മുറിക്കൈയ്യൻ ഷർട്ട് ധരിച്ച ഒരു അസാധാരണ ഡോക്ടർ: ഡോ. പോൾ മാമ്പിള്ളി അനുസ്മരണം

ഒരു ഉച്ചസമയം. കറുകുറ്റി ക്രിസ്തുരാജാ ആശ്രമത്തിൽ നിന്നും പെട്ടിയിൽ ഒരു മൃതദേഹം, അടക്കം ചെയ്യാൻ ഔസേപ്പ് മറിയം ക്യാൻസർ ഇൻസറ്റിറ്റ്യൂട്ടിന്റെ മുറ്റത്തേ പന്തലിലേയ്ക്ക് നാട്ടുകാരും ആശ്രമത്തിലെ വൈദീകരും കൂടി കൊണ്ടുവന്നു. മഞ്ചത്തിന്റെ പിന്നിൽ ഒരു വലിയ ഫ്ലക്സ് ബോർഡിൽ വലിയ അക്ഷരത്തിൽ എഴുതിയിരുന്നു: “നാടിന്റെ നന്മമരം വിടവാങ്ങി.” അതിന്റെ ഒരുവശത്ത് നീണ്ട വെള്ളത്താടിയോടുകൂടി നിറചിരിയോടെ വലിയ ഒരു മുഖവും.

മൃതമഞ്ചത്തിൽ വെള്ളത്താടിയും ശുഭ്രവസ്ത്രം കൊണ്ടുള്ള അരക്കൈയ്യൻ ഷർട്ടും മുണ്ടും ധരിച്ച് വെള്ള പൂക്കൾ ചുറ്റിലും നിരന്ന് ഫ്ലക്‌സിലെ താടിമുഖം നിഷ്ചേഷ്ടനായി ശയിക്കുന്നു – ഡോ. പോൾ മാമ്പിള്ളി അല്ലെങ്കിൽ എല്ലാവരും അറിയുന്ന ക്യാൻസർ ഡോക്ടർ. ശീതീകരിച്ച ചില്ലുപെട്ടിയിൽ കിടക്കുമ്പോഴും സാന്ത്വനതണലേകിയിരുന്ന ആ മഹാവടവൃക്ഷത്തിന്റെ ആർദ്രത ആ മുഖത്ത് തുടിച്ചുനിന്നിരുന്നു. ആ മഹാനുഭാവന്റെ പാദാന്തികെ നമ്രശിരസ്‌ക്കരായിരായി നാട്ടുപ്രമാണികളും വിവിധ ക്രൈസ്തവസഭാ പുരോഹിതന്മാരും സാധാരണക്കാരായ നാട്ടുകൂട്ടവും ആദരമർപ്പിക്കാനും പ്രാർത്ഥിക്കാനും നിരന്നിരുന്നു.

അവരിൽ ചിലർ ഡോക്ടറുമായുള്ള ചില അനുഭവങ്ങളും പങ്കുവച്ചു. ഒരു സഭാദ്ധ്യക്ഷന്‍ പറഞ്ഞു: “ഒരു പഴയ പദപ്രയോഗമാണെങ്കിലും വേറൊന്ന് എനിക്ക് ഇപ്പോൾ കിട്ടുന്നില്ല. ഈ നാടിന്റെ ഒരു മഹാനഷ്ടം തന്നെയാണ് മാമ്പിളളി ഡോക്ടറിന്റെ വിടവാങ്ങൽ. കാരണം, പാവങ്ങൾക്ക് കൈയ്യെത്തിപ്പിടിക്കാവുന്ന ഒരു പിടിവള്ളി ഈ നാട്ടിലുണ്ടാവുക അത്ര എളുപ്പമല്ല. വല്ലപ്പോഴും ജന്മമെടുക്കുന്ന ഒരു അവതാരമാണിത്‌. രക്ഷാവതാരം എന്നുതന്നെ പറയേണ്ടയിരിക്കുന്നു.”

ഫാ. ജോസ് കോളുതറ സിഎംഐ, ഡോ. മാമ്പിള്ളിയുമായിട്ടുള്ള തന്റെ മുപ്പതോളം വർഷത്തെ സുഹൃദ്ബന്ധത്തിന്റെ വെളിച്ചത്തിലാണ് അനുഭവങ്ങൾ പങ്കുവച്ചത്. “ഈ പെട്ടിയിൽ കിടക്കുന്നത്‌ ഒരു വിശുദ്ധൻ തന്നെയാണ്, ഒരു സംശയവും വേണ്ട. ക്യാൻസർ രോഗികളുടെ മദ്ധ്യസ്ഥൻ. ഒരുകാലത്ത് കന്യാകുമാരി മുതൽ മലബാർ വരെയുള്ള എത്രയോ പാവപ്പെട്ടവരായിരുന്നു വേദന കൊണ്ട് പിടഞ്ഞും, വായും മുഖവും രോഗം കൊണ്ടു വികൃതമാക്കപ്പെട്ടും ദുർഗന്ധം മണത്തും ഈ ഡോക്ടറെ കാണാൻ ഈ വീട്ടിൽ എത്തിയിരുന്നത്. അവരുടെ വേദനയ്ക്ക് തെല്ലു കുറവ് വരുത്താനും ക്യാൻസർ വികൃതമാക്കിയ ശരീരഭാഗങ്ങളെ മുറിച്ചുനീക്കാനും തുന്നിച്ചേർക്കാനും നിശ്ചലങ്ങളായ ഈ കരങ്ങൾ എത്രയോ നീണ്ട മണിക്കൂറുകളാണ്‌ വിവിധ ഓപ്പറേഷൻ തിയേറ്ററുകളിൽ ചെലവിട്ടത്. സ്വന്തം കീശയിൽ നിന്നും രോഗിക്ക്‌ മരുന്നിനും യാത്രയ്ക്കും ഭക്ഷണത്തിനും വേണ്ട പണം നൽകുന്ന ഏതെങ്കിലും ഡോക്ടർമാരെക്കുറിച്ച് നാം കേട്ടിട്ടുണ്ടോ? ഉടുവസ്ത്രത്തിന്റെ ധവളത മനസ്സിലും ഹൃദയത്തിലും കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു ഡോ. മാമ്പിള്ളി.

