ഉണ്ണിയെ സ്വീകരിക്കാൻ ഒരുങ്ങാം ഈ പ്രാർത്ഥനയിലൂടെ

ക്രിസ്തുമസ് കാലം ഈശോയുടെ ജനനത്തിനായി ഒരുങ്ങുന്ന നിമിഷമാണ്. നമ്മുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും മാറ്റിവച്ച് പുല്‍ക്കൂട്ടില്‍ ജനിച്ച ലോകരക്ഷകന്റെ ജനനത്തിനായി ഒരുങ്ങുന്ന ദിനങ്ങള്‍.

പ്രാര്‍ത്ഥനയില്‍ കൂടുതല്‍ ആഴപ്പെടുന്ന, പ്രാര്‍ത്ഥിച്ച് ഒരുങ്ങുന്ന ദിവസങ്ങള്‍ ആണ് ഇത്. ഈ ദിവസങ്ങളില്‍ ഉണ്ണിയീശോ നമ്മുടെ ഹൃദയങ്ങളില്‍ വന്നു പിറക്കാന്‍ നമുക്ക് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം. ക്രിസ്തുമസിന് മുന്‍പായി ഭവനങ്ങളില്‍ പ്രാര്‍ത്ഥിക്കാവുന്ന ഒരു പ്രാര്‍ത്ഥന ഇതാ:

‘സ്‌നേഹ പിതാവായ ദൈവമേ, അങ്ങയുടെ പുത്രനായ ഈശോയുടെ ജനനത്തിനായി ഒരുങ്ങുന്ന ഒരു ആത്മീയ യാത്രയിലാണല്ലോ ഞങ്ങള്‍. ഈ യാത്രയില്‍ അങ്ങയുടെ വിശ്വസ്തത എന്ന പുണ്യം നല്‍കി ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങയുടെ തിരുക്കുമാരനിലേയ്ക്ക് ഓടിയടുക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ. ലോകരക്ഷകനായ ഈശോയെ കാണുന്നതിനുള്ള വെമ്പലിലായിരിക്കുന്ന ഞങ്ങള്‍ക്ക് സ്വര്‍ഗ്ഗീയമായ ജ്ഞാനം പകരണമേ. അങ്ങനെ ഞങ്ങളെ ഈശോയുമായുള്ള സൗഹൃദത്തിന്റെ പൂര്‍ണ്ണതയിലേയ്ക്ക് നയിക്കണമേ. പുത്രനായ ഈശോയും പിതാവും പരിശുദ്ധാത്മാവുമായ ത്രിതൈക ദൈവത്തിന്റെ കൂട്ടായ്മയില്‍ ഞങ്ങളെയും ചേര്‍ത്തു നിര്‍ത്തണമേ. ആമ്മേന്‍.’