വിശുദ്ധിയുടെ രചന: ഫാദര്‍ ജോസഫ്‌ ചെറുവത്തൂര്‍

ശില്പാ രാജന്‍

വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ്. പ്രസന്ന ടീച്ചര്‍ പതിവ് പോലെ അന്നും ക്ലാസ്സില്‍ എത്തി. എല്ലാവരും ധൃതിയില്‍ ക്ലാസ്സില്‍ കേറി. കൂട്ടത്തില്‍ ഒരാള്‍ മാത്രം ഇതൊന്നും ശ്രദ്ധിക്കാതെ തന്റെ സ്ലെറ്റില്‍ എന്തോ കുത്തിക്കുറിക്കുന്നുണ്ടായിരുന്നു. ടീച്ചര്‍ ക്ലാസ്സ്‌ തുടര്‍ന്നപ്പോള്‍ ആ ഒന്നാം ക്ലാസ്സുകാരന്‍ ഇടയ്ക്ക് മാത്രം ടീച്ചറിനെ നോക്കുന്നുണ്ടായിരുന്നുള്ളൂ. പക്ഷേ, നോട്ടം മുഴുവന്‍ ടീച്ചറിന്റെ മുഖത്തേക്ക് ആയതു കൊണ്ട് തന്നെ ടീച്ചറിനും ശ്രദ്ധിക്കാതിരിക്കുന്നു എന്ന തോന്നല്‍ ഉണ്ടായില്ല. പക്ഷേ അടുത്തിരുന്ന സുഹൃത്ത് അത് കണ്ടു. അവന്‍ വിളിച്ചു കൂവി. “ടീച്ചറേ, ദെ ഈ ജോസഫ്‌ ടീച്ചറിന്റെ പടം വരയ്ക്കുവാ.” ടീച്ചര്‍ പൊടുന്നനെ ജോസെഫിനെ വിളിച്ചു. വരച്ച ചിത്രം കാണിക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് ഒന്നും ആലോചിച്ചില്ല. മേശയിലിരുന്ന കുഞ്ഞു വടി എടുത്ത് ഉള്ളം കൈയ്യില്‍ രണ്ടു അടി സമ്മാനിച്ചു. ശാസനയ്ക്കൊടുവില്‍ സ്ലെയ്റ്റും തിരിച്ചു നല്‍കി.

ഇതൊക്കെ കഴിഞ്ഞു. ദിവസങ്ങള്‍ മുന്നോട്ടു നീങ്ങി. പിന്നീട് ഒരിക്കല്‍ കുട്ടികള്‍ക്കായുള്ള കലോത്സവം വന്നു. പല തരത്തിലുള്ള പരിപാടികള്‍ ഉണ്ട്. അദ്ധ്യാപകരില്‍ പലരും കുട്ടികളെ അവരുടെ കഴിവ് അനുസരിച്ച്, ചെറിയ ചില കലാപരിപാടികള്‍ അവര്‍ക്ക് പഠിപ്പിച്ചു കൊടുക്കുന്നതിന്റെ തിരക്കിലാണ്. അങ്ങനെ എല്ലാവരും ഓരോ കാര്യങ്ങളില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍, ഒരാള്‍ ജോസഫിനെ തേടി എത്തി. പ്രസന്ന ടീച്ചര്‍!

“നിനക്ക് ഈ പടം വരയ്ക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ പറ്റില്ലേ? ടീച്ചര്‍ മോന്റെ പേരും കൊടുക്കട്ടെ?” എന്ന് പ്രസന്ന ടീച്ചര്‍ ചോദിച്ചു. അന്ന് ചിത്രരചനാ മത്സരത്തിനു പോയിട്ട് സമ്മാനവുമായിയാണ് മടങ്ങുന്നത്. പിന്നീട് അങ്ങോട്ട് സബ്-ജില്ലാ തലത്തിലും ജില്ലാ തലത്തിലും ഒക്കെയുള്ള മത്സരങ്ങളില്‍ സ്ഥിര സാന്നിധ്യമായി ജോസഫ്‌ മാറി.