ഒരിക്കൽ നാവിന് ക്യാൻസർ ബാധിച്ച മൂന്നുപേർ അടുത്തടുത്ത ദിവസങ്ങളിലായി കറുകുറ്റി ആശ്രമത്തിൽ ഡോക്ടറെ കാണാൻ വന്നു. ഓരോ രോഗിയെയും ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചശേഷം രണ്ടുപേരുടെ കാര്യത്തിൽ നാവ് ചുവടെ എടുത്തുകളയേണ്ടിവരും എന്നു പറഞ്ഞു. മൂന്നാമത്തെ ആളുടെ നാവിന്റെ മൂന്നിലൊരു ഭാഗം മാത്രം റൗണ്ട് ചെയ്ത് എടുത്താൽ മതിയാകും (ഈ രോഗികളെ കാണാൻ ആശ്രമാംഗങ്ങളെയും വിളിച്ചു. നാവിലെ ക്യാൻസർ മണം. ചീച്ചിലിന്റെ ദുർഗന്ധം ഒരു മിനിറ്റ് അനുഭവിച്ചാൽ പിന്നെ ഭക്ഷണം കഴിക്കാൻ പോലും സാധിക്കാത്ത തരത്തിലുള്ള ദുർഗന്ധം ആയിരുന്നു അത്). അന്ന് കേരളത്തിൽ നാവിന് സർജറി നടത്താൻ ഒരു ഡോക്ടറും ധൈര്യപ്പെടാത്ത കാലമായിരുന്നു. കാരണം, നാവ് ശസ്ത്രക്രിയ ചെയ്യുമ്പോൾ ഉണ്ടാകുന്ന രക്തപ്പുഴ കണ്ട്രോൾ ചെയ്യാൻ സാധ്യമല്ലായിരുന്നു. ജർമ്മനിയിൽ നിന്നും കൊണ്ടുവന്ന പ്രത്യേകതരം ക്ലിപ്പുകൾ ഉപയോഗിച്ച് അനായാസം ഡോക്ടർ ഇത്തരം ശസ്ത്രക്രിയകൾ നടത്തിയിരുന്നു. ഇത്തരം രോഗികളെ ശസ്ത്രക്രിയക്ക്‌ ഒരുക്കിയവിധം ഇന്നും കറുകുറ്റി ആശ്രമത്തിൽ ഓർമ്മിക്കപ്പെടുന്നു. ശസ്ത്രക്രിയയ്ക്കു മുമ്പ് രോഗികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ പോഷകാഹാരം കൊടുക്കുക എന്നത് ഡോക്ടർക്ക്‌ നിർബന്ധമായിരുന്നു. അതിനായി ആശ്രമത്തിൽ നിന്നും പാൽ ഫ്രീയായി ആയി കൊടുത്തിരുന്നു.

ആശ്രമവാസി

അറുപതുകളിൽ നടന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വിപ്ലവകരമായ ആശയവിസ്ഫോടനം കേരളസഭയിലും എത്തിത്തുടങ്ങിയിരുന്നു. പാശ്ചാത്യ സന്യാസാനുഷ്ഠാന രീതിയിൽ തുടർന്നിരുന്ന കേരള സന്യാസ സമൂഹത്തിലും വ്യതിയാനങ്ങൾ സംഭവിച്ചു. അന്നുവരെ ആശ്രമത്തിന് ആവുറുതിയും മൗനയിടങ്ങളും പ്രാർത്ഥനാമുറികളും വിവിധ സമയങ്ങളിലെ പ്രാർത്ഥനകളിലും മുഴുകി പുറംലോകവുമായി വലിയ ബന്ധമില്ലാതെ സന്യാസിമാർ കഴിഞ്ഞിരുന്നു. സ്വയംവിശുദ്ധിയിലൂടെ പരരക്ഷ നേടുക എന്നതായിരുന്നു പ്രാമാണിക ചിന്താഗതി.

പുറത്തുള്ളവർക്ക് കാഴ്ചമുറി വരെ മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. വത്തിക്കാൻ കൗൺസിലിൽ പങ്കെടുത്ത സിഎംഐ ജനറൽ സ്മരണാർഹനായ മാവരുസിനുശേഷം ജനറൽ സ്ഥാനമേറ്റത്‌ ഫാ. കനിഷ്യസ്‌ (ദൈവദാസന്‍) ആയിരുന്നു. മാറ്റത്തിന്റെ വാതിലുകൾ മെല്ലെ പ്രായോഗികതലത്തിൽ തന്നെ തുറന്നുതുടങ്ങി, ആവുറുധികളിൽ കടന്നുകയറി. അന്നുവരെ സ്ഥാപിച്ചിരുന്ന വിശുദ്ധിയും ഭക്തികളും സന്യാസ – പുരോഹിത – അത്മായസംജ്ഞകൾ എല്ലാം’ ദൈവജനം’ എന്ന ഒന്നിൽ ഉരുക്കിച്ചേർക്കുന്നതിൽ വത്തിക്കാൻ കൗൺസിൽ ഡിക്രികൾ വലിയ വിജയം നേടിയെന്നു പറയാം. അതിന്റെ നാടൻ പ്രായോഗികതയാണ് ഡോ. മാമ്പിള്ളിയും സിഎംഐ സഭയും തമ്മിലുള്ള ബന്ധം.

കരിക്കാമുറി ആയിരുന്നു ജനറാളച്ചന്റെ കാര്യാലയം. ജോസഫ് എലിയാസച്ചൻ അക്കാലത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: “എറണാകുളം ജനറൽ ആശുപത്രിയിലെ രോഗികളെ സന്ദർശിക്കുക എന്നത് വികാരിയുടെ കടമയായിരുന്നു. രോഗികൾക്ക് ആശ്വാസവും മനോധൈര്യവും നൽകുക, വിശ്വാസികൾക്ക് കൂദാശാ പരികർമ്മം ചെയ്യുക, നിർധനർക്ക് സാമ്പത്തികസഹായം കൊടുക്കുക എന്നിവയെല്ലാം ഈ ശുശ്രൂഷയുടെ ഭാഗമായിരുന്നു. അതിനുവേണ്ടി ചെല്ലുമ്പോഴെല്ലാം കണ്ടുമുട്ടുന്ന ഒരാളായിരുന്നു ഡോ. പോൾ മാമ്പിള്ളി. അദ്ദേഹം ക്യാൻസർ വാർഡിന്റെ തലവനായിരുന്നു. മറ്റു രോഗവാർഡുകളിൽ സന്ദർശനത്തിന് മിക്കപ്പോഴും പോകാറുണ്ടായിരുന്നെങ്കിലും ക്യാൻസർ വാർഡിൽ ആഴ്ചയിൽ ഒന്ന് അല്ലെങ്കിൽ അത്യാവശ്യമെന്തെങ്കിലും ഉണ്ടായെങ്കിലേ പോകുമായിരുന്നുള്ളൂ. അവിടുത്തെ കാഴ്ചകൾ കണ്ണിനെയും മനസ്സിനെയും അത്രമേൽ പേടിപ്പെടുത്തുന്നതായിരുന്നു; ഭീഭത്സമായിരുന്നു ആ കാഴ്ചകൾ. എനിക്ക് അത് കാണാനുള്ള മനക്കട്ടിയും വേണ്ടത്ര ഉണ്ടായിരുന്നില്ല.

