പ്രാർത്ഥന, ദാരിദ്യ്രം, അനുസരണം എന്നിവ ശീലിക്കണമെന്ന് സന്യസ്തരോട് മാർപ്പാപ്പ

ഇന്നത്തെക്കാലത്ത് ഹൃദ്യമായ സന്യസ്ത ജീവിതം നയിക്കണമെങ്കിൽ പരിശുദ്ധാത്മാവിന്റെ നിർദ്ദേശങ്ങൾ തിരിച്ചറിയുകയും പാലിക്കുകയും ചെയ്യണമെന്ന് മാർപ്പാപ്പ. കോൺഗ്രിഗേഷൻ ഫോർ കോൺസിക്രേറ്റഡ് ലൈഫ്, സന്യസ്ത വ്രതം സ്വീകരിച്ച സ്ത്രീ പുരുഷന്മാർക്കായി സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കവെയാണ് മാർപ്പാപ്പ ഇക്കാര്യങ്ങൾ പറഞ്ഞത്.

യേശുവിന്റെ തിരുശരീരത്തിലൂടെത്തന്നെ വൈവിധ്യങ്ങളും ഏകത്വവും സാധ്യമാക്കുന്നയാളാണ് പരിശുദ്ധാത്മാവെന്നും പ്രാർത്ഥന, ദാരിദ്യ്രം, സഹനശീലം എന്നിവയായിരിക്കണം ഓരോ സന്യസ്തരുടെയും ജീവിത വ്രതമെന്നും മാർപ്പാപ്പ ഓർമ്മിപ്പിച്ചു.

എല്ലാം ഉപേക്ഷിച്ച് തന്നെ അനുഗമിക്കാൻ നമ്മെ വിളിച്ചവനിലേക്കുള്ള മടങ്ങിപ്പോക്കാണ് ഓരോ പ്രാർത്ഥനയിലും നടക്കുന്നത്. സന്യസ്ത ജീവിതത്തിന് ഉത്തമ ഉദാഹരണമായിരുന്നു വിശുദ്ധ മദർ തെരേസയെന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു. ദൈവത്തിന് സ്വയം സമർപ്പിച്ച അവർ താൻ നേരിട്ടിരുന്ന വിവിധ പ്രശ്നങ്ങളെയെല്ലാം മറന്നുകൊണ്ട് സദാ ദൈവത്തോടുള്ള പ്രാർത്ഥനയിലായിരുന്നു. മാർപ്പാപ്പ പറഞ്ഞു.

രണ്ടാമത് ദാരിദ്രത്തെക്കുറിച്ചാണ് മാർപ്പാപ്പ സംസാരിച്ചത്. ദാരിദ്യ്രം ഇല്ലെങ്കിൽ സന്യസ്ത ജീവിതം ഫലമണിയുകയില്ല. കാരണം പണത്തിലൂടെയാണ് പിശാചിന് കടന്നുവരാൻ എളുപ്പം. അതുകൊണ്ട് തന്നെ ദാരിദ്യ്രം എന്ന ആത്മാവ്, അഹങ്കാരത്തിലേക്കും ദുരഭിമാനത്തിലേക്കും  നയിക്കുന്ന സകല ലൗകികതയിൽ നിന്നും നമ്മെ കാത്തുകൊള്ളും. മാർപ്പാപ്പ വ്യക്തമാക്കി.

ക്ഷമാശീലം, സഹനശക്തി എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചാണ് മാർപ്പാപ്പ മൂന്നാമതായി പറഞ്ഞത്. ദൈവവിളിയുടെ അഭാവം അടക്കം ലോകം നേരിടുന്ന വിവിധ സഹനങ്ങളും ബുദ്ധിമുട്ടുകളും നേരിടണമെങ്കിൽ ഈ രണ്ട് പുണ്യങ്ങൾ ശീലിച്ചേതീരൂ. സഹനശക്തിയില്ലെങ്കിൽ നാം പെട്ടെന്ന് തകർന്നുപോവുകയും ദൈവത്തിന്റെ കൃപയിൽ നിന്ന് അകലുകയും ചെയ്യും. വാർദ്ധക്യകാലത്തും ക്ഷമയോടെ കാത്തിരിക്കാൻ അബ്രാഹം, സാറാ ദമ്പതികളോട് ദൈവം ആവശ്യപ്പെട്ടു. ആ സമയത്ത് അവർ ചെയ്തതുപോലെ തന്നെ പ്രാർത്ഥനയിലും ദാരിദ്യ്രത്തിലും സഹനത്തിനും അടിപതറാതെ ഉറച്ചുനിന്നാൽ നമ്മുടെയും വ്യക്തി ജീവിതത്തിലും സമൂഹ ജീവിതത്തിലും ദൈവം കൃപാവരങ്ങൾ വർഷിക്കുകതന്നെ ചെയ്യും. മാർപ്പാപ്പ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.