ലോകത്തിന്റെ പല ഭാഗങ്ങളിലും വൈദികരുടെയും സമർപ്പിതരുടെയും ജീവൻ അപകടത്തിലെന്ന് റിപ്പോർട്ടുകൾ

ലോകത്തിന്റെ പല ഭാഗങ്ങളിലും വൈദികരും സമർപ്പിതരും മിഷനറിമാരും കൂടുതലായി അക്രമത്തിന് ഇരയാകുന്നതായി റിപ്പോർട്ടുകൾ. എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷൻ ആണ് ഈ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. 2021 -ൽ ഇതുവരെ 17 പേർ കൊല്ലപ്പെട്ടതായും 20 പേരെ തട്ടിക്കൊണ്ടു പോയതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

“ഒരു പുരോഹിതനോ, സമർപ്പിതനോ ആയിരിക്കുന്നതു കൊണ്ട് ഒരു വ്യക്തി അക്രമത്തിൽ നിന്ന് മുക്തനാക്കുന്നില്ല. അത് അവരെ കൂടുതൽ അപകടത്തിന് ഇരയാക്കുകയാണ് ചെയ്യുന്നത്. ചിലപ്പോൾ അക്രമികളുടെ ലക്ഷ്യം സാമ്പത്തികമായിരിക്കും; മറ്റു ചിലപ്പോൾ അനീതിക്കും അക്രമത്തിനുമെതിരായി ശബ്ദമുയർത്തുന്നതുകൊണ്ട് അവരെ നിശബ്ദമാക്കുകയാണ് അവരുടെ ലക്ഷ്യം. മതപീഡനം ലക്ഷ്യം വച്ചുകൊണ്ടുള്ള ആക്രമണവും വർദ്ധിച്ചുവരികയാണ്” – എസിഎൻ എക്സിക്യൂട്ടീവ് പ്രസിഡന്റ് തോമസ് ഹെയ്ൻ-ഗെൽഡേൺ പറഞ്ഞു.

സുരക്ഷിതമായ സമയമോ, സ്ഥലമോ ഇല്ല. പുരോഹിതരും സമർപ്പിതരും രാവും പകലും അവരുടെ വീടുകളിലോ, പള്ളികളിലോ, തെരുവിലോ, വാഹനത്തിലോ വച്ച് ആക്രമിക്കപ്പെടുന്നു. രണ്ട് കൊലപാതകങ്ങളും ഏഴ് തട്ടിക്കൊണ്ടു പോകലുകളും നടന്ന നൈജീരിയയിലെ സാഹചര്യത്തെക്കുറിച്ച് എസിഎൻ ആശങ്കാകുലരാണ്. ആക്രമണങ്ങളുടെ സാഹചര്യങ്ങൾ വളരെ വ്യത്യസ്തമാണ്.

മെക്സിക്കോയിലും ഉയർന്ന തോതിലുള്ള അക്രമം നടക്കുന്നുണ്ട്. വ്യത്യസ്ത സംഭവങ്ങളിൽ കുറഞ്ഞത് മൂന്ന് വൈദികരും ഒരു കാറ്റെക്കിസ്റ്റും കൊല്ലപ്പെട്ടിട്ടുണ്ട്. വെനസ്വേല, പെറു, ഹെയ്തി, ഫിലിപ്പീൻസ്, അംഗോള, ബുർക്കിന ഫാസോ, ദക്ഷിണ സുഡാൻ, ഉഗാണ്ട, കാമറൂൺ, മാലി എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലും ഇത്തരം തട്ടിക്കൊണ്ടു പോകലുകളും കൊലപാതകങ്ങളും അരങ്ങേറുന്നു. സുരക്ഷിത രാജ്യമായി കണക്കാക്കപ്പെട്ടിരുന്ന ഫ്രാൻസിൽ പോലും വൈദികർക്കും സമർപ്പിതർക്കും നേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.