ഫാ. ജോസ് ചിറ്റടിയില്‍; വലിയ മാറ്റങ്ങളുടെ ചെറിയ തുടക്കം

കനത്ത മഴയില്‍ കേരളം ഒലിച്ചിറങ്ങിയപ്പോള്‍, ഇടുക്കിയെ കാത്ത് മറ്റു ചിലത് കൂടി ഉണ്ടായിരുന്നു. ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും. ഗതാഗത മാര്‍ഗമില്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസവും. വെള്ളം കയറിയ പ്രദേശങ്ങളില്‍ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ ഒരു സാവകാശം ഉണ്ടായിരുന്നെങ്കില്‍ ഇവിടെ കാര്യങ്ങള്‍ നേരെ മറിച്ചായിരുന്നു. മണ്ണിടിച്ചില്‍ ഉണ്ടാകുമെന്നു മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ല. ഇനിയിപ്പൊ ഉണ്ടാകുമ്പോള്‍ ഒരു നിമിഷം പോലും രക്ഷപെടാനായി ബാക്കി കാണില്ല. ഇടുക്കിയുടെ അവസ്ഥ ഇതായിരുന്നു.

സെന്റ് ജോർജ് ഫൊറോന പള്ളി വികാരിയായ ഫാ. ജോസ് ചിട്ടടിയില്‍ പ്രളയത്തിന്റെ ദിനങ്ങളില്‍ കര്‍മ്മനിരതനായി നാടിനൊപ്പം ഉണ്ടായിരുന്നു. ഓരോ പ്രവര്‍ത്തനങ്ങളിലും തന്റെ സാന്നിധ്യവും സഹായവും നല്‍കി വന്നിരുന്ന അദേഹം ഒരു വലിയ കര്‍മ്മം കൂടി നിര്‍വഹിച്ചു. തനിക്കുണ്ടായിരുന്ന ഭൂമി, പാവപെട്ടവന് നല്‍കി. അതും കുറച്ച് അല്ല, ഒന്നര ഏക്കര്‍!

അടിമാലി പാറത്തോട് സെന്റ് ജോർജ് ഫൊറോന പള്ളി വികാരിയായ ഫാ. ജോസ് ചിട്ടടിയിലിന്റെ പ്രവര്‍ത്തന പഥത്തിലൂടെ…

കുര്‍ബാനയ്ക്കിടെ ഒരു അറിയിപ്പ്

പതിവ് പോലെ എല്ലാവരും പങ്കെടുത്ത ഒരു കുര്‍ബാനയായിരുന്നില്ല അത്. മറ്റു ഇടങ്ങളിലെ പോലെ പ്രളയം ഒഴിഞ്ഞതിന്റെ ശൂന്യതയും വേദനയും പള്ളിയിലും ദൃശ്യമായിരുന്നു. പല കുടുംബങ്ങള്‍ക്കും പള്ളിയിലേക്ക് എത്താന്‍ കഴിയാത്ത സാഹചര്യം. പറ്റുന്നവര്‍ എല്ലാം എത്തിയിട്ടുമുണ്ട്. 22 വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. ജില്ലയില്‍ ഒട്ടാകെ 52 മരണം, നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടക്കുന്നതെ ഉള്ളു. ദുരിതം വിട്ടൊഴിയാത്ത അവസ്ഥ.

ഏറെ തീവ്രമായി ദൈവത്തോട് അപേക്ഷിച്ചുകൊണ്ട് എല്ലാവരും കുര്‍ബാന കൂടി. കുര്‍ബാനയ്ക്ക് ശേഷം ഫാ. ജോസിന്റെ ഒരു അറിയിപ്പ് എത്തി. “എന്റെ ഒന്നര ഏക്കര്‍ സ്ഥലം ഞാന്‍ നല്‍കാന്‍ തയ്യാറാണ്. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും മറ്റും ഇവ ഉപയോഗപ്പെടുത്താം.” പറഞ്ഞത് മറ്റാരുമല്ല പള്ളി വികാരിയായ ഫാ. ജോസ് ചിട്ടടിയില്‍ തന്നെ. മരിയാപുരം പഞ്ചായത്തില്‍ ഉള്ള കുതിരിക്കല്‍ എന്ന സ്ഥലത്തെ തന്റെ ഭൂമിയാണ്‌ നല്‍കാമെന്നു ഏറ്റിരിക്കുന്നത്. കുടുംബ വിഹിതമായി ലഭിച്ചതാണ്. ഇത്രയധികം ആളുകള്‍ ഇവിടെ വീടും ജീവിതവും ഇല്ലാതെ വേദനിക്കുമ്പോള്‍ തനിക്ക് എന്തിനാണ് ഈ ഭൂമി? ആവശ്യള്ളവരിലേയ്ക്ക് ഇവ എത്തിക്കുകയാണ് വേണ്ടത്. ഈ ചിന്തയാണ് ഫാദര്‍ ജോസിനെ ഇത്രയും വലിയ ഒരു പ്രവര്‍ത്തനത്തിന് പ്രേരിപ്പിച്ചത്.