ക്യാൻസർ ശരീരത്തിൽ വരുത്തുന്ന വിരൂപതയും വല്ലാത്ത ദുര്‍ഗന്ധവും നൊമ്പരവും എങ്ങലുകളും കൂടി ദൈന്യത നിറഞ്ഞ അന്തരീക്ഷം. ഇവർക്കിടയിൽ തമാശയും പറഞ്ഞ് തോളത്തും തലയിലും കൈയിലുമൊക്കെ തൊട്ടുതലോടി പോവുന്ന മാമ്പിള്ളി ഡോക്ടറും. കരിക്കാമുറി ആശ്രമത്തിൽ കനീസിയുസ് അച്ചനായിരുന്നു സിഎംഐ സഭാ ജനറൽ. അദ്ദേഹം മാമ്പിള്ളി ഡോക്ടറെക്കുറിച്ചും ക്യാൻസർ രോഗികളോടുള്ള അദ്ദേഹത്തിന്റെ കരുതലിനെക്കുറിച്ചും മറ്റു അച്ചന്മാരോടും പറഞ്ഞിരുന്നു. ജനറാളച്ചൻ അദ്ദേഹത്തെ സ്നേഹവയ്പ്പുകളോടെ ആദരിക്കുകയും രോഗികളോടുള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ അത്ഭുതത്തോടെ കാണുകയും ചെയ്തിരുന്നു.

അദ്ദേഹത്തിന്‌ ആശ്രമാതിർത്തിയിൽ കാഴ്ചമുറി വിട്ട് സന്യാസിമാരുടെ ഭക്ഷണശാലയിലും ഉല്ലാസമുറിയിലും അച്ചന്മാരുമൊത്തുള്ള സഹവാസത്തിനും അനുമതി നൽകിയിരുന്നു. കാഷായവസ്ത്രധാരികളുടെ ഇടയിലെ വെള്ളവസ്ത്രക്കാരന്റെ വരവ്‌ അക്കാലത്തെ ഇത്തിരി വലിയ മാറ്റം എന്നോ വത്തിക്കാൻ കൗൺസിലിന്റെ പ്രായോഗീകരണമെന്നോ വേണമെങ്കിൽ വിളിക്കാം.

ഫാ. കനീഷ്യസ്‌ ജനറൽ സ്ഥാനത്തു നിന്ന് വിരമിച്ചപ്പോൾ ആ സ്ഥാനത്തെത്തിയത് വത്തിക്കാൻ കൗൺസിൽ രേഖകൾ ആഴത്തിൽ നടപ്പാക്കാനാഗ്രഹിച്ച ഫാ. തെയ്‌ബോൾഡ് ആയിരുന്നു. സന്യാസിമാർ ലോകത്തെ അകറ്റുകയല്ല, ജനങ്ങളിലേയ്ക്കിറങ്ങി അവരെ ത്യാഗപൂർണ്ണമായ സേവനം വഴി വിശുദ്ധിയിലേയ്ക്ക് നയിക്കുകയാണ്. ജനങ്ങളോടൊപ്പം ജനങ്ങൾക്കുവേണ്ടിയുള്ള ക്രിസ്തുസാക്ഷ്യമാവുകയാണ് സന്യാസം. ഈ ശൈലീവ്യതിയാനത്തിന്റെ ഫലമായി ഡോ. മാമ്പിള്ളിയുടെ ക്രിസ്തുസാക്ഷ്യമായ സേവനരംഗത്തെ പരിപോഷിപ്പിക്കാനും ഒരു സന്യാസ സമൂഹത്തിന്റെ പിൻബലം നൽകാനുമായി അദ്ദേഹത്തിന് ആശ്രമവാസികളോടൊത്ത് ആശ്രമത്തിൽ താമസിച്ച് ക്യാൻസർ രംഗത്തെ സേവനം വിപുലമായി നടത്താനുള്ള സൗകര്യങ്ങൾ പുതിയ ജനറൽ ഒരുക്കിക്കൊടുത്തു. ആചാരപ്രകാരമല്ലെങ്കിലും സിഎംഐ സന്യാസ സംഘത്തിലെ സന്യാസവര്യനായിത്തന്നെ ജീവിതത്തിന്റെ അന്ത്യത്തിന്റെ ഏതാനും നാൾ മുമ്പുവരെ ഡോ. പോൾ മാമ്പിള്ളി ജീവിച്ചു.

കാരിക്കാമുറി ആശ്രമം മാത്രമല്ല, വിദേശത്തുള്ള സിഎംഐ ആശ്രമങ്ങൾ വരെ ഈ മുണ്ടുകാരൻ സന്യാസിക്ക് സ്വാഗതം നൽകിയിരുന്നു. പുണ്യശ്ലോകനായ കനിസിയുസ് അച്ചൻ മുതൽ ബഹു. പോൾ ആചാണ്ടി അച്ചൻ വരെയുള്ള എല്ലാ സിഎംഐ ജനറൽമാരും അദ്ദേഹത്തെ സ്നേഹിക്കുകയും ആദരിക്കയും വിശാലഹൃദയത്തോടെ സഹായസഹകരണങ്ങൾ നൽകുകയും ചെയ്തിരുന്നു. അതേ അളവിൽ തന്നെ കേരളത്തിലെ സിഎംഐ ആശ്രമാധിപന്മാരും നിർലോഭമായ സഹകരണം ഡോക്ടർക്ക് നൽകിയിരുന്നു. ഡോക്ടറും സന്തോഷത്തോടും സ്നേഹത്തോടും നന്ദിയോടും കൂടിയത്രെ ഈ സിഎംഐ സഹവാസത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്‌.

ഡോ. മാമ്പിള്ളിയുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് സിഎംഐ സഭയുടെ മുൻ ജനറലും ഇപ്പോഴത്തെ എറണാകുളം – അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരിയുമായ മാർ ആന്റണി കരിയിൽ ദീപിക ദിനപത്രത്തിനു നൽകിയ കുറിപ്പിൽ, “അനന്യം അനുഗൃഹീതം ഈ ശുശ്രൂഷാപുണ്യം” – എന്നു കുറിച്ചു.

1973 മുതൽ കറുകുറ്റിയിൽ ഔസേപ്പ് മറിയം ക്യാൻസർ സെന്ററിനു സ്ഥലമൊരുക്കാനും നിർമ്മിക്കാനും ക്രിസ്തുരാജ ആശ്രമത്തിന്റെ ശ്രേഷ്ഠൻ ഫാ. ഏലിയാസർ നിർലോഭം സഹായിച്ചു. അവിടെ നവ സന്യാസപരിശീലനത്തിന് എത്തിയിരുന്ന വൈദിക വിദ്യാർത്ഥികളുടെ ദിനചര്യയുടെ ഭാഗമായിത്തന്നെ ഔസേപ്പ് മറിയത്തിലെ ക്യാൻസർ രോഗീപരിചരണവും ക്രമപ്പെടുത്തിയിരുന്നു. ദീർഘകാലം ഡോ. മാമ്പിള്ളി, ക്രിസ്തുരാജ ആശ്രമത്തിലെ അന്തേവാസിയുമായിരുന്നു. എല്ലാ സിഎംഐ അംഗങ്ങളുമായി സൗഹൃദത്തിലായിരുന്നെങ്കിലും ഫാ. തിയോബാൾഡ്, മാർ വിജയ് ആനന്ദ്, ഫാ. ഐക്കര, ഫാ. എലിയാസർ, ഫാ. ഇരത്തര, ഫാ. ഗാളുസ്, ഫാ. കോളുതറ, ഫാ. കുന്തറ, ഫാ. മെലേഷ്യസ്‌, ഫാ. ദോരത്തേവുസ്, ഫാ. ജോസഫ് ഏലിയാസ്, ഫാ. ജോൺ നാരെപറമ്പിൽ, ഫാ. വലിയതാഴത്ത് എന്നിവരുമായി കുറേക്കൂടി ഉറ്റബന്ധം പുലർത്തിയിരുന്നു .

