കുപ്പത്തൊട്ടിയിലെ പട്ടക്കാരൻ ഫ്രാന്‍സിസ് പാപ്പായുടെ ശിഷ്യനാണ്

സി. സോണിയ ഡി.സി.

“1989-ൽ ഞാൻ മഡഗാസ്കറിൽ മിഷനറിയായി വന്നപ്പോൾ വളരെ വേദനിപ്പിക്കുന്ന ഒരു കാഴ്ച കണ്ടു. നൂറുകണക്കിന് കുഞ്ഞുങ്ങൾ, വൃത്തിയില്ലാത്ത വേഷവും ദേഹമാകെ ചെളിയും അഴുക്കും പുരണ്ട് കുപ്പത്തൊട്ടിയിൽ പന്നികളോടും നായ്ക്കളോടും എലികളോടും ഭക്ഷണത്തിനുവേണ്ടി മത്സരിച്ച് എന്തെങ്കിലും വയറുനിറയ്ക്കാൻ കിട്ടുമോ എന്ന് തിരയുകയായിരുന്നു. ചിലപ്പോൾ അവർ നൂറല്ല ആയിരങ്ങൾ ആയിരുന്നു” – ഫാ. പിയത്രോ ഒപേക്കയുടെ വാക്കുകളാണ് ഇവ. ഒരു ദേശത്തിന്റെ പുനരുദ്ധാരണത്തിന്, പതിനായിരക്കണക്കിന് ആളുകളുടെ ജീവിതത്തിന് ഒരു വ്യക്തി വിചാരിച്ചാൽ മാറ്റം വരുത്തുവാൻ കഴിയുമെങ്കിൽ അതിനുള്ള ജീവിക്കുന്ന സാക്ഷ്യമാണ് പിയത്രോ ഒപേക്ക അച്ചൻ. അച്ചനെ ഇന്ന് ജീവിക്കുന്ന വിശുദ്ധനായി മഡഗാസ്കറിലെ അക്കാമസോയയിലെ ആളുകൾ കാണുന്നു.

മാലിന്യത്തിലെ മിഷനറി, അക്കമ സോയയുടെ അപ്പച്ചൻ, വിശുദ്ധനായ വിപ്ലവകാരി, ഗാർബേജിലെ മിഷനറി, അക്കമ്മ സോയ സൗഹൃദസംഘടനയുടെ സ്ഥാപകപിതാവ്, നോബൽ സമ്മാന നോമിനി തുടങ്ങിയ നിരവധി പേരുകളിൽ ഒപേക്ക അച്ചന്‍ അറിയപ്പെടുന്നു.

മഡഗാസ്കറിലെ പ്രത്യേകിച്ചും, അക്കമസോയയുടെ പ്രിയങ്കരനായ വൈദികൻ പിയത്രേ ഒപേക്ക, CM 1948 ജൂൺ 29-ന് അർജൻറീനയിൽ ബുവനസ് ഐരസിലാണ് ജനിച്ചത്. ബാലനായ ഒപെക്ക ഒമ്പതാം വയസ്സു മുതൽ പിതാവിനോടൊപ്പം കട്ടകൾ ചുമക്കുവാൻ സഹായിച്ചു. പതിയെ മേസ്തിരിപ്പണിയും അപ്പനിൽ നിന്നും പഠിച്ചു. പതിനഞ്ചാം വയസ്സിൽ ഒരു മികച്ച ഫുട്ബോൾ കളിക്കാരൻ കൂടിയായ ഒപ്പക്കയുടെ മനസ്സിലേയ്ക്ക് ദൈവവിളി ചിന്തകൾ കടന്നുവന്നു. എങ്കിലും പതിനേഴാം വയസ്സിൽ തനിക്ക് പ്രിയപ്പെട്ട ഫുട്ബോൾ കളി മാറ്റിവച്ച് വൈദികനാകാൻ ഇറങ്ങിത്തിരിച്ചു. ബുവനസ് ഐരസ്സിലെ വി. വിൻസെൻ്റ് ഡി പോളിനാൽ സ്ഥാപിതമായ മിഷൻ വൈദികരുടെ (Congregation of the Mission) സെമിനാരിയിൽ ചേർന്നു. തന്റെ ദൈവശാസ്ത്ര പഠനകാലത്ത് ഫ്രാൻസിസ് മാർപാപ്പയുടെ ഒരു ശിഷ്യൻ കൂടിയായിരുന്നു ഫാ. ഓപേക്ക.

