പാക്കിസ്ഥാനിൽ വീണ്ടും നിർബന്ധിത മതപരിവർത്തനവും പീഡനവും; ക്രിസ്ത്യൻ പെൺകുട്ടി സഹായത്തിനായി കേഴുന്നു

പാക്കിസ്ഥാനിലെ ഫൈസലാബാദിലെ ബിസ്മില്ലാഹ്പൂരിൽ പതിനാറ് വയസുകാരിയായ ഷീസ മക്സൂദിനെ ആയുധധാരികൾ തട്ടിക്കൊണ്ടുപോകുകയും ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുകയും ചെയ്തു. പീഡനത്തിനിരയാക്കിയ ഷീസയെ കുടുംബത്തെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി, തട്ടിക്കൊണ്ട് പോയവരിൽ ഒരാളെക്കൊണ്ട് നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ചു. ഇന്ന് ഷീസ അവരിൽ നിന്നും രക്ഷപെട്ട് കുടുംബത്തോടൊപ്പം കഴിയുകയാണ്. എന്നാൽ, ഇപ്പോൾ വധഭീഷണി ഉയർത്തി അക്രമികൾ അവളെ വിടാതെ പിന്തുടരുകയാണ്.

കഴിഞ്ഞ സെപ്റ്റംബർ 28 -ന് വൈകുന്നേരമാണ് ഷീസയെ തട്ടിക്കൊണ്ടുപോയത്. രണ്ടു സഹോദരന്മാരും ഷീസയുടെ പിതാവും ജോലി സ്ഥലത്തായിരുന്നു. ആ സമയം അമ്മ ഗുൽസാർ ബീബിയും 12 വയസ്സുള്ള സഹോദരി കിൻസയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. “രാത്രി പത്ത് മണിയോടെ തല്ല ഹൈദര്‍ എന്നായാളും കൂട്ടുകാരും കയ്യിൽ തോക്കുമായി വീട്ടിൽ പ്രവേശിച്ചു. നിലവിളിച്ചാൽ ഞങ്ങളെ കൊല്ലുമെന്ന് അവർ ഭീഷണിപ്പെടുത്തി. അവർ ഷീസയെ നിർബന്ധിച്ച് വലിച്ചിഴച്ചു കൊണ്ടുപോയി. കരഞ്ഞുകൊണ്ട് തടഞ്ഞ ഞങ്ങളെ അവർ തല്ലി. ഷീസയെ കൊണ്ടുപോകുമ്പോൾ ഞങ്ങളുടെ നിലവിളി കേട്ട് സമീപത്ത് താമസിക്കുന്നവർ എത്തി. എന്നാൽ ഇതിനിടയിൽ തട്ടിക്കൊണ്ടുപോയവർ അവരുടെ മോട്ടോർ സൈക്കിളുകളിൽ ഷീസയെയും കൊണ്ടുപോയി” – അമ്മ പറയുന്നു.

തല്ല, സൽമാൻ, നോമി എന്നീ മൂന്ന് പേർ തന്നെ തട്ടിക്കൊണ്ടുപോയതായി പെൺകുട്ടി പറയുന്നു. മോട്ടോർ സൈക്കിളിൽ കയറ്റിയ ശേഷം അവർ ഒന്നര മണിക്കൂറോളം സഞ്ചരിച്ച് ശൂന്യമായതും ഉപേക്ഷിക്കപ്പെട്ടതുമായ ഒരു വീട്ടിലേക്ക് കൊണ്ടുപോയി. അവിടെവെച്ചു അവർ മൂന്നുപേരും പെൺകുട്ടിയെ പീഡിപ്പിച്ചു. “ഞാൻ കരയുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്തു, പക്ഷേ എന്നെ രക്ഷിക്കാൻ ആരുമുണ്ടായിരുന്നില്ല” – ഷീസ കണ്ണീരോടെ പറയുന്നു.

മൂന്നു ദിവസത്തിനുശേഷം അവർ ഷീസയെ ഒരു പള്ളിയിലേക്ക് കൊണ്ടുപോയി. തോക്കു ചൂണ്ടി ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിച്ചു. “അവർ എന്നെ ഇസ്ലാമിക് കോടതിയിലേക്ക് കൊണ്ടുപോയി. അവിടെ ഒരു മോളാനയും [ഖുറാൻ ഡോക്ടറും] ഒരു അഭിഭാഷകനും ഞങ്ങളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. തല്ലയെ ഞാൻ സ്വമേധയാ വിവാഹം കഴിക്കുകയാണെന്ന് പറഞ്ഞു രേഖകളിൽ ഒപ്പുവെക്കാൻ അവർ എന്നെ നിർബന്ധിച്ചു. ഞാൻ അംഗീകരിച്ചില്ലെങ്കിൽ അവർ എന്റെ പിതാവിനെയും സഹോദരന്മാരെയും കൊല്ലും. റുബീന ബീബി, ഹലിമ ബീബി, തല്ലയുടെ അമ്മ എന്നിവരും കോടതിയിൽ ഹാജരായി. ഞാൻ വിസമ്മതിച്ചപ്പോൾ, അവരെല്ലാം ഉപദ്രവിച്ചു. ആക്രമണവും വീട്ടുകാരെ കൊല്ലുമെന്നുള്ള ഭയവും നിമിത്തം ആ രേഖകളിൽ ഒപ്പുവെക്കാൻ ഞാൻ നിർബന്ധിതയായി” – ഷീസ കൂട്ടിച്ചേർത്തു.

നിർബന്ധിത ചടങ്ങുകൾക്ക് ശേഷം അവർ ഒന്നര മാസമായി തുടർച്ചയായി ഈ പെൺകുട്ടിയെ  ബലാത്സംഗത്തിനിരയാക്കി. റോഷൻവാല എന്ന ഗ്രാമത്തിലേക്ക് കൊണ്ടുപോയി. പലപ്പോഴും രക്ഷപ്പെടാൻ ശ്രമിച്ചു എങ്കിലും സാധിച്ചില്ല. അവിചാരിതമായി കിട്ടിയ മൊബൈൽ ഫോണിൽ സഹോദരനെ വിളിച്ചുവരുത്തിയാണ് അവസാനം ഷീസ അവരുടെ പിടിയിൽ നിന്നും രക്ഷപ്പെട്ടത്.

ഷീസയും കുടുംബവും ഇന്ന് നീതിയ്ക്കായി കേഴുകയാണ്. പോലീസ് നിയമം നടപ്പിലാക്കണമെന്നാണ് ഇവരുടെ ആവശ്യം. സോഷ്യൽ മീഡിയ ഈ കേസ് ഏറ്റെടുത്ത് കഴിഞ്ഞു. തട്ടിക്കൊണ്ടുപോയവരിൽ നിന്ന് നിരന്തരം വധഭീഷണി നേരിടുന്നതിനാൽ ഷീസയും കുടുംബവും സംരക്ഷണം ആവശ്യപ്പെട്ട് ഫൈസലാബാദ് പോലീസിനോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.

ന്യൂനപക്ഷ സമുദായവും കുടുംബവും അവരുടെ പെൺമക്കളും പാക്കിസ്ഥാനിൽ തുടർച്ചയായി പീഡനത്തിനിരയാകുന്നുണ്ട്. ഷീസയ്ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പാക്കിസ്ഥാനിലെ ക്രൈസ്തവ സമൂഹം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.