയുടെ തുടക്കത്തില്‍ ‘സകല നന്മസ്വരൂപനായ സര്‍വ്വേശ്വര’നോടുള്ള യാചനയും ജപമാലയുടെ ഒടുവില്‍ മിഖായേല്‍ മാലാഖ മുതല്‍ സകലരുടെയും മാധ്യസ്ഥ്യം യാചിച്ചുള്ള കാഴ്ചവയ്പു പ്രാര്‍ത്ഥനയും ചൊല്ലാന്‍ കല്പന പുറപ്പെടുവിച്ചത്. ‘ബോധജ്ഞാനത്തിന്റെ സിംഹാസനം’ എന്ന പദവിയില്‍ പരിശുദ്ധ മറിയത്തിന്റെ തിരുനാളിന് അംഗീകാരം നല്‍കിയതും ലെയോ പതിമൂന്നാമന്‍ പാപ്പ തന്നെയാണ്.

പരിശുദ്ധ മാതാവിനോടുള്ള ലിറ്റനി പ്രാര്‍ത്ഥന അംഗീകരിച്ചുകൊണ്ടുള്ള അനുമതി പ്രഖ്യാപനം 1912-ല്‍ വിശുദ്ധ പത്താം പീയൂസ് പാപ്പാ നടത്തി. 1917 മെയ് 13-നാണ് പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ ഇടയകുട്ടികളായ ലൂസി, ജസീന്ത, ഫ്രാന്‍സീസ് എന്നിവര്‍ക്ക് പരിശുദ്ധ മറിയം പ്രത്യക്ഷപ്പെട്ടുകൊണ്ട് ലോകത്തിന്റെ ശാന്തിക്കും ശുദ്ധീകരണാത്മാക്കളുടെ മോചനത്തിനുമായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ നിര്‍ദ്ദേശിച്ചത്. ആ ദര്‍ശനത്തിന്റെയും നിര്‍ദ്ദേശത്തിന്റെയും ഒരു നൂറ്റാണ്ട് പൂര്‍ത്തിയായിരിക്കുന്നു. ജപമാല പ്രാര്‍ത്ഥനയുടെ രഹസ്യങ്ങള്‍ക്കിടയില്‍ ചൊല്ലുന്ന ‘ഓ! എന്റെ ഈശോയെ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കേണമെ’ എന്ന ഫാത്തിമാസുകൃതം ചൊല്ലാന്‍ സാര്‍വ്വത്രിക സഭയോട് ബനഡിക്ട് പതിനഞ്ചാമന്‍ പാപ്പാ 1918-ല്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. ദിവ്യകാരുണ്യ സന്നിധിയില്‍ പ്രത്യേകിച്ച് പെസഹാ വ്യാഴാഴ്ച കൊന്ത നമസ്‌ക്കാരം നടത്തുന്നവര്‍ക്ക് പൂര്‍ണദണ്ഡവിമോചനം പ്രഖ്യാപിച്ചത് വിശുദ്ധ പത്താം പീയൂസ് പാപ്പയാണ്. സാര്‍വ്വത്രിക സഭ മുഴുവനിലും പരിശുദ്ധ മാതാവിനോടുള്ള ലിറ്റനി പ്രചരിക്കുന്നത് 1960-കളിലാണ്.

പരിശുദ്ധ കന്യാമറിയത്തെ സകല വിശുദ്ധരുടെയും രാഞ്ജിയായും ത്രിലോക രജ്ഞിയായും കിരീടം ധരിപ്പിച്ചതിന്റെ ഓര്‍മ്മയ്ക്കായി മെയ് മാസവണക്കം പ്രചരിപ്പിക്കാന്‍ ‘മെന്‍സെ മായിയോ’ എന്ന ചാക്രിക ലേഖനത്തിലൂടെ പോള്‍ ആറാമന്‍ പാപ്പാ ഉദ്‌ബോധിപ്പിക്കുകയുണ്ടായി. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ 2002-ല്‍ ‘റൊസാരിയും വിര്‍ജിനീസ് മരിയെ’ എന്ന ചാക്രികലേഖനം വഴി പ്രകാശത്തിന്റെ ദിവ്യരഹസ്യങ്ങള്‍ ജപമാലയില്‍ കൂട്ടിച്ചേര്‍ത്തു. 2003 ജപമാലവര്‍ഷമായി പ്രഖ്യാപിച്ചതും ഈ വിശുദ്ധ പാപ്പാ തന്നെയാണ്. ജപമാലയാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്തിയെന്നാണ് വി. ജോണ്‍പോള്‍ രണ്ടാമന്‍ പറഞ്ഞിട്ടുള്ളത്. സുവിശേഷത്തിന്റെ രത്‌നച്ചുരുക്കമാണ് ജപമാലയെന്ന് പോള്‍ ആറാമന്‍ പാപ്പാ പ്രഖ്യാപിച്ചപ്പോള്‍ സഭയുടെയും ജനപദങ്ങളുടെയും ആവശ്യങ്ങള്‍ക്കായുള്ള സാര്‍വ്വത്രിക പ്രാര്‍ത്ഥനയാണ് ജപമാലയെന്നാണ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പാ ഉദീരണം ചെയ്തത്.