അങ്കമാലി ജ്യോതിസ് സിഎംഐ ആശ്രമത്തിൽ വിശ്രമജീവിതം നയിക്കുന്ന ഫാ. എലിയസറിനെ കണ്ട് കുശലം പറയാൻ പലപ്പോഴും വന്നിരുന്നത് ഡോക്ടറിന്റെ ഹൃദയ അടുപ്പത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു. ഇതേവിധം പ്രിയോർ ജനറൽ സ്ഥാനം മാറി കോതമംഗലത്തിനടുത്ത് ചെങ്കരയിൽ ഏകനായി സാധാരണക്കാരോടൊപ്പം താമസിച്ചിരുന്ന ഫാ. തിയോബൽഡിനെ, ഡോക്ടർ സുഹൃത്തുക്കളോടൊപ്പം അവിടെച്ചെന്ന് കാണുക എന്നതും സ്നേഹത്തിന്റെ വേറിട്ട വഴിയായി കാണാവുന്നതാണ്.

കാഞ്ഞിരപ്പള്ളി ഇരുപത്താറിലെ രോഗപരിചരണ ഭവനത്തിലേയ്ക്ക് എറണാകുളത്തെ സുഹൃത്തുക്കളായിരുന്ന ഫാ. വലിയതാഴത്തും ഫാ. നാരേപറമ്പിലും എത്തി എന്നു കേട്ടപ്പോൾ, മാമ്പിളളി രോഗി ആവുന്നതിനു മുമ്പ് അവിടെച്ചെന്നു കണ്ട് സ്നേഹാന്വേഷണം നടത്തിയിരുന്നു. കാരിക്കാമുറി ആശ്രമത്തിലെ ഈരത്തറ അച്ചന്റെ കാലിൽ എക്സീമ വന്നു പൊട്ടി എന്നു കേട്ടറിഞ്ഞ ഡോക്ടർ, കറുകുറ്റിയിൽ നിന്നും രോഗത്തിനുള്ള മരുന്നുകളുമയി ചെന്ന് ശുശ്രൂഷ ചെയ്തതിനെ ഡോ. മാമ്പിളളിസുകൃതം എന്നല്ലാതെ എങ്ങിനെയാണ് ഇതിനെ വിളിക്കുക.

ക്യാൻസർ വകുപ്പ് മേധാവി

എറണാകുളം ജനറൽ ആശുപത്രിയിലെ ഡോ. മാമ്പിളളി, ക്യാൻസർ ഡിപ്പാർട്ടുമെന്റ് തലവനായിരിക്കുമ്പോൾ അവിടെ നടന്നിരുന്ന അഴിമതികളും തന്റെ തന്നെ ഡിപ്പാർട്ട്മെന്റിലെ ജൂനിയർ ഡോക്ടർമാരുടെ, പാവപ്പെട്ട രോഗികളോട് കാണിച്ചിരുന്ന കരുണയില്ലാത്ത പ്രവർത്തനരീതികളും മാമ്പിളളിയുടെ ഹൃദയത്തെ വല്ലാതെ മുറിപ്പെടുത്തി. അതിനു പരിഹാരമായി അദ്ദേഹം കണ്ടത്, സർക്കാർ ഉദ്യോഗം രാജിവയ്ക്കുക; രോഗികൾക്കു ഡോക്ടറെയും ആശുപത്രിയും നൽകുക; അശരണരായ ക്യാൻസർ രോഗികളെ വേദനയിൽ നിന്നും രോഗത്തിൽ നിന്നും മുക്തി നേടാൻ സഹായിക്കുക എന്നതൊക്കെയായിരുന്നു.

ഈ ചിന്തകൾ ഉറഞ്ഞുകൂടിയപ്പോൾ എറണാകുളത്തു തന്നെ ഒരു സ്ഥലത്ത് ക്യാൻസർ രോഗീപരിചരണകേന്ദ്രം തുടങ്ങാൻ ശ്രമം തുടങ്ങി. അതിനുള്ള എല്ലാ ഒത്താശകളും പ്രിയോർ ജനറൽ തിൽബോൾഡ് അച്ചനും കാരിക്കാമുറി ആശ്രമാംഗങ്ങളും നൽകി. ചിറ്റൂർ റോഡിൽ ഷേണായിസ് സിനിമ തീയറ്ററില്‍ നിന്നും തെക്കോട്ട് മാറി സെന്റ് പോൾ ക്ലിനിക്കിന്റെ അടുത്ത് ഒരു വാടക കെട്ടിടത്തിൽ ഏതാനും രോഗികളുമായി തന്റെ സ്വതന്ത്രരീതിയിലുള്ള ശുശ്രൂഷ തുടങ്ങി. അങ്കമാലി, തൃപ്പൂണിത്തുറ തുടങ്ങിയ പ്രൈവറ്റ് ആശുപത്രികളിൽ ശസ്ത്രക്രിയ നടത്താനുള്ള അനുമതി അതിന്റെ മാനേജ്മെന്റുകൾ ഡോക്ടർക്ക് സന്തോഷത്തോടെ സൗകര്യപ്പെടുത്തുകയും ചെയ്തു. പിന്നീട് കൂടുതൽ പേർക്ക് പരിചരണം ലഭിക്കാനും വീട്ടുകാർ ഉപേക്ഷിക്കുന്ന മഹാരോഗികൾക്ക് ശാന്തിയിൽ മരണത്തെ നേരിടാനും ആ സെൻറർ വികസിപ്പിച്ചെടുത്തതാണ് കറുകുറ്റിയിലെ ഔസേപ്പ് മറിയം നഗർ.

ലാളിത്യ സ്വരൂപം

ഡോക്ടർ എന്ന് കേട്ടാൽ തന്നെ ജനം മനസ്സിലാക്കുന്നത്, കഴുത്തിൽ ചുറ്റിയ സ്റ്റെതസ്കോപ്പും പാന്റ്സും ഷൂസും ധരിക്കുന്ന ആളെയാണ്. മാമ്പിളളി ഡോക്ടറെ ഈ വേഷത്തിൽ ആരെങ്കിലും കണ്ടിട്ടുണ്ടോ? ദുഷ്കരം! പണ്ടുകാലത്തെ കാരണവന്മാർ ധരിച്ചിരുന്ന വേഷം. നെഞ്ചുവരെ മാത്രം തുറന്ന മുറിക്കൈയ്യൻ വെള്ള ഷർട്ടും ഒറ്റമുണ്ടും. ചെരുപ്പ് ധരിക്കാത്ത നഗ്നപാദം. വെട്ടിമിനുക്കാത്ത സ്വതന്ത്രമായ നീണ്ട താടി. ഈ വ്യത്യസ്തതജീവിതത്തിലും കാണാമായിരുന്നു, സാധാരണ ജനം ചിന്തിക്കുന്നതിൽ നിന്നും വേറിട്ട ധാരയിൽ ഒഴുകിയ ഒരുത്തൻ – നാട്ടുപറച്ചിലിൽ ഇത്തിരി ‘പിരി.’