ചെറിയ ശ്രമം, വലിയ മാറ്റം

നമ്മള്‍ നന്നായാല്‍ വീട് നന്നാകുമെന്നും, വീട് നന്നായാല്‍ സമൂഹം നന്നാകുമെന്നും, അങ്ങനെ നാടും രാജ്യവുമൊക്കെ നന്നാകുമെന്ന് പറയുന്നത് വെറുതെയല്ല. സംസാരിക്കാനും ഭാഷ കൈകാര്യം ചെയ്യാനും കഴിയുന്നവന് ആരെയും ഉപദേശിക്കാം, വേണമെങ്കില്‍ മോട്ടിവേഷണല്‍ സ്പീക്കറും ആകാം. അതൊന്നും അത്ര പ്രയാസമേറിയ ജോലിയല്ല. നാടന്‍ ശൈലിയില്‍ പറഞ്ഞാല്‍ വായില്‍ നീളമുള്ള നാക്ക്‌ മതിയെന്ന് അര്‍ഥം! പക്ഷേ ആദര്‍ശങ്ങള്‍ വിളമ്പുന്ന പോലെ അത്ര എളുപ്പമല്ല അത് പ്രാവര്‍ത്തികമാക്കാന്‍.
ഫാ. ജോസിന്റെ ഭൂമി നല്‍കുന്ന പ്രസ്താവന ഈ സൂചിപ്പിച്ചത് പോലെ വാക്കിനൊപ്പം കര്‍മ്മവും ചേര്‍ന്ന ഒന്നാണ്. പറഞ്ഞത് പ്രാവര്‍ത്തികമാക്കി. #floodrescue2018 #weshallovercome എന്ന ഹാഷ്ടാഗുകള്‍ക്ക് പുറമേ പ്രളയത്തില്‍ വേദനിക്കുന്നവര്‍ക്ക് അക്ഷാരര്‍ത്ഥത്തില്‍ താങ്ങായി നില്‍ക്കുകയും ചെയ്തു.

തന്റെ ഭൂമി പ്രളയബാധിതര്‍ക്ക് നല്കാന്‍ തീരുമാനിച്ച അറിയിപ്പിനൊപ്പം, അദേഹം ഒരു കാര്യം കൂടി കൂട്ടി ചേര്‍ത്തു. ഇത്തരത്തില്‍ തങ്ങളുടെ ഭൂമിയില്‍ ഒരു ഓഹരി എങ്കിലും വേദനിക്കുന്നവനായി നല്‍കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അതിനു അവസരം ഉണ്ടെന്നു. ഉടന്‍ തന്നെ നാല് സുമനസ്സുകള്‍ എത്തി. അവരുടെ ഭൂമിയില്‍ നിന്ന് അഞ്ചു സെന്റ്‌ വീതം വാഗ്ദാനം ചെയ്തുകൊണ്ട്. അച്ചന്റെ നല്ല മനസ്സില്‍ നിന്ന് പ്രചോദനവും പ്രേരണയും ഉള്‍ക്കൊണ്ട് അവരും തങ്ങള്‍ക്ക് കഴിയുന്നത് നല്‍കി.

വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് ചെറിയ ചില തീരുമാനങ്ങളാണ്. പ്രത്യാശയോടെ മുന്നോട്ടു നീങ്ങുമ്പോള്‍ ഇത്തരം സുമനസ്സുകളെ ഇനിയും കണ്ടുമുട്ടട്ടെ. നന്മ പകര്‍ന്നു നല്‍കി നന്മ കൊയ്യാം!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.