ലോകം നിങ്ങളെ വെറുക്കുന്നുവെങ്കിൽ അതിനു മുൻപേ അത് എന്നെ വെറുത്തു എന്ന് അറിഞ്ഞുകൊള്ളുവിൻ – ഒരു സന്യാസിനിയുടെ പ്രതികരണം

സി. അഡ്വ. ജോസിയ SD

അതെ, ക്രിസ്തുവിനെ വെറുത്തവർ ഞങ്ങളെയും പരിഹസിച്ച് തേച്ചൊട്ടിച്ചു തുടങ്ങിയിട്ട് നാളുകൾ കുറെയായി. പരാതിയോ പരിഭവമോ ഇല്ല. നന്ദിയും കടപ്പാടും മാത്രം! കാരണം, ഞങ്ങൾക്ക് “ജീവിതം ക്രിസ്തുവും മരണം നേട്ടവും ആണ്.” ‘ഒരുപാട് തന്തമാർ ഉള്ളവർ’ എന്നും ‘പ്രത്യേക ജീവിവർഗ്ഗം’ എന്നുമൊക്കെ ഞങ്ങളെ വിശേഷിപ്പിക്കുന്നവരോടും അങ്ങനെ വിശ്വസിക്കുന്നവരോടും ഒരു വാക്ക്…

ഉണ്ട്! ഞങ്ങൾക്ക് ഒരുപാട് അപ്പന്മാര്‍ (അങ്ങനെ വിളിക്കാനാണ് ഇഷ്ടം. സഭ്യമായ ഭാഷ ഉപയോഗിക്കാൻ പറ്റുക എന്നതും ഒരു അനുഗ്രഹമാണ്) ഉണ്ട്. അപ്പന്മാര്‍ മാത്രമല്ല, അമ്മമാരും കുഞ്ഞുമക്കളും ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന ഒരുപാട് സഹോദരീ-സഹോദരന്മാരുമൊക്കെ കൂട്ടിനുള്ള പ്രത്യേക ജീവിവർഗ്ഗം തന്നെയാണ് ഞങ്ങൾ. അതിൽ കുറച്ചധികം അഭിമാനവുമുണ്ട്. വിശ്വാസവും ദൈവഭയവും മൂല്യബോധവും കൈമുതലായുള്ള നല്ല കുടുംബങ്ങളിലെ ധാർമ്മികബോധമുള്ള നല്ല അപ്പനമ്മമാർക്കു പിറന്ന ചുണക്കുട്ടികളായ സമർപ്പിത സഹോദരിമാരാണ് ഞങ്ങൾ.

നിങ്ങൾ മത്സരിച്ച് വാരിയെറിയുന്ന ചെളിയിൽ നോക്കി പിറകോട്ടു പോകാനോ, ഉത്തരം നൽകി തൃപ്തിപ്പെടുത്താനോ ഞങ്ങൾക്ക് സമയമില്ല. കാരണം, അനുകൂലമായ കാറ്റ് വീശുമ്പോൾ മാത്രം പറക്കാൻ അറിയാവുന്ന കരിയില പോലുള്ള ഇത്തരം കാര്യങ്ങൾക്കു പിറകെ ഞങ്ങൾ പോയാൽ, നിങ്ങൾ പറയുന്ന ആ ഒരുപാട് തന്തമാർ ഉണ്ടല്ലോ, അവർ പട്ടിണിയാകും. അവരെ രാവിലെ കുളിപ്പിക്കാനും പ്രഭാതകർമ്മങ്ങൾക്കു സഹായിക്കാനും അവരുടെ ബയോളജിക്കൽ മക്കൾ ഉപേക്ഷിച്ചതിന്റെ നൊമ്പരക്കണ്ണീർ മാറ്റി അവരുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാനുമൊക്കെ കൂടി 24 മണിക്കൂർ തികയുന്നില്ല ഞങ്ങൾക്ക്.

