മഹത്വകീർത്തനം

ജിൽസ ജോയ്

വി. ജോൺപോൾ രണ്ടാമൻ മാർപാപ്പ 1984 നവംബർ 25-ന് റോമിൽ വച്ച് ഒരു സന്യാസിനിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങിനിടയിൽ ഇപ്രകാരം പറഞ്ഞു: “മിശിഹായോടു കൂടി ദൈവത്തിൽ ഗുപ്തമായ ജീവിതം നയിച്ച് കന്യകാലയാവൃതിക്കുള്ളിൽ കഴിഞ്ഞുകൂടിയ ഒരു സന്യാസിനിയെ ലോകത്തിന് എടുത്തുകാണിക്കാൻ ഞാൻ തുനിയുകയാണ്. സ്നേഹത്തിൽ വേരൂന്നി അടിയുറപ്പിക്കുന്നതിൽ നിന്ന് ഉത്ഭൂതമാകുന്ന സന്തോഷത്തിന്റെ പ്രത്യക്ഷസാക്ഷി ആണിവൾ.”

1880 ജൂലൈ 18-ന് ഫ്രാൻ‌സിൽ ‘കറ്റെ’ കുടുംബത്തിൽ ജനിച്ച് നാലര വർഷക്കാലം മാത്രം ഡിഷോണിലെ കർമ്മല മഠത്തിൽ ജീവിച്ചു. 1906 നവംബർ 9-നു മരിച്ച പരിശുദ്ധ ത്രിത്വത്തിന്റെ എലിസബത്തായിരുന്നു ആ സന്യാസിനി. സ്വന്തജീവിതത്തിൽ ഈശ്വരാനുഭവം നേടിയ എലിസബത്തിന്റെ ആന്തരിക ജീവിതസാക്ഷ്യം ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമാണെന്നു തോന്നിയിട്ടാവാം പാപ്പ ഇങ്ങനെ പറഞ്ഞത്. “മാർഗ്ഗഭ്രംശം അനുഭവിക്കുന്ന നമ്മുടെ തലമുറയ്ക്ക്, ദൈവത്തെ എങ്ങനെ കണ്ടെത്താം എന്നറിയാതെ തെറ്റിത്തിരിയുന്ന, അവിടുത്തെക്കുറിച്ച് വികൃതമായ ഭാവനകൾ പുലർത്തുന്ന ഇന്നുള്ളവർക്ക് ശരണം ആരിൽ നിക്ഷേപിക്കണമെന്നറിയാതെ കഴിയുന്ന” ഇന്നിന്റെ മക്കളോട് എലിസബത്തിനു സ്വാനുഭവത്തിൽ നിന്ന് പറയാൻ ധാരാളമുണ്ട്.

മരണത്തിന് ഏതാനും ദിവസം മുമ്പ് എലിസബത്ത് ഇതേക്കുറിച്ചു സംസാരിച്ചു. അവൾ പറഞ്ഞു: “സ്വാർത്ഥത പരിത്യജിച്ച് ആന്തരിക നിശബ്ദതയിൽ ജീവിച്ച് ദൈവൈക്യം പ്രാപിക്കാൻ ആത്മാക്കളെ ആകർഷിക്കുകയായിരിക്കും എന്റെ ജോലി. എന്റെ ജീവിതത്തെ സ്വർഗ്ഗീയാനന്ദത്തിന്റെ ഒരു മുന്നാസ്വാദനമാക്കിത്തീർത്ത ദൈവൈക്യത്തിന്റെ വരം നിങ്ങൾക്കു വേണ്ടി ഞാൻ യാചിക്കും.”

