
നീതിമാനും നിർമ്മലഹൃദയത്തിന് ഉടമയുമായ ദാവീദിന്റെ പുത്രനായ വിശുദ്ധ യൗസേപ്പേ, ദൈവപുത്രനെ ആദ്യം കൈകളിൽ വഹിക്കുവാൻ അനുഗ്രഹം ലഭിച്ച അങ്ങ് മാനാവകുലത്തിലെ ഏറ്റവും ഭാഗ്യവാൻ. ദൈവപുത്രനായ യേശുവിനെയും പരിശുദ്ധ കന്യാമറിയത്തെയും കാത്തുസൂക്ഷിക്കുവാനായി ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട അങ്ങയെ തന്നെയാണ് തിരുസ്സഭയുടെ സംരക്ഷണവും ഏല്പ്പിക്കപ്പെട്ടിരിയ്ക്കുന്നത്. പാപികളായ ഞങ്ങൾ ഓരോരുത്തർക്കുമായ് ദൈവതിരുമുമ്പിൽ മാദ്ധ്യസ്ഥം യാചിയ്ക്കുകയും ദൈവീകജ്ഞാനത്താൽ ഞങ്ങളെ നിറയ്ക്കുകയും ചെയ്യണമെ.
വിശുദ്ധ യൗസേപ്പിതാവേ, അങ്ങയുടെ നിർമ്മലഹൃദയത്തിലേയ്ക്ക് ഞാൻ എന്നെത്തന്നെ സമർപ്പിക്കുന്നു. നിർമ്മലമായ ഒരു ഹൃദയത്തിനുടമയായിത്തീരാൻ എന്നെ അങ്ങ് സഹായിക്കണമെ. എന്റെ ജീവിതവും ഒപ്പം എന്റെ ജീവിതത്തിലെ ന്യായമായിട്ടുള്ള ഓരോ ആവശ്യങ്ങളെയും ഞാൻ അങ്ങേ ഹൃദയത്തിൽ സമർപ്പിക്കുന്നു… (ഇവിടെ പ്രത്യേക ആവശ്യം പറയുക) അങ്ങയുടെ നിർമ്മലഹൃദയത്തിൽ സമർപ്പിക്കുന്ന ഒന്നും നിരസി ക്കില്ല എന്ന വാഗ്ദാനത്തിൽ ഉറച്ചു വിശ്വസിച്ചുകൊണ്ട് ഞാൻ അപേക്ഷിക്കുന്ന ഈ യാചനകളെ അങ്ങ് നിരസിക്കരുതേ… അനുദിനജീവിതത്തിൽ ഉണ്ടാകുന്ന ഓരോ പ്രതിസന്ധിഘട്ടങ്ങളിലും അങ്ങയുടെ മാതൃകയനുസരിച്ച് ദൈവത്തോടാലോചിച്ച് ഉചിതമായ തീരുമാനങ്ങൾ എടുക്കുവാൻ ഞങ്ങളെ ഓരോരുത്തരെയും സഹായിക്കുകയും അനുഗ്രഹിക്കുകയും ചെയ്യണമെ. ജീവിതത്തിലെ ഓരോ നിമിഷവും പ്രത്യേകിച്ച് ഞങ്ങളുടെ മരണസമയത്തും ഞങ്ങളോടെപ്പം ഉണ്ടായിരിക്കേണമെ. ആമ്മേൻ
നീതിമാനും നിർമ്മലമായ ഹൃദയത്തിന് ഉടമയുമായ വിശുദ്ധ യൗസേപ്പിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമെ.
(വിവർത്തനം: സി. സോണിയ മാതിരപ്പള്ളി)