‘അവര്‍ക്ക് മതിയായ ഭക്ഷണം പോലും ലഭിക്കുന്നില്ല’ കോംഗോയിലെ വൈദികരെക്കുറിച്ചു ബിഷപ്പിന്റെ വെളിപ്പെടുത്തല്‍ 

തന്റെ രൂപതയിലെ വൈദികര്‍ക്കു മതിയായ ഭക്ഷണം പോലും ലഭിക്കുന്നില്ല എന്ന് കോംഗോയിലെ ആര്‍ച്ച് ബിഷപ്പിന്റെ വെളിപ്പെടുത്തല്‍. എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് എന്ന സന്നദ്ധ സംഘടനയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്, കോംഗോയില്‍ ദാരിദ്യം പടര്‍ന്നു പിടിക്കുന്നതിലും രൂപതയിലെ വൈദികരുടെ ജീവിതത്തിലും, ബിഷപ്പ് ആശങ്ക അറിയിച്ചത്.

“എന്റെ രൂപതയിലെ പുരോഹിതര്‍ക്ക് മതിയായ ഭക്ഷണം ലഭിക്കുന്നില്ല. ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചാല്‍ എന്ത് ചെയ്യണം എന്ന് ഞങ്ങള്‍ക്ക് അറിയില്ല” ഡോളിസി രൂപതയിലെ ബിഷപ്പ്, ബിയെന്‍വിനു മനാമിക ബഫൗക്കൗഹൊഹ് വെളിപ്പെടുത്തി. “സര്‍ക്കാര്‍ അടിസ്ഥാന ചികിത്സയ്ക്കുള്ള ഫണ്ട് അനുവദിക്കാത്തതിനെ തുടര്‍ന്ന് മിക്ക ആശുപത്രികളും മാസങ്ങളായി സമരത്തിലാണ്. ക്രൂഡ് ഓയിലിന് വിലയിടിവുണ്ടായപ്പോള്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ക്കും നഴ്‌സ്മാര്‍ക്കും നല്‍കി വന്നിരുന്ന ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഇവിടെ ശുദ്ധജലം കിട്ടാക്കനിയാണ്. മലിനമായ വെള്ളം കുടിച്ചു നിരവധി ആളുകളാണ് മരണമടയുന്നത്.” അദ്ദേഹം ചൂണ്ടിക്കാട്ടി.

കോംഗോ-ബ്രസവില്ലെ എന്നറിയപ്പെടുന്ന കോംഗോ, പ്രകൃതി വിഭവങ്ങളാല്‍, പ്രത്യേകിച്ചു പെട്രോളിയത്താല്‍ സമ്പുഷ്ടമാണ്. എങ്കിലും ജനസംഖ്യയുടെ അന്‍പതു ശതമാനം ആളുകളും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത് എന്ന് ലോക ബാങ്ക് വെളിപ്പെടുത്തുന്നു. രാജ്യത്ത് ശുദ്ധജലവും അടിസ്ഥാന ചികിത്സയും ലഭിക്കുന്നില്ല എന്ന് 2013 ല്‍  ബിഷപ്പ് ബഫൗക്കൗഹൊഹ് വെളിപ്പെടുത്തിയിരുന്നു.

കോംഗോയിലെ ശരാശരി മനുഷ്യന്‍ സമ്പന്ന രാജ്യത്ത് ജീവിക്കുന്ന ഒരു പാവപ്പെട്ടവന് തുല്യനാണ്. സമ്പത്ത് സമ്പന്നരും ശക്തരും ആയ ആളുകള്‍ പങ്കുവയ്ക്കുകയാണ് ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.