ഫാ. സിറിയക്ക് തെക്കേക്കൂറ്റ്‌ എം.സി.ബി.എസ്‌. എഴുതിയ ‘മഹത്വകീർത്തനം’ എന്ന ചെറിയ പുസ്തകം വി. എലിസബത്തിനെക്കുറിച്ച് മലയാളത്തിൽ ആദ്യത്തെ പുസ്തകമായിരിക്കുമെന്നു തോന്നുന്നു. അതിലുള്ള കുറച്ചു കാര്യങ്ങളാണ് ഞാൻ വിവരിക്കുന്നത്. അതിനു മുമ്പ്, ഞാൻ അധികം കേട്ടിട്ടില്ലാത്ത ഈ വിശുദ്ധയെക്കുറിച്ച് ഈ പുസ്തകത്തിൽ നിന്നാണ് ഞാൻ വായിച്ചറിഞ്ഞത്. എലിസബത്തിന്റെ ജീവിതവും പുണ്യങ്ങളും നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. ദൈവൈക്യം ആഗ്രഹിക്കുന്ന ഏതൊരാൾക്കും വലിയ ആത്മീയവിരുന്നാണ് വിശുദ്ധയുടെ ജീവിതത്തെക്കുറിച്ചുള്ള അറിവുകൾ. അവസാനം കൊടുത്തിട്ടുള്ള കുറച്ചു വിവരണങ്ങൾ മാത്രം ഞാൻ പറയാം.

ഉന്നതമായ ദൈവൈക്യം പ്രാപിക്കാൻ വിളിക്കപ്പെട്ടിട്ടുള്ള നിരവധി ആത്മാക്കൾ ഇടുങ്ങിയ വലയത്തിനുള്ളിൽ വ്യാപരിക്കുന്നതിനാൽ ലക്ഷ്യപ്രാപ്തിയിലെത്തുന്നില്ല. പലരും തങ്ങളുടേതായ പ്രവർത്തനമണ്ഡലത്തിൽ വ്യാപാരിക്കുകയാണ്. മറ്റു സംഗതികളിലെന്നപോലെ വിശുദ്ധി സമ്പാദിക്കുന്നതിലും അവരുടെ പ്രമാണം സ്വന്തം ഇഷ്ടാനിഷ്ടങ്ങളാണ്. ദൈവഹിതത്തിനു പൂർണ്ണമായി കീഴടങ്ങാൻ അവർക്കു മനസ്സില്ല. ദൈവികപ്രവർത്തനത്തിന് അവർ പരിധി നിശ്ചയിക്കുന്നു. തന്മൂലം ആധ്യാത്മികജീവിതം ക്ലിഷ്ടകരമായി അനുഭവപ്പെടുന്നു. ദൈവാരൂപിയിൽ നയിക്കപ്പെടുന്നവരാണ് ദൈവമക്കൾ എന്ന കാര്യം വിസ്മരിച്ചുകൊണ്ട് അരൂപിയുടെ പ്രചോദനങ്ങളും പ്രേരണകളും മനസ്സിലാക്കാൻ കഴിയാത്തവിധം നിരവധി ആധ്യാത്മികകൃത്യങ്ങൾ നിർവ്വഹിക്കാൻ ബദ്ധപ്പെടുന്നു. വേറെ ചിലർ നിശ്ചിത ഭക്തകൃത്യങ്ങൾ യാന്ത്രികമായ വിശ്വസ്തതയോടുകൂടി പൂർത്തിയാക്കാനുള്ള ശ്രമത്തിൽ പ്രവൃത്തികൾക്ക് ജീവനും മൂല്യവുമേകുന്ന ദൈവികാഹ്വാനത്തെയും ദൈവസ്നേഹത്തെയും പറ്റി ചിന്തിക്കുന്നതേയില്ല.

