വീഡിയോ എഡിറ്റിംഗിലൂടെ സുവിശേഷ പ്രഘോഷണം നടത്തുന്ന വൈദികന്‍

മരിയ ജോസ്

ക്രിസ്തുവിനെ മറ്റുള്ളവർക്ക് പകർന്നുകൊടുക്കുക എന്നതാണ് പൗരോഹിത്യധർമ്മം. ഈ ധർമ്മത്തിന്റെ പൂർത്തീകരണത്തിനായി ഇന്ന് പുരോഹിതര്‍ പല മാർഗ്ഗങ്ങളും ഉപയോഗിക്കുന്നുണ്ട്. ആധുനികലോകത്തിനു മനസിലാകുന്ന ഭാഷയിൽ ദൈവത്തെയും അവിടുത്തെ പ്രവർത്തികളെയും അവതരിപ്പിക്കുവാൻ സാമൂഹ്യമാധ്യമങ്ങളും സാങ്കേതികവിദ്യകളും വൈദികർ ഉപയോഗപ്പെടുത്തുന്നു. കുട്ടികളിലേയ്ക്കും യുവജനങ്ങളിലേയ്ക്കും പെട്ടെന്നെത്തുവാൻ ആധുനിക മാധ്യമങ്ങളിലൂടെ വൈദികർക്ക് കഴിയുന്നുണ്ട്. ഇത്തരത്തിൽ വീഡിയോ എഡിറ്റിംഗിന്റെ സാധ്യതകളെ ഉപയോഗിച്ച് ദൈവത്തിനായി പ്രവർത്തിക്കുന്ന ഒരു വൈദികനുണ്ട് – ഫാ. നിതിൻ. ചാലക്കുടിയ്ക്കടുത്തുള്ള കൊന്നക്കുഴി എം.സി.ബി.എസ്. ആശ്രമത്തിലെ അംഗമായ നിധിൻ അച്ചൻ എഡിറ്റിംഗ് മേഖലയിലേയ്ക്കുള്ള തന്റെ വരവിനെയും അതിലൂടെയുള്ള സുവിശേഷപ്രഘോഷണത്തെയും കുറിച്ച് സംസാരിക്കുകയാണ്.

ചെറുപ്പത്തിൽ ഫോട്ടോഗ്രഫിയോട് കമ്പമുള്ള ഒരു കുട്ടിയായിരുന്നു നിതൻ. ഭംഗിയുള്ള ചിത്രങ്ങൾ ക്യാമറയ്ക്കുള്ളിലാക്കിത്തുടങ്ങിയ നിതിൻ, നല്ല ചിത്രങ്ങൾക്കും ഫോട്ടോ ഫ്രെയിമുകൾക്കുമായുള്ള തിരച്ചിൽ നടത്തിയിരുന്നു. പ്രകൃതിയൊരുക്കിയ മനോഹരദൃശ്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച നിതിന് ഫോട്ടോഗ്രഫിയോടൊപ്പം തന്നെ അല്ലെങ്കിൽ അതിനേക്കാൾ ഏറെ ത്രസിച്ചുനിന്നിരുന്ന ഒരു ആഗ്രഹമായിരുന്നു വൈദികനാകുക എന്നത്. അങ്ങനെ സ്‌കൂൾ പഠനത്തിനുശേഷം സെമിനാരിയിൽ ചെല്ലുമ്പോഴും ചിത്രങ്ങളെടുക്കുന്നതിനുള്ള താല്പര്യവും ഇഷ്ടവും അദ്ദേഹം മറന്നിരുന്നില്ല.

ഫോട്ടോഗ്രഫിയോടുള്ള ഈ താല്പര്യത്തിന് കൂടുതൽ കരുത്തു പകരുന്നതായിരുന്നു സെമിനാരിയിലെ പരിശീലനം. സെമിനാരിയിൽ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് പല പ്രവർത്തനങ്ങൾ ഉണ്ടായിരുന്നതിനാൽ തന്റെ ഉള്ളിലെ ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, എഡിറ്റിംഗ് എന്നീ താല്‍പര്യങ്ങളെക്കുറിച്ച് സ്വന്തമായിത്തന്നെ പഠിക്കുവാനും അറിയുവാനും തുടങ്ങി. സെമിനാരി പഠനസമയത്ത്  ഫോട്ടോഗ്രഫി വർഷോപ്പുകൾ നടത്തുവാനും മറ്റും നിതിനച്ചൻ ശ്രമിച്ചിരുന്നു.