പക്ഷേ, ഡോക്ടറിന്റെ പിരിക്കും വ്യത്യസ്തതയുണ്ടായിരുന്നു. ആ പിരി പാവപ്പെട്ടവന്റെ വേദനയും നിസ്സഹായതയും സ്വന്തമാണ് എന്ന തിരിച്ചറിവ് സൃഷ്ടിച്ച കർമ്മബോധത്തിന്റെ ഉയിരെടുപ്പായിരുന്നു. അല്ലെങ്കിൽ ആരോരുമില്ലാത്ത, പത്തു പൈസ പോലും കെട്ടിവയ്ക്കാനില്ലാത്ത രോഗികൾക്കുവേണ്ടി ചങ്കിടിക്കുന്ന വല്ല ഡോക്ടർമാരും ഉണ്ടാവുമോ? മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ ഡോക്ടർ കാശുമുടക്കി ആംബുലൻസ് വിളിക്കുക; വീട്ടുകാർക്ക് പോവാൻ ടാക്സി ഇടപാടു നടത്തുക; ഇവക്ക് സ്വന്തം പോക്കറ്റിൽ നിന്നും പണം എണ്ണിക്കൊടുക്കുക; രോഗിക്കുള്ള മരുന്നുകൾ പുറത്തെ കടകളിൽ നിന്നും തേടിപ്പിടിച്ച് കൊണ്ടുവന്നു നൽകുക… ഇതൊക്കെ ഒരുതരം പിരിയല്ലെങ്കിൽ പിന്നെ എന്താണ്? ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ തിയേറ്ററിൽ നിന്നും മുറിയിൽ എത്തിച്ചാൽ തുടരെത്തുടരെ വിവരങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുക. രോഗിക്ക് സ്വന്തക്കാരില്ലെങ്കിലും എപ്പോഴും പരിചരിക്കാൻ, ചികിത്സിക്കുന്ന ഡോക്ടർ ഉണ്ടാവുക… ഇതൊക്കെ സ്റ്റെതസ്കോപ്പ് കഴുത്തിലണിയുന്നവന് ചേർന്നതാണോ? മാമ്പിള്ളി ഡോക്ടറുടെ ശുശ്രൂഷാശൈലിയുടെ വ്യത്യസ്തമാനങ്ങളാണ് ഇതെല്ലാം.

ഇതുപോലുള്ള വേറിട്ട ശീലങ്ങൾ ഡോക്ടർ മാമ്പിളളിക്കു മാത്രം കൈമുതലായിരുന്നു.
പ്രാർത്ഥനാസമ്പ്രദായം അതിലും വിചിത്രം. മുട്ടുകുത്തി നെറ്റികൊണ്ടു തറയിൽ പലപ്രാവശ്യം ഇടിക്കുക. അതുപോലെ നെഞ്ചത്ത് ഇടിച്ച് കുരിശടയാളം പലപ്രാവശ്യം ദീർഘനേരം വരയ്ക്കുക… ഇതൊക്കെ അദ്ദേഹത്തിന്റെ ഭക്തിയുടെ പ്രത്യേകതകളായിരുന്നു. കാരിക്കാമുറി ആശ്രമത്തിലായിരുന്നപ്പോൾ തോട്ടത്തിൽ സ്ഥാപിച്ചിരുന്ന വി. യസേപ്പിതാവിന്റെ സ്വരൂപത്തിന്റെ മുമ്പിലും മേൽപ്രകാരം ചെയ്യുക പതിവായിരുന്നു.

പലപ്പോഴും ഡോക്ടറുടെ കക്ഷത്തിലോ കൈയ്യിലോ ഒരു ഫയൽ കാണാമായിരുന്നു. അതിൽ സൂക്ഷിച്ചിരുന്നത് അപ്പന്റെയും അമ്മയുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും മാർ യൗസേപ്പിന്റെയും ക്രൂശിതരൂപത്തിന്റെയും ചിത്രങ്ങളായിരുന്നു. ഇത് യാത്രകളിൽ പലപ്പോഴും കൊണ്ടുനടന്നിരുന്നു. പലപ്പോഴും ഈ ഫയൽ തുറന ന്ന് നെറ്റി ഇടിക്കുകയും അതിൽ തൊട്ട് സ്വയം കുരിശടയാളം  വരയ്ക്കുകയും ചെയ്തിരുന്നു. ഓപ്പറേഷന് പോകുന്നതിനുമുമ്പ് പലപ്പോഴും ഉപവാസവും മുട്ടുകുത്തിയുള്ള പ്രാർത്ഥനായജ്ഞവും നടത്തിയിട്ടാണ് പോകാറ്. വെറുമൊരു ഭിഷഗ്വരൻ മാത്രമായിരുന്നില്ല മാമ്പിളളി. ദൈവീകതയുടെ ഒരു നിഗൂഢതാളം ഡോക്ടറിന്റെ സിരകളിൽ പ്രകമ്പനം കൊണ്ടിരിക്കണം. അതിന്റെ സ്പന്ദനങ്ങളാവും കർമ്മവിധിയായി ജീവിതത്തിലുടനീളം നിലനിന്നത്.

ധനികനും ഒപ്പം ദരിദ്രനും

സമ്പന്നകുടുംബത്തിലെ അംഗമായിരുന്നു ഡോക്ടർ. പിതൃസ്വത്തായി തന്നെ വലിയ മാളികവീടും ഏക്കറുകണക്കിന് ഭൂസ്വത്തും സ്വന്തമായിരുന്നിട്ടും പരമദരിദ്രനായി തന്നെ ജീവിതം അവസാനിപ്പിച്ചു. പറമ്പ് വിറ്റതും സുഹൃത്തുക്കൾ സമ്മാനം നൽകിയതുമൊക്കെ ചെന്നുവീണത് ക്യാൻസർ രോഗീപരിചരണത്തിന്റെ പട്ടികയിൽ തന്നെ. സാധാണക്കാരനെപ്പോലെ പൊതുവാഹനങ്ങളിൽ യാത്ര ചെയ്തു. ആശ്രമത്തിലെ സാധാരണ മുറിയും അതിൽ ട്രേഡ് മാർക്കായ ഏതാനും വെള്ളമുണ്ടുകളും ഷർട്ടുകളും. അലങ്കാരവസ്തുക്കളോ വിലപ്പിടിപ്പുള്ള സാധങ്ങളോ ഒന്നുമില്ല. ഒരു തലയോട്ടി വട്ടം മുറിച്ച രണ്ടു ഭാഗങ്ങൾ, വലിയ ഫോട്ടോ ആൽബം മാതിരിയുള്ള കുറെ കട്ടി കൂടിയ പുസ്തകങ്ങൾ… അവ വിവിധതരം ഓപ്പറേഷൻ ചെയ്യുന്നതിന്റെ പടിപടിയായുള്ള രേഖാചിത്രങ്ങൾ അടങ്ങിയതാണ്. വളരെ കുറച്ച് മെഡിക്കൽ ബുക്സ്.