പ്രസന്ന ടീച്ചറിന്റെ ആദ്യ ശാസനയും പിന്നീടുള്ള പിന്തുനയുമാണ് ജോസഫ്‌ എന്ന ആ ഒന്നാം ക്ലാസ്സുകാരനെ ഇന്നത്തെ ഫാദര്‍ ജോസഫ്‌  ചെറുവത്തൂര്‍ എന്ന ശില്‍പ്പിയിലേയ്ക്കും ചിത്രകാരനിലേയ്ക്കും എത്തിച്ചത്. ചിത്രകാരനും ശില്‍പ്പിയുമായ ഫാദര്‍ ജോസഫ്‌ ചെറുവത്തൂറിന്റെ കലാ യാത്രയിലൂടെ…

സ്നേഹത്തിന്റെ വിത്തുകള്‍ പാകിയ രചന

 

ചിത്ര രചനയിലെ മാസ്മരികതയ്ക്ക് അപ്പുറം ഓരോ കാഴ്ച്ചക്കാരനെയും ചിന്തിപ്പിക്കുന്ന ചിത്രങ്ങള്‍ കൂടിയാണ് ഫാദര്‍ ജോസെഫിന്റെത്. മതത്തെയും അതിന്റെ തീവ്രതയെയും, അതില്‍ എല്ലാം ഉപരി അവയ്ക്കിടയില്‍ തിളങ്ങി നില്‍ക്കുന്ന സ്നേഹത്തിന്റെ ആഴം അറിയിക്കുന്ന ചിത്രങ്ങളാണ് അദേഹം തീര്‍ത്തിരിക്കുന്നത്. ജീവന്‍ തുടിക്കുന്ന ശില്‍പ്പങ്ങളും ഈ കൂട്ടത്തില്‍ ഉണ്ട്. ക്രൈസ്തവ പശ്ചാത്തലം ഉള്ള ചിത്രങ്ങളിലും ശില്‍പ്പങ്ങളിലും മതസൌഹാര്‍ദത്തെ കൂടെ വരച്ചു കാട്ടാന്‍ ഇദ്ദേഹം ശ്രമിക്കുന്നുണ്ട്.

കരുത്തായി ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍

കുട്ടിക്കാലം തൊട്ട് ചിത്ര രചനയും ശില്പകലയും രക്തത്തില്‍ അലിഞ്ഞു ചെര്‍ന്നിരുന്നതിനാല്‍ സെമിനാരിയില്‍ പഠിക്കാന്‍ ചേര്‍ന്നപ്പോഴും അത് വിട്ടു പോയില്ല. ഡാവിഞ്ചിയും മൈക്കെലാഞ്ചലോയും ഒക്കെ അന്നും അദേഹത്തെ ഉറക്കം കെടുത്തി. അങ്ങനെ ഒരിക്കല്‍ പള്ളിയ്ക്കായി ചെറിയ രൂപങ്ങളും ചിത്രങ്ങളും ഒക്കെ തീര്‍ക്കുന്നത് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ ശ്രദ്ധയില്‍പെട്ടു. ഇരിഞ്ഞാലക്കുടയിലെ ബിഷപ്പായിരുന്ന അദേഹം ഫാ. ജോസെഫുമായി സംസാരിച്ചു. ഈ കഴിവുകള്‍ അങ്ങനെ ഉപേക്ഷിക്കെണ്ടതല്ലെന്ന് മനസിലാക്കിയ അദേഹം അങ്ങനെ ഫാ. ജോസെഫിനെ ആര്‍ എല്‍ വിയിലേക്ക് അയച്ചു. ഓരോ ചെറിയ കലാസൃഷ്ടിയും കാണുമ്പോള്‍ അദേഹം ഫാ. ജോസെഫിനെ അനുമോദിക്കാന്‍ മറന്നില്ല.  