ആയിരം അര്‍ത്ഥങ്ങളുള്ള നിശബ്ദതയെ ബലഹീനതയായും കുലീനമായ മൗനത്തെ നിസ്സഹായതയുടെ സമ്മതമായും വ്യാഖ്യാനിച്ചു വഷളാക്കുന്നവരെ സ്നേഹത്തോടെ ക്ഷണിക്കട്ടെ; പുണ്യം പൂക്കുന്ന ഞങ്ങളുടെ ആതുരാലയങ്ങളിലേയ്ക്ക്. അവിടെ കാണാം, മൂക്കിലൂടെയും വായിലൂടെയും ചെവിയിലൂടെയും ഒക്കെ പുഴുക്കൾ കയറിയിറങ്ങുന്ന ക്യാൻസർ രോഗികളെ സ്നേഹത്തോടെ പരിചരിക്കുന്ന സന്യാസിനികളെ! അവരുടെ വേദനയൊന്ന് കുറയുമ്പോൾ അവർ ഞങ്ങളെ വിളിക്കും, മോളെ…എന്ന് ! അതെ, അങ്ങനെയാണ്. ഞങ്ങൾക്ക് ഒരുപാട് തന്തമാർ ഉണ്ടായത്. മനസിന്റെ സമനില തെറ്റി എപ്പോൾ വേണമെങ്കിലും അക്രമാസക്തരാകാവുന്ന സഹോദരീ-സഹോദരന്മാരെ ക്രിസ്തുവിന്റെ കരുണാർദ്രസ്നേഹം കൊണ്ട് ഞങ്ങൾ കീഴടക്കുമ്പോൾ അവർ ഞങ്ങളെ വിളിക്കും അമ്മേ, എന്ന്. അങ്ങനെയാണ് ഞങ്ങൾക്ക് ഒരുപാട് സഹോദരങ്ങളും കുഞ്ഞുമക്കളും ഉണ്ടായത്. വിമർശിക്കുന്നവരെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ക്രിസ്തു ക്ഷണിച്ചതുപോലെ, “വന്നു കാണുക.”

ഈ അടുത്തകാലത്ത് വാരിയെറിഞ്ഞ നല്ല മണമുള്ള ചേറായിരുന്നു; കത്തോലിക്കാ സഭയുടെ അനാഥാലയങ്ങളിൽ വളരുന്ന കുഞ്ഞുങ്ങൾ എല്ലാം ഞങ്ങൾ പ്രസവിച്ച മക്കൾ ആണെന്ന്! അതെ സഹോദരങ്ങളേ, ഞങ്ങൾ ആത്മനാ ജന്മം നൽകിയ ഞങ്ങളുടെ മക്കൾളാണ് അവർ. നിങ്ങൾ പുച്ഛിച്ചുതള്ളിയ പരിശുദ്ധ കന്യകാമറിയത്തെ സാക്ഷിനിർത്തി നിർഭയം ലോകത്തോട് വിളിച്ചുപറയുന്നു: ഈ ലോകത്തിൽ അനാഥരോ, അഗതിത്വം അനുഭവിക്കുന്നവരോ ആയി ആരൊക്കെ ഉണ്ടോ, അവർക്കെല്ലാം അമ്മയും സഹോദരിയും സ്നേഹിതയുമാകാൻ ആത്മീയമാതൃത്വത്തിന്റെ വിളി ലഭിച്ച ഭാഗ്യവതികളാണ് ഞങ്ങൾ സമർപ്പിതർ.
ഈ ദൗത്യം ഏറ്റെടുക്കാൻ നെഞ്ചുറപ്പും ദൈവാശ്രയബോധവും മനുഷ്യരിൽ ദൈവത്തെ കാണാനുള്ള ആന്തരികവെളിച്ചവും കൂടിയേ തീരൂ.

