ദുര്‍ബലരായ മനുഷ്യരുടെ ഏറ്റവും വലിയ ഔന്നത്യം എന്തെന്ന് വെളിപ്പെടുത്തി മാര്‍പാപ്പ

ഓരോ ദിനവും പ്രാര്‍ത്ഥനയോടെ ആരംഭിച്ചാല്‍ ധൈര്യം അകമ്പടിയായുണ്ടാകുമെന്നും നമ്മുടെ പ്രാര്‍ത്ഥനയില്‍ സകലരെയും ഉള്‍പ്പെടുത്തണമെന്നും ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ക്രിസ്തീയ പ്രാര്‍ത്ഥന മനുഷ്യഹൃദയത്തില്‍ അജയ്യമായ പ്രത്യാശ നിറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ പ്രിയപ്പെട്ടവര്‍ക്കു വേണ്ടി മാത്രമല്ല, നാം അറിയാത്തവര്‍ക്കു വേണ്ടിയും തിരുവെഴുത്ത് നമ്മെ ക്ഷണിക്കുന്നതുപോലെ, നമ്മുടെ ശത്രുക്കള്‍ക്കു വേണ്ടിയും നാം പ്രാര്‍ത്ഥിക്കണം. നിറഞ്ഞുകവിയുന്ന സ്നേഹാനുഭവത്തിലേയ്ക്ക് പ്രാര്‍ത്ഥന നമ്മെ നയിക്കുന്നു. എല്ലാറ്റിനുമുപരിയായി അസന്തുഷ്ടരായവര്‍ക്കു വേണ്ടി, ഏകാന്തതയില്‍ കേഴുന്നവര്‍ക്കായി, ഇപ്പോഴും തങ്ങള്‍ക്കായി സ്പന്ദിക്കുന്ന ഒരു സ്നേഹമുണ്ടെന്ന പ്രത്യാശ നഷ്ടപ്പെട്ടവര്‍ക്കായി നാം പ്രാര്‍ത്ഥിക്കണം.

പ്രാര്‍ത്ഥനയ്ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവും. നാം അവിടന്നുമായി കണ്ടുമുട്ടുന്നത് ഇന്നലെയോ നാളെയോ അല്ല ഇന്നാണ്. വര്‍ത്തമാനകാലത്താണ് എന്ന് കത്തോലിക്കാ സഭയുടെ മതബോധനം പഠിപ്പിക്കുന്നു. നാം ജീവിക്കുന്ന ഇന്നിനെക്കാള്‍ വിസ്മയകരമായ മറ്റൊരു ദിവസമില്ല. പ്രാര്‍ത്ഥനയാണ് അതിനെ കൃപയാക്കി മാറ്റുന്നത് അല്ലെങ്കില്‍ നമ്മെ രൂപാന്തരപ്പെടുത്തുന്നത്. അത് കോപത്തെ ശമിപ്പിക്കുന്നു, സ്നേഹത്തെ താങ്ങിനിറുത്തുന്നു, സന്തോഷം വര്‍ദ്ധിപ്പിക്കുന്നു, ക്ഷമിക്കാനുള്ള ശക്തി നല്‍കുന്നു.

ദൈവവുമായുള്ള സംഭാഷണമായ പ്രാര്‍ത്ഥനയില്‍ സകലവും സംഗ്രഹിക്കപ്പെടുന്നു. യേശുവിനെപ്പോലെ കരുണയും മനസലിവും ഉള്ളവനാകുക. ദുര്‍ബലരായ നമുക്ക് പ്രാര്‍ത്ഥിക്കാനറിയാം എന്നതാണ് ഏറ്റവും വലിയ ഔന്നത്യം. നമ്മുടെ കോട്ടയുമാണത്. അതിനാല്‍ എല്ലായ്പ്പോഴും എല്ലാത്തിനും എല്ലാവര്‍ക്കുമായി നാം പ്രാര്‍ത്ഥിക്കണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.