അവരെയെല്ലാം എലിസബത്ത് ഉപദേശിക്കുകയാണ്… ആർജ്ജവ മനഃസ്ഥിതിയോടും നിഷ്കളങ്കതയോടും സ്നേഹത്തോടും കൂടെ ദൈവത്തെ സമീപിക്കുവാൻ, അവിടുത്തെ നേരിയ സ്വരത്തിന് ചെവികൊടുത്തു കൊണ്ട് ദൈവാരൂപിയിൽ നയിക്കപ്പെടുന്നതിനു സന്നദ്ധരാകുവാൻ. സരളതയും ശുദ്ധതയും ഉയിർകൊള്ളുന്നത് സ്നേഹത്തിൽ നിന്നാണ്. പരിപൂർണ്ണ സ്നേഹത്തിൽ ജീവിക്കുന്ന ആത്മാവ് സകലത്തിലും ദൈവമഹത്വം മാത്രമായിരിക്കും അന്വേഷിക്കുക. തന്നെ സമീപിക്കുന്നവരെയെല്ലാം സ്നേഹാഗ്നിയിൽ ജ്വലിപ്പിക്കത്തക്ക ഒരു ദഹനാഗ്നിയാണ്‌ ദൈവം. നാം അവിടുത്തെ പ്രവർത്തനത്തിന് വഴങ്ങിക്കൊടുക്കുമെങ്കിൽ നമ്മിലുള്ള സ്വാർത്ഥത വേഗം ഇല്ലാതായിത്തീരുകയും ദൈവസ്നേഹത്താൽ നാം നിറയുകയും ചെയ്യും. ദൈവസ്നേഹ സമ്പൂർണ്ണമായ ആത്മാവ് മഹത്വകീർത്തനമായി മാറും.

അടുത്തതായി, നാം ആന്തരിക നിശബ്ദത പാലിക്കണം. ആന്തരികമൗനം വഴിയാണ് നാം ദൈവസ്വരം ശ്രവിക്കുക. അതുകൊണ്ടാണ് സദാ നിശബ്ദയായി വർത്തിക്കാൻ എലിസബത്ത് ആഗ്രഹിച്ചത്. ബാഹ്യപ്രവർത്തനങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കുന്ന ആധുനികലോകത്തിന് വൈഷമ്യജനകമായ സംഗതിയാണത്. ദൈവസ്വരത്തിന് ചെവികൊടുത്തു കൊണ്ട് നിശബ്ദമായി വർത്തിക്കാൻ അതിന് അറിഞ്ഞുകൂടാ. തിക്കും തിരക്കും ബഹളവും നിറഞ്ഞ ലോകത്തിന് എലിസബത്ത് നൽകുന്ന സന്ദേശം, അനുചിന്തനവും ആന്തരിക നിശബ്ദതയുമാണ്. ഇപ്രകാരം ആന്തരിക നിശബ്ദത പാലിക്കുന്നവർ അലസരോ ധൂർത്തരോ അല്ല. കർത്താവിന്റെ പാദാന്തികത്തിലിരുന്ന് തൈലാഭിഷേകം ചെയ്യുകയാണവർ. ലോകത്തിന് ആ പ്രവൃത്തി മൂഢത്വമായി തോന്നിയേക്കാം. ലൗകികർ എത്ര തന്നെ നീരസം പ്രകടിപ്പിച്ചാലും തൈലത്തിൽ നിന്നു പുറപ്പെടുന്ന സുഗന്ധം ശ്വസിക്കാൻ അവർ നിർബന്ധിതരാകും. അവർ ശ്വസിക്കുന്ന അനാരോഗ്യകരമായ വായുവിനെ ശുദ്ധീകരിക്കാൻ ഈ സുഗന്ധം ആവശ്യമാണ്. വിഡ്ഢിത്തമെന്നു തോന്നത്തക്കവിധം കുരിശുമരണം വരെ വരിച്ച് മനുഷ്യരെ സ്നേഹിച്ച ദൈവത്തിനുവേണ്ടി ലോകത്തിന്റെ ദൃഷ്ടിയിൽ ഭോഷരായിരിക്കുക ആവശ്യമാണ്.