തനിക്ക് പറ്റാത്തത് മറ്റാർക്കും പറ്റില്ല എന്ന മിഥ്യാധാരണയും, ഇനി ആർക്കെങ്കിലും അതിനു പറ്റിയെന്നു കണ്ടാൽ അവരെ ജീവിക്കാനും അനുവദിക്കില്ല എന്ന വിഡ്ഢിത്തരവും വിളമ്പി ഇറങ്ങുന്നവരോട് ഇനി ഒന്നും പറയാനില്ല. നിറമുള്ള കാമകഥകൾ കേട്ട് അസ്വസ്ഥമായ യുവജനങ്ങൾ ഉണ്ടെങ്കിൽ അവരോടാണ്: ഒഴുക്കിനെതിരെ നീന്താൻ കരളുറപ്പ് ഉണ്ടെങ്കിൽ, പണ്ടേ വിവാദവിഷയങ്ങളുടെ അടയാളമായ ക്രിസ്തുവിനുവേണ്ടി മരിക്കാനും ധൈര്യമുണ്ടെങ്കിൽ (ഉണ്ടെങ്കിൽ മാത്രം!) അന്തസ്സായി ഇപ്പോൾ കയറിവരണം, സന്യാസജീവിതാന്തസ്സിലേയ്ക്ക്! അതെ, അമ്മയുടെ മുലപ്പാലിന്റെ വിശുദ്ധിയും അപ്പന്റെ നെഞ്ചിലെ സ്നേഹത്തിന്റെ നേരും സഹോദരങ്ങളുടെ വാത്സല്യത്തിന്റെ കരുത്തും അറിഞ്ഞു വളർന്ന യുവസഹോദരിമാർ ഉണ്ടെങ്കിൽ അഗതികളുടെ സഹോദരിമാരായ ഞങ്ങൾ നിങ്ങളെ വെല്ലുവിളിക്കുന്നു! ഇപ്പോഴല്ലെങ്കിൽ, പിന്നെപ്പോൾ?

ഇതൊക്കെ കണ്ടും കേട്ടും അല്പം നീറ്റലോടെ വീട്ടിലിരിക്കുന്ന ഞങ്ങളുടെ മാതാപിതാക്കളോടു കൂടി ഒരു വാക്ക്; ഒരുപാട് നന്ദിയുണ്ട്! പ്രതിസന്ധികളിൽ പതറാതെ ക്രിസ്തുവിൽ കണ്ണുറപ്പിക്കാൻ പഠിപ്പിച്ചതിന്, “പാഴ് വാക്കിനു പൊട്ട ചെവി” എന്ന മന്ത്രം കാതിൽ ഓതി തന്നതിന്, എനിക്ക് ഒരു സന്യാസിനി ആകണം എന്ന ആഗ്രഹം അറിയിച്ചപ്പോൾ നിറകണ്ണുകളോടെ അനുഗ്രഹിച്ചു വിട്ടതിന്. ഇതൊന്നും ഇവരോട് പറഞ്ഞാൽ മനസിലാകില്ല എന്റെ അപ്പച്ചാ!

അവസാനമായി വിൻസ്റ്റൺ ചർച്ചിലിന്റെ കാലികപ്രസക്തിയുള്ള വാക്കുകൾ കടമെടുക്കുകയാണ്. “YOU WILL NEVER REACH YOUR DESTINATION IF YOU STOP AND THROW STONES AT EVERY DOG THAT BARKS.” അതുകൊണ്ട്, നിൽക്കാനോ പിന്തിരിഞ്ഞു നടക്കാനോ തീരുമാനിച്ചിട്ടില്ല. Miles and Miles, to go…with my Jesus. നിങ്ങൾ ചെളിയും കല്ലുമായി പറ്റുന്നത്ര ദൂരം ഞങ്ങളെ അനുഗമിച്ചോളൂ. പക്ഷേ, തളർത്താമെന്നോ തകർക്കാമെന്നോ വിചാരിച്ചു വരരുത്. കാരണം, “ശരീരത്തെ കൊല്ലുന്നതിൽ കവിഞ്ഞു ഒന്നും ചെയ്യാൻ ശേഷിയില്ലാത്ത നിങ്ങളെ ഞങ്ങൾക്ക് തീരെ ഭയമില്ല.”

കുഷ്വന്ത് സിംഗ് പറഞ്ഞതുപോലെ, “എല്ലാവരോടും പകയോടെ” അല്ല, ക്രിസ്തു പഠിപ്പിച്ചതു പോലെ “എല്ലാവരോടും സ്നേഹത്തോടെ, നന്മ വരട്ടെ എന്ന പ്രാർത്ഥനയോടെ.”

സി. അഡ്വ. ജോസിയ പടിഞ്ഞാറേടത്ത് SD 

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.