1975 സെപ്റ്റംബർ 28-ന് വൈദികനായി, തിരുപ്പട്ടം സ്വീകരിച്ച ഒപ്പേക്ക അച്ചന് ആദ്യനിയമനം ലഭിച്ചത് മഡഗാസ്കറിലേയ്ക്ക് ഒരു മിഷനറിയായി പോകുവാനായിരുന്നു. അദ്ദേഹത്തിന് സ്പാനിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ, മലഗാസി, ലാറ്റിൻ തുടങ്ങി ഏഴ് ഭാഷകളിൽ വളരെ നൈപുണ്യം ഉണ്ടായിരുന്നു.

1989-ൽ അൻറനനാരിവോയിൽ സുപ്പീരിയറായി നിയമനം ലഭിച്ചപ്പോഴാണ് അവിടുത്തെ ഒരു ഭൂപ്രദേശവും അവിടെ വ്യാപിച്ചുകിടക്കുന്ന മാലിന്യനിക്ഷേപവും അതിൽ കയറിയിറങ്ങി ജീവിക്കുന്ന നൂറുകണക്കിനാളുകളെയും അച്ചൻ കണ്ടത്. ആദ്യമായി അവിടെത്തിയപ്പോൾ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് ഒരു മാലിന്യക്കൂമ്പാര മലയാണ് അദ്ദേഹത്തിന് കാണുവാൻ സാധിച്ചത്. നായ്ക്കൾക്കും പന്നികൾക്കും എലികൾക്കുമിടയിൽ ഭക്ഷണത്തിനായി മത്സരിക്കുന്ന ആയിരക്കണക്കിന് കുട്ടികളും ചില മുതിർന്നവരും. ദാരിദ്ര്യത്താൽ നിറഞ്ഞ ആയിരങ്ങൾക്ക് ഉപജീവനമാർഗ്ഗമായിരുന്നു ആ കുപ്പയിലെ ജോലികൾ.

ഫാ. ഒപേക്കയുടെ ഉള്ളിലെ വിൻസെൻഷ്യൻ ദൈവവിളി ഏറ്റവുമധികം പ്രാവർത്തികമാക്കേണ്ടത് ഈ മക്കളോടാണെന്ന് മനസ്സ് മന്ത്രിച്ചു. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലേയക്ക് എന്നും ഇറങ്ങിച്ചെന്ന വി. വിൻസെൻറ് ഡി പോളും ആ പാത പിന്തുടർന്ന നൂറുകണക്കിന് വിൻസെൻഷ്യൻ വിശുദ്ധരും പ്രചോദനമേകി. എല്ലാറ്റിനുമുപരി അനുദിന ബലിയർപ്പണത്തിലൂടെ ഹൃദയത്തിലെഴുന്നള്ളിവന്ന ഈശോ തന്നെയാണ് ആ അഴുക്കു നിറഞ്ഞ കുപ്പയിൽ ഓടിനടക്കുന്നതെന്ന സത്യം അദ്ദേഹത്തെ ശക്തിപ്പെടുത്തുകയും അവരിലേയ്ക്ക് ഇറങ്ങിച്ചെല്ലുവാൻ ഉത്തേജനം നൽകുകയും ചെയ്തു.

ഒട്ടിയ വയറുകളോട് വചനം പ്രസംഗിച്ചിട്ടു കാര്യമില്ലെന്ന് നന്നായി അറിഞ്ഞിരുന്ന അദ്ദേഹം, അനിവാര്യമായ പ്രവർത്തനം ചെയ്യുവാനായി ഇറങ്ങിത്തിരിച്ചു. ആയിരക്കണക്കിന് കുടുംബങ്ങളെ മാലിന്യനരകത്തിൽ നിന്നും ഒരു സ്വർഗീയനഗരത്തിലേയ്ക്ക് കൈപിടിച്ചുയർത്താനായി പുതിയ പദ്ധതികൾ അദ്ദേഹം ദൈവതിരുമുമ്പിൽ മെനഞ്ഞെടുത്തു. ഒപേക്കയച്ചൻ പറഞ്ഞു: “സഹായത്തിനുവേണ്ടി നിലവിളിക്കുന്ന ഒരുകൂട്ടം ആളുകളെ ഞാനവിടെ കണ്ടു. രാഷ്ട്രീയപ്രവർത്തകർ അവരെ കേട്ടില്ലെന്നു നടിച്ചു… എവിടെ സേവനം ആവശ്യമുണ്ടോ അവിടെയാണ് നാം പോകേണ്ടതെന്ന് എനിക്ക് മനസ്സിലായി.”