ദക്ഷിണേന്ത്യയുടെ ശാന്തിനികേതനിലേക്ക്
ഗവണ്മെന്റ് സ്കൂള്‍ ആണോ എന്ന് തോന്നി പോവുന്ന ഒരു കലാലയം. നഗരത്തിന്റെ തിരക്കുകളില്‍ നിന്നു മാറി പ്രശാന്ത സുന്ദരമായ ഒരു സ്ഥലം. അതാണ്‌ തൃപ്പൂണിത്തുറ രാധാ ലക്ഷ്മി വിലാസം കോളേജ് ഓഫ് മ്യൂസിക്‌ ആന്‍ഡ്‌ ഫൈന്‍ ആര്‍ട്സ്. കലയെ മതിയാവോളം സ്നേഹിക്കാനും അനുഭവിക്കാനും ഒക്കെ കഴിയുന്ന ഒരു ഇടം. തിരക്കേറിയ മനുഷ്യ ജീവിതത്തിന്റെ സകല വ്യാധികളും ഉപേക്ഷിച്ചു കലയില്‍ മാത്രം മുഴുകി കഴിയുന്ന ഒരു പറ്റം മനുഷ്യരും അവരുടെ കലാസൃഷ്ടികളും. മനസ്സിലെ ആശയങ്ങള്‍ക്ക് ആഴം നല്‍കുന്ന നീണ്ട വരാന്തകളും നടുത്തളത്തില്‍ മൂകമായി നില്‍ക്കുന്ന ജീവന്‍ തുടിക്കുന്ന ശില്‍പ്പങ്ങളും ഈ കലാലയത്തിനു മാത്രം അവകാശപ്പെട്ടതാണ്. ആശയങ്ങളെ സിരകളിലേക്ക് ഒഴുക്കുന്ന പടവുകളും ശാഖകള്‍ വിടര്‍ത്തിയാടുന്ന ബദാം മരങ്ങളും ഒരു കലാകാരന്റെ രൂപീകരണത്തില്‍ അവിഭാജ്യമായ ഘടകങ്ങള്‍ തന്നെയാണ്.

കല ഒരു ആത്മസമര്‍പ്പണമാണ്. ഒരു ധ്യാനത്തില്‍ എന്ന പോലെ സ്വയം കണ്ടെത്താനും മനസിലാക്കാനുമായി ഉള്ള ഒരു ഇടം. തന്നിലെ തന്നെ കണ്ടെത്തിയ നാലു വര്‍ഷങ്ങളാണ് ഫാ. ജോസഫ് ചെറുവത്തൂര്‍ അവിടെ ചിലവഴിച്ചത്.

ഇത് അച്ചന്മാര്‍ക്ക് പറ്റിയ പണി ആണോ ?

സമൂഹത്തിന്റെ അലിഖിതമായ ചില ചട്ടകൂടുകള്‍ ഉണ്ട്. അവയില്‍ ഒതുങ്ങി നില്‍ക്കുന്നവരുടെ ജീവിതം പൊതുവേ ശോഭാനപൂര്‍വമാണ്. അതിനു വിപരീതമായാല്‍ അത് പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴി തെളിക്കും.

കല സ്വതവേ കലാ പാരമ്പര്യം ഉള്ളവര്‍ക്കും അല്‍പ്പം സാധാരണയില്‍ അസാധാരണമായവര്‍ക്കും ഉള്ളതാണെന്ന് പറയപ്പെടാറുണ്ട്. ആ സാധാരണയില്‍ അസാധാരണക്കാരില്‍ പലപ്പോഴും വൈദികരും സന്യാസികളും ഒന്നും ഉള്‍പ്പെടാറില്ല എന്നത് മറ്റൊരു അത്ഭുതമാണ്.