രാഷ്ട്രീയക്കാരോടും നാട്ടുപ്രമാണികളോടും വലിയ സ്വാധീനമുള്ളവരോടും അകന്നബന്ധം മാത്രമാണ്‌ ഡോക്ടർ പുലർത്തിയിരുന്നത്‌. കേരളത്തിലെ പല മുന്തിയ ആശുപത്രി മാനേ്മെന്റ്‌കളും ആശുപത്രിയിലെ അംഗമാവൻ അദ്ദേഹത്തെ ക്ഷണിച്ചു. പേരെടുത്ത മെഡിക്കൽ കോളേജുകൾ അദ്ദേഹത്തെ തങ്ങളുടേതാക്കാൻ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. പക്ഷേ, ഡോക്ടർ ഒഴിഞ്ഞുമാറുകയാണ് ചെയ്തിരുന്നത്. അതെല്ലാം വാണിജ്യത്തിന്റെയും സ്ഥാപനവൽകരണത്തിന്റെയും വഴിയിലേ ചെന്നെത്തൂ എന്ന് അദ്ദേഹം അറിഞ്ഞിരുന്നു.

രോഗിയിലേയ്ക്കും രോഗവിമുക്തിയിലേയ്ക്കുമെത്താൻ ഡോക്ടർക്ക് കടമ്പകൾ ഏറെ കടക്കേണ്ടിവരും. അതിനിടയിൽ കരുണയുടെ കരുതൽ ചോർന്നുപോവും. ഡോക്ടറുടെ അടുത്ത സുഹൃത്തായ ഒരു സിഎംഐ അച്ചൻ, അദ്ദേഹത്തിന്റെ രോഗീശുശ്രൂഷ കാര്യക്ഷമമാക്കനും ശാസ്ത്രീയമാക്കാനും പ്രോജക്ട് തയ്യാറാക്കാനുമുള്ള നടപടികൾക്കായി സമീപിച്ചപ്പോൾ അദ്ദേഹം വലിയ താല്പര്യം കാണിച്ചില്ല. പിന്നീട് ആ അച്ചൻ പറഞ്ഞത്, ‘ഡോക്ടർക്ക് രോഗിയോടും രോഗത്തോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത കെട്ടുപാടുകളും കാണാക്കുടുക്കുകളും ഇല്ലാത്ത നേർപോക്കിന്റെ ആഴങ്ങളിലായിരിക്കും’ എന്നാണ്.

പഠന ബലം

പട്ടണത്തിലെ പേരെടുത്ത ആശുപത്രിയിൽ ജോസ് കോളുതറ അച്ചന്റെ അമ്മ രോഗാവശയായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഡോക്ടർമാർ കയ്യൊഴിഞ്ഞു. അന്ത്യദർശനത്തിനായി ജോസച്ചനും സഹോദരീ-സഹോദരന്മാരും അമ്മയുടെയും അരികിലെത്തി. മാമ്പിളളി ഡോക്ടറും കോളുതറ അച്ചന്റെ അമ്മയുടെ അടുത്തെത്തി. പെട്ടന്നുള്ള നിരീക്ഷണത്തിനുശേഷം പുറത്തേയ്ക്കു വന്നു. ജോസച്ചനെ വിളിച്ചിട്ട് പറഞ്ഞു: “അമ്മയുടെ അന്ത്യമൊന്നും ആയിട്ടില്ല.” അതിന്റെ കാരണങ്ങളും ഡോക്ടർ വിശദീകരിച്ചുകൊടുത്തു. അമ്മ പിന്നെയും വർഷങ്ങൾ ജീവിച്ചു. ഡോക്ടർക്ക് എങ്ങനെ മനസ്സിലായി എന്നു ചോദിച്ചപ്പോൾ നൽകിയ ഉത്തരം, “ഇതിന് പഠിക്കുന്ന കാലത്ത് നന്നായി പഠിച്ചിരിക്കണം” എന്നായിരുന്നു.

വിശദീകരണരൂപേണ ഡോക്ടറിന്റെ മുഖത്തേയ്ക്ക് വീണ്ടും നോക്കിയപ്പോൾ അദ്ദേഹം ഒരു സംഭവം പറഞ്ഞു. മെഡിക്കൽ കോളേജിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ സർജറിക്കുശേഷം റിക്കവറി മുറിയിൽ കിടത്തിയിരുന്ന പത്തു-പന്ത്രണ്ട് രോഗികളെ നിരീക്ഷിക്കുകയായിരുന്നു. അതിൽ ഒരാളുടെ വിചിത്രമായ ശ്വസനരീതിയും പെരുമാറ്റവും ശ്രദ്ധയിൽപെട്ടു. വിദ്യാർത്ഥിയായിരുന്ന മാമ്പിള്ളി, അസിസ്റ്റന്റ് പ്രൊഫസറിന്റെ അടുക്കൽ ഓടിയെത്തി കാരണം അന്വേഷിച്ചു. അതിനെക്കുറിച്ച് വിഷമിക്കേണ്ട പോൾ, ചിലർക്ക് അങ്ങിനെയാണ് എന്നുപറഞ്ഞ് അവസാനിപ്പിച്ചു. ജിജ്ഞാസുവായ മാമ്പിള്ളി, പ്രൊഫസറിന്റെ മുമ്പിൽ രോഗിയുടെ വിചിത്രമായ ശ്വസനരീതിയെപ്പറ്റി വിശദീകരിച്ചു. കേട്ടപാടെ പ്രൊഫസർ ഓടിവന്ന് രോഗിയുടെ തലയിലെ തുന്നിക്കെട്ടുകളെല്ലാം വെട്ടിമാറ്റി, കട്ടപിടിച്ച ഒരു രക്തക്കട്ട തലയോട്ടിയിൽ നിന്നും മാറ്റി. അതോടെ രോഗിയുടെ ശ്വസനരീതി ക്രമാനുഗതമായി. സമയത്തുള്ള ഡോക്ടറിന്റെ ഇടപെടലിൽ ഒരു ജീവൻ രക്ഷിക്കാനായി. ഈ നിരീക്ഷണപാടവമാണ് ഡോ. മാമ്പിള്ളി രൂപപ്പെടുത്തിയത്. രോഗനിര്‍ണ്ണയത്തിലെ വ്യക്തത പഠനത്തിന്റ ആഴത്തിൽ നിന്നും ലഭിച്ചതാണ്.