ഈ ഒരു മേഖലയിലേയ്ക്ക് തിരിയുവാൻ അച്ചനെ പ്രേരിപ്പിച്ച ഘടകം എന്നത് ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രത്യേകമായി ഒരു സ്പേസ് വേണ്ട എന്നതായിരുന്നു. എവിടെ ഇരുന്നായാലും നമുക്ക് ജോലി ചെയ്യാം എന്നതിനാൽ തന്നെ തന്റെ പഠനങ്ങളെ അച്ചൻ കുറച്ചുകൂടെ സീരിയസായി എടുത്തു. മാധ്യമങ്ങളോട് താല്പര്യം ഉണ്ടായിരുന്നതിനാൽ തന്റെ സെമിനാരി പരിശീലനത്തിനിടെ മാസ് കമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ പഠനങ്ങൾ ക്രമീകരിച്ചത്. പിന്നീട് അച്ചനായതിനുശേഷം മീഡിയയോടു ചേർന്നുള്ള പ്രവർത്തനത്തിന് സാധ്യതകളൊന്നും ഇല്ലാതിരുന്നപ്പോഴും അദ്ദേഹം മാധ്യമസാധ്യതകളെക്കുറിച്ചുള്ള തന്റെ പഠനം തുടർന്നുകൊണ്ടിരുന്നു. അതിനുശേഷമാണ് കോഴിക്കോട് പ്രൊവിൻസിൽ സയൺ ഇന്നോവേറ്റിവ് മീഡിയ ആരംഭിക്കുകയും പ്രൊവിഷ്യൽ അച്ചന്റെ നിർദ്ദേശപ്രകാരം നിതിൻ അച്ചനെ അതിലേയ്ക്ക് വീഡിയോ എഡിറ്ററായി നിയമിക്കുകയും ചെയ്തത്. എംസിബിഎസ് കോഴിക്കോട് പ്രൊവിൻസിന്റെ മാധ്യമപ്രവർത്തനത്തിന്റെ ഭാഗമാണ് സയൺ ഇന്നോവേറ്റിവ് മീഡിയ. നിധിൻ അച്ചനൊപ്പം എൽവിസ് കോച്ചേരി അച്ചനും സയൺ ഇന്നോവേറ്റിവ് മീഡിയയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.

സയൺ ഇന്നോവേറ്റിവ് മീഡിയയുടെ പ്രവർത്തനം ആരംഭിച്ചതു മുതൽ കൂടുതൽ ക്രിയേറ്റീവായി വിശ്വാസം ആളുകളിലേയ്ക്ക് എത്തിക്കുന്നതിനുള്ള പരിശ്രമത്തിലായിരുന്നു അച്ചൻ ശ്രദ്ധ കേന്ദ്രീകരിച്ചത്. വിശുദ്ധ കുർബാനയെക്കുറിച്ചും ദൈവവചനത്തെക്കുറിച്ചുമുള്ള അറിവുകള്‍ കൂടുതൽ ആളുകളിലേയ്ക്ക്‌ എത്തിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന സയൺ ഇന്നോവേറ്റിവ് മീഡിയ ഈ ലോക്ക് ഡൗൺ കാലത്താണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. കൂടാതെ, നിരവധി വീഡിയോകളുടെ എഡിറ്റിംഗ് വർക്കുകൾ ചെയ്യുവാനും നിതിൻ അച്ചനെ ദൈവം ഈ കാലയളവിൽ അനുഗ്രഹിച്ചു.

ജോലിയുടെ ഭാഗമായി നിരവധി യാത്രകൾ ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങളിൽ നിതിൻ അച്ചൻ ഇപ്പോൾ ആയിരിക്കുന്ന ആശ്രമത്തിലെ സുപ്പീരിയർ ഫാ. ആന്റണി വണ്ടാനത്ത് അച്ചന്റെ എല്ലാവിധ പിന്തുണയുമുണ്ട്. ഒപ്പം സഭാധികാരികൾ എല്ലാവിധത്തിലുള്ള പ്രോത്സാഹനവും അച്ചന് നൽകുന്നു.

ദൈവവചന ശുശ്രൂഷ നിർവഹിക്കുന്നതിൽ പുതിയ മേഖലകൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള അച്ചന്റെ യാത്രയിൽ എല്ലാവിധ അനുഗ്രഹങ്ങളും ദൈവം ചൊരിയട്ടെ.

മരിയ ജോസ്   

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.