യാതൊരു വിദേശസഹായ പിന്തുണയുമില്ലാതെ, ഒരു NGO യുടെ പ്രവർത്തനവുമില്ലാതെ ചേരിയിലും കുപ്പയിലും അലഞ്ഞുനടന്ന് ജീവിതം മുന്നോട്ടുനീക്കിയ ആയിരക്കണക്കിന് മലഗാസികൾക്ക് ഉപജീവനമാർഗ്ഗവും വീടും വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും ഉണ്ടായി, “അക്കാമസോയ” (സുഹൃത്സംഘം) എന്ന പേരിൽ ഒപേക്ക അച്ചൻ തുടങ്ങിയ ഒരു സംഘടനയിലൂടെ. ‘സുഹൃത്ത് സംഘം’ എന്നാണ് ഈ വാക്കിന്റെ അർത്ഥം.

ചെളിപുരണ്ട, മുഷിഞ്ഞുനാറി നടന്നിരുന്ന കുഞ്ഞുങ്ങളെ അച്ചൻ ആദ്യം സംഘടിപ്പിച്ചു. അവർക്ക് കഥകൾ പറഞ്ഞുകൊടുത്തു ഭക്ഷണവും വിദ്യാഭ്യാസവും നൽകി. ബൈബിൾ കഥകളിലൂടെ ദൈവവചനം പ്രഘോഷിച്ചു. ചെറുപ്പത്തിലെ മേസ്തിരിജോലി നോക്കി അപ്പനെ സഹായിച്ചിരുന്ന അച്ചൻ, യുവജനങ്ങളെയും കുടുംബത്തെയും എങ്ങനെ വീട് നിർമ്മിക്കാം എന്ന് പഠിപ്പിക്കുകയും അവർക്കൊപ്പം നിന്ന് പണിയെടുക്കുകയും ചെയ്തു. 30 വർഷത്തെ നീണ്ട പരിശ്രമത്തിനുശേഷം നാലായിരത്തിലധികം വീടുകൾ നിർമിക്കുകയും 25,000 ആളുകൾക്ക് ഇന്ന് തലചായ്ക്കുവാൻ ഒരു ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുകയും ചെയ്തു. 10 സ്കൂളുകളും, രണ്ട് സ്റ്റേഡിയങ്ങളും, ക്ലിനിക്കും, അക്കമസോയിൽ
അദ്ദേഹം തന്റെ സംഘടന വഴി അവിടുത്തെ ദരിദ്രരായ ജനങ്ങളോടൊപ്പം നിന്ന് ജനങ്ങൾക്കുവേണ്ടി നിർമ്മിച്ചു. “ദാരിദ്ര്യത്തെ അടിച്ചമർത്താൻ നമുക്ക് സാധിക്കുന്നത് വാക്കുകൾ കൊണ്ടും കടലാസ് പത്രികകളും കോൺഫറൻസ് വഴിയും സമ്മേളനങ്ങൾ കൊണ്ടുമല്ല. ദാരിദ്ര്യത്തെക്കൊണ്ടു തന്നെ നമുക്ക് അടിച്ചമർത്താൻ സാധിക്കും” എന്ന് പറയാറുണ്ട് ഒപേക്കയച്ചൻ.

ഒരു പ്രദേശത്തെ ആളുകളുടെ ജീവിതനിലവാരം ഉയർത്തിയപ്പോൾ അവരുടെ ആത്മീയനിലവാരവും അതുപോലെ ഉയർത്തുവാൻ അദ്ദേഹം മറന്നില്ല. 1600-കളുടെ ആരംഭത്തിൽ തന്നെ തന്റെ മിഷനറിമാരായ അച്ചൻമാരോട് വി. വിൻസെൻറ് ഡി പോൾ പറഞ്ഞ വാക്കുകൾ ഒപേക്ക അച്ചൻ്റെ മനസ്സിൽ വീണ്ടും ഉയർത്തെഴുന്നേറ്റിരുന്നു. 400 വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നലെത്തെപ്പോലെ അദ്ദേഹം ഓർത്തെടുത്തു. വിശന്നിരിക്കുന്നവർക്ക് വയർ നിറയ്ക്കാതെ സുവിശേഷം പ്രസംഗിക്കുവാൻ ആവില്ലല്ലോ. ശാരീരികവും ആത്മീയവുമായ പരിചരണം അനിവാര്യമാണ്. ഓരോ പാവപ്പെട്ടവന്റെയും ജീവിതനിലവാരം അക്കമസോയയിൽ ഉയർന്നു… ഒപ്പം ആത്മീയതയും ഉണർന്നു.