നിശബ്ദ സേവകൻ

എന്ത് കാര്യം ചെയ്താലും കൊട്ടും കുരവയും പെരുമ്പറയും വേണമെന്നു ശഠിക്കുന്ന കാലഘട്ടമാണല്ലോ ഇത്. നാലാൾ അറിഞ്ഞില്ലായെങ്കിൽ പിന്നെ എന്തിന്? ഇതിന്റെ വിപരീതദിശയിൽ സഞ്ചരിച്ചിരുന്ന ആളായിരുന്നു മാമ്പിള്ളി ഡോക്ടർ. പത്രക്കാർക്ക് മുഖാമുഖം നൽകാനോ വാർത്ത കൊടുക്കാനോ ഇടം നൽകാതെ പുറംതിരിഞ്ഞു നിന്നു. പക്ഷേ, ഡോക്ടറെ അറിഞ്ഞവർ, സ്നേഹിച്ചിരുന്നവർ, ദേശ-ഭാഷാഭേദമില്ലാതെ നാനാജാതി പേരുണ്ട്. ഡോക്ടറുടെ ചികിത്സാരീതികളും സർജറിയും അറിയാനും പഠിക്കാനുമായി പല മെഡിക്കൽ കോളേജുകളിൽ നിന്നും ഡോക്ടർമാരും വിദ്യാര്‍ത്ഥികളും എത്തിയിരുന്നു. ചില ഡോക്ടമാർ എത്തിയത് മുബൈയിലെ പ്രസിദ്ധമായ ടാറ്റാ ക്യാൻസർ സെന്ററിൽ നിന്നായിരുന്നു. അതിലെ ഒരു ഡോക്ടർ എറണാകുളത്തെ ആശ്രമത്തില്‍ വച്ച് അച്ചനോട് പറഞ്ഞത്: “അസാധാരണമായി കാണാറുള്ള ഒരു പ്രതിഭയാണ്‌ ഈ ഡോക്ടർ. ഇതുപോലുള്ള ഒരു സർജൻ സായിപ്പ് ആയിരുന്നെങ്കിൽ എന്തായിരുന്നേനെ സ്ഥിതി.”

പഠിക്കാൻ വരുന്നവർക്ക് ഡോക്ടർ രോഗസ്വഭാവങ്ങളും രോഗനിര്‍ണ്ണയ ഉപാധികളും വിവിധ സർജറി വഴികളും തന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞുകൊടുക്കുന്നതിൽ വിശാലമനസ്കനുമായിരുന്നു. പഠിക്കാനെത്തിയ മറ്റു ചിലർ പറഞ്ഞത്: “ഡോക്ടർ സൂക്ഷിച്ചിട്ടുള്ള ഓപ്പറേഷൻ ഫോട്ടോകളും രോഗത്തിന്റെ ഫോട്ടോകളും അവയെക്കുറിച്ചുള്ള വിവരണങ്ങളും കുറിപ്പുകളും എഴുതി അല്പം ശാസ്ത്രീയ ചിട്ടപ്പെടുത്തലുകൾ ചെയ്തിരുന്നെങ്കിൽ ഭാവിതലമുറയ്ക്ക് ഒരു വിജ്ഞാനസമ്പത്ത് ആയിരുന്നേനെ” എന്നാണ്. ഡോ. മാമ്പിള്ളി അതിനൊന്നിനും നേരം കളയാൻ തയ്യാറല്ലായിരുന്നു. തന്റെ പ്രാർത്ഥനാരീതികളിലും രോഗീശുശ്രൂഷയിലും മാത്രം ശ്രദ്ധയൂന്നുകയായിരുന്നു.

വിദേശത്ത്

പത്രക്കാരോ ചാനലുകരോ ഇല്ലാതെ രോഗിയും രോഗവും തന്നെയായിരുന്നു ഡോക്ടറുടെ ഖ്യാതി വിദേശത്തും എത്തിച്ചത്. ജർമ്മനിയിലെ ബാംബർഗിലെ ഫ്രാൻസിസ്കൻ സഭയിലെ റവ. കൊലുബൻ ഡോക്ടറെ, ആ നാട്ടിലെ പല മെഡിക്കൽ കോളേജുകളിലും പരിചയപ്പെടുത്തുകയും ഡോക്ടറുടെ അനുഭവജ്ഞാനം മറ്റുള്ളവർക്ക് ഉപയോഗപ്പെടുത്തുവാൻ സഹായിക്കുകയും ചെയ്തു. പലപ്പോഴും ജർമ്മനിയിലെത്തിയാൽ സിഎംഐ അച്ചന്മാരോടു കൂടിയും സിഎംഐ ഭവനത്തിലുമായിരുന്നു താമസം.

ബോണിലെ സിഎംഐ ഹൗസ് അംഗമായിരുന്ന ഫാ. ഫ്രാൻസിസ് ആക്കപ്പടി ഓർക്കുന്നത്: മുന്നറിയിപ്പ് കൂടാതെ ഭവനം തേടിപ്പിടിച്ച് ഡോക്ടർ എത്തിയാൽ ഇവിടുത്തെ ഒരാളായി താമസിക്കും. ഒരു പ്രാവശ്യം അദ്ദേഹം വന്നപ്പോൾ അച്ചന്മാരാരും ഉണ്ടായിരുന്നില്ല. ജർമ്മൻകാരനായ ഹൗസ് ബോയ് ക്രിസ്റ്റോ മാത്രമാണ് ഉണ്ടായിരുന്നത്. അവൻ, താടിയും വേഷവും കണ്ടപ്പഴേ സിഎംഐ അച്ചൻ തന്നെ എന്നു കരുതി മുറി തുറന്നുകൊടുത്തു. അച്ചന്മാർ എത്തുമ്പോൾ കണ്ടത് അടുക്കളയിലിരുന്ന പാലെടുത്ത് കുടിച്ചു കൊണ്ടിരിക്കുന്ന മാമ്പിള്ളിയെ.

വിദേശത്തും സ്വതസിദ്ധമായ വെള്ള നാടൻ മുണ്ടും ഷർട്ടും തന്നെയായിരുന്നു വസ്ത്രരീതി. സായിപ്പിന്റെ നാട്ടിലും ചെരിപ്പില്ലാതെയുള്ള നടത്തം. ആതുരശശ്രൂഷാരംഗത്തും അനാവശ്യമായ ടെസ്റ്റുകൾ, ഓപ്പറേഷൻ, അനാവശ്യ മരുന്നുകൾ എന്നിവയിൽക്കൂടി രോഗികളിൽ നിന്നും പണമീടാക്കി സ്ഥാപനവിജയം നേടുന്നതിനോടും ഡോക്ടർ മാമ്പിള്ളി വിയോജിച്ചിരുന്നു.