ആന്തരികമൗനത്തിന്റെ നിഷേധവശം അടങ്ങിയിരിക്കുന്നത് നമ്മുടെ സകല കഴിവുകളെയും നിയന്ത്രണാധീനമാക്കുന്നതിലാണ്. ബാഹ്യവസ്തുക്കളിൽ ആകൃഷ്ടമാകുന്ന ഇന്ദ്രിയങ്ങളെയും ഭാവനകളെയും കടിഞ്ഞാണിട്ടു നിർത്തണം. ദൃശ്യമായതെല്ലാം കാണാനും ശ്രാവ്യമായതെല്ലാം കേൾക്കാനും ആസ്വാദ്യമായതെല്ലാം രുചിക്കാനും സ്പർശ്യമായതെല്ലാം സ്പര്‍ശിക്കാനുമുള്ള ആഗ്രഹത്തെ അടക്കി, ഇന്ദ്രിയങ്ങളെ നിശബ്ദമാക്കേണ്ടിയിരിക്കുന്നു. അത് സാധിച്ചുകഴിഞ്ഞാൽ എന്തുതന്നെ സംഭവിച്ചാലും സമചിത്തത പാലിക്കാൻ വിഷമമുണ്ടാകില്ല. ദൈവസ്നേഹത്താൽ മാത്രം ചലിക്കത്തക്കവിധം ബുദ്ധിയും മനസ്സും നിയന്ത്രിതമായിത്തീരണം. ഇപ്രകാരം ഒരു വലിയ നിശബ്ദതയിൽ നമ്മൾ പ്രവേശിച്ചുകഴിഞ്ഞാൽ നമ്മിൽത്തന്നെ പരിപൂർണ്ണമായ ഐക്യവും യോജിപ്പും ഉണ്ടാകും. കാറ്റിന്റെ ഗതിവിഗതിക്കനുസരണമായി ആന്ദോളനം ചെയ്യുന്ന ഒരു പായ്കപ്പലാകില്ല നമ്മുടെ ജീവിതം.

ദൈവത്തെക്കുറിച്ചുള്ള ചിന്തയിലാണ് ആന്തരികനിശബ്ദതയുടെ ഭാവാത്മകത്വം അടങ്ങിയിരിക്കുന്നത്. ഭൂമിയിലെ സ്വർഗ്ഗം എന്ന ധ്യാനക്കുറിപ്പിൽ എലിസബത്ത് ഇതേക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്: “ഇന്ദ്രിയങ്ങളെയെല്ലാം നിശബ്ദതയിലാഴ്ത്തി കുരിശിന്റെ പാതയിലൂടെ നാം യാത്ര ചെയ്യുമ്പോൾ ക്രൂശിതനായ ക്രിസ്തുവിനോടുള്ള സ്നേഹം നമ്മെ കീഴടക്കും. അതോടൊപ്പം സഹനത്തിന്റെയും ആത്മാർപ്പണത്തിന്റെയും പാഠം ആത്മാവ് മനസ്സിലാക്കും. സ്വാർത്ഥതയെ പരിപൂർണ്ണമായി പരിത്യജിക്കാൻ അത് സഹായിക്കും. വ്യക്തിപരമായ ആശയാഗ്രഹങ്ങൾ കെട്ടടങ്ങുമ്പോൾ എല്ലാ ദൈവികപ്രകാശനങ്ങളോടും സഹകരിക്കാൻ ആത്മാവ് സന്നദ്ധമാകുന്നു. പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾക്ക് എളുപ്പത്തിൽ കീഴ്‌വഴങ്ങുന്നു. അനുദിനജീവിതത്തിലെ ഏറ്റം നിസ്സാര സംഗതികൾപോലും വിശ്വാസവെളിച്ചത്തിൽ ദർശിക്കുന്നു. ഏകത്വത്തിൽ ത്രിത്വത്തെ ദർശിച്ച് സദാ അവിടുത്തെ സ്നേഹിച്ചുകൊണ്ട് ജീവിക്കാൻ ആത്മാവ് ആഗ്രഹിക്കുന്നു. എന്നാൽ സ്വശക്തി കൊണ്ട് ഇത് സാധ്യമല്ലെന്നു മനസ്സിലാക്കി, വിനീതയായി ദൈവത്തിൽ ശരണപ്പെടുന്നു. അപ്പോൾ പൗലോസ് അപ്പസ്തോലൻ പറയുന്നതുപോലെ, ക്രിസ്തുവിന്റെ കൃപ അതിനെ ബലപ്പെടുത്തും. പിതാവിന്റെ ‘മഹത്വത്തിന്റെ പരിപൂർണ്ണ’ പ്രതിബിംബനമായ ക്രിസ്തുവിന്റെ ശക്തി ആത്മാവിൽ പ്രവർത്തിക്കുമ്പോൾ വ്യാപകമായ അർത്ഥത്തിൽ പരിശുദ്ധ ത്രിത്വം അതിൽ പ്രതിഫലിക്കും . അപ്പോൾ മറ്റുള്ളവയെല്ലാം മായയായി അനുഭവപ്പെടും. കാരണം അനുപമമായ സമാധാനവും സ്വർഗ്ഗഭാഗ്യത്തിന്റെ നേരിയതെങ്കിലുമായ അനുഭവം പ്രദാനം ചെയ്തുകൊണ്ട് തന്റെ ഉള്ളിൽ വസിക്കുന്ന അനന്തതയോട് തുലനം ചെയ്യുമ്പോൾ മറ്റെല്ലാം ശൂന്യതയാണ്.

