സ്നേഹം കൊണ്ട് നിറയപ്പെടുന്നതിനായി ഉണ്ണീശോയുടെ അനുഗ്രഹം തേടാം ഈ പ്രാർത്ഥനയിലൂടെ

സ്വയം പങ്കുവയ്ക്കലിന്റെയും നിസ്വാർത്ഥമായ സ്നേഹത്തിന്റെയും മധുരമുള്ള ഓർമ്മകൾ, പങ്കുവച്ചുകൊണ്ടാണ് ഓരോ ക്രിസ്തുമസും ആഗതമാകുന്നത്. സ്നേഹം –  അതാണ് ക്രിസ്തുമസിന്റെ സന്ദേശം. മനുഷ്യരോളം ചെറുതായ, അവനെ ജീവൻ നൽകുവോളം സ്നേഹിച്ച ദൈവത്തിന്റെ ജനനം ആഘോഷിക്കുമ്പോൾ സ്നേഹത്താൽ നിറയണം നമ്മുടെ ഹൃദയവും.

ഈശോയുടെ ജനനത്തിനായി ഒരുങ്ങുമ്പോൾ തിരക്കുകളൊക്കെ മാറ്റിവെച്ച് ഒന്ന് ആത്മശോധന ചെയ്യാം. എങ്ങനെയാണ് നമ്മുടെ സ്നേഹം? മറ്റുള്ളവരെ അവരുടെ ഇല്ലായ്മകളിൽ സഹായിക്കാൻ നാം ശ്രമിക്കാറുണ്ടോ? സ്വന്തം കുടുംബാംഗങ്ങളെ അവരുടെ കുറവുകളോടു കൂടെ സ്നേഹിക്കാൻ നാം ശ്രമിക്കാറുണ്ടോ? സുഹൃത്തുക്കളെ ഉയർച്ചയിലേയ്ക്ക് കൈപിടിച്ചു നടത്താറുണ്ടോ? നമ്മുടെ ചുറ്റുമുള്ളവരുടെ കണ്ണീർ കണ്ടിട്ട് നാം എന്താണ് ചെയ്തത്? ഈ ചോദ്യങ്ങൾക്കൊക്കെ ഉത്തരം ആർക്കും വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്നാണെങ്കിൽ നമ്മുടെ ഹൃദയം ശൂന്യമാണ് ഇന്ന് അർത്ഥം.

ശൂന്യമായ ഹൃദയം സ്നേഹത്താൽ നിറയ്ക്കപ്പെടുമ്പോഴേ നമ്മുടെ ക്രിസ്തുമസ് പൂർണ്ണമാവുകയുള്ളു. അതിനാൽ നമ്മുടെ ഹൃദയങ്ങളെ സ്നേഹത്തിന്റെ പൂർണ്ണതയായ ഉണ്ണീശോയ്ക്കു സമർപ്പിക്കാം. സ്വാർത്ഥതകളാൽ നിറഞ്ഞ എന്റെ ഹൃദയത്തെ അങ്ങയുടെ ദിവ്യമായ സ്നേഹത്താൽ നിറയ്ക്കണമേ ഇന്ന് യാചിച്ചു കൊണ്ട് ഈ പ്രാർത്ഥന ചൊല്ലാം:

” എന്റെ ഏറ്റവും പ്രിയങ്കരനായ ഉണ്ണീശോയെ, എന്റെ ആത്മാവിന്റെ രാജാവേ, അങ്ങയെ എന്റെ പാപങ്ങൾക്ക് പരിഹാരമായി അവതരിക്കുവാൻ പരിശുദ്ധ അമ്മ അനുവദിച്ചുവല്ലോ. മനുഷ്യ പുത്രരെക്കാൾ സൗന്ദര്യം നിറഞ്ഞ ഉണ്ണീശോയെ വിശുദ്ധമായ ലക്ഷ്യങ്ങളും സ്നേഹവും കൃതജ്ഞതയും തീക്ഷ്ണതയും കൊണ്ട് ജ്വലിക്കുന്ന ഒരു ഹൃദയം എനിക്ക് നൽകണമേ. എനിക്കായി ആണല്ലോ അങ്ങ് ഭൂമിയിൽ അവതരിച്ചത്.

എന്റെ പ്രിയ ഉണ്ണീശോയെ അങ്ങയുടെ വിശുദ്ധ ജനനത്തിന്റെ യഥാർത്ഥ ചൈതന്യം എന്നിൽ പകരണമേ. വിനയം, സൗമ്യത, ലൗകികമായ കാര്യങ്ങളോടുള്ള മിതമായ അടുപ്പം, സേവന സന്നദ്ധത തുടങ്ങിയ പുണ്യങ്ങൾ എന്റെ ഹൃദയത്തെ നിറയ്ക്കണമേ. ദിവ്യ ശിശുവേ, ആടുകളെ നോക്കുന്ന സാധാരണക്കാരായ ആട്ടിടയന്മാർ അനുഗ്രഹിച്ചതു പോലെ എന്നെയും അനുഗ്രഹിക്കേണമേ. അങ്ങനെ അങ്ങയുടെ ദാനങ്ങളാൽ നിറഞ്ഞു കൊണ്ട് അങ്ങയുടെ ഓർമ്മകളിൽ ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ. ആമ്മേൻ. ”