വെള്ളത്തിന്റെ നടുവിൽപ്പെട്ടവർക്ക് സഹായമേകാൻ വള്ളത്തിൽ എത്തിയ സന്യാസിനിമാർ

മരിയ ജോസ്

“കുട്ടനാട്ടുകാരി ആയിരുന്നിട്ടും വെള്ളപ്പൊക്കത്തിന്റെ തീവ്രത എത്രയധികമാണെന്നു തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളുമടങ്ങിയ ആ പൊതികളെക്കാൾ അവർ ആഗ്രഹിച്ചത് സഹായഹസ്തവുമായി ഓടിയെത്താൻ ആളുണ്ടെന്ന്, അവരെ വിശ്വസിക്കുന്ന കുറച്ചാളുകളുടെയെങ്കിലും സാമിപ്യമായിരുന്നു” – സി. ലിൻസ് മരിയ പറയുന്നു. കുട്ടനാട്ടിലേയ്ക്ക്, പ്രളയബാധിതരിലേയ്ക്ക് പച്ചക്കറികളുമായി വള്ളത്തിൽ പോയ സന്യാസിനിമാരുടെ ചിത്രം ഓർമ്മയില്ലേ? ആ സന്യസിനിമാരിൽ ഒരാളാണ് സി. ലിൻസ് മരിയ. എസ്എച്ച് സന്യാസ സമൂഹത്തിലെ ചങ്ങനാശേരി പ്രൊവിൻസില്‍ അംഗമായ ഈ സന്യാസിനി, തങ്ങൾ കണ്ട കുട്ടനാടിന്റെ – വെളിയനാടിന്റെ അനുഭവങ്ങളുമായി ലൈഫ് ഡേ -യ്ക്ക് ഒപ്പം ചേരുകയാണ്…

പ്രളയം കുട്ടനാടിനെ കാർന്നുതിന്നാൻ തുടങ്ങിയ സമയം മുതൽ ദുരിതബാധിതർക്ക് സഹായം നൽകണമെന്ന ആഗ്രഹം ഈ സന്യാസ സമൂഹത്തിനുണ്ടായിരുന്നു. പറ്റിയ ഒരു അവസരത്തിനും അർഹരായ ആളുകൾക്കുമായുള്ള കാത്തിരിപ്പിനിടയിലുമാണ് വെളിയനാട് പഞ്ചായത്തിലെ ഒരു വാർഡ് മെമ്പറും യുവദീപ്തിയുടെ മുൻപ്രവർത്തകനുമായിരുന്ന ഒരു ചേട്ടനെ കണ്ടുമുട്ടുന്നത്. അദ്ദേഹമാണ്, വെളിയനാടിന്റെ ഉള്ളുകളിലേയ്ക്ക് കയറി ധാരാളം തുരുത്തുകളുണ്ടെന്നു പറയുന്നത്. തീരെ പാവങ്ങാളായവർ. വള്ളം കടന്നുചെല്ലാൻ പ്രയാസമുള്ള ഇടങ്ങൾ. ഇത്തരം പ്രദേശങ്ങളിൽ സഹായവുമായി ആരും വരില്ല എന്ന തിരിച്ചറിവിൽ നിന്നാണ് അവിടേയ്ക്ക് സഹായവുമായി കടന്നുചെല്ലുവാൻ തീരുമാനിക്കുന്നത്.

ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും അടങ്ങിയ ഇരുനൂറ് കിറ്റുകളാണ് ഇവർ ഒരുക്കിയത്. അതിനാവശ്യമായ തുക ചങ്ങനാശേരി പ്രോവിന്‍സില്‍ നിന്നും ലഭിച്ചു. തുടർന്ന് ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളുമായി കുട്ടനാട്ടിലേയ്ക്ക് വള്ളത്തിൽ തിരിക്കുകയായിരുന്നു. തികച്ചും സാഹസികമായ ഒരു യാത്ര തന്നെയായിരുന്നു അത്. ശക്തമായ ഒഴുക്കിലും മട വീണ് കുത്തിയൊഴുകിയെത്തുന്ന വെള്ളത്തിലും മുന്നോട്ട് പോകാനാകാതെ നിന്ന സമയം, ഒഴുക്കിൽ ഗതിമാറിപ്പോയതായ നിമിഷങ്ങൾ, കഠിനമായ ചൂട്. ഇടയ്ക്ക് വെള്ളം കയറുകയും ചെയ്തു. ഇതിനെയൊക്കെ അതിജീവിച്ചാണ് തുരുത്തുകളിലേയ്ക്ക് എത്തിയത്.

