പ്രതിസന്ധികള്‍ക്കിടയിലും മനുഷ്യക്കടത്തിന്റെ വര്‍ദ്ധനവ് ഭയാനകമെന്ന് കാരിത്താസ്

മഹാമാരിയുടെ കെടുതിയിലും മനുഷ്യക്കടത്തിന്റെ മേഖലയില്‍ ഭീതിദമായ വര്‍ദ്ധനവാണു കാണുന്നതെന്ന് സഭയുടെ ആഗോള ഉപവി പ്രസ്ഥാന കാരിത്താസിന്റെ ജനറല്‍ സെക്രട്ടറി അലോഷ്യസ് ജോണ്‍. ജൂലൈ 30, യുഎന്‍ ആചരിക്കുന്ന മനുഷ്യക്കടത്തിന് എതിരായ ദിനത്തോട് അനുബന്ധിച്ച് ഇറക്കിയ പ്രസ്താവനയിലാണ് അലോഷ്യസ് ജോണ്‍ ഇങ്ങനെ പ്രസ്താവിച്ചത്.

ഇരകളായവര്‍ നാലു കോടിയില്‍ അധികം

കൊറോണ വൈറസ് ബാധ മൂലം ആഗോളതലത്തില്‍ സംഭവിച്ച അടച്ചുപൂട്ടല്‍ പ്രക്രിയയാല്‍ മനുഷ്യക്കടത്ത് കുറയുകയല്ല മറിച്ച്, ഈ മേഖലയില്‍ ഏറെ വര്‍ദ്ധിച്ച അവസ്ഥയാണ് കാണുന്നതെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി. കാരിത്താസും മനുഷ്യക്കടത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന 46 ക്രിസ്ത്യന്‍ സംഘടനകളുടെ കൂട്ടായ്മയും കൈകോര്‍ത്താണ് ഇരകളാവുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്തവരെ രാജ്യാന്തരതലത്തില്‍ അന്വേഷിക്കുകയും കണ്ടെത്തുകയും വേണമെന്ന് ലോകരാഷ്ട്രങ്ങളുടെ സുരക്ഷാനിയമ സംവിധാനങ്ങളോട് രേഖാമൂലം അഭ്യര്‍ത്ഥിച്ചിട്ടുള്ളത് അലോഷ്യസ് ജോണ്‍ ചൂണ്ടിക്കാട്ടി.

ലോക തൊഴില്‍ സംഘടനയുടെ കണക്കുകള്‍ പ്രകാരം 4 കോടിയിലധികം പേരാണ് ഇന്ന് മനുഷ്യക്കടത്തിന് ഇരകളാക്കപ്പെടുകയും ചൂഷണവിധേയരാക്കപ്പെടുകയും ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം സ്ഥിതിവിവര കണക്കുകളോടെ വ്യക്തമാക്കി.

അടിയന്തിരഘട്ടത്തെ രാഷ്ട്രങ്ങള്‍ ഗൗനിക്കണം

വ്രണിതാക്കളായ സ്ത്രീകളെയും കുട്ടികളെയും ഇരകളാക്കുന്ന മനുഷ്യക്കടത്തിന്റെ വര്‍ദ്ധിച്ച സാഹചര്യത്തെ അപലപിക്കുന്നതായി അലോഷ്യസ് ജോണ്‍ പ്രസ്താവനയിലൂടെ അറിയിച്ചു. പ്രതിസന്ധിയുടെ ഇക്കാലഘട്ടത്തിലും മറ്റ് പൗരസംഘടനകളോടും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്യസ്ഥരുടെ കൂട്ടായ്മകളോടും മനുഷ്യക്കടത്തിന് ഇരകളാവുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്തിട്ടുള്ളവരെ സുരക്ഷയുടെയും നിയമസംരക്ഷണത്തിന്റെയും ശ്രൃംഖലയില്‍ എത്തിക്കുവാന്‍ കൈകോര്‍ത്തു പരിശ്രമിക്കുവാന്‍ അഭ്യര്‍ത്ഥിച്ചതായി കാരിത്താസിന്റെ പ്രസ്താവന വെളിപ്പെടുത്തി.

രാഷ്ട്രങ്ങളുടെ ശ്രദ്ധ മഹാമാരിയുടെ ക്ലേശങ്ങളിലേയ്ക്കു തിരിഞ്ഞ സമയത്താണ് മനുഷ്യക്കടത്തിന്റെ മേഖല പൂര്‍വ്വോപരി തലപൊക്കിയതെന്നും വളര്‍ന്നതെന്നും പ്രസ്താവന നിരീക്ഷിച്ചു. രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന വ്രണിതാക്കള്‍ക്ക് അതിന് സാധ്യതയില്ലാത്ത അടിയന്തിരഘട്ടമാണ് കൊറോണകാലമെന്നും അദ്ദേഹം അറിയിച്ചു.

കാരിത്താസ് രാഷ്ട്രങ്ങളോട്

1. ഇരകളായവര്‍ക്ക് അഭയം, ആശയവിനിമയത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നല്‍കുക.

2. ചൂഷണം അധികമായി നിരീക്ഷിച്ചിട്ടുള്ള അസംഘടിത തൊഴില്‍മേഖലകളുടെ താവളങ്ങള്‍ എവിടെയും അന്വേഷണവിധേയമാക്കുക.

3. കെണിയില്‍ വീണുപോയവരെ മോചിക്കുകയും അവരെ ഇനിയും വലയത്തില്‍ വീഴാതിരിക്കുവാനുള്ള മുന്‍കരുതലുകളോടെ സുരക്ഷാസംവിധാനങ്ങളില്‍ എത്തിക്കുക.

4. കൂടുതല്‍ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക.

5. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരേതര സംഘടനകളെ സാമ്പത്തികമായി തുണയ്ക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.