ഫാ. ജോസഫ്‌ ശില്‍പ്പ കല പഠിക്കാന്‍ എത്തിയപ്പോഴും ഇതേ മനോഭാവമാണ് പലരും വച്ചു പുലര്‍ത്തിയത്. ഈ അച്ചന്മാര്‍ ഒക്കെ എന്തിനാണ് ഇതൊക്കെ പഠിക്കാന്‍ ഇവിടെ എത്തുന്നത്? കല ഇവര്‍ക്ക് വഴങ്ങുന്നതാണോ? പറ്റുന്ന പണിക്കു പോയാല്‍ പോരെ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് അദേഹം അന്ന് മറുപടി നല്‍കിയില്ല. ഇന്നും ആ ചോദ്യം ബാക്കി വയ്ക്കുന്നവര്‍ക്ക് നല്‍കാന്‍ ഒരൊറ്റ മറുപടിയെ ഉള്ളു. കൊടുങ്ങല്ലൂര്‍ സെന്റ്‌ മേരിസ് ദേവാലയത്തില്‍ ഒന്ന് വന്നു നോക്കൂ. ദേവാലയത്തിന്റെ ഉള്‍  ഭാഗത്തെ ചുമരുകളില്‍ നോക്കിയാല്‍ അതിനുള്ള ഉത്തരം ലഭിക്കും. പള്ളിയുടെ പുറത്തിറങ്ങിയാല്‍ അദേഹം തീര്‍ത്ത ശില്‍പ്പങ്ങളും കാണാം.

ക്രൈസ്തവ പശ്ചാത്തലമുള്ള ചിത്രങ്ങള്‍

ക്രൈസ്തവ പശ്ചാത്തലമുള്ള സംഭവങ്ങളെ ആധാരമാക്കിയാണ് ഫാ. ജോസഫ്‌ ചിത്ര രചന നടത്തുന്നതെങ്കിലും അവയിലും വ്യത്യസ്തത കൊണ്ടുവരാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. മത സൗഹാര്‍ദം, ആളുകള്‍ക്കിടയിലെ സ്നേഹം, ദൈവത്തിന്റെ കരുണ തുടങ്ങിയവയാണ് പ്രധാന ആശയങ്ങള്‍. പ്രസന്നമായ ചിന്തകള്‍ക്ക് വഴിയൊരുക്കുന്ന ചിത്രങ്ങള്‍ രചിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

‘വഴിയും സത്യവും ജീവിതവും ഞാനാകുന്നു,’ ‘കൊടുങ്ങല്ലൂര്‍ രാജ കൊട്ടാരത്തില്‍ തോമാശ്ലീഹ വധൂവരന്മാരെ ആശീര്‍വദിക്കുന്നു. ശ്ലീഹായെ കൈയ്യേറ്റം ചെയ്ത ഭൃതന്റെ കൈയ്യുമായി നായ പ്രത്യക്ഷപ്പെടുന്നു,’ ‘പരിശുദ്ധ കന്യകാ മാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തിന് സാക്ഷ്യം വഹിക്കുന്ന പ്രിയ ശിഷ്യന്‍,’ ‘എന്റെ കര്‍ത്താവേ, എന്റെ ദൈവമേ’ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന രചനകളില്‍ ചിലതാണ്.

പാപ്പയ്ക്ക് അരികിലേക്ക്

തന്റെ കഴിവുകളെ ലോകം മുഴുവന്‍ കണ്ടില്ലെങ്കിലും, തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട, താന്‍ ആരാധിക്കുന്ന ഒരാൾ  കാണണം എന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ഒരുപക്ഷേ സ്വപ്നം കാണാന്‍ മാത്രം സാധ്യമാകുന്ന ഒരു വ്യക്തിയാണ് ആ ആരാധനാപാത്രം എങ്കിലോ? പൊതുവേ തന്റെ സൃഷ്ടിയിലൂടെ പ്രസിദ്ധമാകാന്‍ ആഗ്രഹിക്കാത്ത ഒരാളാണ് ഫാ. ജോസഫ്‌. പക്ഷേ അദേഹം ഏറെ ആരാധിക്കുന്ന ഒരാള്‍ അദേഹത്തിന്റെ  കലാവൈഭവം ഒന്ന് കാണാന്‍ ഇടയായാലോ? ഒരാള്‍ എന്ന് പറയുമ്പോള്‍, അത് ഫ്രാന്‍സിസ് പാപ്പയാണ്. ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിക്കാന്‍ പോയ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനിലൂടെ, ഫാ. ജോസഫ് വരച്ച തോമാശ്ലീഹയുടെ ചിത്രം പാപ്പയുടെ പക്കല്‍ എത്തി. പാപ്പയ്ക്ക് സമ്മാനമായി ഫാ. ജോസഫ് വരച്ച ചിത്രം!

ശില്പ രാജൻ 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.