തുരുത്തുകളിലുള്ള ആളുകൾ വളരെയധികം ബുദ്ധിമുട്ടിലായിരുന്നു. താഴ്ന്ന പ്രദേശമായതിനാൽ പെട്ടെന്ന് വെള്ളം കയറും. വെള്ളം ഇറങ്ങാനും സമയമെടുക്കും. ഇത്‌ അറിയാവുന്നതിനാൽ തന്നെ, മുന്‍വര്‍ഷങ്ങളില്‍ മഴ തുടങ്ങുമ്പോഴേ ക്യാമ്പുകളിലേയ്ക്ക് അവര്‍ മാറുമായിരുന്നു. എന്നാൽ കൊറോണയുടെ പശ്ചാത്തലത്തിൽ ഈ വർഷം ക്യാമ്പുകൾ തുറക്കാത്തത് ഇവർക്ക് തിരിച്ചടിയായി. “വെള്ളത്താൽ ചുറ്റപ്പെട്ട ഇടങ്ങൾ. വീടുകൾ എല്ലാം വെള്ളത്തിൽ. കുഞ്ഞുമക്കളും പ്രായമായവരും ഉൾപ്പെടെ എല്ലാവരും വെള്ളത്തിൽ ജീവിക്കാൻ നിർബന്ധിതരായ ആളുകളെയാണ് ഞങ്ങൾ അവിടെ കണ്ടത്” – സിസ്റ്റർ പറഞ്ഞു.

ചില സ്ഥലങ്ങളിലേയ്ക്ക് വള്ളം കയറില്ല. അങ്ങനെയുള്ള ഇടങ്ങളിൽ കൂവിവിളിച്ച് തങ്ങൾ വന്നിട്ടുണ്ടെന്ന് അറിയിച്ചുകൊണ്ടാണ് ഈ സഹായവള്ളം കടന്നുപോയത്. സഹായങ്ങളുമായി എത്തുമ്പോൾ ഈ തുരുത്തിലും ‘ഞങ്ങളെ അന്വേഷിക്കാൻ ആൾക്കാരോ’ എന്ന ആശ്‌ചര്യഭാവമായിരുന്നു അവർക്ക്. ഞങ്ങൾ കൊണ്ടുവന്ന ധാന്യകിറ്റുകളേക്കാൾ അവരെ സന്തോഷിപ്പിച്ചത് ഞങ്ങളുടെ സാമിപ്യം തന്നെയായിരുന്നു – സിസ്റ്റർ പറയുന്നു. സി. ലിൻസ് മരിയയ്ക്കൊപ്പം സി. വിജയയും സഹായത്തിനായി മറ്റ് രണ്ടു പേരും ഉണ്ടായിരുന്നു.

ഇന്നലെ രാവിലെ പത്തു മണിയോടെ വള്ളത്തിൽ കുട്ടനാടിന്റെ ഉൾഭാഗങ്ങളിലേയ്ക്ക് തിരിച്ച ഇവർ വൈകിട്ട് അഞ്ചു മണിയോടെയാണ് മടങ്ങിയെത്തിയത്. അതിനിടയിലാണ് വള്ളത്തിൽ സഹായവുമായി പോകുന്ന സന്യസിനിമാരുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി മാറിയത്. “ഞങ്ങൾ ഇതൊന്നും അറിഞ്ഞിരുന്നില്ല. തിരികെയെത്തി ഫോൺ എടുത്തുനോക്കിയപ്പോഴാണ് നിരവധി ആളുകൾ വിളിക്കുന്നതും അഭിനന്ദിക്കുന്നതും. അപ്പോഴാണ് ആ ചിത്രം അനേകം ആളുകളിലേയ്ക്ക്‌ എത്തിയതായി ഞങ്ങള്‍ അറിയുന്നത്‌.

ഞങ്ങൾ ചെയ്തത് ഒരു ചെറിയ പ്രവർത്തിയാണ്. ആ പ്രവർത്തി അനേകർക്ക്‌ പ്രചോദനമായി മാറിയതിൽ ഏറെ സന്തോഷിക്കുന്നു. അതിലുപരി ദൈവത്തിനു നന്ദി പറയുന്നു – സിസ്റ്റർ പറഞ്ഞു നിർത്തി. പ്രൊവിൻസിന്റെ സോഷ്യൽ വർക്ക് സൊസൈറ്റി ആയ സേവാനികേതന്റെ ഡയറക്ടർ കൂടിയാണ് സി. ലിൻസ് മരിയ. സി. അമല ജോസ് എസ് എച്ച് ആണ് പ്രൊവിൻഷ്യൽ സുപ്പീരിയർ.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.