ദൈവത്തില്‍ നിന്നും കുടുംബങ്ങളിലേക്ക് പ്രസാദവരമഴ പെയ്യിക്കാന്‍ ജപമാല പോലെ മറ്റൊരു മാര്‍ഗമില്ലെന്ന പ്രഖ്യാപനമാണ് പീയൂസ് പന്ത്രണ്ടാമന്‍ പാപ്പായില്‍ നിന്നുണ്ടായിട്ടുള്ളത്. സായംസന്ധ്യയില്‍ മാതാപിതാക്കള്‍ മുട്ടുകുത്തി ഭക്തിയോടെ ജപമാല ചൊല്ലുന്നതുപോലെ മറ്റൊരു നല്ല മാതൃക മക്കള്‍ക്ക് നല്‍കാനില്ലെന്ന പതിനൊന്നാം പീയൂസ് പാപ്പായുടെ പ്രഖ്യാപനം ഈ കാലഘട്ടത്തില്‍ മാതാപിതാക്കള്‍ ശ്രദ്ധയോടെ ഉള്‍ക്കൊള്ളേണ്ടതാണ്. ജപമാല ചൊല്ലുന്ന കുടുംബങ്ങളെക്കുറിച്ച് ലെയോ പതിമൂന്നാമന്‍ പാപ്പാ പറഞ്ഞിട്ടുള്ളത് ഇന്നും യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. പൗരാണികമായ ജപമാലഭക്തി നിറം കെടാതെ കാത്തുസൂക്ഷിക്കുന്ന കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടാനോ അവരുടെ വിശ്വാസത്തിന് അപഭൃംശം സംഭവിക്കാനോ ഇടയുണ്ടാകില്ലെന്നാണ് പാപ്പാ വെളിപ്പെടുത്തിയിട്ടുള്ളത്. ഹൃദയങ്ങളിലും കുടുംബങ്ങളിലും രാജ്യത്തും സമാധാനം വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കുടുംബങ്ങളില്‍ മുടങ്ങാതെ ജപമാലയര്‍പ്പിക്കണമെന്നാണ് പീയൂസ് ഒമ്പതാമന്‍ പാപ്പാ ആഹ്വാനം ചെയ്തിട്ടുള്ളത്. അനുഗ്രഹങ്ങളുടെ ധനമാണ് ജപമാലയെന്ന് പോള്‍ അഞ്ചാമന്‍ പാപ്പാ പറയുമ്പോള്‍ സാത്താനെതിരെയുള്ള വാളാണ് ജപമാലയെന്നാണ് ആഡ്രിന്‍ ആറാമന്‍ പാപ്പാ പറഞ്ഞിട്ടുള്ളത്. സഭയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ സഭയിലെ എല്ലാ മാര്‍പാപ്പാമാരും ജപമാല ഭക്തരായിരുന്നുവെന്ന് മനസ്സിലാക്കാനാവും.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ തന്റെ പരമാചാര്യ ശുശ്രൂഷയുടെ 25-ാം വര്‍ഷത്തിന്റെ പ്രാരംഭത്തില്‍ ലോകജനതയോട് ഉദ്‌ഘോഷിച്ചു: ”വിശ്വാസത്തോടെ ജപമാല കൈകളിലേന്തുക. സുവിശേഷത്തിന്റെ വെളിച്ചത്തില്‍ ആരാധനാക്രമവുമായി ഐക്യപ്പെട്ട് അനുദിന ജീവിത സാഹചര്യങ്ങളില്‍ ജപമാലയുടെ പ്രാധാന്യം കണ്ടെത്തുക.” അമ്മയുടെ തിരുസ്വരൂപത്തിനു മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് പരിശുദ്ധ ജപമാല രാജ്ഞിയോടുള്ള ജപമാല അപ്പസ്‌തോലനായ വാഴ്ത്തപ്പെട്ട ബര്‍ത്തലോ ലോംഗോയുടെ പ്രാര്‍ത്ഥന ആവര്‍ത്തിക്കാനും ഈ വിശുദ്ധ പാപ്പാ തയ്യാറായി. ”മറിയത്തിന്റെ പരിശുദ്ധ ജപമാലയേ, ഞങ്ങളെ ദൈവവുമായി ബന്ധിക്കുന്ന സുമധുര ചങ്ങലയേ, മാലാഖമാരുമായി ഐക്യപ്പെടുത്തുന്ന സ്‌നേഹബന്ധനമേ, നാരകീയ ശക്തികളുടെ ആക്രമണത്തില്‍ നിന്നും സംരക്ഷണം തരുന്ന ഗോപുരമേ, പ്രപഞ്ച കപ്പല്‍ ഛേദത്തില്‍ നിന്നും സംരക്ഷിക്കുന്ന ഭദ്രമായ തുറമുഖമേ ഞങ്ങള്‍ നിന്നെ ഒരിക്കലും ഉപേക്ഷിക്കില്ല. മരണസമയത്ത് നീ ഞങ്ങളുടെ ആശ്വാസമായിരിക്കും. ജീവന്‍ പിരിയുമ്പോള്‍ ഞങ്ങളുടെ അവസാന ചുംബനം നിനക്കായിരിക്കും. ഏറ്റവും പ്രിയപ്പെട്ട അമ്മേ, പാപികളുടെ സങ്കേതമേ, ക്ലേശിക്കുന്നവരുടെ പരമമായ ആശ്വാസമേ, പോംപെയിലെ ജപമാല രാജ്ഞീ, അവിടുത്തെ തിരുനാമമായിരിക്കും ഞങ്ങളുടെ ചുണ്ടുകളിലെ അവസാന വാക്ക്. അങ്ങ് എല്ലായിടത്തും സ്വര്‍ഗത്തിലും ഭൂമിയിലും ഇന്നും എന്നും വാഴ്ത്തപ്പെടട്ടെ.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.