ചോദ്യചിഹ്നമായി…

അരനൂറ്റാണ്ടിനടുത്ത് സിഎംഐ സമൂഹത്തിൽ ഒരു സന്യാസിയെപ്പോലെ ജീവിച്ച ഡോ. മാമ്പിള്ളി, രണ്ട് വർഷത്തോളം സ്വന്തം താവളത്തിൽ, ഔസേപ്പ് മറിയം ആശുപത്രിയിൽ തന്നെയായിരുന്നു താമസം. അയൽപ്പക്കത്തെ വീട്ടുകാരും രോഗികളും കൂട്ടുണ്ടായിരുന്നു. സ്ട്രോക്ക് വന്നതിനെ തുടർന്ന് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ ചികിത്സയിലായി. ഒരു വശം തളർന്നതിനെ തുടർന്ന് സംസാരശേഷി നഷ്ടമാവുകയും ചെയ്തു. ഒന്നര മാസത്തെ ആശുപത്രി വാസത്തിന്റെ സമാപ്തി ഡോക്ടറിന്റെ എൺപത്തിയേഴു വർഷത്തിന്റെ ജീവിതവിരാമമായിരുന്നു. നൂറുകണക്കിന് പാവപ്പെട്ട ക്യാൻസർ രോഗികളുടെ പരിചരണവും സർജറിയും നടത്തി രോഗസൗഖ്യത്തിലൂടെ തെല്ല് സന്തോഷം പകർന്നിരുന്ന എൽഎഫ് ആശുപത്രി തന്നെ ഡോക്ടറിന്റെയും അവസാന കിടക്കയായത്‌ ഒരു ദൈവനിയോഗം തന്നെ.

പ്രശസ്തിക്കും പദവിക്കും വേണ്ടി നെട്ടോട്ടമോടുകയും സ്റ്റേജുകളിൽ ഷൈൻ ചെയ്യുകയെന്നതും ജീവിതവിജയമായി എണ്ണുകയും ചെയ്യുന്നവരുടെ കൂട്ടം സന്യാസത്തിന്റെ ആവൃത്തിയിലേയ്ക്കും കടന്നുകഴിഞ്ഞു. ആർഭാടവും പൊങ്ങച്ചവും വിലകൊടുത്തു വാങ്ങുന്ന അംഗീകാരങ്ങളും എന്തിനും ഏതിനും പെരുമ്പറ കൊട്ടിനടക്കുകയും ചെയ്യുന്നത് സന്യാസത്തിന്റെ സുക്രുതവഴിയായി മനസ്സിലാക്കുന്നവരും ഒട്ടും കുറവല്ല . ഇവരുടെ ഇടയിലാണ് ഡോ. പോൾ മാമ്പിള്ളി സന്യാസ കൂട്ടത്തിലെ ചോദ്യമായി ഉയരുന്നത്. സ്വന്തം എന്നത് അന്യനു വേണ്ടിയാണെന്നും കൊടുക്കുന്നതെല്ലാം രഹസ്യമായിരിക്കണമെന്നും വിനയമാണ് വലിപ്പം പഠനവും പദവിയും സേവനത്തിനാണെന്നും സ്വന്തം ജീവിതം കൊണ്ട് മാതൃക നൽകിക്കൊണ്ടാണ് ഈ മുറിക്കൈയ്യൻ ഷർട്ട് ധാരിയായ സിഎംഐ സന്യാസി കടന്നുപോയത്.

ഡോക്ടറുടെ നിര്യാണത്തിൽ ബെന്നി നൽകര കുറിച്ചതുപോലെ അസീസിയിലെ ഫ്രാൻസിസും, മോളോക്കോയിലെ ഡാമിയനും, കൽക്കത്തയിലെ മദർ തെരേസയും ഒന്നാക്കി ഉരുക്കിയെടുത്താലുള്ള ഒരു സൃഷ്ടി – ക്യാൻസർ ഡോക്ടർ മാമ്പിളളി.

വിരാമ കുറിപ്പ്

അത്യപൂർവ്വമായ ഒരു സുകൃതജന്മത്തിന്റെ ഉടമയായിരുന്നു ഡോ. പോൾ മാമ്പിള്ളി. അസാമാന്യമായ മനക്കരുത്ത് സ്വായത്തമാക്കിയ വലിയ അസാധാരണ വ്യക്തിത്വം. ചട്ടക്കൂടുകൾക്കും സംവിധാനങ്ങൾക്കും മെരുങ്ങാത്ത അതികായകൻ. തന്റെ ഹൃദയത്തോട് ദൈവം എന്ത് സംവദിക്കുന്നു എന്ന് കാതോർത്ത് അതിനനുസരിച്ചു മുന്നേറിയ ഒരു ഒരു ദൈവീക ധിക്കാരി. ഭക്തിക്ക് സ്വന്തം ചട്ടക്കൂടുകൾ രൂപപ്പെടുത്തിയ ഒരു വിഭക്തൻ. സുവിശേഷം പ്രയോഗക്ഷമമാണെന്ന് സ്വന്തം ജീവിതം കൊണ്ട് കാണിച്ചുതന്ന ഒരു കർമ്മയോഗി. സഹയാത്രികൻ ആരുമാകട്ടെ, അവനോടൊപ്പം ഒരു മടങ്ങ് ദൂരം പോകാൻ മടിക്കാത്ത ഒരു യാത്രികൻ. രൂപവൈരുപ്യങ്ങൾക്കു പിന്നിൽ മനുഷ്യമഹിമയെ നിലംപറ്റെ ആദരിച്ച ഒരു മനുഷ്യസ്നേഹി. അല്പത്തിൽ തൃപ്തിയും തൃപ്തിയിൽ അതിർത്തിയും പ്രകടിപ്പിച്ച ജീവിത ദാർശനികൻ. ധനത്തിന് മനസ്സിൽ ചേക്കേറാൻ ഇടം നൽകാത്ത ആത്മീയവര്യൻ ദിഗംബരൻ…

ഇങ്ങനെ ഏതെല്ലാം വിധത്തിൽ ഡോ. മാമ്പിള്ളിയെ നമുക്ക് വിശേഷിപ്പിക്കാം. ആദരിക്കാനല്ലാതെ അത് അനുകരിക്കാൻ അസാധ്യമായ ഉന്നത കുലോത്തം. സ്വതസിദ്ധമായ നമ്മുടെ സ്വാർത്ഥതാൽപര്യങ്ങളുടെ മാളിക മേലെ നിന്നു പുറത്തേയ്ക്കിറങ്ങി ജീവിതത്തിന്റെ ചെറ്റപ്പുരകളിൽ എരിഞ്ഞടങ്ങുന്ന ഇന്ന് മർത്യജന്മങ്ങളിലേയ് വല്ലപ്പോഴും ഒന്നെത്തിനോക്കാൻ നമുക്ക് പ്രകാശം ചൊരിയുന്ന ദീപപ്രഭയായി ഡോ. പോൾ മാമ്പിള്ളി, ക്യാൻസറിന്റെ ഈ മദ്ധ്യസ്ഥൻ ഇനിയും ജീവിക്കട്ടെ…

ഫാ. റ്റി. എ. ആന്റണി CMI

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.