സ്വർഗ്ഗത്തിൽ അഭിമുഖമായി ദർശിക്കാൻ കഴിയുന്ന പരിശുദ്ധ ത്രിത്വം പൂർണ്ണമായി തന്റെയുള്ളിൽ വസിക്കുന്നുവെന്ന് അറിയുന്നതിനാൽ മരണത്തേക്കാൾ സുശക്തമായ സ്നേഹത്താൽ അവിടുത്തെ സ്നേഹിക്കുകയും അനന്ത നന്മയോട് ഗാഢമായി സംയോജിക്കാൻ അത്യധികം അഭിലഷിക്കുകയും ചെയ്യുന്നു. നിമിഷനേരത്തേയ്ക്കുപോലും ദിവ്യസ്നേഹബന്ധത്തിൽ നിന്ന് തന്നെ വ്യതിചലിപ്പിച്ചേക്കാവുന്ന ഇതര സ്നേഹബന്ധങ്ങളെയും ആകര്‍ഷണങ്ങളെയും അത് വെറുത്തുപേക്ഷിക്കുന്നു. ഇഹലോക ജീവിതത്തെ മാധുര്യപൂർണ്ണവും മുൻകൂട്ടിയുള്ള സ്വർഗ്ഗാസ്വാദനവുമാക്കിത്തീർക്കുന്ന ദൈവത്തെ ആരാധിച്ചുകൊണ്ടും സദാ സ്തുതിഗീതങ്ങള്‍ ആലപിച്ചുകൊണ്ടും അവൾ ജീവിക്കുന്നു. ഇപ്രകാരം ഭൂമിയിലെ സ്വർഗ്ഗത്തിൽ ദൈവത്തെ, അവിടുത്തെപ്രതി മാത്രം ആരാധിക്കുകയും സ്തുതിക്കുകയും ചെയ്തുകൊണ്ട് ജീവിക്കുന്ന ആത്മാവ് യഥാർത്ഥത്തിൽ ‘ദൈവമഹത്വത്തിനു സ്തുതിയായി’ എന്നെന്നും വിരാജിക്കും.

ദൈവൈക്യം ലക്ഷ്യമാക്കി ജീവിക്കുന്നവർക്കെല്ലാം എലിസബത്തിന്റെ ജീവിതം തീർച്ചയായും ഒരു കെടാവിളക്കായിരിക്കും. പരിശുദ്ധ ത്രിത്വത്തെ അഗാധമായി സ്നേഹിച്ച്, ത്രിത്വത്തിൽ ജീവിച്ച്, അവരുടെ കൈകളിലേയ്ക്കു തന്നെ മരണശേഷം പാഞ്ഞുപോയ എലിസബത്തിന്റെ ജീവിതം ഒരു സജീവ മഹത്വകീർത്തനമാണ്.

ജിൽസ ജോയ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.