അനുദിന കുർബാനയിലും വർഷത്തിൽ നാലുതവണ അക്കമസോയാ മലയിൽ അർപ്പിക്കുന്ന ദിവ്യബലിയിലും ധാരാളം ആളുകൾ ഒന്നിച്ചുകൂടാറുണ്ട്. 2019 സെപ്റ്റംബർ എട്ടിന് ഫ്രാൻസിസ് മാർപാപ്പായുടെ മഡഗാസ്കർ സന്ദർശനവേളയിൽ അക്കമസോയ മലയിൽ പരിശുദ്ധ പിതാവ് തന്റെ പൂർവ്വശിഷ്യനായ ഫാ. ഒപ്പേക്കയ്ക്കും മിഷൻ സഭാ സുപ്പീരിയർ ജനറൽ തോമസ് മാവരിക്കച്ചനും അനേകം വിൻസെൻഷ്യൻ മിഷൻ വൈദീകർക്കുമൊപ്പം ദിവ്യബലി അർപ്പിച്ചത് മഡഗാസ്കറിന് തന്നെ ഒരു ചരിത്രസംഭവമായിരുന്നു. ദിവ്യബലി നടന്നത് അക്കമസോയയിലെ മലയിലെ തുറന്ന സ്ഥലത്താണ് – ഒരു പാറമടയിൽ. വിശ്വാസികൾ ദിവ്യബലിക്കായി അണിചേർന്നത് മലഞ്ചെരുവിലും പാറമേടയിലുമാണ്. ദിവ്യബലിയർപ്പണത്തിനുശേഷം കുപ്പയിൽ നിന്ന് സാധാരണജീവിതത്തിലേയ്ക്ക് കൈപിടിച്ചുയർത്തിയ ചില കുടുംബങ്ങളെ നേരിൽ സന്ദർശിക്കുവാനും മാർപ്പാപ്പ മറന്നില്ല.

വിശ്വാസത്തിന്റെ ദീപം കഠിനാദ്ധ്വാനത്തിലൂടെ കത്തിച്ച്, പ്രത്യാശയുടെ പ്രകാശം ഒരു ദേശം മുഴുവൻ പരത്തി, മാലിന്യനരകത്തെ പ്രത്യാശാനഗരമാക്കി… അക്കമസോയയുടെ പ്രിയങ്കരനും അവർക്ക് ജീവിക്കുന്ന വിശുദ്ധമാണ് വിൻസെൻഷ്യൻ ചൈതന്യം അതിന്റെ പൂർണ്ണതയിൽ ജീവിക്കുന്ന ഒപേക്ക അച്ചൻ. അദ്ദേഹത്തിന് സ്വർഗ്ഗം ആശിസ്സേകുമ്പോൾ ലോകം അത്ഭുതത്തോടെ മിഴിയുയർത്തി ആശംസകളേകുകയാണ്. രാഷ്ട്രങ്ങൾ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. ഫ്രഞ്ച് ഗവൺമെൻറിന്റെ ഉന്നതസേവന പദമായ നെപ്പോളിയൻ ലീജിയൻ ബഹുമതി അദ്ദേഹത്തിനു ലഭിച്ചു. സ്ലോവാക്യൻ ഭരണകൂടവും അദ്ദേഹത്തിന്റെ സംഭാവനകൾ കണ്ട് അവിടുത്തെ രാജ്യത്തിലെ ഏറ്റവും ഉയർന്ന ബഹുമതി നൽകി ആദരിച്ചു. 2012 ഒപേക്ക അച്ചന്റെ പേര് സമാധാന നോബൽ സമ്മാനത്തിന് ശുപാർശ ചെയ്യപ്പെടുകയും ചെയ്തു.

പതിനായിരങ്ങളുടെ ഹൃദയങ്ങളിൽ പ്രത്യാശയുടെ പ്രകാശവും വിശുദ്ധിയുടെ പരിമളവും പകർന്ന് ഇന്നും മഡഗാസ്കറിൽ തീഷ്ണതയോടെ കർത്താവിനായി ശുശ്രൂഷ ചെയ്യുകയാണ് 72-കാരനായ ഈ വിൻസെൻഷ്യൻ വൈദികൻ പെദ്രോ ഒപേക്ക, CM. ഈ തീഷ്ണവാനായ അച്ചന്റെ ജീവിതം എല്ലാവർക്കും പ്രചോദനമാകട്ടെ.

സി. സോണിയ കെ ചാക്കോ, DC

1 COMMENT

  1. ധാരാളം വൈദികരുണ്ട്. അവർ മാത്രമല്ല 15000 സിസ് റ്റേഴ്സും 2.50 ലക്ഷം അൽമായർ കൂടിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.